Jump to content

ഇന്ദുലേഖ/നമ്പൂതിരിപ്പാട്ടിലെ പരിണയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഇന്ദുലേഖ/പതിനാലു് - നമ്പൂതിരിപ്പാട്ടിലെ പരിണയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം പതിനാലു്: നമ്പൂതിരിപ്പാട്ടിലെ പരിണയം

പതിനാലു്

[തിരുത്തുക]

നമ്പൂതിരിപ്പാട്ടിലെ പരിണയം

[തിരുത്തുക]


നമ്പൂതിരിപ്പാട്: പഞ്ചുവോടു് എനിക്കു് സ്വകാര്യമായി ഒരു കാര്യം പറവാനുണ്ടു്.


പഞ്ചുമേനവൻ: എന്താണെന്നറിഞ്ഞില്ല. അരുളിച്ചെയ്യാമല്ലോ!


നമ്പൂതിരിപ്പാട്: പഞ്ചു അതു് എനിക്കു സാധിപ്പിച്ചു തരണം.


പഞ്ചുമേനവൻ: പാടുള്ളതാണെങ്കിൽ സാധിപ്പിക്കുന്നതിന്നു് അടിയനു് എന്താണു വിരോധം?


നമ്പൂതിരിപ്പാട്: പാടുള്ളതുതന്നെ.


പഞ്ചുമേനവൻ: അരുളിച്ചെയ്തു കേട്ടാൽ നിശ്ചയിക്കാം.


നമ്പൂതിരിപ്പാട്: പഞ്ചുവിന്റെ മരുമകൾ കല്യാണിയോടുകൂടി എനിക്കു് ഇന്നു രാത്രി സംബന്ധം തുടങ്ങി നാളെ പുലരാൻ നാലഞ്ചുള്ളപ്പോൾ അവളെയുംകൊണ്ടു് ഇല്ലത്തേക്കു പോണം. ഇന്ദുലേഖയ്ക്കു് എന്നോടു് ലേശം ഭ്രമമില്ലാ. ഇന്ദുലേഖാ എന്റെ ഭാര്യയായി ഇരിക്കില്ലെന്നു് ഇന്നു തീർച്ചയായി പറഞ്ഞു. കല്യാണിക്കുട്ടിയെ ഞാൻ ഇന്നു രാവിലെ കണ്ടു. എനിക്കു ബോദ്ധ്യമായി. പഞ്ചു ഇതിനു സമ്മാതിക്കണം. അല്ലെങ്കിൽ ഞാൻ വലിയ വ്യസനത്തിലും അവമാനത്തിലും ആവും. സംബന്ധം ഇന്നു രാത്രിതന്നെ വേണം. അതിനു സംശയമില്ലാ.


പഞ്ചുമേനവൻ ഇതു കേട്ടപ്പോൾ വല്ലാതെ ആശ്ചര്യപ്പെട്ടു. കുറെനേരം ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഒന്നു ചിറിച്ചു. എന്നിട്ടു് ഇങ്ങിനെ പറഞ്ഞു:


പഞ്ചുമേനവൻ: ഇതു് ഇത്ര ബദ്ധപ്പെട്ടു നിശ്ചയിപ്പാൻ പ്രയാസമല്ലെ. അടിയൻ ആലോചിച്ചു പറയാം.


നമ്പൂതിരിപ്പാട്: വയ്യാ. അതൊന്നും വയ്യാ. പഞ്ചു എന്നെ അവമാനിക്കരുതു്. പഞ്ചു എന്നെ മാനമാക്കി അയയ്ക്കണം. എനി ഒട്ടും താമസിക്കരുതു്. ഞാൻ വളരെ അവമാനത്തിലായിരിക്കുന്നു. പഞ്ചു നിവൃത്തിച്ചുതരണം.


പഞ്ചുമേനവൻ: അടിയൻ അന്വേഷിച്ചു് അലോചിച്ചു് പറയാം.


നമ്പൂതിരിപ്പാട്: അന്വേഷിക്കാൻ ഒന്നുമില്ല. പഞ്ചുസമ്മതിച്ചാൽ സകലം നടക്കും.


പഞ്ചുമേനവൻ: അടിയൻ വേഗം ഇങ്ങുതന്നെ വിടകൊള്ളാം.


നമ്പൂതിരിപ്പാട്: എന്നാൽ ഇതു സ്വകാര്യമായിരിക്കട്ടെ. ഞാൻ പോയതിന്റെ ശേഷമേ ആളുകൾ ഇതിനെക്കുറിച്ചു പുറത്തു് അറിയാവൂ.


പഞ്ചുമേനവൻ: സ്വകാര്യമായിട്ടുതന്നെ അടിയൻ വെച്ചിട്ടുള്ളു. പഞ്ചുമേനവൻ മാളികയിൽനിന്നു പതുക്കെ താഴത്തിറങ്ങി. ഇതെന്തൊരു കഥാ! എന്താണു് ഇവിടെ ചെയ്യേണ്ടതു് എന്നു വിചാരിച്ചുംകൊണ്ടു തന്റെ അറയിൽ പോയി ഇരുന്നു വിചാരിച്ചതു താഴെ കാണിക്കുന്നു.


‘ഇന്ദുലേഖയ്ക്കു സംബന്ധം തുടങ്ങാൻ വരുത്തീട്ടു കല്യാണിക്കുട്ടിയെ സംബന്ധം കഴിച്ചു കൊണ്ടുപോയി. ഇതു് ഒരു പരിഹാസമായി തീരുമോ? എന്താണു പരിഹാസമായി തീരാൻ? പരിഹാസം ഉണ്ടെങ്കിൽ അതു നമ്പൂതിരിപ്പാട്ടിനെപ്പറ്റിയേ ഉണ്ടാകയുള്ളു. ഇന്ദുലേഖയ്ക്കു് ഈ വങ്കൻ നമ്പൂതിരിപ്പാട്ടിനെ വേണ്ട എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാടു കല്യാണിക്കുട്ടിയെ സംബന്ധംചെയ്തു കൊണ്ടുപോയി. ഇതിൽ ഇന്ദുലേഖയ്ക്കു് ഒരവമാനവും ഇല്ല, കല്യാണിക്കും ഒരു അവമാനമില്ല. വിഡ്ഢിയാണെങ്കിലും അദ്ദേഹം വലിയ ഒരാളല്ലെ. മഹാ ധനികൻ! ഇന്ദുലേഖാ ഉണ്ടായിരുന്നെങ്കിൽ ഈ ജന്മം കല്യാണിക്കു് ഈ സംബന്ധം ഉണ്ടാകയില്ലാ. പിന്നെ ഈ തറവാട്ടിലേക്കുതന്നെ നമ്പൂതിരിപ്പാട്ടിലെ സംബന്ധം മാനമായിട്ടുള്ളതല്ലെ. അതുകൊണ്ടു് ഇതു സമ്മതിക്കുന്നതാണു നല്ലതു് എന്നു തോന്നുന്നു. ഏതായാലും അനുജൻ ശങ്കരനോടു് ഒന്നു് അന്വേഷിക്കണം.’ എന്നിങ്ങനെ വിചാരിച്ചു് ഉറച്ചു ഭാര്യയെ വിളിച്ചു.


