ബാലരാമായണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
ബാലകാണ്ഡം
ശ്രീരാമചന്ദ്രചരിതം
ശോഭനം ബാലരൊക്കവേ
ശ്രദ്ധിച്ചുകേള്‍പ്പിന്‍ സരസം
ചൊല്‍വന്‍ ലളിതഭാഷയില്‍
പണ്ടു കോസലരാജ്യത്തില്‍
പേരെഴുന്നോരയോദ്ധ്യയില്‍
മന്നവന്മാര്‍ വാണിരുന്നു
മനുവിന്‍ തറവാട്ടുകാര്‍.
ശിഷ്ടരെത്താങ്ങി രക്ഷിച്ചും
ദുഷ്ടരെ കീഴടക്കിയും
ക്ഷത്രിയന്മാരവര്‍ ചിരം
ക്ഷോണിയില്‍ കീര്‍ത്തിതേടിനാന്‍.
ശക്തിയും ഗുണവും കൊണ്ടു
ചൊല്ലാര്‍ന്നച്ചക്രവര്‍ത്തിമാര്‍
പ്രജാക്ഷേമത്തെ മുന്നിര്‍ത്തി-
പ്പാരടക്കിബ്ഭരിച്ചിതേ.
കകുല്‍സ്ഥന്‍ രഘുവെന്നോരോ
കാരണോന്മാരില്‍ നിന്നിവര്‍
കാകുല്‍സ്ഥന്മാര്‍ രാഘവന്മാ-
രെന്നൊക്കെപ്പേരുമാര്‍ന്നിതു.
ആ വംശത്തില്‍ ദശരഥ-
നെന്നുചൊല്ലാര്‍ന്ന മന്നവന്‍
മൂന്നുവേളി കഴിച്ചിട്ടും
മക്കളില്ലാതെ മാഴ്കിനാന്‍.
വാര്‍ദ്ധക്യം വരുമാറായി
വലഞ്ഞു നൃപനേറ്റവും;
ഗര്‍ഭം ധരിച്ചു ദൈവാനു-
കൂല്യത്താലന്നു രാജ്ഞിമാര്‍.
ഫലിച്ച ഭാഗ്യവൃക്ഷത്തിന്‍
മൂന്നുശാഖകള്‍ പോലവേ
ഗര്‍ഭമേലും പത്നിമാരെ-
കണ്ടുമോദിച്ചിതേ നൃപന്‍.
കൌസല്യ ആദ്യയിവരില്‍
പിന്നെക്കൈകേയി ദേവിയാള്‍
സുമിത്ര മൂന്നാമത്തേവള്‍
മൂവരും മോഹനാംഗിമാര്‍
കാലം തികഞ്ഞു കൌസല്യ
പെറ്റിതോമല്‍ക്കുമാരനെ
പിന്നെക്കൈകേയിയും പെറ്റു
പെറ്റു മറ്റോളിരട്ടയും.
മോദിച്ചു രാമനെന്നേകി
മൂത്ത പുത്രനു പേര്‍ നൃപന്‍
ഓമനപ്പേരായി രാമ-
ചന്ദ്രനെനവനുമേ.
കൈകേയി തന്‍ കിടാവിന്നു
നല്‍കീ ഭരതനെന്നുപേര്‍
നല്‍കീ ലക്ഷ്മണ ശത്രുഘ്ന-
നാമങ്ങളിതര്‍ക്കുമേ.
വളര്‍ന്നുമെല്ലെബ്ബാലന്മാര്‍
വിളങ്ങീ രാജമന്ദിരം
ചന്ദ്രനക്ഷത്രങ്ങള്‍ പൊങ്ങി-
ത്തെളിയും ദ്യോവുപോലവേ.
വേണ്ട കര്‍മ്മങ്ങള്‍ വഴിപോല്‍
ചെയ്യിപ്പിച്ചു ശിശുക്കളെ
വസിഷ്ഠനാം വംശഗുരു
വന്നെഴുത്തിന്നിരുത്തിനാന്‍.
രാമനില്‍ തമ്പിമാര്‍ക്കും തന്‍-
തമ്പിമാരോടു രാമനും
കൂറൊന്നുപോലെ എന്നാലും
കൂട്ടായീ രാമലക്ഷ്മണര്‍.
ഭരതന്‍ ശത്രുഘ്നനോടും
പൊരുത്തം പൂണ്ടിണങ്ങിനാന്‍
കളിപാഠങ്ങള്‍ സല്ലാപം
കുളിയൂണിലിതൊക്കെയും.
കണ്ടുനാട്ടാര്‍ കരുതിനാര്‍
കൂട്ടുചേര്‍ന്ന കുമാരരെ
കുലമാം മാമരത്തിന്റെ
കുരുന്നിണകളെന്നുതാന്‍.
കളിക്കും കളിയെന്നാകില്‍
പഠിക്കും പാഠവേളയില്‍
മനസ്സുവെച്ചക്കിടാങ്ങള്‍
മെച്ചം നേടീടുമേതിലും.
കളിയായ് കാട്ടീടും വല്ല-
കുണ്ടാമണികളെങ്കിലും
വിലക്കീട്ടുള്ള കുറ്റങ്ങള്‍
വീണ്ടും ചെയ്തീല കുട്ടികള്‍.
വേദശാസ്ത്രങ്ങള്‍ വിധിപോല്‍
പഠിച്ചു മുനിയോടവര്‍
അസ്ത്രശാസ്ത്രങ്ങളതുപോ-
ലച്ഛനോടും പഠിച്ചിതേ.
ശീലം കൊണ്ടും ബുദ്ധികൊണ്ടും
കൂറുകൊണ്ടും കുമാരരില്‍
ലയിച്ചു നാട്ടുകാര്‍ക്കുള്ളം
പിതാക്കള്‍ക്കെന്തുചൊല്‌വുതാന്‍.
