Jump to content

ഇന്ദുലേഖ/മാധവനെ കണ്ടെത്തിയതു്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഇന്ദുലേഖ/പതിനേഴു് - മാധവനെ കണ്ടെത്തിയതു് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പതിനേഴു്: മാധവനെ കണ്ടെത്തിയതു്

പതിനേഴു്

[തിരുത്തുക]

മാധവനെ കണ്ടെത്തിയതു്

[തിരുത്തുക]

ധനംകൊണ്ടു് കുബേരതുല്യനായിരിക്കുന്ന ബാബു ഗോവിന്ദസേന്റെ ആതിഥ്യത്തെ പരിഗ്രഹിച്ചു സ്വർല്ലോകത്തിലെ അമരാവതിയോടു തുല്യമായ അമരാവതിബങ്കളാവിൽ മാധവൻ അതിസുഖത്തോടെ ഒരു പത്തുദിവസം താമസിച്ചു . അതിന്റെ ശേഷം പുറപ്പെടാനായി യാത്ര ചോദിച്ചു. താൻ യാത്ര ചോദിച്ചതിനു നാലുദിവസം മുമ്പു ഗോവിന്ദസേനന്റെ മകൻ കേശവചന്ദ്രസെൻ കൽപന അവസാനിച്ചതിനാൽ ബൊമ്പായിലേക്കു മടങ്ങിപ്പോയിരിക്കുന്നു . ബാബു ഗോപീനാഥബാനർജ്ജി കൂട്ടുകച്ചവടത്തിലെ ഒരു ബ്രാഞ്ചു് കച്ചവടസ്ഥലത്തിലേക്കും അന്നുതന്നെ പോയി. അദ്ദേഹത്തിന്റെ സ്ഥിരമായ താമസം ഒരു ബ്രാഞ്ചു് കച്ചവടം നടക്കുന്ന സ്ഥലത്തായിരുന്നു. മാധവൻ മലബാറിലേക്കു തൽക്കാലം മടങ്ങുന്നില്ലെന്നും ബർമ്മ , കാശി , അല്ലഹബാദു്, ആഗ്രാ, ദെൽഹി, ലാഹൂർ മുതലായ സ്ഥലങ്ങളിൽ രണ്ടുമാസം സഞ്ചരിച്ചതിനു ശേഷമേ മടങ്ങുന്നുള്ളു എന്നും പറഞ്ഞതിനാൽ കേശവചന്ദ്രസേനും ഗോപീനാഥബാനർജ്ജിയും മാധവനോടു താൻ എപ്പോഴെങ്കിലും മടങ്ങിപ്പോവുന്നതിനു മുമ്പു ഗോപീനാഥബാനർജ്ജി താമസിക്കുന്നേടത്തു രണ്ടു ദിവസവും , മടക്കത്തിൽ, ബൊമ്പായിൽ എത്തിയാൽ കേശവചന്ദ്രസേന്റെ കൂടെ രണ്ടു ദിവസവും താമസിച്ചിട്ടേ പോകയുള്ളു എന്നുള്ള വാഗ്ദത്തം വാങ്ങീട്ടാണു് അവർ പുറപ്പെട്ടുപോയതു് . അവർ പോയി നാലുദിവസം കഴിഞ്ഞശേഷം മാധവനും യാത്ര പുറപ്പെട്ടു ഗോവിന്ദസേനെ അറിയിച്ചു . ഈ ബാബു ഗോവിന്ദസെൻ ധനത്തിൽ തന്നെയല്ല മര്യാദ, വിനയം, ഔദാര്യം, ദയ ഇതുകളിലും ആരാലും ജയിക്കപ്പെട്ടവനല്ല . ഈ പുസ്തകത്തിൽ ഞാൻ പഞ്ചുമേനവനെയും മൂർക്കില്ലാത്ത നമ്പൂതിരിപ്പാട്ടിനേയും മഹാധനികന്മാർ എന്നും ഒന്നു രണ്ടു ദിക്കിൽ മൂർക്കില്ലാത്ത നമ്പൂതിരിപ്പാടിനെ ‘കുബേരൻ ’ എന്നും പറഞ്ഞിട്ടുണ്ടു്. ഇപ്പോൾ ബാബു ഗോവിന്ദസേനേയും ധനികൻ, കുബേരൻ എന്നെല്ലാം പറയുന്നുണ്ടു്. എന്നാൽ എന്റെ വായനക്കാർ ഇവരെല്ലം ധനത്തിൽ ഏകദേശം ഒരുപോലെ എന്നു വിചാരിച്ചുപോവരുതു് . ബങ്കാളിലെ കുബേരനും മദിരാശി സംസ്ഥാനത്തിലെ കുബേരനും തമ്മിൽ വളരെ അന്തരമുണ്ടു് . തമ്മിൽ ഉള്ള വ്യത്യാസം ദ്രവ്യത്തിനെ ഗുണിക്കുന്നതു കൊണ്ടറിയാം. മദിരാശിയിൽ ഒരു അഞ്ചുലക്ഷം ഉറുപ്പികയ്ക്കു സ്ഥിതിയുള്ളവൻ നല്ല വലിയ ഒരു പ്രഭുവായി. ബങ്കാളത്തു് അഞ്ചുലക്ഷക്കാർ നാലാം ആാസ്സു് ധനികരാണു് . അവിടെ അഞ്ചുകോടി ദ്രവ്യസ്ഥന്മാർ ഒരുവക നല്ല പ്രഭുക്കളായി . മഹാ ധനികൻ , കുബേരൻ എന്നു സംശയം കൂടാതെ ബങ്കാളത്തിൽ ഒരുവനെ പറയേണമെങ്കിൽ അയാൾക്കു് ഒരു പതിനഞ്ചു കോടിക്കുമേലെ ദ്രവ്യം വേണം. ഗോവിന്ദസേനും അനുജൻ ചിത്രപ്രസാദസേനും ഇങ്ങിനെ പതിനഞ്ചുകോടിക്കുമേലെ ദ്രവ്യം ഉള്ളവരിൽ അഗ്രഗണ്യനായിരുന്നു . മാധവൻ യാത്ര പറഞ്ഞു പിരിയാറായപ്പോൾ ഗോവിന്ദസെൻ വളരെ വ്യസനിച്ചു . ഗോവിന്ദസെൻ: നോം തമ്മിൽ വളരെ സ്നേഹിച്ചുപോയി . താങ്കൾ പിരിഞ്ഞുപോവുന്നതു് ഇപ്പോൾ എനിക്കു വളരെ വ്യസനമായിരിക്കുന്നു . നിവൃത്തിയില്ലല്ലൊ . താങ്കളുടെ യോഗ്യതയും സാമർത്ഥ്യവും മര്യാദയും എനിക്കു അറിവായേടത്തോളം ഓർക്കുമ്പോൾ താങ്കൾ മദിരാശി ഗവർമ്മേണ്ടു കീഴിൽ വളരെ യോഗ്യതയായ ഒരു ഉദ്യോഗത്തിൽ വരുമെന്നു ഞാൻ വിശ്വസിക്കുന്നു. എന്റെ മകനെ എനിയത്തെ കൊല്ലം സിവിൽസർവ്വീസിൽ എടുപ്പാൻ ഭാവിച്ചിട്ടുണ്ടു്. എന്നാൽ എനിക്കു് അവൻ ഉദ്യോഗത്തിൽ ഇരിക്കണമെന്നു് അത്ര മനസ്സില്ലാ . എങ്കിലും അവൻ ഉദ്യോഗത്തിലാണു് രുചിയുള്ളതു് . ഗൃഹസ്ഥവൃത്തിയും കാര്യാന്നേഷണവും കച്ചവടവും അവനു് അത്ര രസമില്ല . താങ്കൾക്കു മനസ്സിന്നുണ്ടായ വ്യസനമെല്ലാം തീർന്നു താങ്കളും അവനും ഒരേ കൊല്ലം സിവിൽസർവ്വീസിൽ ആയി എന്നു് അറിവാനും താങ്കൾ നാട്ടിൽ എത്തി പ്രിയപ്പെട്ട കുടുംബത്തോടു ചേർന്നു സുഖമായിരിക്കുന്നു എന്നു കേൾക്കാനും ഞാൻ സർവ്വശക്തനായിരിക്കുന്ന ദൈവത്തെ പ്രാർത്ഥിക്കുന്നു . എന്നു പറഞ്ഞു ഗോവിന്ദസെൻ മാധവനെ പിടിച്ചു് മാറത്തു് അണച്ചു് ആലിംഗനം ചെയ്തു് വിശേഷമായ ഒരു പൊൻഗഡിയാളും പൊൻചങ്ങലയും , തങ്കനീരാളത്തിന്റെ ഒരു സൂട്ടു് ഉടുപ്പും, ആനക്കൊമ്പു്, വെള്ളി ഇതുകളെക്കൊണ്ടു വേലചെയ്തിട്ടുള്ള അതിമനോഹരമായ ഒരു എഴുത്തുപെട്ടിയും സമ്മാനമായി കൊടുത്തു . ഗോപിനാഥബാനർജ്ജിയുടെ ബ്രാഞ്ചു് കച്ചവടരാജ്യത്തിലേക്കു വണ്ടികയറുന്ന തീവണ്ടിസ്റ്റേഷനിലേക്കു തന്റെ ഗാഡിയിൽ കയറ്റി ഗോവിന്ദസെൻ മാധവനെ കൊണ്ടുപോയി . വണ്ടി കയറാറായപ്പോൾ രണ്ടുപേർക്കും കണ്ണിൽ ജലം വന്നു.

മാധവൻ: എന്തോ ഒരു കാരണം നിമിത്തം ഇത്ര മഹാഭാഗ്യവാനും യോഗ്യനും ആയ താങ്കൾക്കു് എന്നിൽ ഈ ദയയും ആദരവും തോന്നി . ഇതു് എനിക്കു് ഈ ജന്മത്തിൽ സാദ്ധ്യമായ ഒരു മഹാഭാഗ്യം എന്നുതന്നെ ഞാൻ എന്റെ ജീവനുള്ളേടത്തോളം വിചാരിക്കും . സർവ്വഭാഗ്യസമ്പൂർണ്ണനായിരിക്കുന്ന താങ്കൾക്കു് അൽപനായ എന്നാൽ എന്തൊരു പ്രത്യുപകാരമാണു് ഉണ്ടാവാൻപോകുന്നതു്. ഒന്നുംതന്നെ ഇല്ല . ഉണ്ടാവണമെന്നു് ആഗ്രഹിക്കുന്നതുമില്ല . എന്നാൽ താങ്കൾക്കു് എന്നിൽ ഉണ്ടായിട്ടുള്ള ഈ അധികമായ വാൽസല്യത്തിന്റെ വിലയെ ഞാൻ വിശ്വാസത്തോടെ അറിയുന്നുണ്ടെന്നും എല്ലായ്പോഴും , ഈ ദേഹം ഉള്ള നാളോളം താങ്കളുടെ സ്മരണ എനിക്കു വിടുന്നതല്ലെന്നും താങ്കൾ എന്നെക്കുറിച്ചു വിശ്വസിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എന്റെ രാജ്യസഞ്ചാരം കഴിഞ്ഞു മടങ്ങി നാട്ടിൽ എത്തിയാൽ വിവരങ്ങൾക്കു് എല്ലാം എഴുതി അയച്ചുകൊള്ളാം . താങ്കളുടെ ആശ്രിതന്മാരിൽ ഒരുവനാണെന്നു് എന്നെ ദയയോടു് എല്ലായ്പോഴും വിചാരിക്കുവാൻ വീണ്ടും ഞാൻ അപേക്ഷിക്കുന്നു .