കുഞ്ഞിക്കുട്ടിഅമ്മ: എന്താണു്, ഞാൻ പറഞ്ഞതു ശരിയല്ലേ?


പഞ്ചുമേനവൻ: (ചിറിച്ചുംകൊണ്ടു്) ശരിതന്നെ, ശരിതന്നെ. ശങ്കരനോടു് ഒന്നിത്രത്തോളം വരാൻ ഒരാളെ അയയ്ക്കൂ.


കുഞ്ഞിക്കുട്ടിഅമ്മ: അയയ്ക്കാം. സംബന്ധം ഇന്നു നടക്കുമോ?


പഞ്ചുമേനവൻ: (ചിറിച്ചുംകൊണ്ടു്) ഇന്നുതന്നെ. അതിനു് എന്തു സംശയം?


വേഗം കുഞ്ഞിക്കുട്ടിഅമ്മ ശങ്കരമേനവനെ വിളിക്കാൻ ആളെ അയച്ചു. കുഞ്ഞിക്കുട്ടിഅമ്മ പഞ്ചുമേനവൻ ദ്വയാർത്ഥമായി പറഞ്ഞ വാക്കു്, ഇന്ദുലേഖയെ സംബന്ധിച്ചതാണെന്നു നേരെ ധരിച്ചു് ഇന്ദുലേഖയ്ക്കു് അന്നു രാത്രിയാണു സംബന്ധം എന്നു് അവിടെയുള്ള എല്ലാ വാലിയക്കാരോടും ദാസികളോടും കണ്ടവരെല്ലാവരോടും പറഞ്ഞു. പിന്നെ വർത്തമാനം ക്ഷണേന എങ്ങും പ്രചുരമായി. ശങ്കരമേനവനെ അന്വേഷിച്ചു കാണായ്കകൊണ്ടു പഞ്ചുമേനവൻതന്നെ അയാളെ അന്വേഷിപ്പാൻ പൂവുള്ളിവീട്ടിൽ പോയി. ആ സമയം ശങ്കരശാസ്ത്രി പഞ്ചുമേനവനെ കാണാൻവേണ്ടി പൂവരങ്ങിലേക്കു ചെന്നു. നാട്ടിൽ പോവാൻ യാത്രചോദിപ്പാനാണു ചെന്നതു്. ശങ്കരശാസ്ത്രി നിത്യം രാമായണപാരായണത്തിന്നു പഞ്ചുമേനവനാൽ നിയമിക്കപ്പെട്ട ശാസ്ത്രികളാകുന്നു. ശങ്കരശാസ്ത്രി ഇന്ദുലേഖയുടെ സംബന്ധവർത്തമാനം കേട്ടതിനാൽ ഉണ്ടായ കഠിനവിഷാദം കൊണ്ടോ– അതല്ല, വല്ല കാര്യം ഉണ്ടായിട്ടോ എന്നറിഞ്ഞില്ല അന്നുതന്നെ നാട്ടിലേക്കു് ഒന്നു പോവണമെന്നു് ഉറച്ചു്, യാത്ര ചോദിക്കാനാണു് പൂവരങ്ങിൽ ചെന്നതു്. ചെന്നപ്പോൾ പുറത്തു കണ്ടതു കുഞ്ഞിക്കുട്ടിഅമ്മയെയാണു്.


ശാസ്ത്രികൾ: മൂപ്പരു് എവിടെ?


കുഞ്ഞിക്കുട്ടിഅമ്മ: മൂപ്പരു് പൂവള്ളിയിലേക്കു് എറങ്ങി. ഇന്ദുലേഖയുടെ സംബന്ധം ഇന്നു രാത്രിക്കു നിശ്ചയിച്ചിരിക്കുന്നു. ശാസ്ത്രികൾ എന്താണു് ഒന്നും ഉത്സാഹിക്കാത്തതു്? ഇങ്ങട്ടു് ഇന്നു കണ്ടതേ ഇല്ല.


ശാസ്ത്രികൾ: എനിക്കു ശരീരത്തിന്നു നല്ല സുഖമില്ല. ഞാൻ ഇപ്പോൾതന്നെ നാട്ടിലേക്കു പോവുന്നു. നിലാവസ്തമിക്കുമ്പോഴയ്ക്കു നുമ്മളുടെ ഊട്ടുപുരയിൽ എത്തി കിടക്കാമെന്നു വിചാരിക്കുന്നു.


കുഞ്ഞിക്കുട്ടിഅമ്മ: ഇന്നു് ഇന്ദുലേഖയുടെ സംബന്ധദിവസം; പോവരുതു്.


ശാസ്ത്രികൾ: അതു പറഞ്ഞാൽ നിവൃത്തി ഇല്ല. എനിക്കു് ഇപ്പോൾതന്നെ പോവണം. മൂപ്പരോടു നിങ്ങൾ പറഞ്ഞാൽ മതി. ഞാൻ ഏഴെട്ടു ദിവസത്തിലകം മടങ്ങിവരും. ഇവിടെ ഞാൻ വരുന്നതുവരെ പാരായണത്തിന്നും മറ്റും അണ്ണാത്തരവാദ്ധ്യാരെ ശട്ടം ചെയ്തിട്ടുണ്ടു്. ഞാൻ പോവുന്നു.


കുഞ്ഞിക്കുട്ടിഅമ്മ: എന്നാൽ അങ്ങിനെയാവട്ടെ. ഞാൻ പറഞ്ഞേക്കാം.


