Jump to content

ലീലാങ്കണം/രഹസ്യരാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(രഹസ്യരാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(കാകളി)

"ഗംഗയിൽനിന്നും ഘടവുമായെത്തുമാ-
മംഗലശാലിനിയെങ്ങു മറഞ്ഞുപോയ്?
അക്കാൽച്ചിലമ്പൊലിയൊന്നിനിക്കേൾക്കുവാൻ
മൽക്കർണ്ണയുഗ്മം കൊതിക്കേണ്ട വ്യർത്ഥമായ്!

ഏണാക്ഷി,യൊന്നുകിലേതോ പുമാൻതന്റെ
പ്രാണാധിനായികയായ് തീർന്നിരിക്കണം.
അല്ലെങ്കിലപ്രീതിയെന്നിൽ ജനിക്കയാ-
ലല്ലണിവേണിയാളെന്നെ ത്യജിച്ചിടാം!
മിന്നൽക്കൊടിയവൾ തെന്നലേറ്റുല്ലസി-
ച്ചെന്നെയും വീക്ഷിച്ചിരിക്കുമാ വേളകൾ-
സൗവ്വർണ്ണകാലങ്ങൾ-വീണ്ടും കൊതിച്ചു ഞാൻ
വൈവശ്യമേൽക്കുവതെന്തിനാണീവിധം?
ഇങ്ങിനിവീണ്ടും വരാത്തതുപോലെ, യാ-
മംഗളവേളകൾ യാത്രപറഞ്ഞുപോയ്!
രാജമരാളികേ നിന്നോടു ചേരുവാൻ
നീചനാം കാക, നിവനർഹനാകുമോ?

അറ്റം ചുരുണ്ടിരുണ്ടുള്ള വാർകുന്തള-
ക്കറ്റയിൽ മല്ലിമലർമാല ചൂടിയും,
തുംഗസ്തനയുഗം തുള്ളിത്തുളുമ്പുമാ-
മംഗലമണ്ഡപമാകിന മാർത്തടം,
ഹാരാവലിയാലലംകരിച്ചും, നീല
നീരാളസാരിയാൽ പൊന്നുടൽ മൂടിയും,
മഞ്ജുളമാകിന കാൽത്തളിർവായ്പിനാൽ
മഞ്ജീരശിഞ്ജിതം മന്ദമായ് വീശിയും,
വാമഭാഗത്തിലുടൽ തെല്ലു ചാഞ്ഞു, തൻ
തൂമലക്കയ്യാൽ ജലഘടം താങ്ങിയും,
അപ്പഴപ്പോൾ പിൻതിരിഞ്ഞെന്റെ മേനിയി-
ലുൽപലബാണം തൊടുത്തുകൊണ്ടും, ശുഭേ!
ഗംഗയിൽനിന്നു നീ പോകുമപ്പോക്കെ,ന്റെ-
യംഗനാമൗലേ മറന്നുപോയീടുമോ?
എത്ര തുടിച്ചതില്ലെൻ മനമിത്രനാ-
ളത്ര നിൻ സാമീപ്യമാശിച്ചു വ്യർത്ഥമായ്
ധന്യനാം നായകസന്നിധി പൂകവേ
അന്യവിചിന്ത നിനക്കുദിച്ചീടുമോ?

ദൈന്യമെഴുന്നൊരെൻ ദു:സ്ഥിതിയോർക്കുവാൻ
ധന്യനല്ലല്ലോയിവൻ ഹതഭാഗ്യവാൻ!
ഈവിധമെന്നുമേ നിന്നെ നിനച്ചിനി-
ബ്‌ഭൂവിൻവിരിമാറിലശ്രു തൂകീടുവൻ."

ഈവിധം ചിന്താസരിത്തിൽ വീണുള്ളോരെൻ
ഭാവിപ്രസൂനവും വാടിക്കരിഞ്ഞുപോയ്!

അങ്കണദേശത്തിലെത്തിക്കിടപ്പതു
തങ്കക്കസവണിപ്പട്ടുലേസല്ലയോ?
ആരോമലാളേ, ഭവതിയിതുവഴി
നീരണിച്ചെപ്പുകുടവുമേന്തി ദ്രുതം
അന്നന്തിയിൽ പോയവേളയിൽ പോയതാ-
ണിന്നിറപ്പൂമ്പട്ടു കൈലേസു നിർണ്ണയം!
ഈ നിധി ഞാനെന്റെയായുസ്സുപോംവരേ-
യ്ക്കാനന്ദമാർന്നിനിസ്സൂക്ഷിച്ചുവെച്ചിടാം! ...

