ലീലാങ്കണം/'മരിച്ചിട്ട്'
"തരു ചുംബനമൊ"-ന്നുരച്ചിടുന്നൂ
തരു തൈവല്ലിയൊടാത്തകൗതുകത്താൽ
'വരു, തേൻ!'-വരിവണ്ടിനേ വിളിപ്പൂ
പുരുരാഗം പുലരുന്ന പുഷ്പവൃന്ദം!
ഉദയാർക്കനുടുപ്പതിന്നുവേണ്ടി-
സ്സദയം പട്ടുടയാടനെയ്ത രാവേ!
വദനം വിളറിഗ്ഗമിക്കയോ നീ!
യിദ, മാ വിൺമണിമേട നോക്കിനോക്കി?
"പകലിൻ വരവിൽ പകച്ചുനില്ക്കും
മകളേ, പോരിക വീട്ടിലേക്കു വേഗം!"
അകമൊട്ടു തളർന്നു താരകത്തോ-
ടകളങ്കസ്മിതമോതി രാവു പോയി!
മലതന്മടിയിൽ കിടന്നിരുന്നോ-
രലസദ്വാരിജവാജിചേർത്തിണക്കി,
പുലർകന്യക വന്നിടുന്നു, പൂർവ്വോ-
ജ്ജ്വലദിഗ്സ്യന്ദനമേറി മന്ദയാന!
കനകക്കസവിട്ടു കൺമയക്കും
ദിനനാഥാഗമവേള കാത്തിരിക്കും;
വനജേ, നയനംതുറക്ക, നിന്നോ-
ടിനനെന്തോ സരസം കഥിച്ചിടുന്നൂ!
കളകോകിലകൂജനം ശ്രവിക്കെ-
പ്പുളകംചേർന്ന പനീരലർക്കിടാവേ,
ഇള, പൊൻപൊടിയാൽ വിളക്കിടുന്നോ-
രിളവെയിലെത്തി വിളിച്ചിടുന്നു നിന്നെ!
പികഗീതികൾ കേട്ടു നിശ്ചലം, പി-
ച്ചകവല്ലീനിര നിന്നിടുന്ന കാൺകെ,
സ്വകപോൽ ചില പാട്ടുപാടി ലീലോ-
ത്സുകനായെത്തി മദാലസൻ സമീരൻ!
മനതാരു മയക്കിടുന്ന നാനാ-
നിനവാകും മദമേകിടുന്ന മദ്യം
ഇനിയെത്ര കുടിച്ചു ഞാൻ കിടന്നീ
വനമദ്ധ്യത്തിൽ വലഞ്ഞിടേണമാവോ!
വരവാണി വസന്തലക്ഷ്മിയും പോയ്
വരഹേമന്തവരാംഗിയും മറഞ്ഞു
അരമിക്കൊടുവേനൽ; ഹന്ത! ഞാനീ
മരുമദ്ധ്യത്തിലെരിഞ്ഞിടുന്ന വെയ്ലിൽ!
തണലില്ലൊരു താവളം ലഭിക്കാ
തുണയില്ലാരുമെനിക്കു തുച്ഛമെല്ലാം!
രണമാടുവതേതുമട്ടിൽ ഞാനീ-
ഗ്ഗുണമേലും ലത വാടിടാതെ കാക്കാൻ?
സരളേ! മമ പൊന്നുതങ്കമേ, നീ
സരസം നിദ്രവെടിഞ്ഞുണർന്നു നോക്കൂ;
സുരസുന്ദരിമാരെടുത്തുകാട്ടും
വരമന്ദാരമനോജ്ഞഹേമതാലം!
തവ വാർമിഴി തപ്തബാഷ്പധാരാ-
വിവശം മാറിയതൊന്നു നോക്കിടാതെ,
അവനോടിയൊളിച്ചു പൈതലേ, നിൻ
ഭവനം വിട്ടു ശുഭേ, തവാഗ്രജാതൻ!
മമ പാണികളിൽ പിടിച്ചുതൂങ്ങി-
സ്സുമവാടിക്കകമാർന്നു പൂനിലാവിൽ,
മമതാർദ്രമനോജ്ഞമായ് പുലമ്പും
സുമമാധ്വീരസമെന്നിനിബ്ഭുജിക്കും?
പുലരുംപൊഴുതൊത്തു പൂത്തിലഞ്ഞീ-
മലരൊട്ടൊട്ടു പെറുക്കി മാലകെട്ടി,
വിലസന്മധുമഞ്ജുകുഞ്ജമേറും
കുലദീപങ്ങളണഞ്ഞുപോയിയെന്നോ!
സരളേ! തലപൊക്കുകൊന്നു, തങ്ക-
ത്തരളത്താരിതൾ നീ വിടുർത്തി നോക്കൂ
കരയും തവ പൊന്നുതാതനല്ലോ
മരുവുന്നൂ തവ മുന്നിൽ-നഷ്ടഭാഗ്യൻ!
പുഴതന്നകമുച്ചലത്തരംഗം
കുഴലൂതുന്നതുകേട്ടു ഹർഷഭാരാൽ,
അഴകാർന്ന കരച്ചെടിപ്പടർപ്പൊ-
ട്ടുഴലുന്നൂ തലപൊക്കി നാലുപാടും!
"തലചാച്ചു കിടന്നുകൊൾക നീ, യെൻ
മലരൊടേറ്റ മടിത്തടത്തിൽ മന്ദം
അലമാലകളോടിദം കഥിപ്പൂ
വിലസൽതീരമനന്തമോദപൂർവ്വം.
തടിനീനിരയെപ്പുണർന്നിടുന്നൂ
വിരിമാറിങ്കലണച്ചു വാരിരാശി;
പെരികെ, പ്രിയമാർന്ന വൃക്ഷകം,ത-
ന്നരികേ നിൽപ്പൊരുവല്ലിയെത്തൊടുന്നൂ.
ഹതഭാഗ്യനിവൻ!- കഴിഞ്ഞുപോയ്; എൻ
സുതതൻ മെയ്യു തണുത്തു; ചാഞ്ഞു കണ്ഠം!
നിതരാം വിജയിച്ചിടുന്ന നിദ്രേ,
മൃതഗാത്രം തവ വാസഗേഹമാണോ?
ശരി; നിന്നുടെ ചിത്രമെൻ മനസ്സിൽ-
പ്പിരിയാതെന്നുമിരുന്നിടട്ടെ, കുഞ്ഞേ!
എരിയില്ലതു താപവഹ്നിതന്നിൽ-
ത്തരിയാകില്ല വിചാരവീചിയിങ്കൽ!
മകളേ, ഭവിതം ഭവിക്ക!-നീയി-
ന്നകലത്തേതൊരു ദിക്കിലോ മറഞ്ഞൂ
സ്വകപോൽ, സരളേ, തവാത്മവാതം
ശകലം, ഹാ! വിഹരിച്ചിടട്ടെ മേന്മേൽ!