ശാസ്ത്രികൾ പൂവരങ്ങിൽനിന്നു മടങ്ങി അമ്പലത്തിൽ വന്നു്, പിറ്റേദിവസത്തെ വണ്ടികയറാൻ ഒരു വ്യവഹാരകാര്യമായി അടിയന്തിരമായി പോവുന്ന രണ്ടു നമ്പൂരിമാരോടുകൂടി രാത്രി ഏഴുമണി സമയം പുറപ്പെടുവാൻ നിശ്ചയിച്ചു. ചെമ്പാഴിയോട്ടുനിന്നു തീവണ്ടിസ്റ്റേഷനിലേക്കു നല്ലവണ്ണം നാലരക്കാതം വഴിയുണ്ടു്. നല്ല ചന്ദ്രിക ഉണ്ടായിരുന്നതിനാൽ പകുതിവഴി രാത്രിതന്നെ നടക്കാമെന്നുറച്ചു.


പഞ്ചുമേനവൻ ശങ്കരമേനവനെ അന്വേഷിച്ചു കണ്ടുകിട്ടുമ്പോഴേക്കു നേരം ഏകദേശം ആറുമണി സമയമായിരിക്കുന്നു.


പഞ്ചുമേനവൻ: നീ എവിടെയായിരുന്നു ശങ്കരാ?


ശങ്കരമേനവൻ: ഞാൻ പുതുതായിക്കതെവയ്ക്കുന്ന പറമ്പിൽ പോയിരുന്നു. ആ ഉണ്ണിക്കിട്ടയെ പറമ്പു് ഏൽപിച്ചതു നന്നായില്ല. കിള മഹാ അമാന്തം. തൈകൾ വളരെ അടുത്തു വെച്ചിരിക്കുന്നു.


പഞ്ചുമേനവൻ: അതെല്ലാം പിന്നെ പറയാം. നിണക്കു ഒരു വർത്തമാനം കേൾക്കണോ?


ശങ്കരമേനവൻ: എന്താണെന്നറിഞ്ഞില്ലാ.


പഞ്ചുമേനവൻ: ആ നമ്പൂതിരിപ്പാട്ടിലേക്ക് നുമ്മടെ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തു കൊണ്ടുപോവണം പോൽ.


ശങ്കരമേനവൻ: അതെന്തു കഥാ?


പഞ്ചുമേനവൻ: എന്നെ ഇപ്പോൾ വിളിച്ചു പറഞ്ഞു.


ശങ്കരമേനവൻ: അമ്മാമൻ എന്തു മറുവടി പറഞ്ഞുവോ?


പഞ്ചുമേനവൻ: ഞാനൊന്നും തീർച്ച പറഞ്ഞില്ലാ. നിന്നോടു് അന്വേഷിച്ചിട്ടു് ആവാം എന്നു നിശ്ചയിച്ചു. ഗോവിന്ദപ്പണിക്കരെ ഒന്നു വരുത്തണ്ടേ– ആളെ അയയ്ക്കൂ.


ശങ്കരമേനവൻ: ഗോവിന്ദപ്പണിക്കർ ഇന്നലെ പൊൽപായികളത്തിലേക്കു പോയിരിക്കുന്നു. ഗോവിന്ദൻകുട്ടിയും കൂടെ പോയിരിക്കുന്നു. അവിടെ സമീപം നായാട്ടു നിശ്ചയിച്ചിട്ടിണ്ടത്ര. നാളയ്ക്കേ അവർ മടങ്ങിയെത്തുകയുള്ളു.


പഞ്ചുമേനവൻ: ഇയ്യാളുടെ നായാട്ടുഭ്രാന്തു കുറെ അധികം തന്നെ! ആ കുട്ടിയെ എന്തിനു വലിച്ചുകൊണ്ടുപോയി? ഗോവിന്ദൻകുട്ടിയും മാധവന്റെ മാതിരിതന്നെ ആയി എന്നു തോന്നുന്നു. അസത്തു കുട്ടികളെ ഇങ്കിരിയസ്സു പഠിപ്പിച്ചതിന്റെ ഫലം. ആട്ടെ ഈ സംബന്ധത്തെക്കുറിച്ചു നീ എന്തു വിചാരിക്കുന്നു?


ശങ്കരമേനവൻ: അമ്മാമനു് എങ്ങിനെ ഇഷ്ടമോ അതു പോലെ.


പഞ്ചുമേനവൻ: നമ്പൂതിരിപ്പാടു വിഡ്ഢിയാണെങ്കിലും വലിയ ഒരാളല്ലെ? അദ്ദേഹത്തിന്റെ സംബന്ധം നുമ്മടെ തറവാട്ടിലേക്കു വളരെ ഭൂഷണമായിരിക്കും. അതിനു സംശയമില്ല. പിന്നെ ഈ കുമ്മട്ടിയുടെ വർഗ്ഗത്തിൽ ഈ സംബന്ധമാവുന്നതിൽ മാത്രമെ എനിക്കു കുറെ സുഖക്കേടുള്ളു.


ശങ്കരമേനവൻ: അതു വിചാരിക്കാനില്ല. ആ പെണ്ണു സാധുവാണു്.


പഞ്ചുമേനവൻ: ആൺകുട്ടികളാണു വികൃതികൾ. ആട്ടെ, എന്നാൽ ശങ്കരനു സമ്മതമായോ?


ശങ്കരമേനവൻ: അമ്മാമൻ ഇഷ്ടപ്പെടുന്നതുപോലെ ചെയ്യുന്നതു് എനിക്ക് സമ്മതമാണു്.


പഞ്ചുമേനവൻ: എന്നാൽ നീ ഒന്നു നമ്പൂതിരിപ്പാട്ടിലെ അടുക്കെപ്പോയി വിവരം അറിയിക്കണം.


ശങ്കരമേനവൻ: ഇന്നുതന്നെ നടക്കണം എന്നാണോ നിശ്ചയിച്ചതു്?


പഞ്ചുമേനവൻ: (ചിറിച്ചുംകൊണ്ടു്) അങ്ങിനെയാണു നമ്പൂതിരിപ്പാടു പറഞ്ഞതു്. അങ്ങിനെ ആയ്ക്കോട്ടെ ഭാരം തീരട്ടെ—ഇന്നു നടന്നാൽ നാളെ രാവിലെ ഇവിടുന്നു പോവുമല്ലൊ. ഇന്നുതന്നെ ആയ്ക്കോട്ടെ അല്ലേ?