താമസിച്ചെന്നാകിലുമി-
ത്തനയന്മാര്‍ ജനിച്ചവര്‍
തന്നെക്കാള്‍ യോഗ്യരാമെന്നു
താതനാശംസതേടിനാന്‍.
അമാനുഷ്മഹാവീര്യ-
നിധിയായ് നാലുമക്കളില്‍
ശ്രീരാമചന്ദ്രനധികം
ശ്രേഷ്ഠനായ്ത്താന്‍ വിളങ്ങിനാന്‍.
ആശ്ചര്യമമ്മഹാത്മാവിന്‍
ചരിത്രം വിസ്തരിച്ചുതാന്‍
വിശ്വമോഹനമാംകാവ്യം
വാത്മീകിമുനി പാടിനാന്‍.
ശൈശവം കഴിയും മുമ്പില്‍
ശ്രുതിപ്പെട്ട കുമാരകന്‍
അമ്മയച്ഛന്മാര്‍ക്കു നിത്യ-
മാനന്ദം നല്‍കി മേവിനാന്‍.
വന്നിതക്കാലമവിടെ
വിശ്വാമിത്രമഹാമുനി
രാക്ഷസന്മാര്‍ കര്‍മ്മവിഘ്നം
ചെയ്കയാല്‍ കാട്ടില്‍ നിന്നുമേ.
വനത്തില്‍ വാണു വേദങ്ങ-
ളഭ്യസിച്ചു വിധിപ്പടി
യാഗാദികര്‍മ്മം ചെയ്യുന്ന
യോഗിമാര്‍ മുനിമാരിവര്‍
ഇവര്‍ ചെയ്‌വൂ പുണ്യകര്‍മ്മ-
മീശ്വരപ്രീതിയോര്‍ത്തുതാന്‍
മുടങ്ങാതതു രക്ഷിക്ക
മുഖ്യമാം രാജധര്‍മ്മമാം.
രാക്ഷസോപദ്രവം നീക്കി
യാഗം രക്ഷിച്ചുകൊള്ളുവാന്‍
രാമചന്ദ്രനെ യാചിച്ചു
രാജാവോടു മഹാമുനി.
ഘോരരാക്ഷസരെങ്ങന്റെ
കുട്ടിയെങ്ങെന്നുമോര്‍ക്കയാല്‍
വിഷാദിച്ചൂ ദശരഥന്‍
പേടിച്ചു മുനി തന്നെയും.
തപസ്സിനാല്‍ മനഃശ്ശുദ്ധി
തേടും സത്തുക്കള്‍ നമ്മുടെ
അസംതൃപ്തിക്കു ലാക്കാകു-
ന്നവര്‍ക്കു ഗുണമേ വരാ.
വേണ്ടാ ഭയം നന്ദനനെ
വിശ്വാമിത്രരൊടൊത്തുനീ
അയയ്ക്കുക വിഭോ! നന്മ-
യുണ്ടാമെന്നാന്‍ പുരോഹിതന്‍.
വല്ലവാറും സമ്മതിച്ചു
വിട്ടുരാമനെ മന്നവന്‍
ഛായപോല്‍ പിരിയാത്തൊരു
തമ്പി ലക്ഷ്മണനോടുമേ.
വില്ലുമമ്പും കയ്യിലേന്തി
വന്ദിച്ചിതവരച്ഛനേ
അദ്ദേഹം നെടുവീര്‍പ്പിട്ടു
ചുംബിച്ചാശിസ്സുമേകിനാന്‍.
മാതാക്കള്‍ പിന്നെ മിഴിനീര്‍
തുടച്ചുവിട നല്‍കിനാര്‍
മുന്നോര്‍കളെ മനക്കാമ്പി-
ലോര്‍ത്തും മുനിയെയോര്‍ത്തുമേ.
കാടു രാക്ഷസരെന്നല്ല
യുദ്ധമെന്നൊക്കെയോര്‍ക്കയാല്‍
കൌതൂഹലം തേടി സിംഹ-
ശൂരക്കുമാരന്മാര്‍.
പോയീ വിശ്വാമിത്രരുടെ
പിമ്പേയുത്സാഹമാര്‍ന്നിവര്‍
വായുവിന്‍ പിമ്പു വില്ലാര്‍ന്ന
രണ്ടു മേഘങ്ങള്‍ പോലവേ.
കടന്നു ഗോപുരമിവര്‍
കടന്നു തെരുവീഥികള്‍
സരയൂനദി കല്ലോലം
തല്ലും നഗരസീമയും.
അക്കരയ്ക്കിവരെത്തുമ്പോ-
ളസ്തമിച്ചിതു ഭാനുമാന്‍
അന്നത്തെ യാത്രയവിടെ
നിര്‍ത്താനോതിയമാതിരി.
സന്ധ്യാനുഷ്ഠാനവും ചെയ്തു
ഭക്ഷിച്ചങ്ങവര്‍ മൂവരും
സാധാരണജനം പോലൊ-
രമ്പലം പുക്കുറുങ്ങിനാര്‍.
രാവിലേ കാറ്റിലാഞ്ഞാടും
കതിര്‍ തൂര്‍ന്ന നിലങ്ങളും
പക്ഷി കൂവും പൊയ്കകളും
പാര്‍ത്തുയാത്ര തുടങ്ങിനാര്‍.
പാടത്തില്‍ വെള്ളം പായിക്കും
പല കൈത്തോടുമപ്പുറം
കണ്ടാര്‍ കാലികള്‍ തിങ്ങിപ്പോ-
മൂടുപാതകള്‍ താനുമേ.
പാര്‍ത്താര്‍ വയ്ക്കോല്‍ പന്തലാര്‍ന്ന
കരവാരം പറമ്പുകള്‍
തൊഴുത്തും കളവും ചേര്‍ന്ന
പുല്ലുമേഞ്ഞ ഗൃഹങ്ങളും
ഭാണ്ഡവും പേറി യാത്രക്കാര്‍
പോവതങ്ങങ്ങു കണ്ടിതു.