ഗോവിന്ദസെൻ: കേശവചന്ദ്രസെന്റെ അഭ്യുദയത്തിൽ ഞാൻ എങ്ങിനെ കാംക്ഷിക്കുന്നുവോ അപ്രകാരം താങ്കളുടെ അഭ്യുദയത്തിലും ഞാൻ കാംക്ഷിക്കുന്നു.

എന്നു പറഞ്ഞപ്പോഴയ്ക്കു ബാബു ഗോവിന്ദസെന്നു് ഗൽഗദാക്ഷരങ്ങളായിപ്പോയി . എങ്കിലും, തീവണ്ടിയിൽ മാധവനെ കയറ്റി കുണ്ഠിതത്തോടുകൂടി ഗോവിന്ദസെൻ മടങ്ങി. മാധവന്റെ മലയാളത്തിലേയും മദിരാശിയിലേയും വാസസ്ഥലങ്ങൾ എല്ലാം നോട്ടുബുക്കിൽ ഗോവിന്ദസെൻ കുറിച്ചു് എടുത്തു. വണ്ടിയിൽ കയറുമ്പോൾ തന്റെ ഒരു ഛായാചിത്രം എടുത്തു മാധവനു കൊടുത്തു. ഗോവിന്ദസെൻ പോയി, തീവണ്ടിയും ഇളകി . മാധവൻ അപ്പോൾ ഗോപിനാഥബാനർജ്ജി താമസിക്കുന്ന ദിക്കിലേക്കാണു ടിക്കറ്റു വാങ്ങിയിരിക്കുന്നതു് . ഗോപീനാഥബാനർജ്ജിയോടു പറഞ്ഞപ്രകാരം അദ്ദേഹത്തിനെ കാണാതെ പോവാൻ പാടില്ലല്ലൊ . പലേ സംഗതികളും വിചാരിപ്പാനുണ്ടായതുകൊണ്ടു മാധവനു വഴി പോവുന്നതു് ഒന്നും അറിഞ്ഞില്ലാ . അങ്ങിനെ ഇരിക്കുമ്പോൾ ഒരു വലിയ സ്റ്റേഷൻ എത്തി . പിന്നെ അവിടെനിന്നു ഗോപീനാഥബാനർജ്ജിയുടെ വാസസ്ഥലത്തേക്കു് അറുപത്തെട്ടു മൈൽസു് ദൂരമാണു ഉള്ളതു് . ആ സ്റ്റേഷനിൽനിന്നു് അൽപം പലഹാരങ്ങളും മറ്റും കഴിച്ചു മാധവൻ അവിടെനിന്നും പോന്നു. ആ വലിയ സ്റ്റേഷന്റെ അടുത്തു് അപ്പുറമുള്ള സ്റ്റേഷനിൽ എത്തിയ ഉടനെ ചെറുപ്പക്കാരനായ ഒരു സുന്ദരപുരുഷൻ താൻ ഇരിക്കുന്ന വണ്ടിയുടെ വാതിൽ തുറന്നു് ആ വണ്ടിയിൽ തനിക്കു് അൽപനേരം ഇരിക്കുന്നതിനു് ആർക്കെങ്കിലും വിരോധമുണ്ടോ എന്നു് ഇംഗ്ലീഷിൽ മാധവന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചും യാതൊരു വിരോധവുമില്ലെന്നു മാധവൻ മറുപടി പറഞ്ഞും അതിൽ ഉള്ള ശേഷം വഴിയാത്രക്കാർ ഇംഗ്ലീഷു് പരിചയമില്ലാഞ്ഞിട്ടായിരിക്കും ഒന്നും പറഞ്ഞില്ലാ. ഈ സുന്ദരപുരുഷൻ വണ്ടിയിൽ മാധവന്റെ അടുത്ത് പോയി ഇരുന്നു. അയാൾ കാഴ്ചയിൽ അതിസുമുഖനായും അയാളുടെ ഉടുപ്പും പുർസപ്പാടും ബഹുഭംഗിയായും ഇരുന്നു. ജാതിയിൽ ഒരു മുസൽമാനായി കാണപ്പെട്ടു . തലമുടി വളർത്തി ചുമലിനു് അൽപം മീതെവച്ചു നിരത്തി മുറിച്ചിരിക്കുന്നു . അതിഭംഗിയുള്ള മേൽമീശ കൂടാതെ മുഖത്തു രണ്ടുഭാഗത്തും സൈഡലോക്സു് എന്നു് ഇംഗ്ലീഷിൽ പറയുന്ന മാതിരിയിൽ രോമം കുറെ നീട്ടി നിരത്തി വെട്ടിമുറിച്ചിട്ടുണ്ടു്. വർണ്ണം നല്ല പഴുത്ത നാരങ്ങയുടേതുതന്നെ. മുഖം ആകപ്പാടെ കണ്ടാൽ ബഹുഭംഗി. തലയിൽ മൂർദ്ധാവുമാത്രം നല്ലവണ്ണം മൂടുന്നമാതിരി മുഴുവൻ കട്ടി സവായ ഒരുക്കതൊപ്പി വെച്ചിരിക്കുന്നു . ആ തൊപ്പിയും അതിനു ചുറ്റും ഉള്ള കറുത്ത തലമുടിയും വെളുത്ത മുഖവും മേൽമീശയുംകൂടി കാഴ്ചയിൽ അതിമനോഹരം എന്നേ പറവാനുള്ളു . ശരീരത്തിൽ അതി വിശേഷമായ വെളുത്ത മിന്നുന്ന കട്ടിവില്ലൂസ്സു കൊണ്ടു് ഒരു അംഗർക്കാകുപ്പായം, അതു മുട്ടുകഴിഞ്ഞു നാലഞ്ചുവിരൽതാണു നിൽക്കുന്നു . വെള്ളവില്ലൂസു് അംഗർക്കാ മുഴുവനും സ്വർണ്ണവർണ്ണങ്ങളായും കഴുത്തുമുതൽ കടിപ്രദേശംവരെ അടുത്തടുത്തു വെച്ചിട്ടുള്ളവയും ആയ കുടുക്കുകളാൽ കുടുക്കപ്പെട്ടിരിക്കുന്നു . കാലിൽ ഒന്നന്തരം പച്ചനിറമായ പട്ടുകൊണ്ടുള്ള കാൽക്കുപ്പായം; കാലടികളിൽ ഒന്നാന്തരം തിളങ്ങുന്ന ബൂട്സു് ; മാറത്തു സ്വർണ്ണവർണ്ണമായി മിന്നുന്ന ഒരു ഗഡിയാൾ ചങ്ങലയും തൂങ്ങുന്നുണ്ടു് . ഇങ്ങിനെയാണു ഇയാളുടെ വേഷം. ഇദ്ദേഹം മാധവന്റെ അടുത്തിരുന്നപ്പോൾ തന്നെ മാധവനു് അതികലശലായ ഒരു പരിമളം ഉണ്ടായതായി തോന്നി .ലെവൻഡറിന്റെയോ പനീരിന്റെയോ ബഹുകലശലായ പരിമളം. ഈ മഹാരസികനായ മനുഷ്യൻ ഇരുന്ന ഉടനെ തന്റെ പോക്കറ്റിൽനിന്നു സ്വർണ്ണവർണ്ണമായ ഒരു ചുരുട്ടുകേസു് (ചെറിയ പെട്ടി ) എടുത്തു തുറന്നു് ഒരു ചുരുട്ടു താൻ എടുത്തു കേസ്സു മാധവനു വെച്ചു കാണിച്ചു . താൻ ചുരുട്ടു വലിക്കാറില്ലെന്നു് ഇംഗ്ലീഷു് സമ്പ്രദായപ്രകാരം ഉപചാരത്തോടെ മാധവൻ പറഞ്ഞപ്പോൾ തനിക്കു വലിക്കുന്നതിന്നു വിരോധമുണ്ടോ എന്നു ചോദിച്ചതിന്നു് ഒട്ടും ഇല്ലെന്നു മാധവൻ ആദരവോടെ പറകയും അദ്ദേഹം ഉടനെ ചുരുട്ടു വലിക്കാൻ തുടങ്ങുകയും ചെയ്തു . കുറെ കഴിഞ്ഞശേഷം അയാൾ മാധവനോടു് : ‘താങ്കൾ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോവുന്നു ? ഈ ദിക്കിൽ മുമ്പു സഞ്ചരിച്ചിട്ടില്ലെന്നു തോന്നുന്നു. ”

മാധവൻ: ഞാൻ ഇപ്പോൾ കൽക്കത്താവിൽനിന്നാണു വരുന്നതു് . ഒരു സ്നേഹിതനെ കാണാൻ പോവുന്നു. എന്റെ രാജ്യം മലയാളമാണ്—മദിരാശി സംസ്ഥാനത്തിൽ . ഈ വടക്കേ ഇൻഡ്യാ സഞ്ചരിച്ചു കാണാൻ വന്നതാണു്. താങ്കളുമായി പരിചയമാവാൻ എടവന്നതു് എന്റെ ഒരു ഭാഗ്യം എന്നു ഞാൻ വിചാരിക്കുന്നു.

സുന്ദരപുരുഷൻ: അതെ, ഞാനും അങ്ങിനെതന്നെ വിചാരിക്കുന്നു . താങ്കളുടെ വല്ല സ്നേഹിതന്മാരോ ആൾക്കാരോ ഉണ്ടോ ; അല്ല , താനെ പുറപ്പെടുവോ ?

മാധവൻ: ഒരാളുമില്ല; ഞാൻ താനേ ഉള്ളു . സുന്ദരപുരുഷൻ: ശരി; ഞാൻ അലഹബാദിൽ ഒരു സബോർഡിനേറ്റു് ജഡ്ജിയാണു് . എന്റെ അച്ഛനെ കാണാൻ എന്റെ സ്വന്തരാജ്യത്തേക്കു പോവുകയാണു് . എന്റെ അച്ഛൻ ഒരു വലിയ വർത്തകനാണു്. അദ്ദേഹത്തിന്നു് ഞാൻ ഉദ്യോഗം ചെയ്യുന്നതു് അത്ര ഇഷ്ട്ടമില്ല . എന്റെ സ്വന്തമനസ്സാൽ ഈ ഉദ്യോഗത്തിൽ ഇരിക്കുന്നതാണു് . ഞാൻ ഒന്നാം ക്ലാസ്സു വണ്ടിക്കാണു് ടിക്കറ്റു വാങ്ങീട്ടുള്ളതു്. എന്റെ ഭാര്യയും രണ്ടു മക്കളും ആ വണ്ടിയിൽ ഉണ്ടു് . വണ്ടിയിൽ ഇരുന്നു മുഷിഞ്ഞു് ഓരോ സ്റ്റേഷനിൽ എത്തിയാൽ എല്ലായ്പോഴും ഞാൻ പ്ലാറ്റ്ഫോമിൽ എറങ്ങി നടന്നുകൊണ്ടിരിക്കുകയാണു് . എനിക്കു് ഈ വണ്ടിയിൽ ദൂരയാത്ര ചെയ്യുന്നതു് ബഹൂപദ്രവമാണു്. താങ്കൾ ഈ വണ്ടിയിൽ ഇരിക്കുന്നതു കണ്ടു . കണ്ടപ്പോൾതന്നെ എനിക്കു സംസാരിക്കണമെന്നു തോന്നി. മുഖം നോക്കിയപ്പോൾ തന്നെ ഇംഗ്ലീഷു് അറിയാം എന്നു ഞാൻ നിശ്ചയിച്ചു. ഇപ്പോൾ വളരെ സന്തോഷമായി. എന്റെ പേർ ഷിയർ ആലിഖാൻ എന്നാണു്. നിങ്ങൾ ഒരു ബി. എ. ആയിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു.

