താൾ:ഉമാകേരളം.djvu/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മടുത്തു ഞാൻ തന്നൊടു; കെട്ടുമിന്നു-
മെടുത്തുകൊണ്ടാൽ ശരി, സൊല്ല തീർന്നു.        38

മിഴിക്കിലൊന്നും കൃതമില്ല; രണ്ടു
തൊഴിക്കുവാൻ കാലുയരുന്നുവല്ലോ;
എഴിക്കു നാളേക്കിവൾ വേണമെങ്കിൽ-
ക്കഴിക്കു വേഗം കനകാഭിഷേകം!""        39

മടത്തരം മങ്കകളശ്രു കൊങ്ക-
ത്തടത്തിൽ വീഴ്ത്തിപ്പറയുമ്പൊഴേവം
വിടത്വമ,റ്റെന്തിനു പൊട്ടു പൊന്നിൻ-
കുടത്തിനെന്നേതു പുമാനുരയ്ക്കും?        40

അസാരവും താഴ്ചവരാതെ ദേഹം
പ്രസാധനംചെയ്തു തെരുക്കൾതോറും
ബിസാംഗിമാർ വന്നു വിളങ്ങിടുന്നു
രസാഖ്യവല്ലീകലികാസമാനം.        41

ഒരോമലാൾ പിച്ചകമാല തന്റെ
ശിരോരുഹം വിട്ടു കരത്തിലേന്തി
പരോക്ഷമന്നെത്തി, വിവാഹനാളിൽ
വരോപകണ്ഠം കുലകന്യപോലെ.        42

ഒരംഗനാമൗലി കഴുത്തിലേന്താൻ
കരത്തിലാർന്നോരനവദ്യഹാരം
പരം ജപിക്കും ചരടെന്നപോലെ
വിരൽക്കുമേൽ വിസ്‌മൃതിപൂണ്ടു ചുറ്റി.        43

പഴിക്കുമുള്ളോടൊരു മങ്കയാൾ മേൽ-
വഴിക്കു സിന്ദൂരവിശേഷകത്തെ
അഴിക്കവേ നെറ്റിയിൽനിന്നതമ്മാൻ-
മിഴിക്കു സീമന്തവിശേഷമായി.        44

അരച്ച കസ്തുരി മിഴിക്കുമാ മൈ
പരം കഴുത്തിന്നുമണിഞ്ഞമന്ദം
ഒരംബുജാക്ഷീമണി തന്റെ തെറ്റു
പരൻ ഗ്രഹിക്കാത്തവിധം നടന്നു.        45

നിസർഗ്ഗരാഗം കഴൽ ചുണ്ടുകൾക്കു-
ണ്ടുസംശയം രണ്ടുമഭേദമെന്നോ
രസജ്ഞയാമന്യ നിനച്ചു ലാക്ഷാ-
രസം പദംവിട്ടു ചൊടിക്കു തേച്ചു?        46

കൃശത്വമാർന്നോരവലഗ്നമെങ്ങും
ഭൃശം തിരഞ്ഞും മിഴികൾക്കു കാണ്മാൻ
അശക്യമായോ നിജ കാഞ്ചിയന്യ
വിശങ്കമോമൽഗളഭ്രഷയാക്കി?        47

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/169&oldid=172819" എന്ന താളിൽനിന്ന് ശേഖരിച്ചത്