നീണ്ടു നീണ്ട നടയ്ക്കാവും
കണ്ടു നിഴല്‍ മരങ്ങളും.
മാറ്റൊലിക്കൊണ്ടു ഗോപാല-
രൂതും മുരളി കേട്ടിടും
മേച്ചില്‍ സ്ഥലങ്ങളും വണ്ടു
മൂളും കുറ്റി വനങ്ങളും.
മറ്റോരോന്നും കണ്ടുരസം
പൂണ്ടുമമ്പാര്‍ന്നിടയ്ക്കിടെ
മുനിയോതുന്ന കഥകള്‍
കേട്ടും പോയിതു ബാലകര്‍.
ദൂരെക്കറുത്തെഴും കുന്നിന്‍
കൂട്ടം കണ്ടവര്‍ ചോദ്യമായ്
ഇങ്ങാണോ യാഗമിവരോ
രാക്ഷസന്മാര്‍ മഹാമുനേ?
അപ്പുറത്തിടവപ്പാതി
മേഘം മാനത്തിലെന്നപോല്‍
ഭൂമിമേല്‍ വാച്ചു നീലിച്ച
കൊടുങ്കാടവര്‍ കണ്ടിതു.
പ്രാന്തങ്ങളില്‍ പക്ഷിവൃന്ദം
പാടുന്നൂ തരുവല്ലിമേല്‍
ശോഭിക്കുന്നൂ പൂക്കള്‍ പുഷ്പ-
ഗന്ധം വീശുന്നു കാറ്റുകള്‍.
എന്നാലുള്ളില്‍ സമുദ്രത്തില്‍
കയം പോലെ ഭയാനകം
ഇരുട്ടും നിശ്ശബ്ദതയു-
മാര്‍ന്നു ഗംഭീരമാ വനം.
തലയോടെല്ലുതോലൊക്കെ
തൂര്‍ത്തിരുന്നിതതാതിടം
നര തിര്യഗ് ജാതികളെ
ക്കൊന്നും കൂട്ടിയിരുന്നിതേ.
വല്ലാത്ത ദുര്‍ഗ്ഗന്ധിവായു
തിങ്ങും വനമതിന്നുമേല്‍
കഴുകന്മാരംബരത്തില്‍
വട്ടം ചുറ്റിപ്പറന്നിതേ.
കയത്തില്‍ മുതലയ്ക്കൊത്തി-
ക്കാട്ടില്‍ താടക രാക്ഷസി
ഭയത്തെ നല്‍കി മേവുന്നു
പാന്ധര്‍ക്കെന്നോതിനാന്‍ മുനി.
കണ്ടും ഭയങ്കരക്കാഴ്ച
കേട്ടും രാക്ഷസിതന്‍ കഥ
രണത്തില്‍ കൌതുകം പൂണ്ടും
രാമന്‍ ഞാണൊലി കൂട്ടിനാന്‍.
അതുകേട്ടധികം ക്ഷോഭി-
ച്ചലറിപ്പാഞ്ഞടുത്തിതു
കൊടുങ്കാറ്റേറ്റു കോപിച്ച
കരുങ്കടലുപോലവള്‍.
പിടിച്ചുതിന്മാനണയും
രാക്ഷസത്തിയെ നീതിയാല്‍
പെണ്ണെന്നോര്‍ക്കേണ്ടെന്നു മുനി
യോതീ;-യമ്പെയ്തു രാഘവന്‍.
രാമാസ്ത്രം മാറിലേറ്റേറെ-
രക്തം ചിന്തി നിശാചരി
ബാലാര്‍ക്കകിരണം തട്ടി
രാത്രിപോല്‍ ഭൂവെടിഞ്ഞിതേ.
ഊര്‍ജ്ജസ്വലന്‍ രാഘവന്റെ-
യൊന്നാമത്തെ പരാക്രമം
കണ്ടത്ഭുതപ്പെട്ടു തമ്പി
ലക്ഷ്മണന്‍ മുനിവര്യനും.
അഭിനന്ദിച്ചു വിജയ-
മാശ്ലേഷിച്ചു സഹോദരര്‍
അവര്‍ക്കു മുനിയാശിസ്സു-
മേകീ ദിവ്യാസ്ത്രവിദ്യയും.
വീണ്ടും നടന്നുചെന്നെത്തീ
വിഖ്യാതം വാമനാശ്രമം
അക്കാട്ടിലാ രാവുപോക്കീ-
യര്‍ക്കചന്ദ്രാഗ്നി സന്നിഭര്‍.
അടുത്തനാള്‍ കുമാരന്മാര്‍
മുനിയെപ്പിന്തുടര്‍ന്നിതു
അടുത്തു സിദ്ധാശ്രമമെ-
ന്നതി കൌതൂഹലത്തോടും.
അങ്ങാണു വിശ്വാമിത്രന്റെ-
യതിരമ്യ തപോവനം
അങ്ങാണു യാഗമവിടെ-
യാണു രാക്ഷസബാധയും.
അരികില്‍ കണ്ടു ബാലന്മാ-
രങ്ങങ്ങായൂടുപാതകള്‍
വരിനെല്ലിന്‍ വിളവുകള്‍
വൃക്ഷവാടികള്‍ താനുമേ.
കണ്ടു മുറിച്ച കൊമ്പാര്‍ന്ന
കുറ്റിച്ചമത പൂപ്പതും
അരിഞ്ഞെഴും മൂട്ടില്‍ നിന്നു
പുത്തന്‍ ദര്‍ഭ മുളപ്പതും.
വില്ലുമമ്പും കാണുകിലും
വകവയ്ക്കാതെ മാന്‍ നിര
പുല്ലുമേയുമതെന്നല്ല
പോവോരെപ്പാത്തുനില്‍പ്പതും.
