Jump to content

ലീലാങ്കണം/ഗീതാഞ്ജലി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഗീതാഞ്ജലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജ്ഞാനദീപം കരസ്ഥമാണെങ്കിലേ-
യജ്ഞാതജ്യോതിസ്സേ! നിന്നെക്കാണൂ.
നിൻ കാന്തിപൂരം കണ്ടീടാൻ കൊതിക്കുന്നോ-
രെൻകണ്ണിണമാത്രമാഭ മങ്ങീ!

ദേവി! നിൻ മാഹാത്മ്യമെൻ ബാല്യകാലത്തി-
ലീവിധത്തിലോതിത്തന്നീലാരും.
എത്രനടന്നു ഞാനെത്ര വലഞ്ഞു ഞാ-
നത്ര നിൻ കീർത്തികൾ കേൾക്കുവാനായ്?
അന്നൊരു നാളിലും നിന്നുടെ മാഹാത്മ്യ-
മെന്നോടൊരുവനും ചൊന്നതില്ല.
അന്നവർ ചൊന്നതുമിന്നു ഞാനോർപ്പതും
ഭിന്നങ്ങൾ!-അന്തരമെത്രമാത്രം?

എന്തിനു ഞാനേവം തെണ്ടിയലഞ്ഞു മൽ
ചിന്തിതമെല്ലാം സഫലമാക്കാൻ?
ആരും പറഞ്ഞുതരേണ്ടനിൻമാഹാത്മ്യ-
മാരും നിൻകീർത്തികൾ വാഴ്ത്തിടേണ്ട!
എങ്ങു തിരിഞ്ഞാലും തങ്ങുന്നതാവക-
തിങ്ങും പ്രഭാംശുക്കളല്ലീ കാണ്മൂ?
ഏതൊരു ദിക്കിലും മാറ്റൊലിക്കൊൾവതു
പൂതമാം നിൻ കീർത്തനങ്ങൾ മാത്രം!

മാനുഷരെങ്ങനെ വാഴ്ത്തിടും നിന്നുടെ
മാഹാത്മ്യമത്രയ്ക്കധികമല്ലേ?
മായയിൽ മുങ്ങിമറിയുവോരെങ്ങനെ
തായേ! നിൻ വൈഭവം കണ്ടറിയും?
കള്ളപ്പുറംപൂച്ചു കാണുവാനല്ലാതെ
യുള്ളം കുളിർപ്പിക്കും കാന്തി കാണ്മാൻ,
മാനുഷന്മാരുടെ മാംസളദൃഷ്ടികൾ
നൂനമെന്നംബികേ ദുർബലങ്ങൾ!
വിശ്വചൈതന്യം വികസിച്ചിടുംനേരം
നശ്വരദീപ്തിയിലുൾഭ്രമത്താൽ,
മാനുഷർ, കഷ്ടം! മരീചിക കണ്ടോടും
മാനിനെപ്പോലെ മയങ്ങുകെന്നോ!

മാനുഷർ നിൻകീർത്തി വാഴ്ത്തുന്നതെന്തിനാ-
യീ നൽപ്രകൃതിയും കൊണ്ടാടുമ്പോൾ!
മർത്ത്യനേത്രങ്ങളാൽ കാണാൻ കഴിയാത്തോ-
രുത്തുംഗമാം കുഴലൂതിയൂതി,
മാലേയമാരുതൻ പാടുന്നൂ നിത്യവും
ചാലേ നിൻ പാവനഗാനജാലം!
അല്ലിന്റെയന്തിമയാമം മുതൽക്കു നിൻ
ചൊല്ലെഴും സൂക്തികൾ പേർത്തും പേർത്തും
പാടലപംക്തികൾതോറും പറന്നെന്നും
പാടിപ്പഠിക്കുന്നൂ പൈങ്കിളികൾ!
നിർവ്യാജഭക്തി നിറഞ്ഞുകവിയവേ
ദിവ്യനൃത്തം ചെയ്വൂ വല്ലരികൾ!

ദിവ്യചൈതന്യമേ! നിൻനിഴൽ നേടുകിൽ
ഭവ്യമതിപ്പരമെന്തു വേണ്ടൂ?
മൂന്നുലോകത്തിനും മൂലമായ് രാജിക്കും
നിന്നണിവെൺകരാലിംഗനത്താൽ,
ഏതൊരു മാനസനീരലർകുഗ്മളം
പൂതാഭം മിന്നിവിരിയുകില്ല?
ആദിമദ്ധ്യാന്തവിഹീനസ്വരൂപമേ!
വേദവേദാന്തപ്പൊരുളേ ദേവീ!
ഗീതാഞ്ജലിചെയ്തു മായാന്ധനാമിവൻ
പൂതഹൃദന്തനായ് തീർന്നിടാവൂ!

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/ഗീതാഞ്ജലി&oldid=36533" എന്ന താളിൽനിന്ന് ശേഖരിച്ചത്