ഒരു സിംഹപ്രസവം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
|
കുമാരനാശാന്റെ |
|
കാവ്യങ്ങള്‍
വീണപൂവ് · ഒരു സിംഹപ്രസവം |
|
കവിതാസമാഹാരം
|
|
വിവര്‍ത്തനം
|
|
സ്തോത്ര കൃതികള്‍
|
|
മറ്റു രചനകള്‍
|
|
|
1
കരളില്‍ കനിവാര്‍ന്നിടുന്നിടുന്നുതേ
ഖരകണ്ഠീരവിതാനുമീവിധം!
ഒരു ജന്തുവിനും സ്വപുത്രരില്‍
പരുഷത്വം വിധി നല്‍കിയില്ലതാന്‍.
2
അലിവാര്‍ന്നു കിടന്നൊരാടുപോല്‍
മുല നല്‍കുന്നിതു കുട്ടികള്‍ക്കിവള്‍
തലചെന്നു പിടിച്ചിഴയ്ക്കിലും
കലരാക്രുദ്ധതയെന്നു തോന്നിടും.
3
പരതന്ത്രതയോര്‍ത്തു കണ്ണുനീ-
രരിയോരുണ്ണികള്‍ തന്നെ നോക്കി നീ
ചൊരിയായ്ക; മൃഗേന്ദ്ര വല്ലഭേ!
വരുമാപത്തുകളാര്‍ക്കുമൂഴിയില്‍.
4
പ്രണയത്തൊടു പാര്‍ത്തിവര്‍ക്കൊരാള്‍
തുണതാനെന്നു കുടുംബചിന്തയാല്‍
ഇണയാം ഹരി മന്ദവേഗനാ-
യണയത്താഞ്ഞു നടന്നിടുന്നുതേ.
5
കുതുകത്തോടു, ‘പെറ്റുസിംഹി’യെ-
ന്നതു കേട്ടേറെ വരുന്നിതാളുകള്‍
ഇതുകൊണ്ടൊരിളക്കമില്ലിവ-
ന്നഥവാ - സിംഹമറിഞ്ഞിടാ ഭയം.
6
പലതും ബത! ബന്ധനസ്ഥനായ്
തലകാഞ്ഞോര്‍ത്തു നിരാശനായുടന്‍
നിലവിട്ടെഴുമൊറ്റമേഘമൊ-
ത്തലറുന്നങ്ങനെ തന്നെ നിന്നിവന്‍
7
സഹസാ, സമയം കുറിക്കുവാ-
നിഹ പീരങ്കിയൊഴിച്ചപോല്‍ ഹരേ,
മഹിതം, തുടരായ്ക ഗര്‍ജ്ജിതം
ഗഹനത്തില്‍ ഗജഗര്‍ഭഭേദിനി.
8
അഥവാ, നരനാഥനോടിവന്‍
കഥ കോപോഗ്രരവം കഥിക്കയാം
കൃതമാമഹിതം സഹിക്കുമോ
ധൃതവീര്യന്‍ പരതന്ത്രനെങ്കിലും?
9
ഒരു ഹേതുവുമെന്നി, കേവലം
നരലോകത്തിനു കൌതുകത്തിനായ്
വരുവിച്ചു തടഞ്ഞുതേ നൃപന്‍
ഹരിയേ- ഹാ മൃഗചക്രവര്‍ത്തിയെ!
10
കരുതായ്കിതവജ്ഞയായ് ഹരേ!
നരപാലന്‍ നൃപധര്‍മ്മകോവിദന്‍;
പരമിങ്ങനെ വെച്ചുപൊറ്റുമ-
ത്തിരുമേനിയ്ക്കു കൃതജ്ഞനാക നീ.
11
ഒരുവര്‍ഗ്ഗനിസര്‍ഗ്ഗനായകന്‍
ധരണീപാലനു മാന്യനാം ഭവാന്‍
പരതന്ത്രരെ ഹിംസ ചെയ്‌വതോ
നരരാം ഞങ്ങടെ നീതിയല്ല കേള്‍
12
നരഭോജികളുണ്ടു നീചരാം-
നര’രാഫ്രിക്ക’യിലോര്‍ത്തിടാം ഭവാന്‍
നരകാര്‍ഹരൊരുത്തരില്ലയ-
ത്തരമീ ഞങ്ങടെ പുണ്യഭൂമിയില്‍.