ശങ്കരമേനവൻ: അങ്ങിനെതന്നെ. ഞാൻ കേശവൻനമ്പൂരിയോടു പറഞ്ഞയയ്ക്കാം. അതല്ലേ നല്ലതു്?


പഞ്ചുമേനവൻ: വളരെ സ്വകാര്യമായിട്ടാണു് എന്നോടു് നമ്പൂതിരിപ്പാടു് ഈ കാര്യം പറഞ്ഞതു്. കേശവൻനമ്പൂരിയോടു ഇപ്പോൾ പറയണ്ട. പക്ഷേ, നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ഗോവിന്ദൻ എന്നവനെ വിളിച്ചു് പറഞ്ഞയച്ചോ. പഞ്ചുമേനവന്റെ കൽപന പ്രകാരം ശങ്കരമേനവൻ പടിമാളികയുടെ ചുവട്ടിൽപോയി ഗോവിന്ദനെ വിളിച്ചു വിവരം പറഞ്ഞു. ഗോവിന്ദൻ ഉടനെ നമ്പൂതിരിപ്പാടിരിക്കുന്ന അകത്തു ചെന്നു; നേരം രാത്രി ഏഴുമണിയായിരിക്കുന്നു. നമ്പൂതിരിപ്പാടു് നരി എര കാത്തു കിടക്കുമ്പോലെ പടിമാളികമുകളിൽത്തന്നെ ഇരിക്കുന്നു.


നമ്പൂതിരിപ്പാട്: എന്താണു ഗോവിന്ദാ! എല്ലാം ശട്ടമായോ?


ഗോവിന്ദൻ: റാൻ. സകലം ശട്ടമായി. എനി നീരാട്ടു കുളിക്കു് എഴുന്നള്ളാൻ താമസിക്കണ്ടാ. ഈ കാര്യം എല്ലാവർക്കും സമ്മതമായിരിക്കുന്നു. എന്നാലും ആരോടും ഇവിടുന്നു് അരുളിച്ചെയ്തുപോവരുതു്. ഇന്ദുലേഖയ്ക്കാണു സംബന്ധം ഇന്നുരാത്രി എന്നു് എല്ലാവരോടും അടിയൻ പ്രസിദ്ധമാക്കിയിരിക്കുന്നു.


നമ്പൂതിരിപ്പാട്: എനി അതു പറഞ്ഞാൽ വിശ്വസിക്കുമോ?


ഗോവിന്ദൻ: നീരാട്ടുകുളി കഴിഞ്ഞ ഉടനെ മഠത്തിൽവച്ചു ബ്രാഹ്മണർക്കു ദക്ഷിണകൊടുത്തുകളഞ്ഞാൽ മതി. ദക്ഷിണ കഴിഞ്ഞാൽ ആളുകൾ പിരിയും. പുറത്തേക്കു് എല്ലാം ഇന്ദുലേഖയ്ക്കാണു സംബന്ധം നടന്നതു് എന്നു് അവർ ശ്രുതിപ്പെടുത്തുകയും ചെയ്യും.


നമ്പൂതിരിപ്പാട്: മിടുക്കൻ തന്നെ നീ—മിടുമിടുക്കൻ. അപ്പോൾ കറുത്തേടവും ചെറുശ്ശേരിയും ഈ വിവരം അറിയില്ലേ?


ഗോവിന്ദൻ: ഇതുവരെ അറിഞ്ഞിട്ടില്ല. എന്തോ ചില സംശയങ്ങൾ ഉണ്ടെന്നു തോന്നുന്നു. സൂക്ഷ്മം ഒന്നും അറിയില്ലാ. വേഗം നീരാട്ടുകുളി കഴിഞ്ഞു ദക്ഷിണ കഴിയട്ടെ.


നമ്പൂതിരിപ്പാട്: ചെറുശ്ശേരി എവിടെയാണു്?


ഗോവിന്ദൻ: അമ്പലത്തിലോ മറ്റോ പോയിരിക്കുന്നു. അടിയൻ കണ്ടില്ലാ.


നമ്പൂതിരിപ്പാട്: കറുത്തേടമോ? കറുത്തേടത്തോടു് ഞാൻ ഇവിടെത്തന്നെ ഇരിക്കണമെന്നു പറഞ്ഞിരുന്നു.


ഗോവിന്ദൻ: ഇപ്പോൾ ഉറങ്ങി എണീട്ടു തെക്കെ അറയിൽ ഇരുന്നു മുറുക്കുന്നു.


നമ്പൂതിരിപ്പാട്: എന്നാൽ നോക്കു കുളിക്കാൻ പോവുക.


എന്നുംപറഞ്ഞു ഗോവിന്ദനെക്കൊണ്ടു ചങ്ങലവട്ടയും പിടിപ്പിപ്പിച്ചു നമ്പൂതിരിപ്പാടു താഴത്തിറങ്ങി. കൂടെ കേശവൻനമ്പൂരിയും പുറപ്പെട്ടു. അമ്പലത്തിന്റെ ഉമ്മറത്തായപ്പോൾ ശങ്കരശാസ്ത്രികളും രണ്ടു നമ്പൂരിമാരുംകൂടി ഏഴുമണിക്കു് അത്താഴവും കഴിച്ചു തീവണ്ടിസ്റ്റേഷനിലേക്കു പുറപ്പെട്ടു മിറ്റത്തു നിൽക്കുന്നതു കണ്ടു. അതിൽ ഒരു നമ്പൂരിയെ നമ്പൂതിരിപ്പാട്ടിലേക്കു പരിചയമുണ്ടായിരുന്നു. അദ്ദേഹവും ശാസ്ത്രികളും മറ്റേ നമ്പൂരിയും നമ്പൂതിരിപ്പാട്ടിലെ കണ്ടപ്പോൾ വഴിതെറ്റി അൽപം ഓച്ചാനിച്ചുനിന്നു.


നമ്പൂതിരിപ്പാട്: ഓ–ഹോ! കിളിമങ്ങലം എപ്പഴെത്തി? എങ്ങട്ടാണു് ഇപ്പോൾ ഈ അസമയത്തു യാത്ര?


