ലീലാങ്കണം/ഉണർന്നപ്പോൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഉണർന്നപ്പോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കൊടുമിരവു കഴിഞ്ഞു; കൺതുറന്നൂ; കിഴക്കൻ
കൊടുമുടികളിലെല്ലാം കുങ്കുമച്ചാർത്തുതിർന്നൂ,
തുടുതുടെ ദലജാലാലോലനേത്രം തുറന്നാ-
മടുമലർനിരയെല്ലാം മന്ദമന്ദം വിരിഞ്ഞൂ!

പകലവ വിലയത്താൽ പങ്കജം സങ്കടത്താ-
ലകമുഴറിവസിച്ചോരല്ലിനന്ത്യം ഭവിക്കെ,
സ്വകവരകരപൂരാലിംഗനാമോദഭാര-
പ്രകടവശഗയായിക്കണ്ണു മെല്ലെത്തുറന്നൂ!

വനപവനകിശോരൻ വന്നലഞ്ഞോരു നേരം
വനജനിര വിരിഞ്ഞും വഞ്ചുളക്കെട്ടലഞ്ഞും,
കനകകരമിളക്കിക്കൺകുളുർക്കും കണക്കി-
ദ്ദിനമണിയണിയും പൂങ്കാവനേകം ലസിപ്പൂ!

മധുമധുരമുദാരം പാടിയെത്തുന്ന നാനാ
മധുകരനികരത്തിൻ പ്രേമഗാനങ്ങൾകേൾക്കേ,
വിധുരതയിയലാതുള്ളോരു പുഷ്പങ്ങൾ മോദാൽ
മധുരതരമരന്ദം തൂകിയാടുന്നു മന്ദം!

അലസഗമനയായോരാറ്റിലാലോലമോലു-
ന്നലകളി,ലലർ വീഴ്ത്തും കൂലവല്ലീസമൂഹം,
മലയജമണമേന്തും മന്ദവാതത്തൊടെന്തോ
ചില കഥ പറയുന്നൂ മർമ്മരവ്യാജഭാവാൽ!

പുലരിവനിതയെത്തുംവേളയിൽ സ്വാഗതം ചൊ-
ന്നലഘുതരമമന്ദോന്മേഷമോടേല്ക്കുവാനായ്,
പല പറവകൾ പാടും പാട്ടുകേട്ടാത്തഹർഷാ-
ലുലകിതു പുളകം ചാർത്തുന്നതുണ്ടായിരിക്കാം!

കളകളകുളിർകേളീകാകളീകോമളം കേ-
ട്ടിളകിന ശലഭാളീമേളനം ചേർന്നവാടി
പുളകിതതരുവോടും, പുഷ്പഹാസങ്ങളോടും
വളരൊളി തിരളുംമാറൊട്ടനേകം ലസിപ്പൂ!

ഈ രമ്യമയമാം പ്രഭാതസമയം പാഴാക്കിടാതേല്ക്ക; നിൻ
താരഞ്ചും തരളാഭമാം മിഴിതുറന്നീടെന്റെ പൂമ്പൈതലേ!
ആരക്കണ്ണിനു ജീവനേകി, യവനല്ലാതർഹനാരാണതിൻ
സ്ഫാരശ്രീ തിരിയേ,യെടുപ്പതിനവൻ തൽകൃത്യവും ചെയ്തുപോൽ.

ആകട്ടേ; അതിനെന്ത്? വീണ മലരും മങ്ങീടുമാ ദീപവും
പോകട്ടേ;-പുതുതായി വീണ്ടുമതു വന്നെത്തീടുമെന്നെങ്കിലും
'വേകട്ടേ സതതം മനം തവ'-യിതാകാമെൻശിരോലേഖനം
പൂകട്ടേ, സുരലോകമെൻ സുതനെഴുന്നോരാത്മവാതം, ശുഭം.

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/ഉണർന്നപ്പോൾ&oldid=23177" എന്ന താളിൽനിന്ന് ശേഖരിച്ചത്