ഇന്ദുലേഖ/പഞ്ചുമേനോന്റെ ക്രോധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഇന്ദുലേഖ/അഞ്ചു് - പഞ്ചുമേനോന്റെ ക്രോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം അഞ്ചു്: പഞ്ചുമേനോന്റെ ക്രോധം

അഞ്ചു്[തിരുത്തുക]

പഞ്ചുമേനോന്റെ ക്രോധം[തിരുത്തുക]

തന്റെ സമ്മതംകൂടാതെ ശിന്നനെ മദിരാശിക്കു കൊണ്ടുപോയതുകൊണ്ടും , ശീനുപട്ടരുടെ അധികപ്രസംഗമായ വാക്കുകളെക്കൊണ്ടും പഞ്ചുമേനോന്നു ക്രോധം സഹിച്ചുകൂടാതെയായി. താൻ നേരിട്ടുകാണുന്ന സർവ്വജനങ്ങളേയും ഒരുപോലെ ശകാരവും , പാടുള്ളേടത്തു പ്രഹരവും തുടങ്ങി. ഒന്നാമത്— ചാത്തരമേനോനെ വിളിക്കാൻ പറഞ്ഞു . വളരെ സാധുവും ക്ഷമാഗുണമുള്ളവനും ആയ ചാത്തരമേനോൻ പഞ്ചുമേനോന്റെ മുമ്പിൽ വന്നു പഞ്ചപുച്ഛമോടെ ഭയപ്പെട്ടുകൊണ്ടുനിന്നു.

പഞ്ചുമേനോൻ: എടാ കുരുത്തംകെട്ട കഴുവേറി ,തെമ്മാടി , ശിന്നനെ മദിരാശിക്ക് അയച്ചുവോ? എടാ!

ചാത്തരമേനോൻ: ശിന്നനെ മദിരാശിക്കു മാധവൻ കൂട്ടിക്കൊണ്ടുപോയി.

പഞ്ചുമേനോൻ: നിന്റെ സമ്മതം കൂടാതെയോ ?

ചാത്തരമേനോൻ: എന്നോടു പ്രത്യേകം സമ്മതം ഒന്നും ചോദിച്ചിട്ടില്ലാ .

പഞ്ചുമേനോൻ: നിന്റെ സമ്മതം കൂടാതെയോ കൂടീട്ടോ കൊണ്ടുപോയതു് ?— അതുപറ ,തെമ്മാടീ, അതുപറ.

ചാത്തരമേനോൻ: ഞാൻ വിരോധിച്ചിട്ടില്ലാ .

പഞ്ചുമേനോൻ: എന്തുകൊണ്ടു നീ വിരോധിച്ചിട്ടില്ലാ? എനിക്ക് ഈ കാര്യം സമ്മതമല്ലെന്നു നീ അറിയില്ലേ? പിന്നെ എന്തുകൊണ്ടു വിരോധിച്ചിട്ടില്ലാ?

ചാത്തരമേനോൻ: വയിലമ്മാമനോടു് അച്ഛൻ ചോദിച്ചു സമ്മതം വാങ്ങി എന്നു പറഞ്ഞു .

പഞ്ചുമേനോൻ: ഏതു് അച്ഛൻ ? കോമട്ടിയോ ? ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടിൽ കയറ്റിയ മുതൽ ഇവിടെ കുരുത്തക്കേടേ ഉണ്ടായിട്ടുള്ളു . ആ കോമട്ടി നിന്നോടു് എന്താണു പറഞ്ഞതു്?

ചാത്തരമേനോൻ: അച്ഛൻ ചോദിച്ചു സമ്മതം വാങ്ങി എന്നു് എന്നോടു ഗോപാലനാണു പറഞ്ഞതു്.

പഞ്ചുമേനോൻ: ഗോപാലനെ വിളിക്കു്.


ഈ ഗോപാലൻ കുറെ ധൃതിക്കാരനും അവിവേകിയും ആയ ഒരു ചെറുപ്പക്കാരനാണു്. കൽപനപ്രകാരം ഗോപാലൻ കാരണവരുടെ മുമ്പിൽ വന്നു നിന്നു .

പഞ്ചുമേനോൻ: നിന്നോടു നിന്റെ അച്ഛൻ കോമട്ടി എന്താണെടാ പറഞ്ഞതു് ? ശിന്നനെ അയയ്ക്കാൻ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞുവോ ?

ഗോപാലൻ: എന്റെ അച്ഛൻ കോമട്ടിയല്ല–പട്ടരാണു് .

പഞ്ചുമേനോൻ: എന്തു പറഞ്ഞു നീ–കുരുത്തംകെട്ട ചെക്കാ!


എന്നു പറഞ്ഞു് പഞ്ചുമേനോൻ എഴുനീറ്റു ഗോപാലനെ രണ്ടു മൂന്നു പ്രഹരിച്ചു .

ഗോപാലൻ: എന്നെ വെറുതെ തല്ലെണ്ട.

പഞ്ചുമേനോൻ: തല്ലിയാൽ എന്താണെടാ ? ഇപ്പോൾ തല്ലിയില്ലേ ? എന്നിട്ടു് എന്താണു് , നീ കൊണ്ടില്ലേ?


അപ്പൊഴെയ്ക്കു ശങ്കരമേനോൻ ഓടിയെത്തി . അമ്മാമന്റെ മുമ്പിൽ പോയിനിന്നു ഗോപാലനെ പിടിച്ചു് പിന്നിൽ നിർത്തി.

പഞ്ചുമേനോൻ: ശങ്കരാ, ഇവിടെ കാര്യമെല്ലാം തെറ്റിക്കാണുന്നു . കലിയുഗത്തിന്റെ വിശേഷം! ആ കുരുത്തംകെട്ട മാധവൻ എന്നെ അവമാനിച്ചതു് എല്ലാം നീ കേട്ടില്ലേ ? അവനെ എന്റെ കഷ്ടകാലത്തിനു് ഞാൻ ഇങ്കിരീസ്സു പഠിപ്പിച്ചതിനാൽ എനിക്കു വന്ന ദോഷമാണു് ഇതു് . അതു് ഇരിക്കട്ടെ. ഇപ്പോൾ ഈ തെക്കും വടക്കും തിരിയാത്ത ഈ ചെക്കൻ ഗോപാലൻകൂടി എന്നോടു് ഉത്തരം പറയുന്നു. ഇവന്റെ പല്ലു തല്ലിക്കളയണ്ടേ ?