എന്തിതിനുള്ളിൽ കുറിപ്പൊന്നു കാണ്മതു-
ണ്ടെന്തിതിൻ ഹേതു?- ഹാ! നിൻ കാമലേഖനം!
വായിക്ക...മൽപ്രിയേ! മാലിനീ! ശാലിനീ!
ഭൂയിഷ്ഠശോഭിനീ നീ പാഞ്ഞൊളിച്ചിതോ!
അയ്യോ ചതിച്ചു നീയെന്നെ, യെന്നോമനേ!
നീയ്യിദം സാഹസംചെയ്തുകഴിഞ്ഞുവോ?
ഗംഗതൻ മാർത്തടം തന്നിൽ കുതിച്ചു നീ-
യെങ്ങനെ ചാടുന്നു, നീ കുരുന്നല്ലയോ?
അന്യനൊരുവനാൽ നിൻ ഭാവിജീവിതം
ധന്യമാക്കീടാനുറച്ചിതോ മാതുലൻ?
എങ്കിലെ,ന്തീവിധം നീ മരിക്കുന്നതാം
സങ്കടമെന്നിലിയറ്റുന്ന കാരണം!

"മുങ്ങിമരിക്കുമ്പൊഴൊറ്റവിനാഴിക
പൊങ്ങിക്കിടക്കുവാൻ യോഗമുണ്ടാവുകിൽ,
അപ്പൂവനത്തിലെപ്പൂക്കൾ കണ്ടെങ്കിലു-
മുൾപ്പൂകുളിർത്തു ഞാൻ നിർവൃതിനേടുവാൻ!"

എന്നു നീ ചൊൽവതാണെൻ ചിത്തപല്ലവി
ചിന്നിപ്പിളർക്കും നിശാതബാണം ശുഭേ!
എന്മലർക്കാവിലെപ്പുഷ്പങ്ങൾകൂടിയും
നിന്മനം സ്പർശിക്കുമാറു തോന്നീടുവാൻ
ഇത്രമേൽ പ്രേമം ഭവതിക്കിവനോടു
ചിത്തത്തിലുണ്ടെന്നറിവായതില്ല മേ!

വിൺമണിമേടതൻ വെണ്മാടമൊന്നിലായ്
കൺമണി!യെന്നെ നീ കാത്തുനിൽക്കുന്നുവോ?
വന്നിടുന്നുണ്ടു ഞാൻ ധന്യേ, ഭവതിതൻ
പിന്നാലെതന്നെ പരമസന്തുഷ്ടനായ്!
മാലിന്യമേലാത്തതാണു നിൻ മാനസം
മാലിനീ! മാലിനിയുണ്ടാകില്ല തേ!
സ്നേഹപരവശേ, നില്ക്ക, വരുന്നു നിൻ
മോഹനമാം മലർവാടിയിലേക്കു ഞാൻ.

ഒറ്റവാക്കെങ്കിലും നിന്നോടു ചൊല്ലുവാൻ
കറ്റക്കുഴലി, കഴിവായതില്ല മേ!
നമ്മുടെചിത്തേംഗിതങ്ങൾ സർവ്വസ്വവും
നമ്മളിൽത്തന്നെ ലയിക്കട്ടേയീവിധം!

മാഹാത്മ്യശാലിനീ, മന്ദാകിനീ, നിന്റെ
മോഹനമാകിന കല്ലോലപാളിയിൽ,
മൽപ്രാണനാഥതൻ മാലിന്യമേലാത്തൊ-
രപ്രാണവാതം കിടപ്പതുണ്ടാകണം!

ആ നിധി മേവും, വഴിതെളിച്ചീടുക
ഞാനും വരുന്നൂ, ക്ഷമിക്കണേ കാൽക്ഷണം!
നിന്മാർത്തടത്തിൽ കുതിച്ചു ചാടീടിന
പെൺമണിതൻ പ്രിയപിൻഗാമിയാണു ഞാൻ

ഭോഗമേ! നീ വിഷംകക്കുന്ന പന്നഗം
ത്യാഗമേ! നീ സുന്ദരസുമതല്ലജം!
മായാപ്രപഞ്ചമേ, നിൻ ബന്ധപാശമൊ-
ന്നായറുത്തീടുന്നതിൽ ക്ഷമിക്കേണമേ!

ഒന്നു നിൻ പന്തം തെളിക്ക ജലദമേ,
മന്നിൻമുഖമൊന്നുകൂടി നോക്കട്ടെ ഞാൻ!
സ്നേഹപരവശേ, മൽപ്രിയ, നില്ക്ക, നിൻ
മോഹനോദ്യാനത്തിലേക്കു വരുന്നു ഞാൻ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/രഹസ്യരാഗം&oldid=52456" എന്ന താളിൽനിന്ന് ശേഖരിച്ചത്