കിളിമങ്ങലം: ഞാൻ അടിയന്തിരമായി കോടതിയിൽ ഒരു കാര്യമായി പോവുകയാണു്. വയ്യിട്ടു് ഇവിടെ എത്തി. നാളത്തെ വണ്ടിക്കു പോയി കോടതിയിൽ ഹാജരാകേണ്ട കാര്യമാണു്. അല്ലെങ്കിൽ ഇവിടുത്തെ കാണാതെ പുറപ്പെടുകയില്ലായിരുന്നു. സന്തോഷമായി, വന്ന വിവരവും മറ്റും ഞാൻ അറിഞ്ഞിരിക്കുന്നു. സന്തോഷമായി. ഞാൻ ഉടനെ അങ്ങട്ടു വന്നു കണ്ടുകൊള്ളാം.


നമ്പൂതിരിപ്പാട്: കിളിമങ്ങലം ഇന്ദുലേഖയെ കണ്ടുട്ടുണ്ടോ?


കിളിമങ്ങലം: ഇല്ല.


നമ്പൂതിരിപ്പാട്: എന്നാൽ എനി മനയ്ക്കൽ വന്നാൽ കാണാം. ഞാൻ പുലർച്ചയ്ക്കു പുറപ്പെടും.


കിളിമങ്ങലം: കൂടത്തന്നെ കൊണ്ടുപോവുന്നുണ്ടായിരിക്കും.


നമ്പൂതിരിപ്പാട്: ഇന്ദുലേഖാ കൂടത്തന്നെ. എനി അതിന്നു സംശയമുണ്ടോ?


കിളിമങ്ങലം: അങ്ങനെതന്നെയാണു വേണ്ടതു്. ഇവിടുത്തെ ഭാഗ്യം വേറെ ആർ സിദ്ധിച്ചിട്ടില്ലാ. ഞാൻ ഉടനെ മനയു്ക്കൽ വന്നു കണ്ടുകൊള്ളാം. ഈ സംഭാഷണം കഴിഞ്ഞ ഉടനെ ശാസ്ത്രികളും നമ്പൂരിമാരുംകുടി സത്രത്തിലേ പുറപ്പെട്ടു. തീവണ്ടിസ്റ്റേഷനിലേക്കുള്ള പകുതി വഴി അർദ്ധരാത്രിസമയമാവുമ്പോഴെയു്ക്ക് നടന്നു പൂവള്ളിവക സത്രത്തിൽ കയറിക്കിടന്നു് ഉറങ്ങുകയും ചെയ്തു.


നമ്പൂതിരിപ്പാടു ക്ഷണത്തിൽ കുളികഴിഞ്ഞു ബ്രാഹ്മണരെ മഠത്തിൽ വിളിച്ചു ദക്ഷിണതുടങ്ങി. ഇരുനൂറുപേർക്കു ദക്ഷിണ കഴിഞ്ഞ ഉടനെ ആളുകൾ എല്ലാം പിരിഞ്ഞു. ചെറുശ്ശേരി അപ്പോഴെയ്ക്കു് എത്തി. അദ്ദേഹം അതുവരെ പൂവരങ്ങിൽ ഇന്ദുലേഖയുടെ മാളികമുകളിൽ സംസാരിച്ചുംകൊണ്ടു് ഇരുന്നിരുന്നു. ശങ്കരമേനവൻ നമ്പൂതിരിപ്പാട്ടിനെ വിവരം അറിയിക്കാൻ ഗോവിന്ദനോടു പറഞ്ഞ ഉടനെ പൂവള്ളി വീട്ടിൽ വന്നു കല്യാണിക്കുട്ടിയുടെ അമ്മ കുമ്മിണിഅമ്മയോടു വിവരം അറിയിച്ചു്, എല്ലാം ശട്ടംചെയ്തോളാൻ പറഞ്ഞു. ഈ വിവരം കേട്ടപ്പോൾ കുമ്മിണിഅമ്മയ്ക്കു് ബഹു സന്തോഷമായി. ഉടനെ പാർവ്വതിഅമ്മയെ അറിയിച്ചു. പാർവ്വതിഅമ്മയ്ക്കു് ഇതുകേട്ടപ്പോൾ രണ്ടുപ്രകാരത്തിൽ സന്തോഷമുണ്ടായി. വിവരം ഇന്ദുലേഖയെ ഉടനെ അറിയിക്കേണമെന്നു നിശ്ചയിച്ചു. ക്ഷണത്തിൽ പാർവ്വതിഅമ്മ ഇന്ദുലേഖയുടെ മാളികയിൽ കയറിച്ചെന്നു. ചെല്ലുമ്പോൾ ഇന്ദുലേഖാ ചെറുശ്ശേരിനമ്പൂരിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പാർവ്വതിഅമ്മ കടന്നുവരുന്നതു കണ്ട ഉടനെ ഇന്ദുലേഖാ എഴുനീറ്റു് അടുത്തു ചെന്നു. സ്വകാര്യം ഒന്നു പറവാനുണ്ടു്, എന്നു പാർവ്വതിഅമ്മ പറഞ്ഞു. രണ്ടാളുംകൂടി അറയിലേക്കു പോയി.


പാർവ്വതിഅമ്മ: ഇന്ദുലേഖാ ഒരു വിശേഷം കേട്ടുവോ?


ഇന്ദുലേഖാ: ഇല്ലാ; എന്താണു്?


പാർവ്വതിഅമ്മ: നമ്പൂതിരിപ്പാടു നുമ്മടെ കല്യാണിക്കുട്ടിക്കു് ഇന്നുരാത്രി സംബന്ധം തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്നുവത്ര.


ഇന്ദുലേഖാ വല്ലാതെ ചിറിച്ചുപോയി, കുറേനേരം ചിറിച്ചു. ശ്വാസം നേരെ വന്നതിൽ പിന്നെ,


ഇന്ദുലേഖാ: നിങ്ങളോടു് ആരു പറഞ്ഞു?


പാർവ്വതിഅമ്മ: എന്തു്, ശങ്കരജ്യേഷ്ഠൻ പൂവള്ളി വന്നു പറഞ്ഞു. അവിടെ കട്ടിലും കിടക്കയും പടിഞ്ഞാറ്റകത്തു കൊണ്ടുപോയി ഇട്ടു് അറ വിതാനിക്കുന്ന തിരക്കായിരിക്കുന്നു. അമ്മാമൻ പുറത്തുതന്നെ ഇരിക്കുന്നുണ്ടു്. വിളക്കുകളും മറ്റും അറയിൽ നിന്നു് എടുക്കാൻ പറഞ്ഞു.