മാധവൻ: അതെ. ഷിയർ ആലിഖാൻ: എനിയും ലക്ഷണം പറയട്ടെ ? ബി . എൽ . കൂടിയാണു് ; അല്ലേ ?

മാധവൻ: (ചിറിച്ചുംകൊണ്ട്) അതെ. ഷിയർ ആലിഖാൻ: ഞാനും ഒരു ഗ്രഡ്യുവെറ്റാണു് . നിങ്ങൾ നിങ്ങളുടെ സ്നേഹിതനോടുകൂടി എത്രദിവസം താമസമുണ്ടു് ?

മാധവൻ: ഒരുദിവസം.

ഷിയർ ആലിഖാൻ: വിശേഷവിധി ആവശ്യം ഒന്നും ഇല്ലെങ്കിൽ നുമ്മൾക്കു് ഒന്നായി എന്റെ രാജ്യത്തേക്കു പോവുക. രാജ്യസഞ്ചാരത്തിന്നു വന്നതല്ലേ ? ഇന്ന ദിക്കിൽതന്നെ ഒന്നാമതു പോവേണമെന്നില്ലല്ലൊ. എന്റെ ഭവനത്തിൽ ഒരാഴ്ച താമസിച്ചു് ആ രാജ്യത്തിൽ ഉള്ള വിശേഷങ്ങൾ എല്ലാം കണ്ടു പിന്നെ ഇഷ്ട്ടം പോലെ ഏതെങ്കിലും ദിക്കിലേക്കു പോകാമല്ലൊ .

മാധവൻ: ഞാൻ ഒരു സ്നേഹിതനെ കാണാമെന്നു വെച്ചിട്ടുണ്ടു് . അതുകൊണ്ടു് അദ്ദേഹത്തിന്റെ വാസസ്ഥലത്തു് ഒന്നാമതു പോവണം എന്നു പറഞ്ഞതാണു് ?

ഷിയർ ആലിഖാൻ: നിങ്ങൾ ആരാണു സ്നേഹിതൻ?ക്കു് ഈ ദിക്കുകളിൽ ആരും പരിചയമില്ലെന്നു ഞാൻ ധരിച്ചു .

മാധവൻ: ഗോപീനാഥബാനർജ്ജി. അദ്ദേഹത്തിനെ ഞാൻ ഇയ്യടെ കൽക്കത്താവിൽ നിന്നു് യാദൃശ്ച്യാ കണ്ടു പരിചയമായതാണു് . അദ്ദേഹം കൽക്കത്താ വിടുമ്പോൾ എന്നെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. അതുപ്രകാരം പോവുന്നതാണു് .

ഷിയർ ആലിഖാൻ: ഓ! മിസ്ത്ര ഗോപീനാഥബാനർജ്ജി എന്റെ വലിയ ഒരു ഇഷ്ടനാണു്. എന്റെ അച്ഛന്റെയും ഇഷ്ടനാണു് . ഞാൻ കുറെ ദിവസമായി അദ്ദേഹത്തിനെ കണ്ടിട്ടില്ലാ . അദ്ദേഹം വളരെ നല്ല മനുഷ്യനാണു് . വലിയ വർത്തകനാണു് . താങ്കൾ അദ്ദേഹത്തിന്റെ സ്നേഹിതനാണെന്നു് അറിയുന്നതിൽ എനിക്കു സന്തോഷം . എന്നാൽ ഞാൻ അദ്ദേഹത്തിനു് ഒരു എഴുത്തു തരാം. അദ്ദേഹത്തെയും ക്ഷണിച്ചു കളയാം . നിങ്ങൾ രണ്ടുപേരും കൂടി ഒന്നായി എന്റെ രാജ്യത്തേക്കു വരുന്നതു് എനിക്കു വലിയ സന്തോഷം. ഞാൻ നാലുമാസത്തെ കൽപനയെടുത്തു പോവുന്നതാണു്. നാലു മാസങ്ങൾക്കുള്ളിൽ എപ്പോഴെങ്കിലും നിങ്ങൾ വരുന്നതായാൽ എനിക്കു വളരെ സന്തോഷം .

മാധവൻ: അങ്ങിനെ തന്നെ – വരാം. ഇങ്ങിനെ ഇവർ വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴേക്കും വണ്ടി വേറെ ഒരു വലിയ സ്റ്റേഷനിൽ എത്തി. ആ സ്റ്റേഷനിൽ ഉള്ള തിരക്കു് ഏതുപ്രകാരം എന്നു പറഞ്ഞുകൂടാ . വണ്ടി ഇവിടെ എത്തുമ്പൊഴെക്കു സൂര്യാസ്തമനമായിരിക്കുന്നു . സ്റ്റേഷനിൽ പ്ലാറ്റുഫോറത്തിൽ എങ്ങും ജനങ്ങളും സാമാനങ്ങളും നിറഞ്ഞിരിക്കുന്നു . അന്യോന്യം നിലവിളിച്ചു പറഞ്ഞാൽകൂടി കേൾപ്പാൻ പ്രയാസം . വണ്ടി സ്റ്റേഷനിൽ നിന്ന ഉടനെ സബോർഡിനെറ്റു് ജഡ്ജി ഷിയർ ആലിഖാൻ അവർകൾ മാധവന്റെ കൈയും പിടിച്ചു വണ്ടിയിൽനിന്നു പ്ലാറ്റുഫോറത്തിലേക്കു് എറങ്ങി “പിയോൻ , പിയോൻ ” എന്നു് ഉറക്കെ വിളിച്ചു അപ്പോൾ ഒരു കുപ്പായവും പിഗിഡിയും അരപ്പട്ടയും മറ്റും ഇട്ടു മുറുക്കിയ ഒരു താടിക്കാരൻ അതികൂറ്റൻ പട്ടാണി അടുത്ത ഒരു വണ്ടിയിൽനിന്നു പുറത്തുചാടി . “സാർ ” എന്നു് അതിഭയഭക്തിയോടെ പറഞ്ഞുകൊണ്ടു് സാർ ജഡ്ജി അവർകളുടെ അടുത്ത് വന്നു നിന്നു . ഷിയർ ആലിഖാൻ: “നീ ഈ വണ്ടിയിൽ കയറി ഇദ്ദേഹത്തിന്റെ ഈ സാമാനങ്ങൾ എല്ലാം നോക്കി ബന്തോവസ്തായി ഇവിടെ ഇരിക്കണം . ഞങ്ങൾ റിപ്രഷമെണ്ടു് റൂമിൽ (പലഹാരങ്ങൾ മുതലായതു സായ്വന്മാർക്കും മറ്റും തെയ്യാറാക്കിവെച്ചിരിക്കുന്ന മുറിയിൽ ) പോയി വരട്ടെ ” എന്നു പറഞ്ഞു. “ഹോ–സാർ, ” എന്നു പറഞ്ഞു് അവൻ മാധവൻ ഇരുന്ന വണ്ടിക്കകത്തുപോയി സാമാനങ്ങളുടെ അടുത്ത് ബഹുജാഗ്രതയോടെ നിന്നു .

സബോർഡിനേറ്റു് ജഡ്ജി അവർകൾ മാധവന്റെ കൈവിടാതെ പിടിച്ചും കൊണ്ടു് ഓരോ നേരംപോക്കും പറഞ്ഞു റിപ്രഷമെണ്ടു് റൂമിലേക്കു കടന്നു .

ഷിയർ ആലിഖാൻ: എന്താണു നുമ്മൾ തിന്നുന്നതു് ? (എന്നു മാധവനോടു് )

മാധവൻ: താങ്കളുടെ ഇംഷ്ട്ടം പോലെ .

ഷിയർ ആലിഖാൻ: മാംസാഹാരങ്ങൾക്കും.വൈനിനും താങ്കൾക്കു വിരോധമില്ലായിരിക്കും

മാധവൻ: വിരോധമില്ലാ.

ഷിയർ ആലിഖാൻ: ‘ശരി; “ബോയി–ബോയി , ” എന്നു വിളിച്ചു .

ബോയി, “എസ്സാർ ” എന്നു നിലവിളിച്ചുകൊണ്ടു് ഓടിയെത്തി .

ഷിയർ ആലിഖാൻ, ‘മട്ടൻചോപ്സു് , കട്ളസ്സു് ,ബ്രഡു് , ചീസ്സു് ,ഷെറി വയിൻ ’ ഇതുകൾ കൊണ്ടുവാ– ” എന്നു കൽപിച്ചു. ബോയി, “എസ്സാർ ” എന്നു പറഞ്ഞു കൽപിച്ച സാധനങ്ങൾ കൊണ്ടുവരാൻ ഓടിപ്പോയി .

