താൾ:Ramarajabahadoor.djvu/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയോഗമായി "അങ്ങോട്ടു കടക്കിനെടാ! ആ വാതിൽ പൊളിച്ച് ഒന്നു പരിശോധിപ്പിൻ!" എന്ന് ഒരു ആജ്ഞ കൊടുത്തു.

ലക്ഷ്മി: "അകത്തു സ്ത്രീകളേ ഉള്ളേ. ശ്രീഭഗവതിഭട്ടാര്യമ്മയാണെ സത്യം." ഈ ദീനപ്രലാപവും അതിൽ പ്രയോഗിക്കപ്പെട്ട ഭഗവതീനാമവും കേട്ടപ്പോൾ ദിവാൻജിയുടെ സംശയം സ്ഥിരപ്പെട്ടു എന്നു കാര്യക്കാർ തീർച്ചയാക്കുകയും, അദ്ദേഹത്തിന്റെ ബുദ്ധിതീക്ഷ്ണതയെപ്പറ്റി ആശ്ചര്യപ്പെടുകയും ചെയ്തു. അദ്ദേഹം വീണ്ടും ആദ്യത്തെ ഭീഷണിവാക്കുകൾ പ്രയോഗിച്ചപ്പോൾ ലക്ഷ്മിഅമ്മ വാതിൽ തുറന്നു പുറത്തേക്കു വന്നു. മാതാവിനെ ഏകാകിനി ആയി ആപത്തിൽ ചാടുവാൻ വിടുകയില്ലെന്നുള്ള ധർമ്മവ്രതത്തിന്റെ വീര്യത്തോടെ ഹരീണീസ്വഭാവിനിയായ ദേവകിയും തളത്തിലോട്ട് ഇറങ്ങി. ആ രണ്ടു സൗന്ദര്യധാമങ്ങളെയു കണ്ടപ്പോൾ അത്യുൽകൃഷ്ടമായ അദ്വൈതപ്രമാണത്തിന്റെ അനുഷ്ഠാനകനായ കുഞ്ചൈക്കുട്ടിപ്പിള്ളയും ജന്മസിദ്ധവും പരിചയസ്പർശവുമായുള്ള ആചാരാന്ധ്യത്താൽ പെരിഞ്ചക്കോടന്റെ ഘാതകാപകർഷത്തെ ആത്മസർവ്വാംഗവുംകൊണ്ടു നിന്ദിക്കുകയും വിദ്വേഷിക്കുകയും ശപിക്കുകയും അയാളെ അടുത്ത ദർശനത്തിൽ ഭൂമുഖത്തിൽനിന്ന് ഉദ്ധൂതമാക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്ത്രീകളുടെ നേർക്കുനിന്നു വീക്ഷാഗതിയെ ഉപസംഹരിച്ചുകൊണ്ട് അവരെ സംബന്ധിച്ച അനന്തരകരണീയമെന്തെന്നു ചിന്തിച്ചു നിലകൊണ്ടു. രാജാധികാരപ്രതിനിധിയായി എത്തിയിട്ടുള്ള ആളിന്റെ അഭിജ്ഞപ്രഭയും കാരുണ്യചേഷ്ടകളും കണ്ടു സ്ത്രീകൾ സമാശ്വസിച്ചു. എങ്കിലും, ആപന്നിവൃത്തിയിലുള്ള സന്തോഷസന്താപത്തെ പ്രത്യക്ഷീകരിച്ചു പരസ്പരം ശിരോവലംബം ചെയ്തു കണ്ണുനീർ വാർത്തുനിന്നു. ദീപപ്രകാശത്തിൽ പതിച്ച ഛായാവിശേഷത്തെ നേത്രാഞ്ചലത്താൽ ഗ്രഹിച്ച് കുഞ്ചൈക്കുട്ടിപ്പിള്ള ആ രംഗം വിടുവാൻ ആലോചിച്ചുകൊണ്ടു ഭടജനങ്ങൾ അവിടെനിന്നു മാറിക്കൊള്ളുന്നതിന് ആജ്ഞ കൊടുത്തു. കിഴക്കേ വാതിലിൽക്കൂടി ഒരു ശരീരം ആകാശം ഭേദിച്ചു മുറ്റത്ത് എത്തി. ആ അങ്കണത്തിനു കുടപിടിച്ചിരുന്ന മരക്കൊമ്പുകളെ തലോടുന്ന ശിരോദേശത്തുനിന്ന് ഒരു വാദപ്രഘോഷവും രംഗത്തെ തകർത്തു: "അയ്യ!ഹാ! ഇതെന്തൊരു കൊഴാമറിച്ചില്? പൊന്നുതമ്പുരാന്റെ കാര്യം കേപ്പോരെന്നുവച്ചു പെങ്കോലത്തിന്റടുത്തോ കൊടുമകള്? പറക്കൂട്ടത്തിന്റെ എല്ലൊടിഞ്ഞെങ്കി അവരെ അമ്മമാരെ വിധി. പെരിഞ്ചക്കോടു കണ്ടുകെട്ടിയെങ്കി ഒടയവൻ കെടന്ന് ഒപ്പാരി ചൊല്ലട്ടെ. എലങ്കം കൊള്ളയിട്ടെങ്കി പൊന്നുചേവടിക്കു ചെന്നു ചേരട്ടെ." (കുഞ്ചൈക്കുട്ടിപ്പിള്ളയോടു തിരിഞ്ഞ്) "അല്യോ? ഈ പേശാപ്രാണികളോ ഇങ്ങേർക്കു തരം!" ഇങ്ങനെ ആ പ്രദേശം മുഴുവൻ കിടുക്കി നമ്മുടെ മല്ലയുദ്ധവീരൻ അഴകുശ്ശാർ കാര്യം ചോദിച്ചുതുടങ്ങിയപ്പോൾ അയാളുടെ ഉന്നതിയെ കണ്ണുകൊണ്ടു അളന്ന കുഞ്ചൈക്കുട്ടിപ്പിള്ള ആളു മനസ്സിലാക്കി ചിരിച്ചുപോയി.

കുഞ്ചൈക്കുട്ടിപ്പിള്ള: "കേട്ടോ പിള്ളേ! കണ്ടുകെട്ടാനും മറ്റും കല്പനയാണ്. തടുക്കാൻ വന്നാലുള്ള അനുഭവം അറിയാമോ?"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/115&oldid=167945" എന്ന താളിൽനിന്ന് ശേഖരിച്ചത്