ശങ്കരമേനോൻ: ഈ കാലത്തു കുട്ടികളോടു് അധികം സംസാരിക്കാ൯ പോകാതെ ഇരിക്കുന്നതാണു നല്ലതു്. ഗുരുത്വം , ലേശമില്ലാത്ത കാലമാണു് . ഞാൻ ഇവറ്റകളോടു് ഒന്നും പറയാറില്ല.

പഞ്ചുമേനോൻ: നിയ്യാണു് ഇവരെയെല്ലാം ഇങ്ങിനെ തുമ്പില്ലാതെ ആക്കുന്നതു്. ആട്ടെ–ചാത്തര, ഇനിമേലിൽ ചെറുതുരുത്തിക്കളത്തിലെ കാര്യം ഒന്നും നോക്കേണ്ട. കാര്യം ഇപ്പോൾ വെക്കണം പിരിഞ്ഞ പണത്തിന്റെ കണക്കും കാണിക്കണം–ഈ നിമിഷം വേണം.

ചാത്തരമേനോൻ: വലിയമ്മാമന്റെ കൽപനപോലെ നടക്കാം .

പഞ്ചുമേനോൻ: കഴുവേറീ! നിണക്കു വലിയമ്മാമന്റെ കൽപനയോ ? കോമട്ടിയുടെ മകൻ അല്ലേ എടാ നീ? അതുകൊണ്ടാണു നീ ഇങ്ങിനെ കുരുത്തംകെട്ടുപോയതു്. നിണക്കു വല്ലതും വേണമെങ്കിൽ എന്റെ ഇഷ്ടം കൂടാതെ ഉണ്ടാകയില്ല. മാധവനു് അവന്റെ അച്ഛൻ അധികപ്രസംഗി ഗോവിന്ദപ്പണിക്കരു കൊടുക്കും. ഗോവിന്ദപ്പണിക്കർക്കു കുടുംബവും ഇല്ലാ. ആ അഹമ്മതിയാണു് മാധവനു്. നിന്റെ അച്ഛൻ കോമട്ടിക്കു് എന്തു തരുവാൻ കഴിയും? സദ്യയിൽ എച്ചിലിൽനിന്നു വാരുന്ന പപ്പടവും പഴവും–അല്ലേ? മറ്റെന്തുണ്ടു് ആ കോമട്ടിക്കു്? നീ എന്തിനു പിന്നെ ഇത്ര കുറുമ്പുകാണിക്കുന്നു കുരുത്തംകെട്ട ചെക്കാ! നീ എന്താണു മിണ്ടാത്തതു്?

ചാത്തരമേനോൻ: എനിക്കു എല്ലാറ്റിനും വലിയമ്മാമൻ തന്നേ ഗതിയുള്ളു .

പഞ്ചുമേനോൻ: പിന്നെ നീ എന്തിനു മാധവനെപ്പോലെ കുറുമ്പുകാണിക്കുന്നു? ആരാടാ ശിന്നനു ചിലവിന്നു പണം കൊടുത്തതു്?

ചാത്തരമേനോൻ: അച്ഛനാണെന്നു പറഞ്ഞു ഗോപാലൻ .

പഞ്ചുമേനോൻ: (ഗോപാലനോടു് ) അങ്ങനെതന്നെയോ?

ഗോപാലൻ: അച്ഛനാണു കൊടുത്തതു്.

പഞ്ചുമേനോൻ: അച്ചൻ—നിന്റെ അച്ചൻ പാല എരപ്പാളി! അവനു് എവിടുന്നായിരുന്നു പണം?

ഗോപാലൻ: എന്റെ അച്ഛൻ കോമട്ടിയല്ല.

ശങ്കരമേനോൻ: അധികപ്രസംഗം പറയണ്ടാ .


പഞ്ചുമേനോൻ എണീറ്റു തല്ലാൻ ഓടിയെത്തി. ശങ്കരമേനോൻ മദ്ധ്യത്തിൽ ചാടി അമ്മാമന്റെ കോപം ശമിപ്പിക്കാൻ ശ്രമിച്ചതിൽ രണ്ടുമൂന്നു പ്രഹരം അയാൾക്കും കിട്ടി.

പഞ്ചുമേനോൻ: ശങ്കരാ! ഗോപാലനെ ഏൽപിച്ച പറമ്പുകൾ എല്ലാം ഇപ്പോൾ തിരിയെ വാങ്ങണം. ഈ അസത്തിനു് എനി ഒരു കാശുപോലും ഞാൻ കൊടുക്കുകയില്ല.

ഗോപാലൻ: പറമ്പുകൾ എല്ലാം ഞാൻ ഒരു കൊല്ലത്തേക്കു കുടിയാന്മാരെ പാട്ടത്തിനു് ഏൽപിച്ചുപോയിരിക്കുന്നു. കൊല്ലം കഴിഞ്ഞേ കുടിയാന്മാരു് ഒഴികയുള്ളു.

പഞ്ചുമേനോൻ: നീ ഒഴിയില്ലേ?

ഗോപാലൻ: കുടിയാന്മാരാണു് ഒഴിയേണ്ടതു്.

പഞ്ചുമേനോൻ: നീ ഒഴിയില്ലേ? നിണക്കു കാണണോ? നിണക്കു കാണണോ ഒഴിയുന്നതു്?

ഗോപാലൻ: ഒഴിയുന്നതു ഞാൻ കണ്ടോളാം.

പഞ്ചുമേനോൻ: നീ ഒഴിയുമോ ഇല്ലയോ?

ഗോപാലൻ: എന്റെ കെവശം പറമ്പുകൾ ഇല്ല.

പഞ്ചുമേനോൻ: എന്താണ്—എടാ കള്ളാ–കളവുപറയുന്നുവോ? നിന്നെ ഞാൻ പറമ്പുകൾ ഏൽപിച്ചിട്ടില്ലെന്നു പറയുന്നുവോ?

ഗോപാലൻ: ഏൽപിച്ചിട്ടില്ലെന്നു ഞാൻ പറഞ്ഞില്ല. ഞാൻ ഒരു കൊല്ലത്തേക്ക് ആളെ ഏൽപിച്ചിരിക്കുന്നു എന്നാണു പറഞ്ഞതു്.