ഉടനെ സബ്ജഡ്ജി അവർകളും മാധവനും ഓരോ കസാലയിന്മേൽ ഇരുന്നു . ഉടനെ സബ്ബ്ജഡ്ജി അവർകൾ കസാലമേൽനിന്നു് എഴുനീറ്റു് “ഓ–എന്റെ മകനെക്കൂടി ഞാൻ കൂട്ടിക്കൊണ്ടുവരട്ടെ. അവൻ ഒന്നാം ക്ലാസ്സു് വണ്ടിയിൽ അവന്റെ അമ്മയോടുകൂടി ഇരിക്കുന്നു . ഞാൻ ആ വണ്ടിയിൽനിന്നു് എറങ്ങുമ്പോൾ അവൻ ശാഠ്യം പിടിച്ചു് ഒന്നിച്ചു വരാൻ കരഞ്ഞു . എന്നോടു കൂടിയല്ലാതെ ആ ചെക്കൻ ഭക്ഷണംകഴിയിക്കില്ലാ . ഞാൻ ഒരു നിമിഷത്തിലകത്തു വരും, ” എന്നു പറഞ്ഞു് ഗഡിയാൾ ഒന്നു് എടുത്തു നോക്കി . “ എനി വണ്ടി പുറപ്പെടാൻ പതിന്നാലു മിനിട്ടു് ഉണ്ടു്, ” എന്നു പറഞ്ഞു സബ്ബ്ജഡ്ജി വേഗം പുറത്തേക്കുപോയി . കുട്ടിയെ കൊണ്ടുവരാൻ പോയതു മാധവനു സന്തോഷമായി . മാധവൻ അവിടെ ഇരുന്നു . അപ്പോഴേയ്ക്കു ബട്ളർ കൽപനപ്രകാരം ഓരോ സാധനങ്ങൾ കൊണ്ടുവന്നു വെച്ചുതുടങ്ങി . മാധവൻ സബ്ബ്ജഡ്ജി വരവും കാത്തിരിന്നു . അഞ്ചുമിനിട്ടു കഴിഞ്ഞു-ആറു കഴിഞ്ഞു-ഏഴ്എട്ട്-ഒമ്പത്-പത്തു മിനിട്ടായി. അപ്പോൾ മാധവൻ എണീട്ടു് ‘അദ്ദേഹം എന്താണു വരാത്തതു് ’ എന്നു് ആലോചിച്ചു. അടുത്ത് നിൽക്കുന്ന ബട്ളർ “എനി നാലു മിനിട്ടേ ഉള്ളു . ഈ സാധനങ്ങൾ എല്ലാം ആറി ചീത്തയായിത്തുടങ്ങി , ” എന്നു പറഞ്ഞു . മാധവൻ, “അദ്ദേഹം വന്നില്ലല്ലൊ , ” എന്നു പറഞ്ഞു പുറത്തേക്കു് ഇറങ്ങി- ആദ്യം ഒന്നാം ക്ലാസ്സുവണ്ടികൾക്ക കെട്ടിയ ദിക്കിലേക്കു ഓടി . ആ വണ്ടികളുടെ വാതുക്കൽ എല്ലാംപോയി , “മിസ്റ്റർ ഷിയർ ആലിഖാൻ സബ്ബ്ജഡ്ജി !- ഷിയർ ആലിഖാൻ സ്്രജഡ്ജി ! ” എന്നു് ഉറക്കെ വിളിച്ചു. ആരും ഉരിയാട്ടില്ല . മാധവൻ വല്ലാതെ ഒന്നു പരിഭ്രമിച്ചു . താൻ കയറിയ വണ്ടിയിൽ വന്നു നോക്കുമ്പോൾ അവിടെ വെച്ചിരുന്ന തന്റെ വക യാതൊരു സാമാനങ്ങളേയും കണ്ടില്ല. പിയോനുമില്ലാ സബ്ബ്ജഡ്ജിയുമില്ലാ . സാമാനങ്ങൾ എല്ലാം ആ തടിച്ച പ്യൂണ്ണ എടുത്തുകൊണ്ടുപോയി എന്നു് ആ വണ്ടിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷു് അറിഞ്ഞു കൂടാത്ത ചില വഴിയാത്രക്കാർ കൈ കൊണ്ടും മറ്റും കാണിച്ചു മാധവനെ മനസ്സിലാക്കി . മാധവൻ പിന്നെയും , എന്തിനാണെന്നും എവിടേക്കാണെന്നും മാധവനു തന്നെ നിശ്ചയമില്ലാതെ പ്ലാറ്റ്ഫോറത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു ഭ്രാന്തന്റെ മാതിരി ഓടി . അപ്പോഴേക്കു വണ്ടി എളകി പോകയും ചെയ്തു. മാധവനു് അപ്പോൾ ഉണ്ടായ പരിഭ്രമവും വ്യസനവും മതിയാകുംവആവും ശരിയാകുംവആവും പറഞ്ഞു് എന്റെ വായനക്കാതെ ധരിപ്പിപ്പാൻ എന്നാൽ പ്രയാസം . താൻ അപ്പോൾ ഇട്ടിട്ടുള്ള കുപ്പായവുംക്കതൊപ്പിയും കാലൊറയും ബൂട്സും ഒരു ചെറിയ ഉറുമാലും രണ്ടു ഉറുപ്പികയ്ക്കോ മറ്റോ ചില്ലറയും ഒരു റിവോൾവർ പോക്കറ്റിൽ ഉണ്ടായിരുന്നതും താൻ എല്ലായ്പോഴും ധരിച്ചുവരുന്ന ഒരു സാധാരണ ഗഡിയാളും ഒരു റെയിൽവെ ടിക്കറ്റും ഒഴികെ മറ്റു സകല സാധനങ്ങളുംപോയി. പോയ സാധനങ്ങളിൽ ഏറ്റവും വിലപിടിച്ച സാധനങ്ങൾ , ബാബു ഗോവിന്ദസെൻ കൊടുത്ത പൊൻഗഡിയാളും ചങ്ങലയും ഒരു വിലയുള്ള ദന്തത്തിന്റെ എഴുത്തുപെട്ടിയും വിശേഷമായ നീരാളത്തിന്റെ ഉടുപ്പുകളും ആണു് . പാവം ! സാധുമാധവൻ അന്ധനായി പ്ലാറ്റ്ഫോമിൽ കുറെ നിന്നു – വണ്ടിയും പോയി . സ്വത്തുക്കൾ സകലവും അലഹബാദിലെ സബ്ബ്ജഡ്ജിയും കൊണ്ടുപോയി . ഈ ഷിയർ ആലിഖാൻ എന്നു കള്ളപ്പേർ പറഞ്ഞ പെരുങ്കള്ളൻ ഈവക പ്രവൃത്തിയിൽ വളരെ പണം തട്ടിപ്പറിച്ചവനാണു് . മാധവനെ ഇവനും ഇവന്റെ കൂട്ടരും കൂടി വൈകുന്നേരം പലഹാരം കഴിപ്പാൻ എറങ്ങിയ സ്റ്റേഷനിൽവെച്ചു കണ്ടു . ദിക്കു പരിചയമില്ലാത്തവനാണെന്നു മനസ്സിലായി, തന്റെ കൂട്ടുക്കള്ളന്മാർ രണ്ടാളോടുകൂടി മുമ്പു പറഞ്ഞ വേഷംകെട്ടി പുറപ്പെട്ടു നുമ്മടെ മഹാ ശുദ്ധാദാവായ മാധവനെ ഇങ്ങിനെ ചതിച്ചതാണു് . ആ കള്ളന്മാർ മാധവന്റെ വണ്ടിയിൽനിന്നു സാമാനവും എടുത്തു സ്റ്റേഷനിൽനിന്നു കുതിച്ചു് ഓടിപ്പൊയ്കളകയും ചെയ്തു. എനി എന്തു നിവൃത്തി ഈശ്വരാ ! എന്നു വിചാരിച്ചു മാധവൻ ഓടി സ്റ്റേഷൻമാസ്റ്റരുടെ മുറിയിൽ ചെന്നു.

മാധവൻ: ഇതാ എന്റെ സാമാനങ്ങൾ എല്ലാം കളവുപോയിരി കാരനാണു്. എന്നെ ദയവുചെയ്തു സഹായിക്കണേ ! സ്റ്റേഷൻമാസ്റ്റർ: പൊല്ലീസ്സുകാരോടു പോയി പറയൂ .

മാധവൻ: പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ലാ . സ്റ്റേഷൻമാസ്റ്റർ: അതിനു ഞാൻ എന്തുചെയ്യും ?

മാധവൻ: എനിക്കു് ഈ ദിക്കിൽ ആരും പരിചയമില്ല . . ഞാൻ അന്യരാജ്യക്കാരനാണ്-

സ്റ്റേഷൻമാസ്റ്റർ: അതിനു ഞാൻ എന്തുചെയ്യും ?

മാധവൻ: നിങ്ങൾ എനിക്കു വല്ല സഹായവും ചെയ്യാഞ്ഞാൽ ഞാൻ വളരെ കുഴങ്ങിപ്പോവുമല്ലൊ-

സ്റ്റേഷൻമാസ്റ്റർ: പൊല്ലീസ്സുകാരോടു പോയി പറയൂ . പോട്ടർ , ഈ മനുഷ്യനു പൊല്ലീസ്സുകാരെ കാണിച്ചു കൊടുക്കൂ. ഇവിടെ പൊല്ലീസ്സുകാർ ആരും ഇല്ലെങ്കിൽ പൊല്ലീസ്സുകച്ചേരി കാണിച്ചുകൊടുക്കൂ. പ്ലാറ്റുഫോറത്തിൽ പൊല്ലീസ്സുകാരെ കണ്ടില്ലാ , പൊല്ലീസുകച്ചേരിയിൽ ചെന്നപ്പോൾ അവിടെ വാതിൽ അടച്ചിരിക്കുന്നു. ആ ദിക്കിൽ നുമ്മളുടെ ബ്രിട്ടീഷു് ഇൻഡ്യയിലെ പൊല്ലീസ്സുകാർ അല്ല. ഈ കളവുപോയതും ബ്രിട്ടീഷു് ഇൻഡ്യയ്ക്കു പുറത്തു് ഒരു രാജ്യത്തുവെച്ചാണു് . മാധവന്റെ പിന്നാലെ തന്നെ ഹോട്ടലിലെ ബട്ളർ കൂടിയിരിക്കുന്നു . “സാമാനം ഉണ്ടാക്കിയതിന്നു് ഒന്നര ഉറുപ്പിക ചാർപ്പുണ്ടു് —വേണമെങ്കിൽ തിന്നോളണം , പണം തരണം . ” എന്നു പറഞ്ഞു പിന്നാലെ വരുന്നു.

മാധവൻ: ഞാൻ സാധനങ്ങൾക്കൊന്നും ആവശ്യപ്പെട്ടിട്ടില്ല . ആ കള്ളനല്ലേ പറഞ്ഞതു് ? ഞാൻ എന്തിനാണു പണം തരുന്നതു് ? ബട്ളർ: നിങ്ങളാണു പറഞ്ഞതു് . നിങ്ങൾ പണം തരണം . എന്നു പറഞ്ഞു പിന്നെയും പിന്നാലെ വിടാതെ കൂടി. ലേ പൊല്ലീസ്സുകാരെ ഒരാളെയും കാണാത്തതിനാൽ മാധവൻ പിന്നെയും തീവണ്ടി സ്റ്റേഷനിൽ തന്നെ മടങ്ങിവന്നു. സ്റ്റേഷൻമാസ്റ്റരുടെ അടുത്ത് പോയി .

മാധവൻ: പൊല്ലീസ്സുകാരെ ആരെയും കാണുന്നില്ല . സ്റ്റേഷൻമാസ്റ്റർ: അതിനു ഞാൻ എന്തുചെയ്യും ? ബട്ളർ: (സ്റ്റേഷൻമാസ്റ്റരോടു് ) ഇദ്ദേഹം ഹോട്ടലിൽ വന്നു സാമാനങ്ങൾക്കു കൽപന കൊടുത്തു. ഉണ്ടാക്കിക്കൊണ്ടുവന്നശേഷം ഇപ്പോൾ വില തരുന്നില്ലാ . സ്റ്റേഷൻമാസ്റ്റർ: (മാധവനോടു് ) അതു് എന്താണു കൊടുക്കാത്തതു്?

മാധവൻ: നിങ്ങൾ കൽപിച്ചാൽ കൊടുക്കാം , എന്റെ കൈയിൽ ഉള്ള മുഴുവൻ പണവും കൊടുക്കാം. എന്നാൽ നിങ്ങൾ എനിക്കു് ഒരു ഉപകാരംമാത്രം ചെയ്യണം . ഞാൻ ഇങ്ങിനെ സങ്കടത്തിൽപെട്ട ഒരു മനുഷ്യനല്ലേ–എന്റെ ഒരു സ്നേഹിതനു് ഒരു ടെലിഗ്രാം (കമ്പിവർത്തമാനം) അയച്ചുതരണം.

സ്റ്റേഷൻമാസ്റ്റർ: നേരം ആറുമണി കഴിഞ്ഞുവല്ലൊ . ആരാണു സ്നേഹിതൻ ?