വല്ലിയും ശാഖയും പൂത്ത
വന്മരങ്ങളതാതിടം
വാച്ചുനിന്നിതു വാനത്തോ-
ടന്തിപ്പൂ മുകില്‍ പോലവെ.
പൊയ്കക്കരകളില്‍ താണ
തരുശാഖകള്‍ തോറുമേ
തോരാന്‍ കെട്ടും വല്‍ക്കലങ്ങള്‍
പൂങ്കാറ്റില്‍ പാറിനിന്നിതു.
ഇലക്കുടിഞ്ഞിലോരോന്നു
കാണുമാറായിടയ്ക്കിടെ
അടിച്ചു മെഴുകിപ്പൂവി-
ട്ടുള്ള മുറ്റങ്ങളോടുമേ.
അപ്പോള്‍ ദൂരത്തിലിവരെ-
ക്കണ്ടിതാശ്രമവാസികള്‍
അംഗമാര്‍ന്നു നടന്നെത്തും
മൂന്നഗ്നികള്‍ കണക്കെ താന്‍.
വില്ലാര്‍ന്ന രഘുപുത്രന്മാ-
രൊത്തെത്തും മുനിനാഥനെ
വഴിയില്‍ചെന്നു വന്ദിച്ചു
ശിഷ്യന്മാരെതിരേറ്റിതു.
ഇവരാശ്രമവാടത്തി-
ലെത്തും മുമ്പേയൊരിക്കിനാര്‍
ജല, മാസന, മര്‍ഘ്യങ്ങ-
ളെല്ലാമങ്ങു തപസ്വികള്‍.
വന്ദിച്ചു രാജപുത്രന്മാര്‍
വന്ദ്യന്മാരാം മുനീന്ദ്രരെ
അബ്ബാലന്മാരെയാമോദി-
ച്ചാശ്ലേഷിച്ചു തപോധനര്‍.
തലോടി രാമനെപ്പാരം
താടകാനിഗ്രഹത്തിനായ്
അമ്പെടുത്ത വലം കയ്യി-
ലാദ്യം ചുംബിച്ചുകൊണ്ടവര്‍.
കുശലപ്രശ്നങ്ങള്‍ കേട്ടും-
കണ്ടും സല്‍ക്കാരസംഭ്രമം
മുനിവേഷങ്ങള്‍ വീക്ഷിച്ചും
മോദം പൂണ്ടു കുമാരകര്‍.
ജടകൂട്ടിക്കെട്ടിവയ്പ്പോര്‍
താടിനീട്ടിവളര്‍ത്തുവോര്‍
തോലോ മരപ്പട്ടയോ കൊ-
ണ്ടരമാത്രം മറയ്ക്കുവോര്‍.
ഗോപിചാര്‍ത്തുന്നവര്‍ ചിലര്‍
ഭസ്മം പൂശീടുന്നവര്‍ ചിലര്‍
കൂടി തപസ്വിമാര്‍ വന്ന-
ങ്ങെല്ലാരും വേദവേദികള്‍.
വിശ്രമിച്ചിന്നു സുഖമാ-
യേവരും യജ്ഞവാടിയില്‍
വിശ്വാസമാര്‍ന്നു പിറ്റേന്നാള്‍
യാഗകര്‍മ്മം തുടങ്ങിനാര്‍.
ഒരുക്കീവേദി, മുറപോ-
ലാരംഭിച്ചു ജപങ്ങളും
ഹോമങ്ങളും താപസന്മാര്‍
തര്‍പ്പണങ്ങളുമങ്ങുടന്‍.
രാമനും ലക്ഷ്മണന്‍ താനും
രക്ഷക്കായ് യജ്ഞവാടിയില്‍
രണ്ടുദിക്കുകളില്‍ കയ്യില്‍
കുലവില്ലേന്തി നിന്നിതു.
വരുവിന്‍ രാക്ഷ്സന്മാരെ!
യിനിയെന്നഗ്നി നിര്‍ഭയം
കത്തിക്കാളും ജ്വാലകളാം-
കയ്യുയര്‍ത്തി വിളിച്ചിതു.
ഹോമധൂമങ്ങളാകാശം
മൂടിയുടനവയ്ക്കുമേല്‍
കാണുമാറായ് രാക്ഷസരെ-
ക്കാര്‍മ്മുകില്‍ ചാര്‍ത്തുപോലവേ.
കഠോരമാം പല്ലിളിച്ചു
കാണിച്ചൂ മിന്നലെന്നപോല്‍
ഇടിവെട്ടും മട്ടു ദുഷ്ടര്‍
ചെയ്തു ഘോരാട്ടഹാസവും.
വര്‍ഷിക്കയും ചെയ്തു മാംസ-
കബളം തുപ്പിയെങ്ങുമേ
ലന്ത്പാഴം പോല്‍ വലുതാം
രക്തബിന്ദുക്കളങ്ങവര്‍.
എപ്പോഴിതെല്ലാം കാണായി-
തെപ്പോള്‍ പേടിച്ചു താപസര്‍
അപ്പോള്‍ നിറച്ചു കാകുത്സ്ഥ-
രമ്പാലാകാശമണ്ഡലം.
ഇരച്ചുപൊങ്ങിയസ്ത്രങ്ങള്‍
ചണ്ഡമാരുത ശക്തിപോല്‍
എങ്ങും നില്‍ക്കാതെയോടിച്ചു
രാക്ഷസപ്പടയെ ദ്രുതം.
ചീറിത്തുടര്‍ന്ന ബാണങ്ങ-
ളേറ്റു ചത്ത നിശാചരര്‍
കരും പാറകള്‍ പോല്‍ ദൂരെ-
കാട്ടിലങ്ങങ്ങു വീണിതേ.