പഞ്ചുമേനോൻ: നീ ഓരോ ദുസ്തർക്കങ്ങൾ പറയുന്നുവോ?


എന്നു പറഞ്ഞു് മേനോൻ എണീറ്റു പിന്നെയും തല്ലാൻ ഓടിയെത്തി. ഗോപാലൻ ഓടിക്കളഞ്ഞു. പിന്നാലെതന്നെ വൃദ്ധനും മുമ്പിൽ ഗോപാലനും ഓടി അകത്തുനിന്നു പുറത്തുചാടി. മിറ്റത്തു് ആസകലം ഓടി; ഒടുവിൽ കിടങ്ങിന്റെ വാതിൽ ഓടിക്കടക്കുമ്പോൾ പഞ്ചുമേനോൻ വീണു കാലിന്റെ മുട്ടുകൾ പൊട്ടി. അപ്പോഴേക്കു ശങ്കരമേനോൻ ചെന്നു പിടിച്ചു് എടുത്തു. പഞ്ചുമേനോൻ വലിയ ദേഷ്യത്തോടുകൂടി പിന്നെയും ഓടാൻ ഭാവിച്ചു. ശങ്കരമേനോൻ പിടിച്ചുനിർത്തി സാന്ത്വനവാക്കുകൾ പറഞ്ഞു.

പഞ്ചുമേനോൻ: നാരായണ!–കാലവെഭവം നോക്കൂ–കലിയുഗത്തിന്റെ ഒരു വിശേഷം ! ഈ കുരുത്തംകെട്ട ചെക്കന്റെ വഴിയെ ഓടി വീണു് ഇതാ എന്റെ കാലുകൾ പൊട്ടി . ഞാൻ ഇതെല്ലാം അനുഭവിക്കാറായല്ലൊ . കുമ്മിണിക്കും ഈ കുരുത്തംകെട്ട കുട്ടികൾക്കും എനി അര പയിസ്സപോലും അനുഭവമുള്ള യാതൊരു വസ്തുവും കൊടുക്കരുതു് ; സകലവും ഇന്നു് ഏറ്റുവാങ്ങണം ശങ്കരാ. വാലിയക്കാരും ദാസിമാരും ചോറുതിന്നുന്നതുപോലെ ചോറുമാത്രം തിന്നോട്ടെ.


എന്നുംപറഞ്ഞു പഞ്ചുമേനോൻ അതി ദേഷ്യത്തോടെ മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിരെ ഒന്നു ശകാരിക്കണം എന്നു നിശ്ചയിച്ചു് അദ്ദേഹത്തിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു . വഴിയിൽവെച്ചു് ശീനുപട്ടരെ കണ്ടു.

പഞ്ചുമേനോൻ: എന്താണു താൻ മിനിയാന്നു മാളികയിന്മേൽ നിന്നു പറഞ്ഞതു് ?

ശീനുപട്ടർ: എന്തോ എനിക്കോർമ്മയില്ല.

പഞ്ചുമേനോൻ: കോമട്ടീ! ഓർമ്മയില്ലേ ?

ശീനുപട്ടർ: എന്തിനു ബ്രാഹ്മണരെ വെറുതെ അപമാനമായ വാക്കു പറയുന്നു?

പഞ്ചുമേനോൻ: ബ്രാഹ്മണൻ ! താൻ ബ്രാഹ്മണനല്ല . താൻ എന്താണു പറഞ്ഞതു്?


ശീനുപട്ടർക്കും കുറെ ദേഷ്യം വന്നു.

ശീനുപട്ടർ: നിങ്ങൾ കുട്ടിയെ കഴുവിന്മേൽ കയറ്റാൻ പറഞ്ഞപ്പോൾ അങ്ങിനെ അല്ല ഇങ്കിരിയസ്സു പഠിപ്പിക്കാറു് എന്നു ഞാൻ പറഞ്ഞു.

പഞ്ചുമേനോൻ: താൻ എനി മേലിൽ എന്റെ വീട്ടിൽ കട കടക്കരുതു്.

ശീനുപട്ടർ: ഓ–ഹൊ. എനിക്കു പൂർണ്ണസമ്മതം. കടക്കുന്നില്ല.

പഞ്ചുമേനോൻ: ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുതു്.

ശീനുപട്ടർ: അതു നിങ്ങളുടെ കൽപനയല്ലാ . എല്ലാ ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം.

പഞ്ചുമേനോൻ: എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതംകൂടാതെ താൻ കടക്കുമോ? കാണട്ടെ എന്നാൽ.

ശീനുപട്ടർ: എന്താണു കാണാൻ ? ശരിയായിട്ടു കടക്കും. വിരോധിച്ചാൽ ഞാൻ നിങ്ങളെ മേൽ അന്യായം കൊടുക്കും.

പഞ്ചുമേനോൻ “എന്തു പറഞ്ഞൂ കോമട്ടീ , ” എന്നു പറഞ്ഞു പട്ടരുടെ നേരെ അടുത്തു . ഈ ഒച്ചയും കൂട്ടവും എല്ലാം കേട്ടു ശങ്കരമേനോൻ ഓടിയെത്തി . പട്ടരോടു് ഓടിക്കോളാൻ ഭാവംകൊണ്ടു് അറിയിച്ചു. താൻ അമ്മാവന്റെ അടുത്തുപോയിനിന്നു സമാധാനം പറഞ്ഞുതുടങ്ങി.

പഞ്ചുമേനോൻ: ഈ ശീനുപട്ടരെ ഈ ദിക്കിൽ ഞാൻ എനി കാണരുതു് . അയാൾ എന്റെമേൽ അന്യായംകൊടുക്കുമ്പോലും! അസത്തു് , ദുഷ്ടൻ , പാപി , ദിവാൻജി അമ്മാമന്റെ കൂടെ കുട്ടിപ്പട്ടരായി നടന്നവനാണു് ഈ കോമട്ടി . എന്റെ വിഡ്ഢിത്തം കൊണ്ടു തറവാട്ടിൽ കയറ്റി . അവന്റെമാതിരിതന്നെ അസത്തുക്കളായ രണ്ടുനാലു കുട്ടികളേയും ഉണ്ടാക്കിവെച്ചു് . അവരു നിമിത്തം ഇപ്പോൾ എന്റെ സ്വന്തം മരുമകൻ , എന്റെ സ്വന്തം കുട്ടി മാധവനുമായിട്ടു തന്നെ ഞാൻ ശണ്ഠ ഇടാൻ കാരണമായി . “സ്വന്തം കുട്ടി മാധവൻ ” എന്നു പറഞ്ഞപ്പോൾ ഈ ശുദ്ധാദാവിനു് എടത്തൊണ്ട വിറച്ചു കണ്ണുനീർ വന്നുപോയി.