ഇന്ദുലേഖാ: കല്യാണിക്കുട്ടിയെ ഈ വിവരം അറിയിച്ചുവോ?


പാർവ്വതിഅമ്മ: പറഞ്ഞിട്ടില്ലാ. അവളെ ഞാൻ കണ്ടില്ലാ. ജ്യേഷ്ഠത്തി പറഞ്ഞിരിക്കുമോ എന്നറിഞ്ഞില്ലാ, ജ്യേഷ്ഠത്തിക്കു വളരെ സന്തോഷമുള്ളതുപോലെ തോന്നി.


ഇന്ദുലേഖാ: കഷ്ടം! ആ പെണ്ണിനു സംബന്ധം തുടങ്ങുന്ന വിവരം അവളെ അറിയിച്ചിട്ടു വേണ്ടേ? ആട്ടെ, നിങ്ങൾ പൊയ്ക്കോളിൻ. ഞാൻ പുറത്തിരിക്കുന്ന ആ നമ്പൂരിയെ പറഞ്ഞയച്ചിട്ടു് ഉടനെ പൂവള്ളി വരാം.


പാർവ്വതിഅമ്മ പോയ ഉടനെ ഇന്ദുലേഖ പുറത്തളത്തിൽ വന്നു ചെറുശ്ശേരിനമ്പൂരിയുടെ മുഖത്തു നോക്കി ഒന്നു ചിറിച്ചു.


ഇന്ദുലേഖാ: തിരുമനസ്സിന്നു് ഒരു വർത്തമാനം കേട്ടുവോ? നമ്പൂതിരിപ്പാടു വലിയച്ഛന്റെ മരുമകൾ കല്യാണിക്കുട്ടിക്കു് ഇന്നു രാത്രി സംബന്ധം തുടങ്ങുന്നുവത്ര.


ചെറുശ്ശേരി: (ചിറിച്ചുംകൊണ്ടു്) ദെവാധീനം! കല്യാണിക്കുട്ടിയേയും കിട്ടീല്ലെങ്കിൽ വൃഷളി അമ്മുവെ എങ്കിലും നിശ്ചയമായി സംബന്ധം ഉണ്ടാവും. കഷ്ടം! ബുദ്ധിക്കു വ്യവസ്ഥയും തന്റേടവും ഇല്ലാഞ്ഞാൽ ഒരു മനുഷ്യനെ എന്തിനു കൊള്ളാം! ഈ കേട്ട വർത്തമാനം ശരിയാണെങ്കിൽ യാത്ര പുലർച്ചെ ഉണ്ടാവും എന്നു തോന്നുന്നു. മാധവൻ എത്തുമ്പോഴെയ്ക്കു് ഞാൻ ഇവിടെ വരാം. മദിരാശിക്കു് വന്ന പിറ്റേദിവസം തന്നെ യാത്രയാണെങ്കിൽ വിവരത്തിനു് എനിക്കു് എഴുത്തയയു്ക്കണം. ഞാൻ മദിരാശിക്കു് എത്തിക്കൊള്ളാം. ഇന്ദുലേഖയ്ക്കും മാധവനും മേൽക്കുമേൽ ശ്രയസ്സു് ഉണ്ടാവട്ടെ.


എന്നുംപറഞ്ഞു ചെറുശ്ശേരി അവിടെനിന്നു് എറങ്ങി മഠത്തിൽ എത്തുമ്പോഴേയ്ക്കു് നമ്പൂതിരിപ്പാടു് ദക്ഷിണ കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഊണു കഴിഞ്ഞു നമ്പൂതിരിപ്പാടു മുറുക്കാൻ മഠത്തിന്റെ കോലാമ്മൽ ഇരുന്നു.


കേശവൻനമ്പൂരിക്കു് ആകപ്പാടെ വല്ലാതെ ഒരു പരിഭ്രമമായി. ദക്ഷിണയും മറ്റും കൊടുക്കുന്നതു കണ്ടതുകൊണ്ടും നമ്പൂതിരിപ്പാടു കിളിമങ്ങലത്തുനമ്പൂതിരിയോടു പറഞ്ഞ വാക്കുകൾ ഓർത്തും ഉച്ചയ്ക്കു പാട്ടും മറ്റും നടന്ന അവസ്ഥ വിചാരിച്ചും ഇന്ദുലേഖയുടെ സംബന്ധം അന്നുതന്നെ ഉണ്ടാവും എന്നു വിചാരിച്ചുവെങ്കിലും പിന്നെയും ഒരു പരിഭ്രമം! പരിഭ്രമത്തിന്നു കാരണം എന്താണെന്നു് ഈ ശുദ്ധാദാവിനുതന്നെ നിശ്ചയമില്ലാ. നമ്പൂതിരിപ്പാടു് ഇന്ദുലേഖയുടെ മാളികയിൽനിന്നു പകൽ രണ്ടുമണിക്കു് എറങ്ങിയമുതൽ നമ്പൂതിരിപ്പാട്ടിലെ കൽപനപ്രകാരം ടി മാളികയിൽനിന്നു് ഒരു ദിക്കിലും കേശവൻനമ്പൂരി പോകയോ യാതൊരു വർത്തമാനവും അറികയോ ഉണ്ടായിട്ടില്ലാ. നമ്പൂതിരിപ്പാടു മുറുക്കാൻ കോലാമ്മൽ ഇരുന്ന ഉടനെ കേശവൻനമ്പൂരി ചെറുശ്ശേരിനമ്പൂരിയെ കൈകൊണ്ടു മാടിവിളിച്ചു് അകത്തേക്കു കൊണ്ടുപോയി.


കേശവൻനമ്പൂരി: എന്താണു ചെറുശ്ശേരീ, ഇതു കഥ? എനിക്കു് ഒന്നും മനസ്സിലായില്ലെല്ലൊ. ചെറുശ്ശേരി ഇത്രനേരം എവിടെയായിരുന്നു?


ചെറുശ്ശേരിനമ്പൂരി: ഞാൻ ഇന്ദുലേഖയുടെ മാളികമേൽ ഉണ്ടായിരുന്നു.