സുബാഹുവാം തലവനെ-
ക്കൊന്നുവീഴ്ത്തീ രഘൂത്തമന്‍
മാരീചനെന്നവന്‍ പേടി-
ച്ചോടിപ്പോയ് രക്ഷ തേടിനാന്‍.
ലോകത്തിന്‍ ഹൃദയം പോലെ
തെളിഞ്ഞു വോമമണ്ഡലം
മുനിമാര്‍ മോദമുള്‍ക്കൊണ്ടു
മുടിച്ചു യാഗകര്‍മ്മവും.
പിന്നെ പ്രസന്നനായ് ധന്യന്‍
വിശ്വാമിത്രന്‍ കുമാരരെ
ദീക്ഷാസ്നാനത്താല്‍ നനഞ്ഞ
മാറില്‍ ചേര്‍ത്തു തലോടിനാന്‍.
വനാശ്രമവിശേഷങ്ങ-
ളാരാരാക്ഷസവധങ്ങളും
അമ്മമാരോടും ചെന്നോതാ-
നൌത്സുക്യം തേടി ബാലകര്‍.
പുറപ്പെട്ടാനവരുമായ്
പിന്നെ വേഗം മഹാമുനി
വൃഥാകാലം കഴിപ്പീല
വിജ്ഞന്മാരൊരുനാളുമേ.
കാടേറി മുനിയോടൊത്തു
പോകും രാജകുമാരരേ
വിരഹാശ്രു തടഞ്ഞിട്ടു
നോക്കിനിന്നു തപസ്വികള്‍.
ഓരോ കഥകളും ചൊല്ലി-
ബ്ബാലരോടൊത്തു നടന്നുടന്‍
മിഥിലയ്ക്കുള്ള വഴിയില്‍
മുനി ചെന്നു തിരിഞ്ഞിതു.
കണ്ടൂ കയത്തില്‍ ഗഗനം
ബിംബിക്കും ഗംഗയങ്ങിവര്‍
കരയ്ക്കഹല്യാവനവും
കണ്ടിതാരാമഭംഗിയില്‍.
വിദേഹ ഗുരുവാകുന്ന
ശതാനന്ദന്റെയമ്മയാള്‍
അഹല്യ പൂജിച്ചിവരെ-
യയച്ചു മിഥിലയ്ക്കു താന്‍.
വിദ്വാന്‍ വിദേഹനെക്കാണാ-
മെന്നു മോദിച്ചു രാഘവന്‍
വീരരാരും കുലയ്ക്കാത്ത
വില്ലങ്ങുണ്ടെന്നറിഞ്ഞുമേ.
അമ്മാര്‍ഗ്ഗമായയോധ്യയ്ക്കു
പോകുവാന്‍ ദൂരമെങ്കിലും
നടന്നു ദാശരഥിമാ-
രുള്ളിലുത്സാഹമാര്‍ന്നു താന്‍.
വര്‍ദ്ധിച്ചുകണ്ടു ജനസ-
ഞ്ചാരം പുരമടുക്കവേ
കായലെത്തുന്ന ചെറിയ
കാട്ടാറിന്‍ ജലമെന്ന പോല്‍.
ഭാരം വണ്ടികളാളൊക്കെ-
തിക്കുമങ്ങാടി കണ്ടിതു
പ്രഭുക്കള്‍ തണ്ടും രഥവു-
മേറിപ്പോം രഥ്യ കണ്ടിതു.
ദിക് ചക്രവാളം ചൂഴുന്ന
നഭോഭിത്തികളെന്നപോല്‍
നഗരാന്തങ്ങളില്‍ പൊങ്ങി
നെടും കോട്ടകള്‍ കണ്ടിതു.
അംബരം മുട്ടിനില്‍ക്കുന്ന
ഗോപുരാഗ്രങ്ങള്‍ തന്നിലും
കണ്ടു കിടങ്ങില്‍ ബിംബിച്ചു
താഴെയും മേഘമാലകള്‍.
ഹിമാലയത്തിന്‍ ശിഖര-
നിരപോല്‍ തിങ്ങിയെങ്ങുമേ
കാണുമാറായ് വീഥിതോറും
സൌഥങ്ങള്‍ പലമാതിരി.
ചലിച്ചു തെരുവില്‍ ചിത്ര-
വസ്ത്രമാര്‍ന്ന ജനാവലി
നീളെക്കാണായി പുഴയില്‍
പൂന്തോട്ടം നിഴലിച്ചപോല്‍.
രസമായ് ഗീതവാദ്യങ്ങള്‍
നീട്ടിക്കൊടി പറത്തിയും
ലാത്തീ കാറ്റങ്ങു കളഭ-
സൌരഭ്യങ്ങള്‍ പരത്തിയും.
കാടും മലകളും പര്‍ണ്ണ-
ശാലയും മുനിവൃത്തിയും
കണ്ടുപോന്ന കുമാരര്‍ക്കു
കൌതുകം നല്‍കിയിപ്പുരി.
എന്നല്ലയോദ്ധ്യയില്‍ ചെന്നു-
ചേര്‍ന്നപോല്‍ ബാലകര്‍ക്കഹോ
എന്തൊന്നില്ലാത്തൊരാനന്ദം
തോന്നീ മിഥില കാണവേ.
വിശ്വാമിത്രന്റെ വരവു
ദൂതര്‍ ചെന്നറിയിക്കയാല്‍
വിരവോടെത്തിയവരെ
മന്ത്രിമാരെതിരേറ്റിതു.
ശതാനന്ദനോടൊന്നിച്ച
ശ്രീമാന്‍ ജനകഭൂപനെ
അഗ്നിശാലയില്‍ കണ്ടു
വേറെ രണ്ടഗ്നിപോലിവര്‍.
ചെയ്താചാരോപചാരങ്ങള്‍
ചോദിച്ചു മിഥിലാധിപന്‍
എഴുന്നള്ളാന്‍ പ്രസാദിച്ച-
തെന്തെന്നു മുനിയോടുടന്‍.