13
അതുമല്ലിതു ‘ധര്‍മ്മരാജ്യ’മെ-
ന്നധികം വിശ്രുതവഞ്ചിമണ്ഡലം
അതിലും ബത! മൂലഭൂമിപന്‍
പ്രഥിതന്‍ പാരിലുദാരചര്യയാല്‍
14
രുചിരം ഗൃഹമുണ്ടു, ഭോജ്യമു-
ണ്ടുചിതമ്പോല്‍- കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാര്‍ നരിമുഖ്യരും സ്വയം
15
സ്ഫുടസൌഖ്യമതല്ലടുക്കലന്‍-
പുടയോളുണ്ടിവള്‍ നിന്‍പുരന്ധ്രിയാള്‍
ദൃഢമിന്നിവ രാജ്യകാര്യമായ്
തടവില്‍ പാര്‍പ്പവനന്യരേകിടാ.
16
ശരി,യെന്മൊഴി സംവദിച്ചുതാന്‍
ഹരിയെന്നല്ല നിവാസശയ്യയില്‍
വിരമിച്ചൊരു യുദ്ധനൌവുപോല്‍
തിരിയെച്ചെന്ന് കിടപ്പുമായിവന്‍
17
ഒരു രോമമനങ്ങിടാതെ സു-
സ്ഥിരമാം കൃത്രിമസ്വത്വരൂപമോ?
തിരയറ്റൊരു സിന്ധുവോ? മഹീ-
ധരമോ? യെന്തൊരു ജന്തുവോയിവന്‍?
18
പടുരാഗമിവന്റെയുള്ളുമന്‍-
പൊടു ശൃംഗാരരസാദ്രമാക്കുകില്‍,
സ്ഫുടചന്ദ്രികയെന്തലിഞ്ഞിടാ
കടുവജ്രം, ശശികാന്തമെന്നപോല്‍?
19
അതുമല്ലിഹ ബന്ധനത്തിലും
ബത! കാന്താപരനായിതെയിവന്‍
അഥവാ കുലസൃഷ്ടി ചെയ്യുമാ
വിധിഹസ്തം തടയുന്നതാരുവാന്‍!
20
കൊടുതാം ഹരിധൈര്യവൃത്തിയെ-
ത്തടവാനാള്‍ മൃഗസാര്‍വഭൌമി! നീ
സ്ഫുടമായസപൊതശക്തിയെ-
ക്കടലില്‍ തങ്ങിയ കാന്തഭൂമിപോല്‍.
21
ഒഴുകും പ്രിയമാര്‍ന്നിവന്റെമേല്‍
വഴിയും നിന്റെ കടാക്ഷഭംഗിയെ
മൊഴിവാന്‍ കവികള്‍ക്കിവന്നെഴും
മിഴിവേണം-കവിയാകണം ഹരി.
22
വിലസുന്നതു നിന്റെ മുന്‍പിലീ-
ക്കുലദീപദ്വയവും മൃഗേശ്വരീ !
മുലയുണ്ടുകളിച്ചുമോടിയും
മലമുന്‍പില്‍ ചെറുനിര്‍ഝരങ്ങള്‍ പോല്‍.
23
കരകേസരഭാരശോഭിയായ്
വരുമര്‍ക്കനെതിരേ കുതിച്ചു ഹാ,
വിരയുന്നു കിടാങ്ങളച്ഛനാം
ഹരിയെന്നോര്‍ത്തുടനങ്കമേറുവാന്‍ !
24
ഒരു ചിന്തയുമെന്നിയുല്ലസി-
ച്ചരുളീടും ചെറുശാബകങ്ങളേ!
ഉരുചാപലഹേതുവെങ്കിലും
വരമീ ശൈശവകാലമൊന്നുതാന്‍.