മാധവൻ: മിസ്റ്റർ ഗോപീനാഥബാനർജ്ജി എന്റെ ഒരു സ്നേഹിതനാണു് . അദ്ദേഹത്തിനെ കാണാനാണു ഞാൻ പോവുന്നതു് . അദ്ദേഹത്തിനു് ഒരു കമ്പി ഇപ്പോൾതന്നെ അയച്ചുതരണം. ‘ഗോപീനാഥബാനർജ്ജി ’ എന്നു പേരു കേട്ടപ്പോൾ എന്തോ സ്റ്റേഷൻമാസ്റ്റരുടെ പ്രകൃതം ഒന്നു വല്ലാതെ മാറി. ആ കോടീശ്വരന്റെ സ്വന്തം ആളാണു് ഈ സ്റ്റേഷൻമാസ്റ്റർ . ബഹുവിധമായ സാമാനങ്ങൾ ദിവസംപ്രതി ഈ സ്റ്റേഷനിൽകൂടി അദ്ദേഹത്തിന്നുവേണ്ടി ദിവസംപ്രതി വന്നും പോയിക്കൊണ്ടും ഇരിക്കും . വളരെ പണം സ്റ്റേഷൻമാസ്റ്റർക്കു് അദ്ദേഹത്തോടു സമ്മാനമായിട്ടും മറ്റും കിട്ടിവരുന്നുണ്ടു് . അത്രയുമല്ല , ഒരു കുറി എന്തോ ഒരു വികടം കാണിച്ചതിനാൽ ഈ സ്റ്റേഷൻമാസ്റ്റരുടെ കാൽക്കു ചങ്ങലവരാൻ പോയതു് അദ്ദേഹത്തിന്റെ ദയയാൽ ഇല്ലാതെ ആയിരിക്കുന്നു. ഗോപീനാഥബാനർജ്ജി എന്നുവെച്ചാൽ ആ സ്റ്റേഷൻമാസ്റ്റർക്കു് ഒരു ഈശ്വരനെപ്പോലെയാണു്. ആ പേരു പറഞ്ഞുകേട്ട ഉടനെ അദ്ദേഹം ഇരിപ്പടത്തിൽനിന്നു് എണീട്ടു.

സ്റ്റേഷൻമാസ്റ്റർ: താങ്കൾ അദ്ദേഹത്തിന്റെ സ്നേഹിതനോ ? അദ്ദേഹത്തിന്റെ അടുക്കലെക്കു പോവുന്നുവോ? പോട്ടർ, കസാല കൊണ്ടുവാ . ഇരിക്കിൻ , ടെലിഗ്രാം ഈ നിമിഷം അയയ്ക്കാം. അദ്ദേഹത്തിന്റെ ഒരു ടെലിഗ്രാമിനു് ഇപ്പോൾ ഞാൻ മറുവടി അയച്ചതേ ഉള്ളു . അദ്ദേഹം അദ്ദേഹത്തിന്റെ സ്ഥലത്തുക്കുള്ള റെയിൽവെസ്റ്റേഷനിൽത്തന്നെ ഇപ്പോൾ ഉണ്ടായിരിണം. ടെലിഗ്രാം വേഗം എഴുതിത്തരികയേ വേണ്ടൂ .

മാധവൻ ഉടനെ ടെലിഗ്രാം എഴുതി സ്റ്റേഷൻമാസ്റ്റർവശം കൊടുത്തു .

സ്റ്റേഷൻമാസ്റ്റർ അഞ്ചുനിമിഷത്തിലകത്തു മറുവടി വരുത്തിത്തരാമെന്നു പറഞ്ഞു ടെലിഗ്രാം അടിച്ചു. മാധവനു കുറെ ചായയും മറ്റും ക്ഷണം വരുത്തിക്കൊടുത്തു . ഉടനെ പൊല്ലീസ്സുകാരുടെ അടു ത്തേക്ക് ആളെ അയച്ചു . വേണ്ടതെല്ലാം ചെയ്തു . പണത്തിന്നു ചോദിച്ച ഹോട്ടൽ ബട്ളരെ തൽക്കാലം കണ്ടതേ ഇല്ലാ . കഷ്ടിച്ചു് ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ മറുവടി ടെലിഗ്രാം എത്തി. സ്റ്റേഷൻമാസ്റ്റർക്കു് , നേരെ താഴെ പറയുന്നപ്രകാരമായിരുന്നു ടെലിഗ്രാം:

“മലബാറിൽനിന്നു വരുന്ന മാധവന്റെ ടെലിഗ്രാം കിട്ടി . ഇദ്ദേഹം എന്റെ പ്രാണപ്രിയനായ ഒരു മനുഷ്യനാണു്. ഇദ്ദേഹത്തിന്നു വേണ്ട സകല ഉപചാരങ്ങളും ചെയ്തു് വളരെ സുഖമാക്കി താങ്കൾ ഇന്നു രാത്രി അവിടെ പാർപ്പിക്കണം. മാധവന്റെ ടെലിഗ്രാം ഇവിടെ കിട്ടുമ്പോൾ ഇവിടുന്നു് അങ്ങോട്ടുള്ള ഒടുവിലത്തെ വണ്ടി പോയിരിക്കുന്നു . അല്ലെങ്കിൽ ‘ഈ രാത്രിയിൽതന്നെ ’ ഞാൻ അവിടെ എത്തുമായിരുന്നു . മാധവനോടു് അശേഷം വ്യസനിക്കരുതെന്നു താങ്കൾ പറയണം. താങ്കൾ അയാളുടെ കൂടെത്തന്നെ സകല ഉപചാരങ്ങളും ചെയ്തു ഞാൻ എത്തുന്നവരെ ഇരിക്കണം. ഞാൻ നാളെ ഒന്നാമത്തെ വണ്ടിക്കു് അവിടെ എത്തും . പൊല്ലീസ്സിന്നു് ഇപ്പോൾതന്നെ അറിവുകൊടുക്കണം . അതൊന്നും മാധവനറിയേണ്ട വേണ്ടതു് സകലം നിങ്ങൾതന്നെ ചെയ്യണം.”

ഈ ടെലിഗ്രാം എത്തിയശേഷം സ്റ്റേഷൻമാസ്റ്റർ മാധവനു ചെയ്ത ഉപചാരങ്ങളും ആദരവുകളും ഒരു രാജാവിനോ വലിയ പ്രഭുവിനോ കൂടി അദ്ദേഹം ചെയ്യുമോ എന്നു സംശയമാണു് . ഉടനെ പൊല്ലീസ്സിന്നു് ആളെ അയച്ചു . മാധവനു ഹോട്ടലിൽ കിടക്ക , കട്ടിൽ , മേശ , കസാല മുതലായ പലേ സാമാനങ്ങൾ ഉള്ള ഒരു വലിയ മുറി ഒഴിച്ചു അതിൽ ഇരിപ്പാൻ ശട്ടമാക്കി . ഒരു കാൽമണിക്കൂറിന്നുള്ളിൽ ആ ദിക്കിലെ പൊല്ലീസ്സിന്റെ ഹെഡ് ആപ്സറും കുറെ ശിപായിമാരും കൂടി എത്തി. ഹെഡാപ്സർ ഒരു മുസൽമാനാണു് ; അതിഭയങ്കരവേഷം . സ്റ്റേഷനിൽ എത്തിയ ഉടനെ സ്റ്റേഷൻമാസ്റ്റരോടു് .ഹെഡാപ്സർ: കളവുപോയതു് ആർക്കാണു് ? എത്ര മുതൽ പോയി ?

സ്റ്റേഷൻമാസ്റ്റർ: മലയാളത്തിൽനിന്നു് ഒരു രാജാവു വന്നിരിക്കുന്നു . അദ്ദേഹത്തിന്റെ വക ഒരുലക്ഷം ഉറുപ്പികയ്ക്കു മുതൽ പോയിപ്പോയി . ഗോപീനാഥബാനർപ്പിയുടെ ഇംനാണു് ഈ രാജാവു്. ഈ അകത്തിരിക്കുന്നുണ്ടു് — വലിയ രാജാവാണു് . വിവരത്തിന്നു് ഗോപീനാഥബാനർജ്ജിക്കു് അദ്ദേഹംതന്നെ ടെലിഗ്രാം അയച്ചു . അതിനുവന്ന മറുവടി എനിക്കാണു് . ഇതാ നോക്കിൻ.

എന്നു പറഞ്ഞു ടെലിഗ്രാം ഹെഡാപ്സരെ പക്കൽ കൊടുത്തു .

സ്റ്റേഷൻമാസ്റ്റർ പറഞ്ഞതെല്ലാം മാധവൻ അകായിൽനിന്നു കേട്ടു . വളരെ വ്യസനത്തിലാണു് തന്റെ അപ്പോഴത്തെ സ്ഥിതി എങ്കിലും , താൻ മലയാളത്തിലെ ഒരു രാജാവാണെന്നും ലക്ഷം ഉറുപ്പികയുടെ മുതൽ കളവുപോയി എന്നും സ്റ്റേഷൻമാസ്റ്റർ പറഞ്ഞതുകേട്ടപ്പോൾ മാധവൻ ഉറക്കെ ചിറിച്ചുപോയി.

ഹെഡാപ്സർ ടെലിഗ്രാം വായിച്ചു തല ഒന്നു കുലുക്കി സ്റ്റേഷൻമാസ്റ്റരോടു് .

ഹെഡാപ്സർ: “എനിക്കു രാജാവിനെ ഒന്നു കാണണം. അന്യായത്തിന്റെ വിവരം കുറിച്ചെടുക്കണം ” എന്നു പറഞ്ഞു. സ്റ്റേഷൻമാസ്റ്റർ അകത്തുപോയിക്കഹെഡാപ്സരോടു് അകത്തേക്കു വരാമെന്നു പറഞ്ഞശേഷം അതികൂറ്റനായ ഈ തുലുക്കൻ ഉദ്യോഗസ്ഥൻ അകത്തേക്കു കടന്നു വളരെ ഭക്തിയോടെ മാധവനു് ഒരു സെലാം ചെയ്തു കൈകൾ രണ്ടും താഴ്ത്തി ഡ്രിൽ ചെയ്വാൻ നിൽക്കുമ്പോലെ മാധവന്റെ മുമ്പാകെ നിന്നു.

മാധവൻ വേഗം കസാലയിന്മേൽനിന്നു് എണീറ്റു് ഇദ്ദേഹത്തിന്റെക്കകെപിടിച്ചു് , “താങ്കളെ കണ്ടതു് വളരെ സന്തോഷമായി, ” എന്നു പറഞ്ഞു് അടു കസാലമേൽ ഇരുത്തി വളരെ താഴ്മയോടെ സംസാരിച്ചു. ഈ ഉദ്യോഗസ്ഥനു മാധവനെപ്പറ്റി വളരെ ബഹുമാനവും സന്തോഷവും തോന്നി. ഉദ്യോഗസ്ഥൻ: രാജാവവർകൾക്കു് ഈ വ്യസനം വന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു. എന്നാൽ കഴിയുന്നതു ശ്രമിച്ചു് ഈ കുറ്റം തുമ്പുണ്ടാക്കാൻ നോക്കാം .