ശങ്കരമേനോൻ: മാധവൻ ഇങ്ങിനെയൊന്നും ആവുകയില്ല . അവൻ എന്തോ ഒരു ദേഷ്യത്തിന്നു് അവിവേകമായി പറഞ്ഞു പോയി എന്നേയുള്ളു .


“അവിവേകമായി പറഞ്ഞുപോയി” എന്നു പറഞ്ഞുകേട്ടപ്പോൾ മാധവനെക്കുറിച്ചു പിന്നെയും പഞ്ചുമേനോന്നു കലശലായി ദേഷ്യംവന്നു.

പഞ്ചുമേനോൻ: നീ ഒരു ബുദ്ധിയില്ലാത്ത കഴുതയാണു് , ശപ്പനാണു് , എരപ്പാളിയാണു് . അവിവേകമായി പറഞ്ഞുപോയോ? മാധവനോ ? ആട്ടെ— അവൻ കണ്ടോട്ടെ . അവനെ ഞാൻ , എന്നോടു പറഞ്ഞതിനു നല്ലവണ്ണം ‘ദ്രോഹിക്കും.’ അവൻ വ്യസനിച്ചു് എന്റെ കാൽക്ക വന്നു വീഴും. അവന്റെ അച്ഛന്റെ പണവും പുല്ലും എനിക്കു സമം. എന്നുംപറഞ്ഞു പഞ്ചുമേനോൻ വടിയും കുത്തി ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കു പോയി. ശങ്കരമോനോൻ പിന്നാലെ പോയില്ല. ശങ്കരമേനോൻ കുറെ ബുദ്ധിയുള്ള ഒരു മനുഷ്യനായിരുന്നു. പഞ്ചുമേനോൻ അതിസമർത്ഥനായ ഗോവിന്ദപ്പണിക്കരുമായി കണ്ടാൽ ശണ്ഠകൂടാൻ എടവരികയില്ലെന്നു തനിക്കു നല്ല നിശ്ചയമുണ്ടു്. അതുകൊണ്ടു് ശങ്കരമേനോൻ മടങ്ങി. പഞ്ചുമേനോൻ പതുക്കെ ഗോവിന്ദപ്പണിക്കരുടെ ഭവനത്തിലേക്കു ചെന്നു കയറി . ഗോവിന്ദപ്പണിക്കർ വളരെ ആദരവോടെ പഞ്ചുമേനോനെ ഒരു കസാലയിന്മേൽ ഇരുത്തി; താനും ഇരുന്നു.

പഞ്ചുമേനോൻ: ഈ മാധവൻ ഇങ്ങിനെ വന്നുപോയല്ലോ ? വിവരങ്ങളെല്ലാം പണിക്കർ അറിഞ്ഞുവോ?

ഗോവിന്ദപ്പണിക്കർ: അവനു് ഇയ്യെടെ കുറെ അഹങ്കാരം വർദ്ധിച്ചിരിക്കുന്നു . ഒന്നാമതു കുട്ടികൾ ഇംഗ്ലീഷു പഠിച്ചാൽതന്നെ അഹംഭാവം അധികമായിട്ടുണ്ടാവാം—പിന്നെ പരീക്ഷയും മറ്റും ജയിച്ചു കുറെ ദിവസം മദിരാശിയിൽ തന്നെ താമസിക്കുന്നതായാലോ പറയേണ്ടതില്ലാ . ഇവിടുത്തെ മുമ്പാകെ കുറെ ധിക്കാരമായ വാക്കുകൾ പറഞ്ഞു എന്നു ഞാൻ കേട്ടു. എനിക്ക് അശേഷം രസിച്ചില്ലാ. ഞാൻ അവനോടു് ഒരക്ഷരവും ഇതിനെക്കുറിച്ചു ചോദിച്ചില്ല — ചോദിച്ചിട്ടു് എന്തു ഫലം?

പഞ്ചുമേനോൻ: അങ്ങനെ ചോദിക്കാഞ്ഞാൽ കുട്ടികൾ കുരുത്തംകെട്ടു പോവുമല്ലൊ. കുറെയെല്ലാം ദേഷ്യപ്പെടാഞ്ഞാൽ കുട്ടികൾ മേൽകീഴു് ഇല്ലാതെ തുമ്പില്ലാതെ ആയിവരുമല്ലൊ .

ഗോവിന്ദപ്പണിക്കർ: ശരിയാണു് . ഇവിടുന്നു് പറഞ്ഞതു വളരെ ശരിയാണു് . സംശയമില്ലാ . ഇങ്ങിനെ വിട്ടുകളഞ്ഞാൽ കുട്ടികൾ മേൽകീഴില്ലാതാവും .

