താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഴവില്ലിന്നൊളി ചിന്നും ശലഭജാലം
മാമരത്തോപ്പിൽ പറന്നിടുന്നൂ;
അധികനാളവനിയിലധിവസിപ്പാ-
നാകയില്ലെന്നുള്ള തത്ത്വബോധാൽ
അതുകൾ തൽക്ഷണികമാം ജീവിതത്തെ-
യാനന്ദച്ചാറിൽ കുളിപ്പിക്കുന്നു;
തൃണതതിയണിയുന്ന ഹിമമണികൾ
മാണിക്യഖണ്ഡമായ് മാറിടുന്നൂ;
ദിനമണി ചൊരിയുന്ന കരങ്ങൾക്കൊട്ടും
ദീനവും വമ്പനും ഭേദമില്ലാ;
ശിശുക്കളുമതുവിധം സമത്വബോധം
ശീലിച്ചു ജീവിതം പോക്കിടേണം.
അരുവിതന്മടിത്തട്ടിൽ തരംഗപോതം
ആനന്ദനൃത്തങ്ങളാടിടുന്നു;
പുലരിപ്പൊൻ ശിശുവിന്റെ കളിയാട്ടങ്ങൾ
ഭൂവിനെപ്പുണ്യത പൂശിടിന്നു;
അതുവിധം മമ ചിത്ത വിഭാതമാകും
ആരോമൽപ്പൈതങ്ങളുണരൂ വേഗം;
പ്രകൃതിതന്നകൃതവിലാസം കാണ്മാൻ
പ്രാപ്തനായ്‌ത്തീർന്നൊരീ മർത്ത്യനെന്തേ,
അദൃശ്യമായീടും മറ്റൊരമരലോകം
ആരാഞ്ഞു ജീവിതം പാഴാക്കുന്നു?