താൾ:Karnabhooshanam.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ധാത്രിക്കു മുത്തിനായ് ദാനനീർ വാർക്കുന്ന
   പാർത്ഥിവകുഞ്ജരർക്കഗ്രഗാമി.

 അഞ്ചിതമാകും തന്നങ്ഗത്താലാമഞ്ജു-
   മഞ്ചത്തെത്താഴ്ത്തിന മാനവേന്ദ്രൻ.

 ചെങ്കതിരോനിൽനിന്നങ്കുരിച്ചീടിന
   മംഗല്യധാമാവാം മാണവകൻ

 നീളെത്താൻ പ്രാശിച്ച ലോകത്തിൻ ദൈന്യമാം
   ക്ഷ്വേളത്തിൻ രൂപത്തിലപ്പുമാനിൽ

 കഞ്ജാതലോലംബകമ്രമായ് മിന്നുന്നു
   വിൽഞാൺതഴമ്പണി പാണിയിങ്കൽ.       40

 മണ്ഡലം വയ്ക്കുമാ രാജാവിൻ കർണ്ണങ്ങൾ
   മണ്ഡനംചെയ്തിടും കുണ്ഡലങ്ങൾ

 സേവിപ്പുപാർശ്വത്തിൽ തദ്വക്‌ത്രചന്ദ്രനെ
   ശ്രീവിശാഖോഡുക്കളെന്നപോലെ.

 തൂശിതുളച്ചവയല്ലാശ്രുതികൾ; ആ
   ബ്ഭൂഷകൾ കാരുക്കൾ തീർത്തതല്ല;

 ആഹാര്യഭാവത്താലാവിലമല്ലേതു-
   മാഗർഭാധാനം തത്സാഹചര്യം.

 അമ്മട്ടിൽ മാറിലുമമ്മഹാൻ ചാർത്തുന്നു
   പൊന്മയമായോരു പോർക്കവചം       50

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/5&oldid=161873" എന്ന താളിൽനിന്ന് ശേഖരിച്ചത്