പഞ്ചുമേനോൻ: എന്റെ പണിക്കരെ , ഞാൻ ചെറുപ്പമായിരുന്നപ്പോൾ (ഈ മാധവന്റെ പ്രായമായിരുന്ന കാലം) എന്റെ വലിയമ്മാമന്റെ മുമ്പിൽ ചെന്നാൽ ഭയപ്പെട്ടിട്ടു് ഞാൻ കിടുകിടെ വിറയ്ക്കും. വല്ലതും ചോദിച്ചാൽ അതിനു് ഉത്തരം പറവാൻകൂടി ഭയപ്പെട്ടിട്ടു വയ്യാതെ ഞാൻ മിഴിക്കും. വലിയമ്മാമനെ കാണുമ്പോൾ സിംഹത്തെയോ മറ്റോ കാണുമ്പോലെ എനിക്കു ഭയമായിരുന്നു. ഇപ്പോൾകൂടി വലിയമ്മാമനെ വിചാരിക്കുമ്പോൾ എനിക്കു ഭയമാവുന്നു . വലിയമ്മാമൻ ഉള്ളകാലത്തു് ഒരുദിവസം ഉണ്ടായ ഒരു കഥ പറയാം . അന്നു് എനിക്കു കുറെ ഇഷ്ടനായി ഈ ദിക്കിൽ ഒരു മാപ്പിള ഉണ്ടായിരുന്നു — കുഞ്ഞാലിക്കുട്ടി എന്നുപേരായിട്ടു് . അവനെ ഗോവിന്ദപ്പണിക്കർ അറിയില്ലാ മരിച്ചിട്ടു വളരെ കാലമായി . അവനും അന്നു് ഏകദേശം എന്റെ പ്രായംതന്നെ ആയിരുന്നു . അവൻ ഒരുകുറി ഏതോ ഒരു ദിക്കിൽ അവന്റെ ബാപ്പയുടെകൂടെ കച്ചവടത്തിന്നോ മറ്റോ പോയേടത്തുനിന്നു മടങ്ങിവന്നപ്പോൾ ഒരു ജോഡി ചെരിപ്പു് എനിക്കു സമ്മാനമായി കൊണ്ടുവന്നു തന്നു . ഞാൻ അതു് എത്രയോ ഗോപ്യമായി സൂക്ഷിച്ചുവെച്ചു. വെകുന്നേരം ഞാൻ പുറത്തെങ്ങാനും പോവുമ്പോൾ ചെരിപ്പു് ഒരു മുണ്ടിലോ മറ്റോ പൊതിഞ്ഞു പൂവള്ളിനിന്നു് എറങ്ങിപ്പോവും . അവിടെനിന്നു വളരെ ദൂരത്തു് എത്തിയാൽ മാത്രം കാൽക്കലിട്ടു നടക്കും . പിന്നെയും മടങ്ങിവരുമ്പോൾ അങ്ങിനെതന്നെ ദൂരത്തു നിന്നു് ചെരിപ്പഴിച്ചു് ആരും കാണാതെ പൊതിഞ്ഞുകൊണ്ടുവരും . ഇങ്ങിനെയായിരുന്നു പതിവു്. അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം വെകുന്നേരം ഞാൻ പതിവുപ്രകാരം ചെരിപ്പു മുണ്ടിൽ പൊതിഞ്ഞുംകൊണ്ടു് മടങ്ങിവരുമ്പോൾ വലിയമ്മാമൻ പൂമുഖത്തു നിൽക്കുന്നതു കണ്ടു. ഒടുവിൽ മരിച്ച ദിവാൻജിയമ്മാമന്റെയും മാമനായിരുന്നു ഇദ്ദേഹം–അതിശൂരനായിരുന്നു. എന്നെ കണ്ടപ്പോൾ “എന്താണെടോക്കകെയിൽ പൊതിഞ്ഞു് എടുത്തിരിക്കുന്നതു് ? ” എന്നുറക്കചൊദിച്ചു. ഞാൻ ഭയപ്പെട്ടിട്ടു് ഒന്നും മിണ്ടാതെ നിന്നു . അമ്മാമൻ മിറ്റത്തു് എറങ്ങിവന്നു് എന്റെ കൈ കടന്നുപിടിച്ചു: മുണ്ടുപൊതി അഴിക്കാൻ പറഞ്ഞു . അഴിച്ചുനോക്കിയപ്പോൾ ചെരിപ്പുകളെ കണ്ടു. “നീ ചെരിപ്പിട്ടു നടക്കാറായോ തെമ്മാടീ ” എന്നും പറഞ്ഞു് എന്റെ കുടുമ അമ്മാമൻ കെകൊണ്ടു ചുറ്റിപ്പിടിച്ചു വലിച്ചു പൂമുഖത്തു കൊണ്ടുപോയി തല്ലാൻ തുടങ്ങി. നാരായണാ! ശിവ! ശിവ ! പിന്നെ ഞാൻ കൊണ്ട തല്ലിന്നു് അവസാനമില്ല .കെകൊണ്ടു് ആദ്യം വളരെ തല്ലി . ദേഷ്യം പിന്നെയും സഹിക്കാതെ അകത്തു കടന്നുപോയി ഒരു ചൂരൽ എടുത്തുകൊണ്ടു വന്നു തല്ലു തുടങ്ങി . ഇതാ നോക്കൂ , എന്റെ ഈ തുടയിൽ കാണുന്ന ഈ വലിയ കല അന്നത്തെ തല്ലിൽ കിട്ടിയ മുറിയുടെ കലയാണു് . ഞാൻ ഉറക്കെ നിലവിളിച്ചു. അന്നു ദിവാൻജിയമ്മാമൻ വീട്ടിൽ ഉള്ള കാലമായിരുന്നു . നിലവിളി പൂവരങ്ങിൽ കേട്ടിട്ടു് അദ്ദേഹം ഓടിവന്നു വലിയമ്മാമനെ പിടിച്ചുനീക്കി എന്നെ എടുപ്പിച്ചു് പൂവരങ്ങിലേക്കു് കൊണ്ടുപോയി എണ്ണയും മറ്റും ഇട്ടു ശരീരം ഉഴിയിച്ചു . ഞാൻ പതിനഞ്ചു് ഇരുപതു് ദിവസത്തേക്കു് എണീക്കാൻ പാടില്ലാതെ കിടപ്പിലായിപ്പോയി . എന്റെ ചെരിപ്പു ചുട്ടുകരിച്ചുകളവാൻ അമ്മാമൻ കൽപിച്ചപ്രകാരം അതു വെണ്ണീറാക്കിക്കളഞ്ഞു . അതുമുതൽ ഇതുവരെ ഞാൻ ചെരിപ്പു് ഇട്ടിട്ടില്ല. ചെരിപ്പു് എങ്ങാനും കാണുമ്പോൾ എനിക്കു് ഇപ്പോഴും ഭയമാണു്. ഇപ്പോഴത്തെ കുട്ടികളുടെ കഥ വിചാരിച്ചുനോക്കൂ– മാധവൻ പാപ്പാസ്സു് ഇട്ടിട്ടേ നടക്കാറുള്ളു. ദിവാൻജി വലിയമ്മാമൻകൂടി അകത്തു പാപ്പാസിട്ടു നടക്കാറില്ല . ഇവൻ ചിലപ്പോൾ അകത്തുകൂടി പാപ്പാസിട്ടു നടക്കുന്നതു ഞാൻ തന്നെ കണ്ടിട്ടുണ്ടു് . കുട്ടികൾ ഇങ്ങനെ കുരുത്തംകെട്ടുപോയാൽ എന്തുചെയ്യും ? കുട്ടികളെ ഇങ്കിരിയസ്സു പഠിപ്പിക്കുന്നേടത്തോളം വിഡ്ഢിത്തം വേറെ ഒന്നുമില്ലാ. ഇന്ദുലേഖാ ഈ ഇങ്കിരിയസ്സു പഠിച്ചിരുന്നില്ലെങ്കിൽ ഇതിൽ എത്ര അധികം നല്ല ഒരു കുട്ടിയായിരിക്കുമായിരുന്നു . എന്തു ചെയ്യാം ! ഓരോ ഗ്രഹപ്പിഴയ്ക്കു് ഓരോ അപകടങ്ങൾ വന്നു ചേരുന്നു . ഈ ഇങ്കിരിയസ്സു പഠിച്ചവരുടെ മാതിരി കണ്ടിട്ടു് അതു പഠിക്കാത്തവരും ആ മാതിരി ആയിത്തുടങ്ങി . ആ കള്ളച്ചെക്കൻ ഗോപാലൻ, ആ കോമട്ടി ശീനുവിന്റെ മകൻ എന്നോടു് അത്ര ധിക്കാരമായ വാക്കാണു് ഇപ്പോൾ പൂവരങ്ങിൽവെച്ചു പറഞ്ഞതു്. എനിക്കു വല്ലാത്ത ദേഷ്യം വന്നു . നല്ലവണ്ണം പ്രഹരിക്കേണമെന്നു വിചാരിച്ചു ഞാൻ അവന്റെ പിന്നാലെ ഓടി. വഴിയിൽവെച്ചു ഞാൻ വീണു. ഇതാ എന്റെ കാലിന്റെ മുട്ടു പൊട്ടിയിരിക്കുന്നു. നോക്കൂ–കലിയുഗവെഭവം നോക്കൂ.