മാധവൻ: ഞാൻ രാജാവല്ലാ. ഇതു പറഞ്ഞു കേട്ടപ്പോൾ സ്റ്റേഷൻമാസ്റ്റർക്കു വളരെ ദേഷ്യം തോന്നി—കുറ്റമല്ലാ ഈ പൊട്ടച്ചാരുടെ മുതൽ കട്ടുപോയതു് എന്നു മനസ്സിൽ നിശ്ചയിച്ചു .

മാധവൻ: ഞാൻ രാജാവല്ല, മലയാളത്തിലെ ഒരു നായരാണു് . ഗവർമ്മേണ്ടിൽ ഉദ്യോഗമാണു്.

ഉദ്യോയഗസ്ഥൻ: ശരി, മുതൽ എത്ര പോയിട്ടുണ്ടു് ?

മാധവൻ: വില തിട്ടമായി പറവാൻ സാധി ക്കയില്ല.

സ്റ്റേഷൻമാസ്റ്റർ: വളരെ മുതൽ പോയിട്ടുണ്ടു് . വളരെ വളരെ .

മാധവൻ: ഏറെയും കുറയുമായി ഒരു രണ്ടായിരം ഉറുപ്പികയുടെ മുതൽ ഉണ്ടായിരിക്കാം . പോയ സാധനങ്ങളിൽ വില ഏറിയതു് എല്ലാം എനിക്കു കൽക്കത്താവിൽനിന്നു പുറപ്പെടുമ്പോൾ മഹാരാജശ്രീ ഗോവിന്ദസെൻ സമ്മാനമായി തന്നതായിരുന്നു . അതുകളുടെ വില എനിക്കു നിശ്ചയമില്ലാ.

ഉദ്യോഗസ്ഥൻ: ഗോവിന്ദസെനും ഇവിടുത്തെ സ്നേഹിതനോ ?

മാധവൻ: അതെ.

ഉദ്യോഗസ്ഥൻ: കളവുണ്ടായ വിവരം ഒന്നു പറഞ്ഞുകേട്ടാൽ കൊള്ളാമായിരുന്നു .

മാധവൻ ഉണ്ടായ സംഗതികൾ എല്ലാം വിവരമായി പറഞ്ഞു . ഉദ്യോഗസ്ഥൻ കേട്ടശേഷം ഒരു പത്തുമിനിട്ടു് ഒന്നും മിണ്ടാതെ യോഗീശ്വരന്മാർ ധ്യാനത്തിന്നു് ഇരുന്നാലത്തെ സമ്പ്രദായത്തിൽ നിശ്ചഞ്ചലനായി ആലോചിച്ചു . ആലോചനയുടെ അവസാനത്തിൽ ഒരു മന്ദഹാസംചെയ്തു. വാതുക്കൽ നിൽക്കുന്ന തന്റെ പ്രധാന ശിപായിയുടെ മുഖത്തേക്കു് ഒന്നു നോക്കി പിന്നെയും ഒരു മന്ദഹാസം ചെയ്തു . തനിക്കു സകല സൂക്ഷ്മവും കിട്ടി എന്നു നടിച്ചുകൊണ്ട്:

ഉദ്യോഗസ്ഥൻ: ഈ കളവുണ്ടായതു ഹോട്ടൽബട്ളരുടെ അറിവോടുകൂടിയാണെന്നുള്ളതിലേക്കു് എനിക്കു് ലേശംപോലും സംശയമില്ലാ .

സ്റ്റേഷൻമാസ്റ്റർ: ശരി–ശരി. പ്രധാനശിപായി: ശരി–ശരി; എനിക്കു് ഒരു അണുമാത്രം സംശയമില്ലാ .

എന്നു പറഞ്ഞപ്പോഴേക്കു ശിപായിമാർ നിന്നേടത്തുനിന്നു് ഒന്നു് എളകി അന്യോന്യം മുഖത്തോടുമുഖം നോക്കി. കളവു് എത്ര വേഗം തങ്ങളുടെ യജമാനൻ തുമ്പുണ്ടാക്കിയതു് ഓർത്തു വളരെ ആശ്ചര്യപ്പെട്ടു. തങ്ങൾക്കു കൽപന കിട്ടാൻ വെകിയെന്ന ഭാവത്തോടെ ഉദ്യോഗസ്ഥന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു നിന്നു .

മാധവൻ: ഹോട്ടൽബട്ളരുടെ അറിവു് ഉണ്ടാവാൻ സംഗതി ഉണ്ടെന്നു് എനിക്കു തോന്നുന്നില്ലാ. -

സ്റ്റേഷൻമാസ്റ്റർ: (ബഹുദേഷ്യത്തോടെ ) താങ്കൾ എനി ഈ കാര്യത്തിൽ ഒന്നും ചെയ്യേണ്ടതില്ലാ. വേണ്ടതെല്ലാം ഉദ്യോഗസ്ഥന്മാർ ചെയ്തു കാര്യം തുമ്പുണ്ടാക്കട്ടെ . ഏകദേശം ലക്ഷം കാര്യങ്ങൾ ഇങ്ങിനെയുള്ളവ തുമ്പുണ്ടാക്കിയ മഹാന്മാരാണു് ഇവർ . അവരുടെ പ്രവൃത്തി അവർ ചെയ്തുകൊള്ളട്ടെ. മാധവൻ, “അങ്ങനെതന്നെ. എനി ഞാൻ ഒന്നും പറയുന്നില്ല , ” എന്നു പറഞ്ഞു . പ്രധാന ഉദ്യോഗസ്ഥൻ ഉടനെ അവിടുന്നു് എഴുനീറ്റു പുറത്തേക്കു വന്നു ഹോട്ടൽ ബട്ളരെ വിളിക്കാൻ പറഞ്ഞു. ബട്ളർ വളരെ ഭയപ്പെട്ടു വിറച്ചുംകൊണ്ടു് ഉദ്യോഗസ്ഥന്റെ അടുത്ത് വന്നു നിന്നു. ഉദ്യോഗസ്ഥൻ: അദ്ദേഹത്തിന്റെ വക മുതൽ നീ കട്ടതു് എവിടെ വെച്ചിരി ബട്ളർ: ഞാനോ, ആരുടെ മുതൽ ? കഷ്ടം, ഞാൻ കട്ടുവോ ?

ഉദ്യോഗസ്ഥൻ: (ഒരു ശിപായിയോടു് ) ആ നായിനെ ഇടി .

ബട്ളർ: അയ്യോ!

ഉദ്യോഗസ്ഥൻ: ഇനിയും ഇടി .

ബട്ളർ: അയ്യയ്യോ! അയ്യയ്യോ !

ഞാൻ ഒന്നും അറിയില്ലാ .

ഉദ്യോഗസ്ഥൻ: നല്ലവണ്ണം ഇടി-കഴുതെ . നിണ ഇടി, ഇടി, തലയ്ക്കു് ഇടി.ക്കു ബലം ഇല്ലെ . പ്രധാനശിപായി ! നീക്കുന്നു ? എടുക്കു്.

ബട്ളർ: അയ്യോ! അപ്പാ! അപ്പപ്പാ ! അപ്പപ്പാ ! ചത്തു ഞാൻ ചത്തു- ദെവമേ ! എന്നെ കൊന്നു!

ഉദേ്യാഗസ്ഥൻ:ഇടിക്കു് – എനിയും ആ നായിനെ ഇടിച്ചു കൊല്ലു് .

ബട്ളർ: അപ്പ! എനിക്കു വെള്ളം കുടിക്കണം – ഞാൻ മരിക്കാറായി .

ഉദ്യോഗസ്ഥൻ: അവന്റെ കയ്യി പിടിച്ചു പിന്നോക്കം മുറുക്കിക്കെട്ടി മേലോട്ടു വലിച്ചുപൊന്തിക്ക. മറ്റൊരു ശിപായി അവന്റെ കാൽ മുന്നോട്ടു ബലത്തോടെ വലിക്കട്ടെ . കൽപിച്ചപ്രകാരം ചെയ്തപ്പോൾ :

ബട്ളർ: (വേദന സഹിക്കാൻ പാടില്ലാതെ) അയ്യോ! അയ്യോ! ഞാൻ മുതൽ എടുത്തുതരാം—എടുത്തു തരാം.

ഉദ്യോഗസ്ഥൻ: എവിടെ വെച്ചിരിക്കുന്നു ?

ബട്ളർ: അയ്യയ്യോ! ഞാൻ കിടക്കുന്ന മുറിയിൽ വെച്ചിട്ടുണ്ടു്. കെട്ടു് അഴിക്കണേ!

സ്റ്റേഷൻമാസ്റ്റർ: (മാധവനോടു് ) കണ്ടില്ലെ—കള്ളൻ , ഇവനാണു കട്ടതു് . താങ്കൾ മഹാ ദയാബുദ്ധിയാണു്. ഇപ്പോൾ മുതൽ വരുന്നതു കാണാം.

മാധവനു് ഇതു് അശേഷം ബോദ്ധ്യമായില്ല . അവൻ വേദന സഹിക്കാൻ പാടില്ലാത്തതുകൊണ്ടു പറഞ്ഞതാണെന്നു തീർച്ചയായും വിശ്വസിച്ചു ! കാര്യവും അതുപോലെതന്നെ. അകത്തേക്കു പോയി ബട്ളർ വെറുതെ നിന്നു . അയാൾവശം ഇല്ലാത്ത മുതൽ അയാൾ എങ്ങിനെ എടുത്തു കൊടുക്കും? എങ്കിലും പിന്നെയും കുറെ അനേ്വഷണങ്ങളും മറ്റും ചെയ്തു . ചില പോർട്ടർമാരെയും കൂലിക്കാരെയും എല്ലാം വളരെ അടിച്ചു . ഒന്നും തുമ്പാവാത്തതിനാൽ ഏകദേശം പന്ത്രണ്ടുമണിയായപ്പോൾ ഉദ്യോഗസ്ഥന്മാർ വെളിച്ചാവുമ്പോൾ വരാമെന്നു പറഞ്ഞു പോകയും ചെയ്തു.

രാവിലെ ഒന്നാമത്തെ വണ്ടിക്കു ഗോപീനാഥബാനർജ്ജി വന്നു . കളവുകാര്യത്തെക്കുറിച്ചു കുറെ അന്വേഷിച്ചു. ഒന്നും തുമ്പുണ്ടായില്ല. പിന്നെയും അന്വേഷിപ്പാൻ ഉദ്യോഗസ്ഥന്മാരെയും മറ്റും ഏൽപിച്ചു മാധവനേയുംകൂട്ടി തന്റെ രാജ്യത്തേക്കു പോന്നു . ഈ വിവരങ്ങൾക്കു് എല്ലാം തന്റെ രാജ്യത്തു് എത്തിയ ഉടനെ ഗോവിന്ദസേന്നു കമ്പി അയച്ചു . അതിന്നു ഗോപീനാഥബാനർജ്ജിക്കു വന്ന മറുവടി കമ്പി താഴെ ചേർക്കുന്നു .

