Jump to content

ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/സൂതപൗരാണികനോട് ശൗനകാദികളുടെ ചോദ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
സൂതപൗരാണികനോട് ശൗനകാദികളുടെ ചോദ്യം
ഹരിഃശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു


ശൗനകാദിമഹർഷിമാർ യാഗം തുടങ്ങിയപ്പോൾ ശ്രീ വേദവ്യാസ ശിഷ്യനായ സൂതപൗരാണികനോടു ചോദിക്കുന്നത്

ആദിമൂല ശ്രീപരമാനന്ദസ്വതയിൽ നി-
ന്നാദരാലുണർന്നിഴഞ്ഞീടിനോരമൃതവും
പാനംചെയ്തനുദിനമാനന്ദിച്ചലസാതെ
മാനസപത്മത്തിങ്കൽ വാഴും പൈങ്കിളിപ്പെണ്ണേ
മാനുഷഭാവം പഴുതായ് ക്കഴിഞ്ഞീടും മുമ്പേ
മാനസം തെളിഞ്ഞു ദിവ്യാനന്ദസ്വാഭാവികം
സാധിപ്പാനെളുതായ സാധനമേതൊന്നുള്ളൂ?
സാദരമതു ബാലേ! കാലേ ചൊല്ലെന്നോടിപ്പോൾ.
ചൊല്ലുവാനനേകമുണ്ടോരോരോ മുനീന്ദ്രന്മാർ
ചൊല്ലിയ വേദാന്ത സാരാദികൾ ബഹുവിധം;
ചൊല്ലരുതവയൊന്നും നമുക്കു പുരാണങ്ങൾ
ചൊല്ലുകെന്നതും കേൾക്കെന്നുള്ളതും ചെയ്യാമല്ലൊ.
ചൊല്ലെഴും പുരാണങ്ങളുള്ളവയെല്ലാറ്റിലും
നല്ലതു ഭാഗവതമെന്നല്ലോ ചൊല്ലിക്കേൾപ്പൂ;
പത്മാദിപുരാണങ്ങളൊക്കെയും നന്നെങ്കിലു-
മാത്മതത്വങ്ങളെയറിഞ്ഞീടുവാനിതേ നല്ലൂ
ഓരോരോ ശാസ്ത്രങ്ങളിൽ മോക്ഷമാർഗ്ഗങ്ങൾ ചൊന്ന-
തോരോന്നേ നിരൂപിച്ചാലെളുതല്ലിത്രയൊന്നും
ഓരോരോജനങ്ങൾക്കു മുക്തിമാർഗ്ഗതത്വങ്ങൾ;
ഓരോരോ വിധമത്രേ കേവല സ്വഭാവങ്ങൾ;
എന്നതിലെല്ലാവർണ്ണത്തിങ്കലുമെല്ലാവർക്കും
നന്നായി സാധിക്കാവോന്നെളുപ്പമുള്ളോന്നല്ലോ;
എത്രയുമെളുതായി മുക്തിയെ ലഭിക്കുന്ന
ഭക്തിമാർഗ്ഗത്തെ പ്രതിപാതിപ്പാൻ വേ�
തോരോന്നേ നിരൂപിച്ചാലെളുതല്ലിത്രയൊന്നും
ഓരോരോജനങ്ങൾക്കു മുക്തിമാർഗ്ഗതത്വങ്ങൾ;
ഓരോരോ വിധമത്രേ കേവല സ്വഭാവങ്ങൾ;
എന്നതിലെല്ലാവർണ്ണത്തിങ്കലുമെല്ലാവർക്കും
നന്നായി സാധിക്കാവോന്നെളുപ്പമുള്ളോന്നല്ലോ;
എത്രയുമെളുതായി മുക്തിയെ ലഭിക്കുന്ന
ഭക്തിമാർഗ്ഗത്തെ പ്രതിപാതിപ്പാൻ വേദവ്യാസൻ
ഉത്തമശ്ലോകചരിത്രങ്ങളും നാമങ്ങളും
ഉത്തമധ്യാനങ്ങളും മിശ്രമായ് വിരുദ്ധമായ്
ചമപ്പൂ ഭാഗവത; മതിങ്കൽ നിരന്തരം
രമിപ്പാനായിട്ടത്രേ മറ്റുള്ള കഥയെല്ലാം;