ഗോവിന്ദപ്പണിക്കർ: കലിയുഗവെഭവംതന്നെ . സംശയമില്ലാ , ഒന്നാംതരം കലിയുഗവെഭവം. അല്ലാതെ ഈ വിധം ഒന്നും വീഴാനും പൊട്ടാനും എടവരുന്നതല്ലാ–സംശയമില്ല.

പഞ്ചുമേനോൻ: ഗോവിന്ദപ്പണിക്കർക്കു് ഇപ്പോൾ ഓർമ്മയുണ്ടോ എന്നറിഞ്ഞില്ല , നിങ്ങളുടെ കാരണവരു് ഒരു ദിവസം നിങ്ങളെ കഠിനമായി തല്ലിയതു് . ഞാനാണു് ഓടിവന്നു് സമാധാനമാക്കിയതു്. നിങ്ങളുടെ അമ്മാമൻ നാരായണപ്പണിക്കരു് അതിശൂരനായിരുന്നു . നിങ്ങൾ ഒരു ദിവസം ഓണക്കാലത്തു വേറെ ചില കുട്ടികളോടുകൂടി ഈ അമ്പലവളപ്പിൽനിന്നു് ആട്ടക്കളം പിടിച്ചു കളിക്കുന്നതു് അദ്ദേഹം കണ്ടിട്ടു് അമ്പലവളപ്പിൽനിന്നു നിങ്ങളെ തല്ലുതുടങ്ങി. ഇവിടെ എത്തുന്നതുവരെ തല്ലി. പിന്നെ ഇവിടെ വന്നിട്ടും തല്ലി. വല്ലാതെ തല്ലിക്കളഞ്ഞു . നിലവിളികേട്ടു ഞാൻ ഓടിവന്നു സമാധാനമാക്കി . പിന്നെ അക്കുറി ഓണത്തിനു നിങ്ങൾ പുറത്തു് എറങ്ങി നടന്നിട്ടേ ഇല്ല– ഇതു് ഓർമ്മയുണ്ടോ ?

ഗോവിന്ദപ്പണിക്കർ: എനിക്കു് ഒരു സ്വപ്നം കണ്ടതുപോലെ ഓർമ്മ തോന്നുന്നുണ്ടു് .

പഞ്ചുമേനോൻ: നിങ്ങൾക്കു് അന്നു കഷ്ടിച്ചു പതിന്നാലു വയസ്സേ ആയിട്ടുള്ളു . അക്കാലത്തു നുമ്മൾക്കു് എല്ലാം നുമ്മളെ അമ്മാമന്മാരെ ഉണ്ടായിരുന്ന ഒരു ഭയം എനി ഈ ഭൂമിയുള്ള കാലം കാണുകയില്ല. ഇപ്പോഴത്തെ കുട്ടികൾക്കു കുറെ ഇങ്കിരീസ്സു പഠിക്കുമ്പൊഴെക്കു് എന്തോ ഒരു അഹമ്മതി താനെ വന്നു കൂടുന്നു . നുമ്മൾക്കു് ഒന്നും ഒരറിവും ഇല്ല . നുമ്മൾ ശുദ്ധവിഡ്ഢികളാണെന്നു് അവർക്കു് തോന്നിപ്പോവുന്നു . ഇതു കലിയുഗധർമ്മം എന്നേ പറവാനുള്ളു. ഇന്നാൾ ഒരുദിവസം ഇന്ദുലേഖാ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നതു് ഞാൻ കണ്ടു. എന്താ പെണ്ണേ ആ പുസ്തകത്തിലെ കഥാ എന്നു ഞാൻ ചോദിച്ചു . അവൾ മലയാളത്തിൽ ആ കഥയുടെ സാരം പറഞ്ഞു. ഞാൻ അതു കേട്ടിട്ടു നിർജ്ജീവനായിപ്പോയി .

ഗോവിന്ദപ്പണിക്കർ: എന്തായിരുന്നു കഥ എന്നറിഞ്ഞില്ല.