“മാധവനു നേരിട്ട നിർഭാഗ്യത്തെപ്പറ്റി ഞാൻ വ്യസനിക്കുന്നു . മാധവനു വടക്കൻ ഇന്ത്യയിൽ സഞ്ചാരത്തിന്നും മടങ്ങി മദിരാശിക്കു പോവാനും ഉള്ള സകല ചിലവുകൾക്കും ആയി രണ്ടായിരം ഉറുപ്പിക മാധവന്റെ അധീനത്തിൽ നിർത്തണം . എന്നാൽ , ഉറുപ്പിക ഒന്നായി കൈയിൽ കൊണ്ടുപോവണ്ടാ. തൽക്കാലം ആവശ്യമുള്ളതു മാത്രം കൈയിൽ റൊക്കം നാണ്യമായി ഇരുന്നോട്ടെ. ശേഷം ആവശ്യമുള്ളതു് അല്ലഹബാദു് , ആഗ്രാ ,ഡെൽഹി , ലാഹൂർ ഈ ബാങ്കുകളിൽനിന്നു് അതാതു സമയം വാങ്ങാൻ ചെക്കുകൾ കൊടുക്കണം . മാധവൻ ബൊംബായിൽ മടങ്ങിയെത്തുന്നതു വരെ കൂടെ സഞ്ചരിക്കാൻ നമ്മുടെ ബെരാംഖാനെക്കൂടി അയയക്കണം. അവൻ സഞ്ചരിച്ചു നല്ല പരിചയമുള്ളവനാണു് . മുതലുകൾ പോയതിൽ മാധവൻ അശേഷം വ്യസനിക്കേണ്ടാ എന്നു തീർച്ചയായി മാധവനോടു പറയണം . ”

ഈ ടെലിഗ്രാം വായിച്ചപ്പോൾ മാധവനു മനസ്സിൽ ഗോവിന്ദസേനെ കുറിച്ചു് ഉണ്ടായ ഒരു ബഹുമാനവും ഭക്തിയും എന്റെ വായനക്കാർക്കുതന്നെ അനുമാനിക്കാവുന്നതാണല്ലൊ . എന്നാലും ഗോവിന്ദസേനെക്കൊണ്ടു് എനി ഒരു കാശുപോലും തനിക്കു വേണ്ടി ചിലവിടിയിക്കുന്നതു് മാധവനു പ്രാണസങ്കടമായി തോന്നി , ഗോപീനാഥബാനർജ്ജിയോടു പറയുന്നു .

മാധവൻ: മഹാ ഞ്ചദാര്യശാലിയായ ഗോവിന്ദസെൻ അധികംകാലം ലോകത്തിലെ ഗുണത്തിന്നായി ജീവിച്ചിരിക്കട്ടെ. ഞാൻ ഇപ്പോൾ മദിരാശിക്കു മടങ്ങാനാണു വിചാരിക്കുന്നതു്. അവിടെ പോയിട്ടു കുറെ ദിവസം കഴിഞ്ഞു് ഇങ്ങട്ടു വീണ്ടും വന്നു ഗോവിന്ദസെൻ അവർകളെയും താങ്കളെയും കണ്ടുകൊള്ളാം . എനിക്കു് ഇവിടെനിന്നു മദിരാശിയിലേക്കു വഴിയാത്രയ്ക്കുള്ള പണം മാത്രം ഇപ്പോൾ കിട്ടിയാൽ മതി .

ഗോപീനാഥബാനർജ്ജി: അങ്ങിനെതന്നെ. എന്നാൽ ഒരു നാലഞ്ചുദിവസം എന്റെകൂടെ ഇവിടെ താമസിച്ചിട്ടു പോവാം. എന്നാലേ എനിക്കു സുഖമുള്ളു . എന്നു പറഞ്ഞതിനെ അനുവദിച്ചു നാലഞ്ചുദിവസംകൂടി അവിടെ താമസിച്ചു.

ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനും ബൊമ്പായിൽ താമസിക്കുന്നതായി മുമ്പത്തെ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ടല്ലോ , ഗോവിന്ദപ്പണിക്കർക്കു ശരീരത്തിന്നു് ഇപ്പോഴും നല്ല സുഖമായില്ല. ബർമ്മയിലേക്കു പുറപ്പാടു് ഇന്നു് , നാളെ , മറ്റെന്നാൾ എന്നുവെച്ചു കഴിയുന്നു . അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം ഗോവിന്ദൻകുട്ടിമേനവൻ ബൊമ്പായി എസ്നെപ്ലെനെഡിനു സമീപം കാറ്റുംകൊണ്ടു നിൽക്കുമ്പോൾ സമീപത്തുകൂടി ബാബു കേസബചന്ദ്രസേൻ കടന്നുപോയി. കേസബചന്ദ്രസേൻ ഗോവിന്ദൻകുട്ടിമേനവന്റെ മുഖം കണ്ടപ്പോൾ മാധവന്റെ മുഖച്ഛായ പോലെ തോന്നി. തിരിയെ ഇങ്ങട്ടുതന്നെ മടങ്ങി ഗോവിന്ദൻകുട്ടിമേനവന്റെ അടുത്തു വന്നു ചോദിക്കുന്നു:

കേസബചന്ദ്രസേൻ: താങ്കൾ ഏതു രാജ്യ ക്കാരനാണു്?

ഗോവിന്ദൻകുട്ടിമേനവൻ: മലബാർ രാജ്യക്കാരനാണു്.

കേസബചന്ദ്രസേൻ: ശരി, അങ്ങിനെ കണ്ടപ്പോൾ എനിക്കുതോന്നി. മലബാറിൽ മാധവൻഎന്നൊരാളെ താങ്കൾ അറിയുമോ ?

ഇതു കേട്ടപ്പോൾ ഗോവിന്ദൻകുട്ടിമേനവൻ ഒന്നു ഞെട്ടി . വല്ലാതെ പരിഭ്രമിച്ചു . സന്തോഷവും സന്താപവും ആശ്ചര്യവും ഒക്കെൂടി മനസ്സിൽ തിക്കിത്തിരക്കി വലഞ്ഞുപോയി . ഉടനെ—

ഗോവിന്ദൻകുട്ടിമേനവൻ: അദ്ദേഹം എവിടെ ഉണ്ടു് ? ഞാൻ അദ്ദേഹത്തിന്റെ ഒരു സംബന്ധികൂടിയാണു്. അദ്ദേഹം ഞങ്ങളുടെ രാജ്യം വിട്ടു പൊയു്ക്കളഞ്ഞിട്ടു് രണ്ടു മാസത്തോളമായി. അദ്ദേഹത്തിന്റെ അച്ഛനും ഞാനുംകൂടി പലേ ദിക്കിലും അദ്ദേഹത്തെ തിരഞ്ഞു കാണാതെ വ്യസനിച്ചു വലഞ്ഞു നടക്കുന്നു . ഇവിടെ എട്ടുപത്തു ദിവസമായി ഞങ്ങൾ എത്തീട്ടു്. ഉടനെ കേസബചന്ദ്രസേൻ വിവരങ്ങൾ എല്ലാം പറഞ്ഞു . ഒടുവിൽ —

കേസബചന്ദ്രസേൻ: ഇപ്പോൾ അദ്ദേഹം കൽക്കത്താ വിട്ടിരിക്കാം ഞാൻ ഒരു കമ്പി അയച്ചു് അതിന്റെ വിവരം അറിയാം. എന്നാൽ അച്ഛന് ഞാൻ ഒരു കമ്പി അയച്ച് അതിന്റെ വിവരം അറിയാം.

എന്നു പറഞ്ഞു കേസബചന്ദ്രസേനും ഗോവിന്ദൻകുട്ടിമേനവനും കൂടെ ടെലെഗ്രാഫു് ആഫീസിൽ പോയി കമ്പിഅയച്ചു. ഉടനെ കൂടെ ഗോവിന്ദപ്പണിക്കരുടെ അടുക്കെ കേസബചന്ദ്രസേൻ ഗോവിന്ദൻകുട്ടിമേനവനോടുകൂടെ പോയി . അദ്ദേഹത്തെയും ആൾക്കാരെയും ഒന്നിച്ചു കൂട്ടിക്കൊണ്ടുവന്നു തന്റെ വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു . ഏകദേശം രാത്രി എട്ടുമണിക്കു മറുവടി കമ്പി എത്തി : “മാധവൻ കൽക്കത്താ വിട്ടിരിക്കുന്നു. ഗോപീനാഥബാനർജ്ജിയുടെ അടു ക്കെ ഉണ്ടായിരിക്കണം . അദ്ദേഹത്തെപ്പറ്റി അദ്ദേഹത്തിന്റെ അച്ഛൻ ഒന്നും വ്യസനിപ്പാൻ ആവശ്യമില്ലാ . ഉടനെ സുഖമായി വന്നുചേരും, ” എന്നാണു മറുവടി. അതു കിട്ടിയ ഉടനെ ഗോപീനാഥബാനർജ്ജിക്കു അദ്ദേഹത്തിന്റെ രാജ്യത്തിലേക്കു രാത്രിതന്നെ കമ്പി അടിച്ചു . മാധവൻ അവിടെ ഉണ്ടോ എന്നു മാത്രമാണു കമ്പിയിൽ ചോദിച്ചതു്. അതിനു പ്രഭാതത്തിൽ മറുവടി കിട്ടി .

മറുവടി– “മാധവൻ ഇന്നു വെകുന്നേരം ആറുമണിക്കു് ഇവിടെനിന്നുക്കബൊമ്പായിക്കു വണ്ടി കയറി. സുഖക്കേടു യാതൊന്നുമില്ലാ .ബൊമ്പായിൽ എത്തിയ ഉടനെ താങ്കളെ കാണും.” ഈ കമ്പി വായിച്ചുകേട്ടപ്പോൾ ഗോവിന്ദപ്പണിക്കർക്കും ഗോവിന്ദൻകുട്ടിമേനവനും ഉണ്ടായ സന്തോഷത്തെക്കുറിച്ചു ഞാൻ എന്താണു പറയേണ്ടതു് ?

ബൊമ്പായിൽ മാധവൻ കയറിയ വണ്ടി എത്തുന്ന ദിവസം കേശവചന്ദ്രസേൻ സ്റ്റേഷനിൽ എതിരേൽക്കാൻ ഗാഡിയുമായി തയ്യാറാക്കി നിന്നു . എന്നാൽ ഒരു നേരമ്പോക്കു് ഉണ്ടാക്കണം എന്നു കേസബചന്ദ്രസേൻ നിശ്ചയിച്ചു . ഗോവിന്ദപ്പണിക്കരോടും ഗോവിന്ദൻകുട്ടിമേനവനോടും അവരുടെ ആൾക്കാരോടും സ്റ്റേഷനിലേക്കു വരണ്ടാ എന്നും , താനും മാധവനും കൂടി വീട്ടിലേക്കു വരുമ്പോൾ അവരെ പുറത്തു കാണരുതെന്നും , താൻ മാധവനെ പെട്ടെന്നു കൊണ്ടുവന്നു കാണിക്കുമെന്നു പറഞ്ഞു ശട്ടംചെയ്തിട്ടാണു കേസബചന്ദ്രസേൻ സ്റ്റേഷനിലേക്കു പോയതു്.

