ഞാൻ മാവിലായിക്കാരനാണ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
("ഞാൻ മാവിലായിക്കാരനാണ്" എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
"ഞാൻ മാവിലായിക്കാരനാണ്"

രചന:മാണിക്കോത്ത് രാമുണ്ണിനായർ


ഞാൻ ഒരു കഥ പറയാൻ പോകുന്നു. മനസ്സിരുത്തി കേൾക്കണം. ഇടക്കു അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് അലട്ടരുത്. കൈ മുട്ടുന്നതു അവസാനമാക്കാം. കുറച്ചു വിട്ടു നിൽക്കിൻ!- ശരി, എന്നാൽ പറയട്ടെ?

തിരുവോണദിവസം. ഓണത്തിന്നു ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാർ കുളിക്കുകയുള്ളൂ; കുളി കഴിയുന്നതു വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങിനെ, രണ്ടു മണിക്ക് കുളി കഴിഞ്ഞ്, പാവുടുത്ത്, ചന്ദനക്കുറിയും, നനഞ്ഞ തോർത്തും, കലശലായ വിശപ്പും, തെല്ലൊരു ശുണ്ഠിയുമായി ഒരു വലിയ തറവാട്ടിലെ രണ്ടാംകൂറു കാരണവർ കോണിയിറങ്ങി തളത്തിലേയ്ക്കു നോക്കിയപ്പോൾ, പന്തിപ്പായ വിരിച്ച്, ഇലയുടെ മുൻപിൽ കാരണവർ തുടങ്ങി വിഷുവിന്നു ചോറൂണ് കഴിഞ്ഞ കുട്ടിവരെ ഇരുന്നു കഴിഞ്ഞിരിയ്ക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്ന്, ഇലയെണ്ണം മുപ്പത്തൊന്ന്; പൂജ്യം അണ, പൂജ്യം പൈ; സർക്കാർ കണക്കു പോലെ എന്നർത്ഥം. രണ്ടംകൂറിന്നു ഇലയുമില്ല, സ്ഥലവുമില്ല, ഇരുന്നവരുടെ മുൻപിൽ നിന്നു ഇല വലിച്ചു പായുകയോ, ഭാഗത്തിന്ന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയർക്കുകയോ, അനന്തരവന്മാരുടെ നേരെ കണ്ണുരുട്ടുകയോ, ഇലവെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാംകൂറു ചെയ്യുക?

നിങ്ങൾക്കറിഞ്ഞുകൂട. എനിയ്ക്കും അറിഞ്ഞുകൂട. പക്ഷേ നമ്മുടെ വൈസ്ചേർമാനറിയും, കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതിയാണ് അദ്ദേഹത്തിന്നു പറ്റിയിരിയ്ക്കുന്നത്. വൈസ് ചേർമാന്റെ പേര് വോട്ടർമാരുടെ ലിസ്റ്റിലില്ല! നോക്കിൻ, സർ ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ട് ഒരു മുനിസിപ്പാലിറ്റിക്കാരെ ഞാൻ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. ഇനി നാളെ ചേർമാൻ കൗൺസിലിൽ വരുമ്പോൾ അദ്ദേഹത്തിന്നു കസേരയില്ലെന്നു കേൾക്കാം. ഇതെന്തൊരു മക്കാറാണ്!

നിങ്ങളുടെ മുനിസിപ്പാലിറ്റി സാക്ഷാൽ പരബ്രഹ്മജി താൻ തന്നെ വിചാരിച്ചാലും നന്നാക്കുവാൻ കഴിയാത്ത മുനിസിപ്പാലിറ്റിയാണ്. ഈ ബാലിയുടെ വാലിന്നു സഞ്ജയനും കയറിപ്പിടിച്ചു എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സഞ്ജയന്നുമില്ല. നിങ്ങൾ നന്നായാൽ നിങ്ങൾക്കു നന്ന്. നന്നെ ബുദ്ധിമുട്ടിച്ചാൽ പണ്ടു മാവിലായിക്കാരൻ പറഞ്ഞൊഴിഞ്ഞതുപോലെ സഞ്ജയനും ഒഴിയും.

നിങ്ങൾ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആറ്റുപുറം വയലിൽക്കൂടി രണ്ടു കള്ളുകുടിയന്മാർ പോവുകയായിരുന്നു. പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിയ്ക്കുന്നു. "എന്നാൽ ലോകത്തിൽ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും ആ സാക്ഷാൽ സൂര്യഭഗവാൻ സൂര്യഭഗവാൻ തന്നെ" എന്നു പറഞ്ഞ് ഒരു കുടിയൻ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടു കൂടി ഒന്നു കണ്ണടച്ചു തൊഴുതു. "തനിക്കു തലക്കു പിടിച്ചിരിയ്ക്കുന്നു; അതു ചന്ദ്രനാണെടോ", എന്ന് മറ്റേക്കുടിയൻ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി; കത്തി വലിക്കേണ്ടുന്ന ഘട്ടമായി. അപ്പോഴാണ് പട്ടണത്തിൽനിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കൻ അവിടെയെത്തിയത്. കുടിയന്മാർ രണ്ടു പേരും അയാളെ കടന്നു പിടിച്ചു. "പറയെടാ, ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ" എന്നൊരാൾ; "നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?" എന്നു മറ്റേയാൾ.

എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴിൽനിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രം പോലെ കിടക്കുന്നു. നമ്മുടെ ഡപ്യൂട്ടി ഇൻസ്പെക്ടറും കൂടി വീട്ടിലേയ്ക്കു മടങ്ങിയിരിയ്ക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കിൽ ദീർഘകായന്മാർ. വഴിപോക്കന് പെട്ടെന്ന് ഒരു യുക്തി തോന്നി. "അയ്യോ കൂട്ടരേ, ഞാനെങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാൻ ഇന്നാട്ടുകാരനല്ല; മാവിലായിക്കാരനാണ്" എന്നാണയാൾ പറഞ്ഞത്. "എന്നാൽ പോ കഴുതേ" എന്നും പറഞ്ഞ് കുടിയന്മാർ അയാളെ വിട്ടു. അതു പോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാൽ, ഞാൻ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി.

9-9-1934

"https://ml.wikisource.org/w/index.php?title=ഞാൻ_മാവിലായിക്കാരനാണ്&oldid=57100" എന്ന താളിൽനിന്ന് ശേഖരിച്ചത്