പഞ്ചുമേനോൻ: അതേ? പറയാം . അതു കള്ളക്കഥയാണെന്നു് അവൾതന്നെ പറഞ്ഞു . എന്നാലും അതു വായിച്ചാൽ കുട്ടികളുടെ മനസ്സു് എത്ര ചീത്തയായിപ്പോവുമെന്നു നിങ്ങൾതന്നെ ഓർത്തുപറയിൻ. കഥ ഞാൻ പറയാം . മുഴുവൻ എനിക്കു നല്ലവആം ഓർമ്മയില്ല . ഒരു സായ്പിന് (എന്തോ ഒരു പേരു പറഞ്ഞു . ഇപ്പോൾ എനിക്കു് ഓർമ്മയില്ല . ) ഒരു മകൾ ഉണ്ടായിരുന്നുപോൽ, അവൾ ആ സായ് വിന്റെ മരുമകനെ കല്യാണം കഴിക്കണം എന്നു നിശ്ചയിച്ചു. മരുമകനും പെണ്ണിന്റെ അച്ഛനും തമ്മിൽ രസക്കേടായിരുന്നു . അതുനിമിത്തം അച്ഛൻ സമ്മതിച്ചില്ലാ–എന്നല്ല എന്തോ ഒരു വിദ്യ എടുത്തു് ഈ മരുമകനു വേറെ ഒരു സ്ത്രീയെ കല്യാണം കഴിപ്പിച്ചു കൊടുത്തുവത്ര . ഇങ്ങിനെ ചെയ്തതിന്റെ ശേഷം മകളെ കല്യാണം ചെയ്യാൻ യോഗ്യതയുള്ള പലേ ആളുകളേയും ഈ സായ്വു് വരുത്തി . അതൊന്നും മകൾ സമ്മതിക്കാതെ താനൊരാളെയും കല്യാണം ചെയ്കയില്ലെന്നു തീർച്ചയായി ശാഠ്യംപിടിച്ചു . ഒടുവിൽ മനോവ്യസനം കൊണ്ടു് അച്ഛനും ഉടനെ ചത്തുപോയി . ഇതാണു കഥയുടെ സാരം . നോക്കൂ — ഗോവിന്ദപ്പണിക്കരേ , ഈ മാതിരി കഥ പെങ്കിടാങ്ങൾ വായിച്ചാലോ ?

ഗോവിന്ദപ്പണിക്കർ: വായിച്ചാൽ മഹാ കഷ്ടം! മഹാകഷ്ടം! എനി എന്തു നിവൃത്തിയാണു് . ഇംഗ്ലീഷു് ഇവരെ പഠിപ്പിച്ചുപോയി . എനി ആ പഠിപ്പു് ഇല്ലാതാക്കാൻ നോം വിചാരിച്ചാൽ നിവൃത്തി ഇല്ലല്ലോ. ഈ കഥ പറഞ്ഞതു് എന്നാണെന്നറിഞ്ഞില്ല .

പഞ്ചുമേനോൻ: കുറെ ദിവസമായി .

ഗോവിന്ദപ്പണിക്കർ: ശരി, ഇതൊക്കേ വായിച്ചിട്ട് എന്തൊരാവശ്യമാണ്— വല്ല രാമായണമോ ഭാഗവതമോ മറ്റോ വായിക്കരുതേ ?

പഞ്ചുമേനോൻ: അതാണു ഞാൻ പറയുന്നതു് . എന്തെല്ലാം ഗ്രന്ഥങ്ങൾ നുമ്മളുടെ ശാസ്ത്രത്തിൽ ഉള്ളതു പൂവുള്ളിയുണ്ടു് . അതൊന്നും കൈ കൊണ്ടു് ഒരാളും തൊടാറേ ഇല്ലാ . ഗ്രന്ഥങ്ങൾ അലേഖയിലുള്ളതു് ഒക്കെയും ദ്രവിച്ചു നാനാവിധമായിപ്പോയി . മാധവനോടു പണ്ടൊരു ദിവസം ഈ ഗ്രന്ഥങ്ങൾ തുടച്ചു നന്നാക്കിവെക്കാൻ പറഞ്ഞു—അവൻ ചെയ്തിട്ടില്ല .

ഗോവിന്ദപ്പണിക്കർ: എന്നാൽ ഇന്ദുലേഖയ്ക്ക് ഇതുകളെല്ലാം നന്നാക്കി വെക്കരുതേ?

പഞ്ചുമേനോൻ: അലേഖഗ്രന്ഥങ്ങളെ അവൾക്കും പുച്ഛമാണു് കടലാസ്സുബുക്കുകളെ അല്ലാതെ ഇവരാരുംക്കെ കൊണ്ടു തൊടുമോ? കലിയുഗത്തിന്റെ മൂർദ്ധന്യം—മറ്റെന്തു പറയട്ടെ !

ഗോവിന്ദപ്പണിക്കർ: കലിയുഗത്തിന്റെ മൂർദ്ധന്യം തന്നെ. മറ്റൊന്നും ഞാൻ ഇതിനു പറവാൻ കാണുന്നില്ല.

പഞ്ചുമേനോൻ: ഇങ്കിരിയസ്സു പഠിച്ചു പഠിച്ച് എനി ആ വേദത്തിൽ ഈ കുട്ടികൾ ചേരുമോ എന്നാണു് എനിക്കു ഭയം.

ഗോവിന്ദപ്പണിക്കർ: അതിനെക്കുറിച്ചു് എനിക്കും നല്ല ഭയമുണ്ടു് . ദുർബുദ്ധികൾ ചെന്നു ചേർന്നുകളഞ്ഞാൽ എന്തുചെയ്യും? രാജാവു് ഇംഗ്ലീഷു് രാജാവല്ലെ ? നമ്മളുടെ സങ്കടം ആരു കേൾക്കും?

പഞ്ചുമേനോൻ: ശരി–ശരി; ഗോവിന്ദപ്പണിക്കരു പറഞ്ഞതു നല്ല കാര്യമാണു് . എന്നാലും , നുമ്മൾ ചെയ്യേണ്ടതു് എല്ലാം ചെയ്യണം . പിന്നെ വരുമ്പോലെ വരട്ടെ . നിങ്ങൾ മാധവനോടു് ഇന്നാളത്തെ ശണ്ഠയെപ്പറ്റി നല്ലവണ്ണം ഒന്നു ചോദിക്കണം .

