സംവാദം:ഭജഗോവിന്ദം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സംശോധനാ അഭ്യര്‍ഥന[തിരുത്തുക]

ദയവായി ആരെങ്കിലും ഇതൊന്ന് സംശോധന ചെയ്യുക. ഒരുപാട് പാഠഭേദങ്ങള്‍ ലഭ്യമാണ്. ഏതാണ് ശരി എന്ന് സന്ദേഹം. --Naveen Sankar 11:33, 15 ഏപ്രില്‍ 2009 (UTC)


മുന്‍പതിപ്പിലെ പരിഭാഷ[തിരുത്തുക]

ഭജഗോവിന്ദംഅഥവാ മോഹമുദ്ഗരസ്തോത്രം


1

ഭജഗോവിന്ദം ഭജഗോവിന്ദം

ഗോവിന്ദം ഭജ മൂഢമതേ

സമ്പ്രാപ്തേ സന്നിഹിതേ കാലേ

നഹി നഹി രക്ഷതി “ഡുകൃഞ്കര‍ണേ”.


മൂഢാ, നീ ഗോവിന്ദനെ ഭജിക്കുക. മരണകാലം സമീപിക്കുമ്പോള്‍ ‘ഡുകൃഞ്കര‍ണേ‘ (തുടങ്ങിയ വ്യാകരന കാര്യങ്ങള്‍ നിന്നെ) രക്ഷിക്കില്ല.


2

മൂഢ! ജഹീഹി ധനാഗമതൃഷ്ണാം

കുരു സദ്ബുദ്ധീം മനസി വിതൃഷ്ണാം

യല്ലഭസേ നിജകര്‍മ്മോപാത്തം

വിത്തം തേന വിനോദയ ചിത്തം


അറിവില്ലാത്തവനേ, ധനം സമ്പാദിക്കണമെന്ന അത്യാഗ്രഹത്തെ ഉപേക്ഷിച്ചാലും. ആസക്തിയില്ലായ്മകൊണ്ടുള്ള നല്ല ബുദ്ധിയെ മനസ്സില്‍ പ്രവര്‍ത്തിപ്പിക്കുക. സ്വന്തം പ്രവൃത്തിയാല്‍ സമ്പാദിച്ച വിത്തത്തെക്കൊണ്ട് മനസ്സിനെ വിനോദിപ്പിക്കുക.


3

നാരീസ്തനഭരനാഭീദേശം

ദൃഷ്ട്വാ മാ ഗാ മോഹാവേശം

ഏതന്മാംസവസാദിവികാരം

മനസി വിചിന്തയ വാരം വാരം


സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക.


4

നളിനീദളഗതജലമതി തരളം

തദ്വജ്ജീവിതമതിശയ ചപലം

വിദ്ധിവ്യാധ്യഭിമാനഗ്രസ്തം

ലോകം ശോകഹതം ച സമസ്തം


താമരയിതളില്‍ (ഇലയില്‍) നില്‍ക്കുന്ന ജലം ഏറിയ ചലനത്തോടു കൂടിയതാണ്. അതുപോലെ അദ്ഭുതകരമായ രീതിയില്‍ അസ്ഥിരമാണ് ജീവിതം എന്നു നീ അറിയുക. രോഗം, അഭിമാനം ഇവയാല്‍ ഗ്രസിക്കപ്പെട്ട ലോകം മുഴുവന്‍ ദുഃഖത്താല്‍ ഹനിക്കപ്പെട്ടതാണെന്നും നീ മനസ്സിലാക്കുക


5

യാവദ്വിത്തോപാര്‍ജ്ജനസക്ത-

സ്താവന്നിജപരിവാരോ രക്തഃ

പശ്ചാജ്ജീവതി ജര്‍ജ്ജരദേഹേ

വാര്‍ത്താം കോപി ന പൃച്ഛതി ഗേഹേ


ധനം സമ്പാദിക്കുന്നിടത്തോളം ഒരുവനെ പരിചരിക്കാനും സ്നേഹിക്കാനും ധാരാളം പേരുണ്ടാകും. പിന്നീട് ജരാനരകള്‍ കൊണ്ട് ശരീരം വിവശമാകുമ്പോള്‍ സ്വന്തം വീട്ടില്‍, കാര്യങ്ങള്‍ തിരക്കാന്‍ കൂടി ആരുമുണ്ടാവില്ല.


6

യാവത് പവനോ നിവസതി ദേഹേ,

താവത് പൃച്ഛതി കുശലം ഗേഹേ;

ഗതവതി വായൌ ദേഹാപായേ

ഭാര്യാ ബിഭ്യതി തസ്മിന്‍ കായേ


പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ക്ഷേമവര്‍ത്തമാനങ്ങള്‍ ആളുകള്‍ ചോദിക്കും. പ്രാണന്‍ പൊയ്ക്കഴിഞ്ഞ ശരീരത്തെ ഭാര്യപോലും ഭയപ്പെടുന്നു.


7

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം

നാസ്തി തതഃ സുഖലേശ സത്യം

പുത്രാദപി ധനഭാജാം ഭീതിഃ

സര്‍വത്രൈഷാ വിഹിതാ രീതിഃ


ധനം ആപത്തുണ്ടാക്കുന്നതാണെന്നു കൂടി അറിയണം. അതില്‍ നിന്ന് അല്പം സുഖം പോലും ലഭിക്കുകയില്ല. ധനവാന്മാര്‍ക്ക് പുത്രന്മാരില്‍ നിന്നും തന്നെയും ഭയം നേരിടാം. ഇതാണ് ഇപ്പോള്‍ എല്ലായിടത്തും നടന്നുവരുന്നത്.