കേശവൻനമ്പൂരി: എന്താണു്, ഇന്നു് സംബന്ധം ഉണ്ടെന്നു പറഞ്ഞു ദക്ഷിണയും മറ്റും ഉണ്ടായി. ഇന്ദുലേഖയ്ക്കു സമ്മതമായി എന്നു തോന്നുന്നു.


ചെറുശ്ശേരിനമ്പൂരി: ഇന്നു സംബന്ധം ഉണ്ടു് —അതു നിശ്ചയം. പക്ഷേ ഇന്ദുലേഖയു്ക്ക് അല്ലാ.


ഈ വാക്കു കേട്ടപ്പോൾ കേശവൻനമ്പൂരിയുടെ ജീവൻ ഒന്ന് ഞെട്ടി ബോധക്ഷയംപോലെ തോന്നി. അവിടെത്തന്നെ കുത്തിരുന്നു. കുടിപ്പാൻ വെള്ളം വേണമെന്നു പറഞ്ഞു. ഒരു കിണ്ടി വെള്ളം കുടിച്ചു. തന്നെ പടിമാളികയിൽത്തന്നെ ഇരുത്തിയതിന്റെ കാരണവും, പഞ്ചുമേനവനും നമ്പൂതിരിപ്പാടുമായി സ്വകാര്യം പറഞ്ഞതിന്റെ സംഗതിയും മനസ്സിലായി. തന്റെ ഭാര്യ ലക്ഷ്മിക്കുട്ടി പോയി എന്നു നിശ്ചയിച്ചു്, പ്രാണവേദന സഹിപ്പാൻപാടില്ലാതെ ചെറുശ്ശേരിയുടെ മുഖത്തേക്കു് ഒന്നു നോക്കി. കേശവൻനമ്പൂരി കുറെ ഒന്നു പഠിക്കണം എന്നു ചെറുശ്ശേരിക്കു നല്ല താൽപര്യം ഉണ്ടായിരുന്നു.


ചെറുശ്ശേരിനമ്പൂരി: എന്താണു മുഖത്തു നോക്കുന്നത്? ഈ ഏഷാകൃതിയൊക്കെ കറുത്തേടംതന്നെ ഉണ്ടാക്കിയതല്ലേ?


ഈ ചോദ്യം കേട്ടപ്പോൾ കേശവൻനമ്പൂരിക്കു സംശയം എല്ലാം തീർന്നു.


കേശവൻനമ്പൂരി: ഞാൻ ഇതൊന്നും ഓർത്തില്ലാ ചെറുശ്ശേരീ! ഞാൻ മഹാ സാധുവാണു്. എന്റെ ഗ്രഹപ്പിഴയ്ക്കു് എനിക്കു് ഇതെല്ലാം തോന്നി. ഞാൻ എനി ഇവിടെ ഒരു നിമിഷം താമസിക്കുകയില്ലാ. എനി ഈ ദിക്കിൽ ഈ ജന്മം ഞാൻ വരികയുമില്ലാ. ഞാൻ പുറപ്പെടട്ടെ?


ചെറുശ്ശേരിനമ്പൂരി: നമ്പൂതിരിയോടു യാത്ര ചോദിക്കാതെ പോവാൻ പാടുണ്ടോ?


കേശവൻനമ്പൂരി: ഈ ജന്മം ഈ നമ്പൂതിരിയോടു ഞാൻ സംസാരിക്കില്ല. ഈ ജന്മം ഞാൻ മൂർക്കില്ലാത്തമനയു്ക്കൽ കടക്കുകയും ഇല്ല. ഞാൻ ഈ നമ്പൂതിരിയുടെ കുടിയാനല്ലാ. ഇയാളുടെ ആശ്രയം വേണ്ടെന്നുവെച്ചാൽ എനിക്കു കഴിയില്ലെന്നു വന്നിട്ടില്ല. ഇത്ര വികൃതിയും ദുഷ്ടനും ആണു് ഇയ്യാൾ എന്നു ഞാൻ മുമ്പു് അറിഞ്ഞില്ല.


ചെറുശ്ശേരിനമ്പൂരി: ഇന്ദുലേഖയുടെ സംബന്ധകാര്യം കൊണ്ടു് ഉത്സാഹിക്കണമെന്നു പണ്ടു് എന്നോടു് കറുത്തേടം പറഞ്ഞതും ഞാൻ കഴിയില്ലെന്നു പറഞ്ഞതും ഇപ്പോൾ ഓർമ്മയുണ്ടോ?


കേശവൻനമ്പൂരി: ഓർമ്മയുണ്ടു്. ചെറുശ്ശേരി ബുദ്ധിമാനല്ലേ. ചെറുശ്ശേരിയുടെ ബുദ്ധിയിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ ആപത്തു് ഒന്നും എനിക്കു വരുന്നതല്ലായിരുന്നു.


ചെറുയേരിനമ്പൂരി: ആട്ടെ, താന്താങ്ങൾക്കു് ആവശ്യമില്ലാത്ത കാര്യത്തിൽ പ്രവേശിച്ചാൽ ഇങ്ങിനെയെല്ലാം വ്യസനിക്കേണ്ടിവരുമെന്നു് ഇപ്പോൾ ബോദ്ധ്യമായോ?


കേശവൻനമ്പൂരി: നല്ല ബോദ്ധ്യമായി ചെറുശ്ശേരീ! ഞാൻ എനി പോവുന്നു. ഞാൻ ഈ സംബന്ധവും കണ്ടുകൊണ്ടു ഇവിടെ ഇരിക്കില്ലാ. ഞാൻ വാലിയക്കാരെ വിളിക്കട്ടെ.


ചെറുശ്ശേരിനമ്പൂരി: എന്താണു് ഈ സംബന്ധം കണ്ടാൽ കറുത്തേടത്തിനു വിരോധം?


കേശവൻനമ്പൂരി: നല്ല ശിക്ഷ—ശിക്ഷ ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്നു താൻ വിചാരിക്കേണ്ട. ഞാൻ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹുയോഗ്യത, അല്ലേ?


ചെറുശ്ശേരിനമ്പൂരി: ഇതു എന്തു കഥയാണു ഹേ!— നമ്പൂതിരി കല്യാണിക്കുട്ടിക്കു സംബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാൽ കറുത്തേടം ശപ്പനായിപ്പോവുമോ?