വത്സരെദ്ദാശരഥിമാ-
രെന്നു കേട്ടാദരിക്കയാല്‍
ജനകന്മേലവര്‍ക്കുള്ളില്‍
ജനിച്ചു ജനകാദരം.
ഇവര്‍ക്കിങ്ങുള്ള വലിയ
വില്ലുകാണ്മാന്‍ കുതൂഹലം
എന്നോതി, മുനി രാമന്റെ-
യെല്ലാക്കഥയുമോതിനാന്‍.
തേജസ്സുകാണ്‍കിലും ചെയ്ത-
വീരവൃത്തികള്‍ കേള്‍ക്കിലും
തോന്നീല ജനകന്നൊട്ടും
രാമന്‍ വില്ലേറ്റുമെന്നുടന്‍.
എന്നാലുമാജ്ഞയരുളീ
നൃപന്‍ വന്നെത്തി ചാപവും
ഇരുമ്പുവണ്ടിമേലേറ്റി-
യേറെയാളുന്തി മെല്ലവേ.
വില്ലാം വന്‍ പാമ്പിനെക്കണ്ടു
കൈക്കരുത്തായ കീരിയെ
വിനയത്തിലാടക്കീടാന്‍
വിഷമിച്ചു കുമാരകര്‍.
അതുകണ്ടു മുനിശ്രേഷ്ഠന്‍
കണ്‍ കോണാലാജ്ഞ നല്‍കിനാന്‍
അടുത്തുചെന്നാന്‍ ശ്രീരാമ-
നങ്ങുനിന്നവര്‍ മാറിനാര്‍.
കാര്‍കൊണ്ടല്‍ വര്‍ണ്ണനുടനെ
കീഴുമേലൊന്നു നോക്കിനാന്‍
മഴവില്ലെന്നപോലേറെ
മഹത്താമദ്ധനുസ്സിനെ.
താടകാരി കുലയ്ക്കും വി-
ല്ലെന്നു കേട്ടു ജനങ്ങളും
തിക്കിത്തിരക്കി വന്നെത്തി
ചുറ്റും നിന്നാഞ്ഞുനോക്കിനാര്‍.
നിരന്നു വന്മാളികമേല്‍
നിന്നു പെണ്ണുങ്ങള്‍ നോക്കിനാര്‍
നിലാവിനാല്‍ വെണ്മ തേടും
നഭസ്സില്‍ താരപംക്തിപോല്‍.
ഇരുമ്പുതൂണുയര്‍ത്തുന്ന
യന്ത്രക്കപ്പി കണക്കഹോ
കുനിഞ്ഞുരാമന്‍ തെല്ലൊന്നു
നിവര്‍ന്നൂ കയ്യില്‍ വില്ലൊടും.
തേജസ്വിജനകന്‍ മുമ്പി-
ലദ്ധനുസ്സേന്തിയങ്ങനെ
മഴമേഘം പോലെ രാമന്‍
മോഹനന്‍ നിന്നു കാല്‍ക്ഷണം.
എന്നിട്ടിടം കയ്യില്‍ മാറ്റി-
യൂഴിയില്‍ കുത്തി വില്ലഹോ!
കുനിച്ചാന്‍ കര്‍ഷക യുവാ
കരിമ്പിന്‍ കോലുപോലവന്‍.
ഞാണ്‍ വലിച്ചൂ രാമചന്ദ്രന്‍
ഞെരിഞ്ഞൂ ചാപമൊന്നുടന്‍
ഞൊടിയില്‍ രണ്ടായ് മുറിഞ്ഞു
ഞെട്ടിപ്പോയ് കണ്ടുനിന്നവര്‍.
വില്‍ മുറിഞ്ഞരവം ദ്യോവില്‍
ചേര്‍ത്തു മാറ്റൊലി വിണ്ണുതാന്‍
ലോകൈകവീരന്‍ ശ്രീരാമ-
നെന്നു ചൊല്ലിയ മാതിരി.
കൈച്ചുറുക്കും രാഘവന്റെ
കരുത്തും കണ്ടുകാണികള്‍
അതിരില്ലാതെയാശ്ചര്യം
തേടിയാര്‍ത്തുവിളിച്ചിതു.
അത്ഭുതപ്പെട്ടു ജനക-
നാനന്ദാശ്രുപൊഴിഞ്ഞിതു
വിസ്മയം ലക്ഷ്മണന്‍ താനും
വിശ്വാമിത്രരുമാര്‍ന്നിതു.
ഈ വില്ലു കുലയേറ്റുന്ന
വീരനെസ്സീതയെന്മകള്‍
വരിച്ചീടേണമെന്നുണ്ടു
പന്തയം വെച്ചിരിപ്പു ഞാന്‍.
കേട്ടിരിക്കാം ലോകരെല്ലാ-
മതു ഞാനിന്നു ധന്യനായ്
വത്സന്‍ ദാശരഥിയ്ക്കെന്റെ
വീരശുല്‍ക്കം ലഭിക്കയാല്‍.
എന്നോതിജനകന്‍ പിന്നെ-
യാജ്ഞാപിച്ചു സ്വയംവരം
പൊന്മേനി സീതയെക്കൊണ്ടു-
വന്നൂ രാജപുരന്ധ്രിമാര്‍.
കോമളന്‍ രാമനെക്കണ്ടു
കോള്‍മയിര്‍ക്കൊണ്ടു പൂവുടല്‍
കൊച്ചോമനമുഖം സീത
കുനിച്ചരികില്‍ നിന്നിതു.
രാമഭദ്രന്റെ കണ്ഠത്തില്‍
പിന്നെയച്ചെറു പെണ്‍കൊടി
അമ്മമാരരുളിച്ചയ്ത-
പോലെ മാലയുമിട്ടിതു.