സ്റ്റേഷനിൽ എത്തുമ്പോഴേക്കു വണ്ടിയും എത്തി . മാധവൻ വണ്ടിയിൽനിന്നു് എറങ്ങിക്കൂടുമ്പോൾ കേസബചന്ദ്രസേനെ കണ്ടു . ഉടനെക്കകെകൊടുത്തു രണ്ടുപേരുംകൂടി വണ്ടിയിൽ കയറി കേസബചന്ദ്രസേന്റെ ബങ്കളാവിൽ എത്തി പുറത്തു വ്രാന്തയിൽ ഇരുന്നു . കേസബചന്ദ്രസേൻ കൽക്കത്താ വിട്ടശേഷം നടന്ന വാസ്തവങ്ങൾ എല്ലാം മാധവൻ പറഞ്ഞു . കേസബചന്ദ്രസേൻ എല്ലാം കേട്ടു . ഒടുവിൽ — കേസബചന്ദ്രസേൻ: ആട്ടെ, അലഹബാദിലെ സബ്ബ് ജഡ്ജിയുമായി പരിചയമായല്ലൊ . കുറെ ദ്രവ്യനാശം വന്നാലും തരക്കേടില്ല—നല്ല ഒരു സ്നേഹിതനെ കിട്ടിയല്ലോ ! എന്നും മറ്റും പറഞ്ഞു രണ്ടുപേരും വളരെ ചിറിച്ചു .

കേസബചന്ദ്രസേൻ: എനിയത്തെ ഉദ്ദേശം എന്താണു് ? മലബാറിലേക്കല്ലേ നല്ലതു്?

മാധവൻ: ഇല്ലാ. മലബാറിലേക്കു് ഇപ്പോൾ മടങ്ങുന്നില്ലാ . എന്നാൽ നാളെ ഞാൻ മദിരാശിക്കുതന്നെ പോയി എട്ടുപത്തു ദിവസത്തിനകത്തു് ഇങ്ങട്ടുതന്നെ മടങ്ങു .

കേസബചന്ദ്രസേൻ: മദിരാശിയോളംമാത്രം പോയി മടങ്ങുന്നുവോ ? മലബാറിലേക്ക് കൂടി പോവരുതേ? അച്ഛനേയും മറ്റും ഒന്നു കാണാമല്ലോ .

അച്ഛൻ എന്നു പറഞ്ഞപ്പോൾ മാധവനു ബഹു വ്യസനം തോന്നി . എങ്കിലും മറ്റെ സംഗതി ഓർത്തപ്പോൾ മലബാറിനെ മനസ്സുകൊണ്ടു് ഒന്നു ശപിച്ചുംകൊണ്ടു് :

മാധവൻ: അച്ഛനെ കാണ്മാൻ എനിക്കു വളരെ ആഗ്രഹമുണ്ടായിരുന്നു .തൽക്കാലം സാധിക്കയില്ലെന്നു തോന്നുന്നു.

കേസബചന്ദ്രസേൻ: എന്നാൽ ഇനി നമുക്കു ഭക്ഷണം കഴിക്കാറായല്ലൊ ? കുളിക്കണ്ടേ?

മാധവൻ: കുളിക്കാം.

എന്നു പറഞ്ഞു മാധവൻ എണീട്ടു . കേസബചന്ദ്രസേൻ: ഞാൻ ഇന്നു് എന്റെ സ്നേഹിതന്മാരിൽ രണ്ടാളേക്കൂടി താങ്കളുടെ പ്രീതിക്കായി ഭക്ഷണത്തിന്നു വരാൻ ക്ഷണിച്ചിട്ടുണ്ടു് . താങ്കൾക്കു് അവരെ കാണാൻ സന്തോഷമുണ്ടായിരിക്കുമെന്നു് ഞാൻ വിശ്വസിക്കുന്നു .

മാധവൻ: താങ്കളുടെ സ്നേഹിതന്മാർ എന്റെയും സ്നേഹിതന്മാർ തന്നെ . അവരെ ക്ഷണിച്ചതു് എനിക്കു് അത്യന്തം സന്തോഷമായി .

എന്നു പറഞ്ഞു മാധവൻ കുളിപ്പാൻ പോയി . കുളിപ്പാൻ പോയ ഉടനെ കേസബചന്ദ്രസേൻ ഗോവിന്ദപ്പണിക്കരേയും ഗോവിന്ദൻകുട്ടിമേനവനേയും ഭക്ഷണം ചെയ്യുന്ന മുറിയിലേക്കു വിളിച്ചു തീൻമേശയുടെ അടുക്കെ ഇരുത്തി . താനും ഇരുന്നു . കുറെ കഴിഞ്ഞപ്പോൾ മാധവൻ കുളി കഴിഞ്ഞു വരുന്നതു കണ്ടു കേസബചന്ദ്രസേൻ എതിരേറ്റു് ഈ മുറിയിലേക്കു് കൂട്ടിക്കൊണ്ടു വന്നു.

കേസബചന്ദ്രസേൻ: ഇതാ ഈ ഇരിക്കുന്ന രണ്ടുപേരേയാണു ഞാൻ ക്ഷണിച്ചതു് . താങ്കളുമായി മുമ്പു പരിചയമുണ്ടോ? ഞാൻ അറിയില്ലാ.

മാധവൻ നോക്കി പിന്നെ ഉണ്ടായതു് എന്താണെന്നു പറയേണ്ടതില്ലല്ലൊ . “ഓ– അച്ഛനെ ഞാൻ കണ്ടതു് എന്റെ ഭാഗ്യം? ” എന്നു പറയുമ്പോഴേക്കു ഗോവിന്ദപ്പണിക്കർ എഴുനീറ്റു മാധവനെ ആലിംഗനംചെയ്തു്, “അയ്യോ ! എന്റെ കുട്ടാ ! നീ എന്നെ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലോ, ” എന്നു ഗൽഗദാക്ഷരമായി കരഞ്ഞുകൊണ്ടു പറഞ്ഞു . കേസബചന്ദ്രസേൻ ഉടനെ ആ മുറിയിൽനിന്നു മറ്റൊരു മുറിയിലേക്കു പോയി .

ഈ ആലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞശേഷം ഒന്നാമതു ഗോവിന്ദപ്പണിക്കാർ പറഞ്ഞത്‌:

“ഗോവിന്ദൻകുട്ടി ഉടനെ നാട്ടിലേക്കു് ഒരു കമ്പി അടിക്കണം . ഇവന്റെ അമ്മയും പെണ്ണും വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ലാ . ”

മാധവൻ: ഏതു പെണ്ണ്? ഏതു പെണ്ണാണ് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാൻ ?

ഗോവിന്ദൻകുട്ടിമേനവൻ: എന്റെ മരുമകൾ ഇന്ദുലേഖാ . ഭ്രാന്താ ! എന്തൊരു കഥയാണു് ഇതെല്ലാം? എന്തെല്ലാം ഗോഷ്ഠിയാണു് ഈ കാണിച്ചതു് ?

ഇയ്യടെ മാധവനു പലപ്പൊഴും വിചാരിയാതെ പെട്ടെന്നു പലേ ആപത്തുകളും നേരിട്ടിട്ടുണ്ടായിരുന്നു. ചില സന്തോഷങ്ങളും ഇടയിൽ ഉണ്ടായിട്ടില്ലെന്നില്ലാ . എന്നാൽ അതിനാൽ ഒന്നും ഇപ്പോൾ ഉണ്ടായതുപോലെ ഉള്ള ഒരു സ്തബ്ധത മാധവനു് ഉണ്ടായിട്ടില്ലാ . ഗോവിന്ദൻകുട്ടിമേനവൻ പറഞ്ഞതു കേട്ടപ്പോൾ മാധവന്റെ സർവ്വാംഗം തരിച്ചു മരംപോലെ ആയിപ്പോയി.

ഗോവിന്ദപ്പണിക്കർ: എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തതു് ? നിന്റെ അമ്മയേയും ആ പെണ്ണിനേയും ഞങ്ങളേയും നീ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലോ. നീ നാട്ടിൽ വന്നിട്ടു് ഒരു പൊള്ളും കേട്ടു് അന്ധാളിച്ചു് ഓടിപ്പോയല്ലോ . വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു . കഷ്ടം! നിണക്കു് എന്തോ ഒരു ശനിപ്പിഴ ഉണ്ടായിരുന്നു . അതു തീർന്നുവായിരിക്കാം .

മാധവൻ ഒരക്ഷരവും ശബ്ദിപ്പാൻ വയ്യാതെ കസാലമേൽ ഇരുന്നു .

ഉടനെ കേസബചന്ദ്രസേൻ വന്നു് ഇതെല്ലാം കണ്ടിട്ടു് എന്തൊക്കെയോ ചില അപകടം ഉണ്ടു് എന്നു് അദ്ദേഹത്തിനു തോന്നിയെങ്കിലും മാധവനോടു് ഒന്നും ചോദിച്ചില്ല . എല്ലാവരും ഭക്ഷണത്തിന്നു് ആരംഭിച്ചു. മാധവനും ഭക്ഷണം കഴിക്കുന്നപോലെ കാട്ടിക്കൂട്ടി . ഭക്ഷണം കഴിഞ്ഞ ഉടനെ ഗോവിന്ദൻകുട്ടിമേനവൻ വിവരത്തിന്നു് ഒരു ടെലിഗ്രാം മലബാറിലേക്കു് അയച്ചു . കേസബചന്ദ്രസേൻ വേറെ മുറിയിലേക്ക് പോയശേഷം :

ഗോവിന്ദപ്പണിക്കുർ: എന്താണു കുട്ടാ , നീ ഒന്നും മിണ്ടാത്തതു് ?

ഗോവിന്ദൻകുട്ടിമേനവൻ: ഇത്ര വിഡ്ഢിത്തം കാണിച്ചിട്ടു് എങ്ങനെയാണു മിണ്ടുന്നതു് ?

മാധവൻ: അച്ഛാ! എനിക്കു് ഇതെല്ലാം കേൾക്കുമ്പോൾ അറബിയൻ നൈട്സ്ൽ ഉള്ള ഒരു കഥ വായിച്ചുകേൾക്കുമ്പോലെ തോന്നുന്നു.

ഗോവിന്ദപ്പണിക്കർ: നല്ല കഥയാണു് ഇതു് . ഇന്ദുലേഖയെ നീ ഇങ്ങിനെ വ്യസനിപ്പിച്ചുവല്ലൊ. നിന്റെ അമ്മ ജീവിച്ചിരിക്കുന്നുണ്ടോ എന്നു സംശയം , അത്ര പരവശയായിരിക്കുന്നു . മാധവൻ കണ്ണുനീർ വാർത്തുംകൊണ്ടു മുഖം താഴ്ത്തി . ആ ദിവസം കേസബചന്ദ്രസേന്റെകൂടെ താമസിച്ചു് , പിറ്റേ ദിവസത്തെ വണ്ടിക്ക് മലയാളത്തിലേക്കു പുറപ്പെടുവാൻ നിശ്ചയിക്കുകയും ചെയ്തു.

ബാബു കേസബചന്ദ്രസേന്റെ ഉന്നതമായ ഒരു വെണ്ണമാടസധൌത്തിൽ വിശേഷമായ ചന്ദ്രികയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനുംകൂടി അന്നു രാത്രി കാറ്റുകൊള്ളുവാൻ ഇരുന്നപ്പോൾ ഇവർ തമ്മിൽ ഉണ്ടായ മുഖ്യമായ ചില സംഭാഷണങ്ങളെുറിച്ചുകൂടി എന്റെ വായനക്കാരെ അറിയിപ്പാൻ എനിക്കു താൽപര്യമുണ്ടാകയാൽ അതിന്റെ വിവരം എനിയത്തെ അദ്ധ്യായത്തിൽ കാണിപ്പാൻ നിശ്ചയിക്കുന്നു .