സങ്കല്പകാന്തി/തിരുമുല്ക്കാഴ്ച
| ←മഹാരാജകീയ കലാശാലയിൽ | സങ്കല്പകാന്തി രചന: തിരുമുല്ക്കാഴ്ച |
വിശുദ്ധരശ്മി→ |
തിരുമുല്ക്കാഴ്ച
ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ-
ക്കാരാൽ നടന്നുവരുന്നവളാരു നീ ?
പേർത്തു ,മെൻ ചിത്തം തുളുമ്പിടുമ്മാറതാ ,
കേൾപ്പു നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ !
നെഞ്ചിടിപ്പേറ്റുമാറെത്തുന്നു ചാരെ , നിൻ-
ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ !
ചിന്നിപ്പരക്കുന്നു മജ്ജീവനാളത്തിൾ
നിൻനെടുവീർപ്പിൻ സുഗന്ധലഹരികൾ !-
-ആരു നീയുജ്ജ്വലജ്യോതിർവിലാസമേ ?
ആരു നീ , യുൽക്കടപ്രേമവിശാലമേ ?
ഇത്രയുംകാല,മെൻ ചിന്തകൾക്കപ്പുറ-
ത്തജ്ഞാതയായ്നിന്നൊളിച്ചുകളിച്ചു നീ !
അങ്ങിങ്ങു കണ്ടു മൽസ്വപ്നരംഗങ്ങളി-
ലവ്യക്തമായി നിൻ കാലടിപ്പാടുകൾ !
അപ്പാദമുദ്രകൾ ചുംബിച്ചു , നിന്നെയോർ-
ത്തെത്ര നാളൊറ്റയ്ക്കിരുന്നു കരഞ്ഞു ഞാൻ !
എൻ നിഴലിന്റെ പുറകിൽ മറഞ്ഞുനി-
ന്നെ,ന്തിനോ,നിന്നെ ഞാൻ കാത്തു പലപ്പൊഴും !
എങ്കിലും , നിന്നെ ഞാനത്രമാത്രം ഭജി-
ച്ചെങ്കിലും , വന്നില്ല , വന്നില്ലടുത്തു നീ !
പോയിക്കഴിഞ്ഞു , വസന്തഹേമന്തങ്ങൾ
പോയിക്കഴിഞ്ഞു , ഹാ, പുഷ്പനിലാവുകൾ !-
ഇത്തിമിരാപ്തവർഷാന്തനിശയിലോ ,
കഷ്ടം , വരുന്നതെൻ പുൽക്കുടിലിങ്കൽ നീ ?
ഏകാന്തതയുമിരുട്ടുമല്ലാതൊന്നു-
മേകാൻ നിനക്കില്ലിവിടെയിന്നോ ,മനേ !
അല്ലിലൊറ്റയ്ക്കിങ്ങിരിക്കുകയാണു ഞാ-
നില്ലിങ്ങൊരു കൊച്ചു മൺവിളക്കെങ്കിലും
നിന്നെ,സ്സുശോഭനെ , മാമകജീവിത-
സ്പന്ദങ്ങളാൻ സ്വയം സ്വാഗതംചെയ്വൂ ഞാൻ !
ഒന്നുമില്ലെങ്കിലു , മേകുവാനുണ്ടെനി-
ക്കെന്നെ നിനക്കെൻ വിനീതോപഹാരമായ് !
മജ്ജീവിതത്തിലെസ്സർവ്വരഹസ്യവു-
മുജ്ജലത്തായ മൽസ്വപ്നസാമ്രാജ്യവും
മാമകഹർഷവിഷാദശതങ്ങളും ,
ഹാ, മമ പ്രേമവും-എന്നുവേണ്ടൊ,ക്കെയും
ഞാനെന്നൊരൊന്നിലടക്കി , നിൻകാൽക്കൽവെ-
ച്ചാനന്ദദേ , വന്നെതിരേല്പൂ നിന്നെ ഞാൻ !
കണ്ണീരിൽ മുക്കി ഞാന കാഴ്ചവെച്ചീടുന്നൊ-
രെന്നുപഹാരമിതംഗീകരിക്ക നീ !
ആഗസ്റ്റ് , 1936