സീതയാം രോഹിണിയോടും
രാമചന്ദ്രന്‍ മനോഹരന്‍
പരിവേഷ മഹാമാല-
പൂണ്ടുപാരം വിളങ്ങിനാന്‍.
അന്തഃപുരത്തേയ്ക്കുടനെ
വീണ്ടുമായമ്മാരൊടും
രാമന്റെ ഹൃദയം കൊണ്ടാ-
രാജപുത്രി ഗമിച്ചിതു.
വിവാഹമംഗളത്തിന്നാ-
യൊരുക്കീ മിഥിലാധിപന്‍
അയോദ്ധ്യക്കായന്നുതന്നെ-
യയച്ചു ഗുരുവര്യനെ.
വൃത്താന്തം കേട്ടുമോദിച്ചു
കുടുംബത്തോടെ മോടിയില്‍
പുറപ്പെട്ടു ദശരഥന്‍
വസിഷ്ഠനിവരൊക്കെയും.
നാലുനാള്‍ കൊണ്ടെത്തിയവര്‍
മിഥിലാപുരസീമയില്‍
നിര്‍ത്തീസേനയെ, യങ്ങെത്തി-
യെതിരേറ്റു മഹീപതി.
നഗരത്തിലെഴുന്നള്ളി-
യിവരെന്നതുകേട്ടുടന്‍
ശ്രീരാമലക്ഷ്മണന്മാരും
ചെന്നു താണു വണങ്ങിനാര്‍.
അച്ഛനും മൂന്നമ്മമാരും
ഭ്രാതാക്കള്‍വര്‍ നാല്‍വരും
അങ്ങു സന്ധിച്ചപോതുണ്ടാ-
മാനന്ദമരുളാവതോ?
കെട്ടിപ്പുണര്‍ന്നിതവര-
ങ്ങന്യോന്യം, ഹൃദയങ്ങളില്‍
കുടുംബസ്നേഹജലധി
കരകുത്തിയിടിച്ചിതു.
വസിഷ്ഠാദികളൊത്തുള്ള
കോസലാധിപനെ സ്വയം
ശതാനന്ദന്‍ ജനകനും
ശ്രദ്ധവച്ചാദരിച്ചിതു.
എന്നല്ല പിന്നെ സ്നേഹത്താ-
ലവരൊന്നായ് ചമഞ്ഞിതു
സല്‍ക്കാരം സ്വീകരിപ്പാനും
സല്‍ക്കരിപ്പാനുമുള്ളവര്‍.
പോരാ ദശരഥന്‍ തന്നെ-
യങ്ങു സര്‍വാധികാരിയായ്,
കൌസല്യതാനമ്മയായി
ജാനകികങ്ങകായിലില്‍.
മഹാകുടുംബങ്ങളിതു
രണ്ടും ചേര്‍ന്നു ലയിച്ചിതു
മേളിച്ചൊഴുകിടും രണ്ടു
മഹാനദികള്‍ പോലവേ.
വിവാഹലഗ്നം മുനിമാര്‍
വിചാരിച്ചറിവിച്ചിതു
ചൊന്നാനപ്പോള്‍ ദശരഥന്‍
തന്നോടു മിഥിലാധിപന്‍.
സീത,യൂര്‍മ്മിളയിച്ചൊന്നോ-
രല്ലാതുണ്ടു മഹീപതേ!
എനിക്കു രണ്ടു പെണ്മക്കള്‍
കുശദ്ധ്വജ കുമാരിമാര്‍.
അവര്‍ക്കു വത്സന്‍ ഭരതന്‍
ശത്രുഘ്നനിവര്‍ ചേരുമേ
രാമലക്ഷ്മണ വത്സന്മാര്‍
മറ്റവര്‍ക്കെന്ന പോലവേ.
എല്ലാമങ്ങേടെയിഷ്ടം പോ-
ലെന്നോതി കോസലേശ്വരന്‍
എല്ലാവര്‍ക്കും സമ്മതമായ്
തീര്‍ന്നിതന്നിശ്ചയങ്ങളും.
പരിഷ്കരിച്ചൂ നഗരം
പാറീ കൊടികളെങ്ങുമേ
ഭേരീമൃദംഗ നാദങ്ങള്‍
പൊങ്ങീ മംഗളമാം വിധം.
സാമന്തരും മന്ത്രിമാരും
പൌരമുഖ്യരൊക്കെയും
സഭയില്‍ തിങ്ങി- ഹോമാഗ്നി-
സംഭരിച്ചൂ പുരോഹിതന്‍.
മന്ത്രകോടിയുടുപ്പിച്ചു
മങ്കമാര്‍ ചമയിച്ചുടന്‍
മനോജ്ഞമാം മണ്ഡപത്തില്‍
സീതയെക്കൊണ്ടുവന്നിതു
രാമനും മംഗളസ്നാനം
ചെയ്തൊരുങ്ങി വിധിപ്പടി
രാജീവനേത്രയാള്‍ തന്റെ
വലത്തായ് വന്നുനിന്നിതു.
വിവാഹവേഷം പൂമെയ്യില്‍
പൂണ്ടിബ്ബാലവധൂവരര്‍
വിസ്മയിപ്പിച്ചു സഭയെ
സ്വതേയതിമനോഹരര്‍.
പിന്നെച്ചടങ്ങു പലതും
നടന്നൂ, മിഥിലാധിപന്‍
സീത തന്‍ കൈത്തളിര്‍ പിടി-
ച്ചര്‍പ്പിച്ചൂ രാമപാണിയില്‍.
പൊന്മേനിയാള്‍ പിടിച്ചോരാ-
ക്കര്‍വര്‍ണ്ണന്‍ കൈ ലസിച്ചിതു
പുത്തനായ് പൂത്ത ചെറിയ
കൊന്ന തന്‍ കൊമ്പു പോലവേ.