ഗോവിന്ദപ്പണിക്കർ :ചോദിക്കേണമെന്നു നിശ്ചയിച്ചിട്ടുണ്ടു് . അവൻ മദിരാശിയിൽ നിന്നു് മടങ്ങിവരട്ടെ.

പഞ്ചുമേനോൻ: മദിരാശിയിൽനിന്നു മടങ്ങിവന്നാൽ നല്ലവണ്ണം ഒന്നു ചോദിക്കണം. പണിക്കരുതന്നെ ചോദിക്കണം.

ഗോവിന്ദപ്പണിക്കർ: ഞാൻതന്നെ ചോദിക്കും–യാതൊരു സംശയവുമില്ല .

പഞ്ചുമേനോൻ: ഞാനും നിങ്ങളും ഒരുപോലെ ദേഷ്യപ്പെട്ടാൽ മാധവൻ അടങ്ങിപ്പോവും . ഇപ്പോൾ ഈ ധിക്കാരം എന്നോടു കാണിക്കുന്നതു് നിങ്ങളുടെ സഹായമുണ്ടെന്നു വെച്ചിട്ടാണു്. അതു് ഉണ്ടാകയില്ലെന്നറിഞ്ഞാൽ മാധവൻ വളരെ ഒതുങ്ങിപ്പോവും .

ഗോവിന്ദപ്പണിക്കർ: ഒതുങ്ങിപ്പോവും , സംശയമില്ല .

പഞ്ചുമേനോൻ: പിന്നെ അതുകൂടാതെ ഞാൻ ഒരു വിദ്യകൂടി എടുത്തുവച്ചിട്ടുണ്ടു് . അതും പണിക്കരോടു പറയാം. പണിക്കരു ബുദ്ധിയുള്ള ആളാണെന്നു് എനിക്കു നല്ല നിശ്ചയമുണ്ടു് . അതുകൊണ്ടു പറയാം. മാധവനു് ഇന്ദുലേഖയെ ഭാര്യയാക്കി കിട്ടേണമെന്നു് ഒരാഗ്രഹം ഉണ്ടു് . ഇന്ദുലേഖയ്ക്കും അങ്ങിനെ ആയാൽ കൊള്ളാമെന്നു വിചാരമുണ്ടെന്നു തോന്നുന്നു . ഇതു ഞാൻ തകരാറാക്കാൻ നിശ്ചയിച്ചിരിക്കുന്നു . ഒന്നാമതു മാധവനും ഇന്ദുലേഖയും വയസ്സുകൊണ്ടുതന്നെ നന്ന ചേരുകയില്ല. പിന്നെ മാധവനു് ഇത്ര കാലത്തേ സംബന്ധം തുടങ്ങുന്നതും വെടിപ്പില്ലാ. ഇന്ദുലേഖയ്ക്കു വലിയ ധനവാന്മാരായ പ്രഭുക്കൾ ആരെങ്കിലും സംബന്ധം തുടങ്ങുന്നതാണു് അവൾക്കും ശ്രേയസ്സു് , അതുകൊണ്ടു ഞാൻ അവളെ ഒരു വലിയ പ്രഭുവിനു കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു. ആ പ്രഭു ഉടനെ ഇവിടെവരും . പക്ഷേ , ആ പെണ്ണിനെ പറഞ്ഞു സമ്മതിപ്പിക്കാനാണു പണി . അവൾ ഒരു മഹാ ശാഠ്യക്കാരത്തിയാണു് . അതിനു പണിക്കരുംകൂടി ഒന്നു് ഉത്സാഹിക്കണം—എങ്ങിനെ ?

ഗോവിന്ദപ്പണിക്കർ : ഓ–ഹോ . അങ്ങിനെതന്നെ. വരാൻ പോവുന്ന പ്രഭു ആരാണെന്ന് അറിഞ്ഞില്ല.

പഞ്ചുമേനോൻ: മൂ൪ക്കില്ലത്ത് മനക്കൽ നമ്പൂതിരിപ്പാടാണു്, വലിയ ധനവാൻ–അതിമാ-നുഷനത്ര.

ഗോവിന്ദപ്പണിക്കർ: ശരി; അദ്ദേഹം വരട്ടെ .

പഞ്ചുമേനോൻ: ശിന്നനു ചിലവിനു ശീലുപട്ടരു കൊടുപ്പാനാണത്ര ഭാവം. അയാളുടെക്കകെയിൽ പണം എവിടെയാണു് ഉള്ളതു് ? ഞാൻ ഒരു കാശുപോലും കൊടുക്കായില്ല. കുമ്മിണിയുടെ മക്കളുടെ കെയിലുള്ള വസ്തുക്കൾ ഒക്കെ ഒഴിപ്പിക്കാനാണു ഭാവം. ഈ അസത്തുക്കൾ എന്തുകൊണ്ടു പഠിപ്പിക്കും? കാണട്ടെ.

ഗോവിന്ദപ്പണിക്കർ: അതെ–അതൊന്നു കാണട്ടെ.

പഞ്ചുമേനോൻ: നിങ്ങൾ പണം ഒന്നും സഹായിക്കരുത്.

ഗോവിന്ദപ്പണിക്കർ: പണം കൊടുത്തിട്ടു് എനിക്ക് എന്താവശ്യം ?

പഞ്ചുമേനോൻ: അതാണു ഞാനും പറയുന്നതു് .

എന്നും പറഞ്ഞു പഞ്ചുമേനോൻ അവിടെനിന്നു കലഹവും ചീത്തപറയലും കൂടാതെയും തന്റെ ഗോപ്യമായ ആലോചന ഗോവിന്ദപ്പണിക്കരോടു വെളിവായി അറിയിച്ചതിന്റെ ശേഷവും വീട്ടിലേക്കു മടങ്ങിപ്പോരികയും ചെയ്തു . രണ്ടുദിവസംകൊണ്ടു പഞ്ചുമേനോനു ക്രാധം കുറെ ഒന്നു ശമിച്ചു . എങ്കിലും നമ്പൂതിരിപ്പാട്ടിലെക്കൊണ്ടു സംബന്ധം ഉടനെ നടത്തിക്കളഞ്ഞാൽ നന്നായിരുന്നു എന്നുള്ള ആഗ്രഹം വർദ്ധിച്ചുകൊണ്ടുതന്നെ വന്നു.