25
സ്ഫുടമോദമോടുമ്മവച്ചിടും
നടുവേതാനഴലച്ഛനമ്മമാര്‍
തടവാമറികില്ലവര്‍ക്കെഴും
നെടുവീര്‍പ്പിന്‍ പൊരുള്‍ നിങ്ങളേതുമേ
26
അഥവാ - സ്ഥിരമല്ലിതൊന്നുമി-
ക്ഷിതിയില്‍ തൈയഥ ശാഖിയാകണം
അതു പിന്‍ മുതുവൃക്ഷമാകണം
മുതുവൃക്ഷം ബത ! ദാരുവാകണം.
27
ദ്രുതജീവിതയാത്രയിങ്ങതെ-
ന്നതുകൊണ്ടോര്‍ത്തയി, സജ്ജരാകുവിന്‍!
കൃതബുദ്ധികള്‍ കാത്തുകൊണ്ടിടും
സ്ഥിതി മാറീടിലുമാത്മഗൌരവം
28
പൃഥുവീര്യമെഴും ഭവത്കുലം
പ്രഥിതം പാരില്‍ മൃഗേന്ദ്രപുത്രരേ!
അഥ ചൊല്ലിടുമാതമഭാഷയില്‍
കഥയീ, നിങ്ങടെ, യമ്മറാണിതാന്‍
29
ജനവാതിലിലൂടെ കാട്ടിയീ-
യനഘോദ്യാനമസാരമെങ്കിലും
ജനയിത്രിയുദാഹരിച്ചിടാം
ഘനഗംഭീരമഹാടവീതടം
30
കരിവാര്‍മുകില്‍മൂളി വാനില്‍ വന്‍-
വരിയായ് പൊങ്ങിവരുന്ന കണ്ടിവള്‍
ഹരിഗര്‍ജ്ജിതകന്ദരങ്ങളാം
ഗിരിവൃന്ദങ്ങളുടെ മോടി കാട്ടിടാം.
31
കുലയാനകള്‍ തന്നെ ബാല്യമാം
നിലയില്‍ താന്‍ ചിലര്‍ തച്ചുകൊന്നതും,
വിലഭിത്തി രണോഗ്രനാദമാ-
റ്റൊലിയേറ്റാശു തകര്‍ന്നു വീണതും,
32
മലയും ഗുഹയും മൃഗങ്ങള്‍ തന്‍-
കുലവും കാടുമടക്കി വാണതും,
പലതമ്മ പറഞ്ഞു കേട്ടിടാം
കുലകൂടസ്ഥപരാക്രമ ക്രമം. (യുഗ്മകം)
33
അഥ ലോഭനമായിടുന്നൊര-
ക്കഥകേട്ടക്ഷമഭാവമേന്തൊലാ
വ്യഥയേ ഗതഭൂതി തന്‍ മനോ-
രഥമേകീടു വിപന്നലോകരില്‍.
34
കഴിയാത്തതു കാമിയാതെതാന്‍
കഴിവിന്‍, നിങ്ങള്‍ വളര്‍ന്നു യോഗ്യരായ്
ഒഴിയുന്നൊരു പൈതൃകാസനം
വഴിയേ പിന്നെയലങ്കരിക്കുവിന്‍!
35
നിനയാതഴല്‍ നിന്‍ കുടുംബമൊ-
ത്തനപായം മൃഗരാജ, വാഴ്ക നീ
ജനമൊക്കെയുമസ്വതന്ത്രരാം;
ദിനകൃത്യം തടയുന്നു - പോട്ടെ ഞാന്‍.
36
അതുമല്ലയി നല്‍കിടുന്നു നിന്‍-
സ്ഥിതിയുല്‍കണ്ഠയെനിക്കു സിംഹമേ!
ഇതു കണ്ടു ശരീരപഞ്ജര-
സ്ഥിതനാം ജീവനെയോര്‍ത്തിടുന്നു ഞാന്‍.
37
തിരിയുന്നു ‘കരു‘ക്കളായ് ചരാ-
ചരമിങ്ങാരുടെ നിത്യലീലയില്‍
അരുളട്ടെ നമുക്കവന്‍ ശുഭം
പരമേശന്‍ ഭവമുക്തിദായകന്‍.
-ശുഭം-