8

ബാലസ്താവത് ക്രീഡാസക്തഃ

തരുണസ്താവത് തരുണീസക്തഃ

വൃദ്ധസ്താവത് ചിന്താസക്തഃ (പാ:ഭേ -ചിന്താമഗ്നഃ)

പരേ ബ്രഹ്മണി കോപി ന സക്തഃ


കുട്ടി കളിയില്‍ താത്പര്യമുള്ളവനായിരിക്കുന്നു. യുവാവ്, യുവതിയില്‍ താത്പര്യമുള്ളവനായി കാണപ്പെടുന്നു. വൃദ്ധന്‍ വിചാരങ്ങളില്‍ മുഴുകിയിരിക്കുന്നു. പരമാത്മ സ്വരൂപിയായ ബ്രഹ്മത്തില്‍ താത്പര്യമുള്ളവനായി ആരെയും കാണുന്നില്ല.


9

കാ തേ കാന്താ കസ്തേ പുത്രഃ

സംസാരോയമതീവ വിചിത്രഃ

കസ്യ ത്വം വാ കുത ആയാത- (പാ:ഭേ - കസ്യ ത്വം കഃ കുത)

സ്തത്ത്വം ചിന്തയ തദിഹ ഭ്രാതഃ


നിന്റെ ഭാര്യ ആരാണ്? ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. നീയും ആരുടെ ആളാണ്? എവിടെ നിന്നാണ് വന്നിരിക്കുന്നത്? സഹോദരാ, ഇങ്ങനെയുള്ള പരമാര്‍ത്ഥസ്ഥിതിയെ ആലോചിച്ചാലും.


10

സത് സംഗത്വേ നിസ്സംഗത്വം

നിസ്സംഗത്വേ നിര്‍മോഹത്വം

നിര്‍മോഹത്വേ നിശ്ചലതത്ത്വം

നിശ്ചലതത്ത്വേ ജീവന്‍മുക്തിഃ


സജ്ജനങ്ങളുമായുള്ള സഹവാസം കൊണ്ട് നിസ്സംഗത്വം (ബന്ധമുക്തി) ഉണ്ടാവും. നിസ്സഗത്വം ആശകള്‍ക്ക് നാശം വന്ന അവസ്ഥ സൃഷ്ടിക്കും. നിര്‍മോഹത്വം പരിപൂര്‍ണ്ണ ജ്ഞാനം ഉണ്ടാക്കും. ജ്ഞാനമാണ് ജീവന്മുക്തിയ്ക്കു കാരണമാകുന്നത്.


11

വയസി ഗതേ കഃ കാമവികാരഃ

ശുഷ്കേ നീരേ കഃ കാസാരഃ

ക്ഷീണേ വിത്തേ കഃ പരിവാരോ

ജാതേ തത്ത്വേ കഃ സംസാരഃ

യൌവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്?


12

മാ കുരു ധനജനയൌവന ഗര്‍വം

ഹരതി നിമേഷാത് കാലഃ സര്‍വം

മായാമയമിദഖിലം ഹിത്വാ (പാ:ഭേ - അഖിലം ബുദ്ധ്വാ)

ബ്രഹ്മപദം ത്വം പ്രവിശ വിദിത്വാ


ധനം, പരിജനങ്ങള്‍, യൌവനം ഇവകൊണ്ട് അഹങ്കരിക്കരുത്. കാലത്തിന് ഇതെല്ലാം ഒരു നിമിഷം കൊണ്ട് അപഹരിക്കാം. മായാമയമായ (ഇല്ലെങ്കിലും ഉണ്ടെന്നു തോന്നിപ്പിക്കുന്ന) എല്ലാത്തിനെയും ഉപേക്ഷിച്ചിട്ട് ജ്ഞാനിയായി ബ്രഹ്മപദത്തില്‍ (ബ്രഹ്മസായൂജ്യത്തില്‍) നീ പ്രവേശിക്കുക.


13

ദിനമപി രജനീ സായം പ്രാതഃ (പാ:ഭേ- ദിനയാമിന്യൌ സായം പ്രാതഃ)

ശിശിരവസന്തൌ പുനരായാതഃ

കാലഃ ക്രീഡതി ഗച്ഛത്യായു-

സ്തദപിന മുഞ്ചത്യാശാവായുഃ


പകലും രാത്രിയും സന്ധ്യയും പ്രഭാതവും ശിശിരവസന്തങ്ങളും വീണ്ടും വീണ്ടും വന്നുച്ചേരുന്നു. കാലം കളിക്കുകയാണ്. ആയുസ് ഒടുങ്ങുന്നു. അങ്ങനെയാണെങ്കിലും കാറ്റിനെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ആശകള്‍ നിന്നെ വിടുന്നില്ല.


ശുഭം


"https://ml.wikisource.org/w/index.php?title=സംവാദം:ഭജഗോവിന്ദം&oldid=10294" എന്ന താളിൽനിന്ന് ശേഖരിച്ചത്