താൾ:Ramarajabahadoor.djvu/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഴകുശ്ശാർ: (ഹാസ്യമായി) "എന്റെ പിള്ളാച്ചൻ ഇപ്പോ ഏതു വേ(പാ)താളത്തീന്നു വരുന്നു? അയ്യയ്യ! തമ്പ്രാന്റെ ദശാവുംമറ്റും പിന്നാർക്കും തെരിഞ്ഞുകൂടെന്നോ? ആടുവാനക്കൊണ്ടു വരട്ടെ അഴകൂന്റടുത്തു മാത്രം ശട്ടങ്ങളും ശടപിടാലുകളും കൊണ്ടൊന്നാ, നേരെ അങ്ങു ചെന്നറിവിച്ചൂടുവാര്."

അഴകൻപിള്ളയുടെ പരമാർത്ഥങ്ങളും അയാളുടെ യജമാനനായ കല്ലറയ്ക്കൽ പിള്ളയുടെ പ്രണയകഥയും അറിഞ്ഞിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ള, സ്ത്രീകളുടെ തല്ക്കാലമനസ്ഥിതിയിൽ വിനോദോക്തിക്കു സന്നദ്ധനല്ലായിരുന്നു. എങ്കിലും സ്വരാജ്യാഭിമാനത്തെ രക്ഷിച്ച ആ അഷ്ടാവക്രനെ പരിഹാസംകൊണ്ടുതന്നെ ഒന്നു പരീക്ഷിപ്പാൻ തുടങ്ങി. ഇങ്ങനെ ഉദ്ദേശിച്ചുകൊണ്ട് അഴകൻപിള്ളയുടെ ഭാഷയിൽത്തന്നെ സംഭാഷണം ആരംഭിച്ചു: "എടോ! ചട്ടമ്പി! ഒരുകൈ പാക്കാമോ? നീ രായരശുവെ വെന്നൂന്നുവച്ച്, ഇന്നാ എവന്റെ കൈയൊന്നു മടക്ക്; പാപ്പോം."

അഴകുശ്ശാർ: "തമ്പുരാന്റെ ചേവുകക്കാരൻ ഒന്ന്; രായനൊന്ന്. അതുമല്ലാണ്ടു കല്ലറയ്ക്കു അങ്ങുന്നിപ്പോ ഉമ്മാൻ വിളിച്ചോ കൈ ചേഴിക്കണ്ട്യോ? അഴകൂന്റടുത്തു പിത്തലാട്ടം കൊണ്ടരണ്ട. തൊട്ടു വല്ലോം ഏമം കിട്ടിയാ തലവീശുവാര്. ഇങ്ങേരൊണ്ടല്ലോ, കരിപ്പട്ടിപ്പത്തായം പോലല്യോ ഇരിക്കണാരു." ഈ ഉപമ കേട്ട് കുഞ്ചൈക്കുട്ടിപ്പിള്ള തല അറഞ്ഞു ചിരിച്ചുപോയി.

കുഞ്ചൈക്കുട്ടിപ്പിള്ള: "എടേ! കല്ലറയ്ക്കൽപിള്ളാന്നു ശൊല്ലുവാരില്ല്യോ? അദ്യത്തിന്റെ മന്തിരിയല്യോ നീ? എന്നിട്ടോ മീച്ചയില്ലാന്നുവെച്ചു ഒഴിയണത്."

കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഭാഷ തന്നെ പരിഹസിച്ചാണെന്നു വിചാരിച്ചു എങ്കിലും 'മന്ത്രി' പദം അഴകുവിനു സന്തോഷം നല്കി.

അഴകൻപിള്ള: "അല്ല്യോ? അദ്യവും ഇങ്ങ് വെളിയി വന്നിരിക്കിണാര്. ഇപ്പം വിരുന്തുമ്മാൻ വിളിപ്പാര്" എന്നു പറഞ്ഞും, ദേവകിഅമ്മയെ കടാക്ഷിച്ചും, മുഖത്ത് ഒരു ശൃംഗാരമഞ്ജരിഗ്രന്ഥത്തിന്റെ സാരസർവ്വസ്വത്തെ പ്രകാശിപ്പിച്ചു. കുഞ്ചൈക്കുട്ടിപ്പിള്ള യോഗാഭ്യസനംചെയ്തു ബ്രഹ്മചാരിത്വം അവലംബിച്ചിരുന്നു എങ്കിലും, അഴകുവിന്റെ കടാക്ഷത്തെ അനുകരിച്ചു വിളക്കിന്റ സമീപത്തു നീങ്ങിനിൽക്കുന്ന ബാലികയെ ഒന്നു നോക്കിയപ്പോൾ ജഗജ്ജേതാവായ മന്മഥന്റെ പടുതാവിലാസം എത്രത്തോളമുണ്ടെന്ന് അല്പമൊന്നു ഗ്രഹിച്ചു. ദിവാൻജിയുടെ ഗാഢബന്ധുവായുള്ള കല്ലറയ്ക്കൽപിള്ള ഈ ഘട്ടത്തിൽ രംഗത്തിൽ പ്രവേശിക്കയാൽ സ്ത്രീകൾ ആശ്വസിതചിത്തകളായി രോഗിണിയെ ശുശ്രൂഷിപ്പാൻ തിരിച്ചു. ആ സമ്പന്നന്റെ പ്രവേശനസമയത്ത് ദേവകിക്കുട്ടിയുടെ മുഖത്തെ സൂക്ഷിച്ചുനോക്കിയ കുഞ്ചൈക്കുട്ടിപ്പിള്ള കണ്ട ചടുലവിലാസം ആ ഭൈരാഗിയിലും ഒരു ദാമ്പത്യസംഘടനയിലെ സൂത്രധാരനാകുന്ന രസം ആസ്വദിപ്പാനുള്ള മോഹത്തെ ഉത്പാദിപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/116&oldid=167946" എന്ന താളിൽനിന്ന് ശേഖരിച്ചത്