പാര്‍ത്തോരാനന്ദാശ്രു ചിന്നി-
പ്പൊഴിഞ്ഞൂ പുഷ്പവൃഷ്ടികള്‍
പൊങ്ങിയാശീര്‍വാദകോലാ-
ഹലം- മൂര്‍ച്ഛിച്ചു വാദ്യവും.
മുഹൂര്‍ത്തങ്ങളിവണ്ണം താ-
നോര്‍ത്തു മുന്‍ചൊന്നപോലവേ
മൂന്നു സോദരരും മൂന്നു-
മുഗ്ദ്ധാംഗികളെ വേട്ടിതു.
പിന്നെസ്സദ്യകളും മറ്റും
നടന്നൂ പൊടിപൂരമായ്
പിരിവാന്‍ കാലമായ്- കൂറാല്‍
സംബന്ധികള്‍ കുഴങ്ങിനാര്‍.
എന്‍ പുത്രി പോയിരുളാം
വീട്ടിന്നു വിഭവാവലി
എന്തിനെന്നായ് സ്ത്രീധനങ്ങള്‍
വിദേഹന്‍ വാരി നല്‍കിനാന്‍.
പുത്രിമാരെ ദശരഥന്‍
കയ്യിലേല്‍പ്പിച്ചു പാര്‍ത്ഥിവന്‍
പ്രയാസപ്പെട്ടൊരുവിധം
പിന്നെ യാത്ര വഴങ്ങിനാന്‍.
തലോടിയും കൈപിടിച്ചും
തേങ്ങിയും തമ്മിലന്നവര്‍
തൊഴുതും കണ്ണീര്‍പൊഴിച്ചു-
മാശ്ലേഷിച്ചും പിരിഞ്ഞിതു.
ശൂന്യമായ് തോന്നി മിഥില
ശൂന്യമായ് രാജമന്ദിരം
അതിലും ശൂന്യമായ് ഭൂപ-
ന്നാത്മാ ജാനകി പോകയാല്‍.
ആഘോഷമോടയോദ്ധ്യയ്ക്കു
പോമദ്ദശരഥിയെ
വഴിക്കു കണ്ടു കോപിച്ചു
വഴക്കായ് ഭാര്‍ഗ്ഗവന്‍ മുനി.
മഴുവേന്തും രാമനവന്‍
മലയാളം നികഴ്ത്തിയോന്‍
ക്ഷത്രിയന്മാരെന്നുകേട്ടാല്‍
ക്ഷമയില്ലാത്തൊരന്തണന്‍.
രാമന്‍ താനേകനേയാവൂ
രാഘവന്‍ പേരുമാറ്റണം
രക്ഷയില്ലെങ്കിലെന്നാന്‍
രണഭീമന്‍ തപോധനന്‍.
എന്നല്ലിവന്‍ വിദേഹന്റെ
വില്ലൊടിച്ച മഹാപുമാന്‍
എന്റെ വില്ലും കുലയ്ക്കേണ-
മെന്നാമുനി ശഠിച്ചുപോല്‍.
പേടിച്ചു കാല്‍പിടിക്കുന്ന
പിതാവില്‍ കൃപയെന്നിയേ
പരുഷം ചൊല്ലുമവനെ-
പ്പിന്നെക്കൂസീല രാഘവന്‍.
വില്ലിങ്ങുതരികെന്നാഞ്ഞു
വാങ്ങിനാന്‍ കുലയേറ്റിനാന്‍
വലിച്ചമ്പു തൊടുത്താനാ-
വീര്യവാന്‍ രഘുനന്ദനന്‍.
അയ്യോ! നമ്മെ വധിച്ചേക്കു-
മമാനുഷ യുവാവിവന്‍
എന്നുപേടിച്ചു ഭയവു-
മന്നറിഞ്ഞിതു ഭാര്‍ഗ്ഗവന്‍.
താണുകൂപ്പീടുമവനെ
ക്ഷത്രധര്‍മ്മം നിനച്ചുടന്‍
തേജോവധം ചെയ്തു രാമന്‍
വിട്ടു വിപ്രത്വമോര്‍ത്തുമേ.
ദയ തോന്നും ഭൃഗുസുതന്‍
തലതാഴ്ത്തിയതോര്‍ക്കുകില്‍
ജാതിവൈരം പുലര്‍ത്തുന്ന
ജളന്മാര്‍ക്കിതു പാഠമാം.
തന്‍ മുമ്പില്‍ കണ്ട പുത്രന്റെ-
യീയലൌകിക വിക്രമം
താത ദശരഥന്‍ പൂണ്ട
ധനൃത്വമതിരുള്ളതോ?
വീണിതേ കുമ്പിടും രാമ-
ശിരസ്സില്‍ ഹര്‍ഷഹേതുവാല്‍
താതാശ്രുവും വസിഷ്ഠന്റെ-
യാശീര്‍വചനധാരയും.
മൂക്കില്‍ ചേര്‍ത്തുള്ള വിരലും
നീക്കീട്ടരികിലെത്തവേ
അമ്മമാരും ജാനകിയു-
മുമ്മവച്ചിതു രാമനെ.
കുടുംബപരിവാരങ്ങ-
ളൊത്തുപോയ് പിന്നെ മന്നവന്‍
കൊമ്പന്‍ കാട്ടാനക്കൂട്ടത്തോ-
ടെന്നപോല്‍ ഭയമെന്നിയേ.
വേളികഴിഞ്ഞുവേണ്ട വിരുതൊക്കെയുമാര്‍ന്നധികം
ലാളിതരാം കുമാരരോടയോദ്ധ്യയിലെത്തി നൃപന്‍;
മാളികമേലുമത്തെരുവിലും മിഴിമൂടിവരും
ധൂളി തടുക്കിലും ജനതനിന്നതു നോക്കി സുഖം.
ബാലകാണ്ഡം കഴിഞ്ഞു.