താൾ:Sangkalpakaanthi.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലാപവൈചിത്ര്യം ആൽക്മാൻ എന്ന കവി ആദ്യമായി ആവകഗാനങ്ങളിൽ സംഘടിപ്പിച്ചതോടുകൂടി അവയ്ക്ക് ഒരു പുതുമയും കൂടുതൽ ആകർഷകത്വവും ലഭിച്ചു. മാത്രമല്ല, പിൽക്കാലങ്ങളിൽ അത് അർച്ചനാലാപങ്ങളുടെ ഒരവിഭാജ്യഘടകമായിത്തീരുകയും ചെയ്തു. സ്കെസിക്കോമ്സ്, ഇലികസ്, സിമോണിഡസ് എന്നിവർ ഈ കാവ്യശാഖയെസാരമാംവിധം വൈപുല്യപ്പെടുത്തി. അവരെത്തുടർന്ന് പിൻഡാർ എന്നും ബാക്കിലിഡസ് എന്നും പേരായ രണ്ടു മഹാകവികളുടെ ആവിർഭാവം ആ കാവ്യവിഭാഗത്തിന്റെ അത്ഭുതാവഹമായ വികാസത്തിനു വഴിതെളിച്ചു. ലോകോത്തരങ്ങളായ ധർമ്മകീർത്തനങ്ങളുടെ പ്രണേതാവെന്നനിലയിൽ പ്രാചീനസാഹിത്യത്തിൽ പിൻഡാറിന് അദ്വിതീയമായ സ്ഥാനമാണു ലഭിച്ചിട്ടുള്ളത്. കാലക്രമത്തിൽ ഈ ഗാനങ്ങളുടെ സംഗീതാത്മകത്വം അഥവാ ആലാപധർമ്മം ക്ഷയിക്കുവാൻ തുടങ്ങി. സംഗീതോപകരണങ്ങൾ കുറഞ്ഞുകുറഞ്ഞു ഒടുവിൽ ഓടക്കുഴലിന്റെ സഹായം മാത്രം മതി അവ ആലപിക്കപ്പെടുവാനെന്ന നിലയിലെത്തുകയും, അതിനുശേഷം അതിന്റെപോലും ആവശ്യമില്ലെന്നു വന്നുകൂടുകയും ചെയ്തു. അങ്ങനെ അർച്ചനാലാപം സംഗീതപോകരണങ്ങളുടെ പിടിയിൽ നിശ്ശേഷം വിമുക്തമായതോടു കൂടി സാഹിത്യാംശത്തിന് അതിൽ സ്വാഭാവികമായി അധികമധികം പ്രവേശം ലഭിച്ചു.

എന്തിനെയെങ്കിലും, ചിലപ്പോൾ ആരെയെങ്കിലും, അഭിസംബോധനം ചെയ്തുകൊണ്ട്, ഏതാണ്ടൊരു പ്രസംഗരൂപത്തിൽ, സംബോധനം ചെയ്യപ്പെടുന്ന വ്യക്തിയുടെയോ വസ്തുവിന്റെയോ മുൻപിൽ അർച്ചിക്കപ്പെടുന്നതും, ബുദ്ധ്യംശത്തിലും വികാരാംശത്തിലും മറ്റും ഗുരുതരമായ ഗഹനതയോടുകൂടിയതുമായ പ്രൗഢസൂക്തങ്ങളാണ് അവ. സാധാരണയായി അവയിലെ പ്രതിപാദ്യങ്ങളും ഭാവപ്രകാശവും പ്രതിപാദനരീതിയും മഹത്തമങ്ങളായിരിക്കും. അന്തസ്സും ഔന്നത്യവും അവയുടെ സവിശേഷതകളാണ്. സുനിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്കു പ്രൗഢമായ രീതിയിൽ, ഭാസുരമായ ഒരു ചിന്താമണ്ഡലതത്തിലൂടെ പുരോഗമനംചെയ്യുന്ന കുതൂഹലാശ്ലിഷ്ടമായ, അഥവാ നിർവ്വാണതുന്ദിലമായ ഒരവച്ഛിന്നഭാവാത്മകഗാനധാരയായിരിക്കും അത്. യുക്തിക്കു വിധേയമായ ഒരു ചിന്താപരിണാമം അതിലാവശ്യമാണ്. ഏതാണ്ടൊരു സങ്കീർണ്ണതയും വ്യാപകത്വവും, ഒഴിച്ചുകൂടാൻ പാടില്ലാത്തതല്ലെങ്കിലും, പൊതുവേ ആവകഗാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതയാണെന്നു പറയാം. പദ്യാത്മകമായ ഒരുവക പ്രഭാഷണത്വം പലപ്പോഴും അവ ഉൾക്കൊള്ളുന്നുണ്ടായിരിക്കും. നതോന്നതങ്ങളായ വിവിധ മേഖലകളിലൂടെ സ്തോഭത്തെ അനുഗമിച്ചുകൊണ്ട്, അന്തർവ്വാഹിയായ ഒരനുസ്യൂത ലയപ്രവാഹം അത്തരം ആലാപങ്ങളെ ആദ്യന്തം അശ്ലേഷിച്ചുകൊണ്ടിരിക്കും. അവയ്ക്കുതന്നെ ആംഗലസാഹിത്യത്തിൽ പല ഉപശാഖകളും കണ്ടുവരുന്നുണ്ട്. എങ്കിലും സാമാന്യേന ഒരുവിധം താളപ്രധാനമായ ധർമ്മകീർത്തനമാണ് അവയെന്നു സംക്ഷേപമായി പ്രസ്താവിക്കാവുന്നതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/7&oldid=169683" എന്ന താളിൽനിന്ന് ശേഖരിച്ചത്