സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 27
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
| ദിനവൃത്താന്തം രണ്ടാം പുസ്തകം - അദ്ധ്യായങ്ങള്‍ |
| 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | |
1 യോഥാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
2 അവന്‍ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവന്‍ കടന്നില്ല; ജനമോ വഷളത്വം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു;
3 അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതില്‍ പണിതു; ഔഫേലിന്റെ മതിലും അവന്‍ വളരെ പണിതു ഉറപ്പിച്ചു.
4 അവന്‍ യെഹൂദാമലനാട്ടില്‍ പട്ടണങ്ങളും വനങ്ങളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
5 അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യര്‍ അവന്നു ആ ആണ്ടില്‍ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.
6 ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവന്‍ ബലവാനായിത്തീര്‍ന്നു.
7 യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
8 വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു.
9 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