കേശവൻനമ്പൂരി വല്ലാതെ ആശ്ചര്യപ്പെട്ടു വായ പിളർന്നു പോയി.


കേശവൻനമ്പൂരി: കല്യാണിക്കുട്ടിക്കോ?—കല്യാണിക്കുട്ടിക്കുട്ടിക്കാണോ സംബന്ധം?


ചെറുശ്ശേരിനമ്പൂരി: അതെ,കല്യാണിക്കാണു്.


കേശവൻനമ്പൂരി: ശിവ! ശിവ! നാരായണ! നാരായണ! ഞാൻ വല്ലാതെ അന്ധാളിച്ചു! ശിവ! ശിവ! ചെറുശ്ശേരി എന്നെ കഠിനമായി വ്യസനിപ്പിച്ചു.


ചെറുശ്ശേരിനമ്പൂരി: ഞാൻ ഒന്നും വ്യസനിപ്പിച്ചില്ലാ. കറുത്തേടം വെറുതെ വ്യസനിച്ചതാണു്. അതിനു ഞാൻ എന്തു ചെയ്യട്ടെ? ഇന്ന ആൾക്കാണു സംബന്ധം എന്നു ഞാൻ പറഞ്ഞുവോ? എന്നോടു കറുത്തേടം ചോദിച്ചുവോ?—ഇല്ലാ. ഇന്ദുലേഖയ്ക്കു് അല്ല സംബന്ധം എന്നല്ലേ ഞാൻ പറഞ്ഞുള്ളു. വെറുതെ അന്ധാളിച്ചു കറുത്തേടത്തിന്റെ ഭാര്യയ്ക്കാണെന്നു വിചാരിച്ചു വ്യസനിച്ചാൽ എന്തു ചെയ്യും?


കേശവൻനമ്പൂരിക്കു് ജീവൻ നേരെയായി. രണ്ടുപേരും കൂടി നമ്പൂതിരിപ്പാടു് ഇരിക്കുന്നിടത്തേക്കു ചെന്നു.


ഉടനെ നമ്പൂതിരിപ്പാടും ചെറുശ്ശേരിനമ്പൂരിയും കേശവൻനമ്പൂരിയും മറ്റും പൂവരങ്ങിലേക്കു വന്നു. കുറേനേരം പഞ്ചുമേനവനുമായി സംസാരിച്ചശേഷം “എനി അങ്ങട്ടു് എഴുന്നെള്ളാം,” എന്നു പഞ്ചുമേനവൻ പറഞ്ഞപ്രകാരം നമ്പൂതിരിപ്പാടു്, ചെറുശ്ശേരിനമ്പൂരി, കേശവൻനമ്പൂരി, തന്റെ ഭൃത്യവർഗ്ഗങ്ങൾ ഇവരെല്ലാവരോടുംകൂടി പൂവള്ളിവീട്ടിലേക്കു പോയി.


സാധാരണ സമ്പ്രദായപ്രകാരം നമ്പൂതിരിപ്പാടു കാൽ കഴുകി അകത്തേക്കു കടന്നു പടിഞ്ഞാറ്റ അറയിൽ അതിവിശേഷമായി വിരിച്ച പട്ടുകിടക്കയിൽ കിടന്നു. ആ അകത്തിന്റെ കിഴക്കെവാതിലടച്ചു. അപ്പോൾ ആ വീട്ടിൽ ഉള്ള സ്ത്രീകളെല്ലാംകൂടി തിക്കിത്തിരക്കി പറിഞ്ഞാറ്ററയുടെ പടിഞ്ഞാറെ വാതിലിൽക്കൂടി ഒരു ജീവനുള്ള പന്നിയേയോ മറ്റോ പിടിച്ചു കൂട്ടിലാക്കുന്നതുപോലെ സാധു കല്യാണിക്കുട്ടിയെ പിടിച്ചു തിരക്കി തള്ളി പടിഞ്ഞാറ്ററയിൽ ഇട്ടു പടിഞ്ഞാറേ വാതിലും ബന്ധിച്ചു. സംബന്ധവും കഴിഞ്ഞു. ഗോവിന്ദൻ അതിജാഗ്രതയോടെ ഹമാലന്മാരെയും മറ്റും ശട്ടംചെയ്തു പല്ലക്കു്, മഞ്ചൽ മുതലായതു രാത്രിതന്നെ എടുത്തു പുറത്തു വെപ്പിച്ചു് ലേശം ഉറങ്ങാതെ നിന്നു. വഴിയിൽവെച്ചോ മറ്റോ ആരെങ്കിലും ചോദിച്ചാൽ ഇന്ദുലേഖയെത്തന്നെയാണു സംബന്ധംചെയ്തു കൊണ്ടുപോവുന്നതു് എന്നു പറയണം എന്നു നമ്പൂതിരിപ്പാട്ടിലെ കൂടെയുള്ള ശേഷം എല്ലാവരോടും താക്കീതുചെയ്തു ഭദ്രമായി ഉറപ്പിച്ചു. വെളിച്ചാവാൻ ഒരു പത്തുനാഴിക ഉള്ളപ്പോൾതന്നെ പടിഞ്ഞാറ്ററയിലെ വാതുക്കൽ ചെന്നുനിന്നു് ഗോവിന്ദൻ ചുമച്ചും ഒച്ച ഇട്ടും നമ്പൂതിരിപ്പാട്ടിലെ ഉണർത്തി. ഉടനെ വീട്ടിൽ എല്ലാവരും ഉണർന്നു. പൂവരങ്ങിൽനിന്നു പഞ്ചുമേനവനും കേശവൻ നമ്പൂരിയും വന്നു. പെണ്ണിനെ പിടിച്ചു് ഒരു പല്ലക്കിൽ ഇട്ടുപൂട്ടി. നമ്പൂതിരിപ്പാടു് അദ്ദേഹത്തിന്റെ പല്ലക്കിൽ കയറി. കേശവൻനമ്പൂരി അനുയാത്ര ചെയ് വാ൯ നിശ്ചയിച്ചു് ഒരു മഞ്ചലിലും ചെറുശ്ശേരി ചിറിച്ചുംകൊണ്ടു തന്റെ മഞ്ചലിലും കയറി. ആട്ടും തുപ്പും നിലവിളിയുമായി പുറപ്പെട്ടുപോകയും ചെയ്തു.