അവിടെയാദിശ്ലോകം മംഗലാചരണമായ്
കവിനായകൻ പ്രയോഗിച്ചിതു വേദവ്യാസൻ
സർവജ്ഞാനായിസ്സർവജഗൽക്കാരണനായി
സ്സർവ്വഭൂതങ്ങൾക്കെല്ലാം ജ്ഞാനദസ്വരൂപനായ്
അപരിച്ഛിന്നമായിപ്പരമാനന്ദമായ
പരമാത്മാവുതന്നെ ധ്യാനിക്കയായ് വരേണമേ.
വസ്തുനിർദ്ദേശം രണ്ടാം പദ്യത്തെക്കൊണ്ടുചൊല്ലി;
സത്യമായ് പുരുഷാർത്ഥമായിരിക്കുന്ന പര-
മാത്മതത്വവുമതിൽ പ്രാപ്തിസാധനവുമായ്
മേധ്യമായിരിക്കുന്ന ധർമ്മവുമതിങ്കലേ;
കേൾക്കമാത്രമേ വേണ്ടൂ ഭക്തിയുണ്ടാവാൻ പിന്നെ
മോക്ഷവും വരുമെന്നു വേറേ ഞാൻ ചൊല്ലേണമോ?
സുഖമേ സേവിച്ചീടാം പ്രാ‍മാണ്യവശന്താനും
നിഗമമെന്നു മൂന്നാം പദ്യത്തെക്കൊണ്ടു ചൊല്ലി;
വേദമായീടുന്നൊരു കല്പകവൃക്ഷത്തിന്റെ
മോദമാർന്നെഴും ഫലമാദരപൂർവ്വം ഭക്ത്യാ
വീണിതു ശുകമുഖത്തിങ്കൽ നിന്നുടൻ ഭുവി
ആനന്ദം വരുമാറു പീയൂഷദ്രവത്തോടും
അങ്ങനെയുള്ള മഹാഭാഗവതാഖ്യരസം
മംഗലം വന്നു പരന്തങ്കലേ ലയിപ്പോളം
ആവോളം പാനം ചെയ്തുകൊള്ളുക രസികന്മാ-
രായുള്ള ഭാഗവതമുഖ്യന്മാർ നിരന്തരം
എങ്കിലോ ചൊല്ലു ചൊല്ലു സംസാരംകൊണ്ടുണ്ടാകും
സങ്കടം പോകും വണ്ണം വൈകാതെ ശുകമേ! നീ
ചൊല്ലുവാനിവിടെയിപ്പോളെനിക്കിതിന്നേതു-
മില്ലൊരു മാന്ദ്യം, മാധുര്യാദിലക്ഷണങ്ങളാൽ
ചൊല്ലപ്പോകാതോരതിമൂഢനായതു ഞാനോ;
ചൊല്ലുവാനവരുണ്ടല്ലോ കവീന്ദ്രന്മാർ;
ചൊല്ലെഴുന്നവർ മുമ്പിൽചെന്നു ചൊല്ലുമ്പോൾ പിഴ
ചൊല്ലുകയല്ലല്ലീയെന്നല്ലലുല്ലസിക്കുന്നു.
വല്ലഭമെഴും വിനതാത്മജനനന്താഗ്രേ
തുല്യമില്ലാതെ വേഗത്തോടുതാൻ പറക്കുമ്പോൾ
വല്ലാതെ കൃശമശകാദികളതുകണ്ടി-
ട്ടെല്ലാരുമടങ്ങുന്നു വല്ലഭമില്ലായ്കയാൽ.
വല്ലജാതിയും പറക്കെന്നുവന്നീടും നൂനം.
മെല്ലെമെല്ലവേ പുനരെന്നതോർത്താകും വണ്ണം
അല്ലലെന്നിയേ സംക്ഷേപിച്ചുചൊല്ലീടാമല്ലോ.
ചൊല്ലെഴും ഗണേശനും വാണിയും മുകുന്ദനും
ചൊല്ലിനപൗരാണികചാര്യനാം വ്യാസൻതാനും
സ്വർ ലോകാധിപൻ മുമ്പാമാശാധിപതികളും
വല്ലായ്മയൊഴിച്ചു ഭൂദേവദൈവതങ്ങളും
കല്യാണം വളർത്തുവാൻ നാരദമുനീന്ദ്രനും
എല്ലാരുമനുഗ്രഹിച്ചീടുവാൻ വന്ദിക്കുന്നേൻ.
ശ്രീവേദവ്യാസമുനിചമച്ചപുരാണത്തിൽ
ശ്രീമഹാഭാഗവതം തന്നിലും പരമാർത്ഥം
സത്യജ്ഞാനാനന്താനന്ദാദ്വയാമൃതപൂർ ണ്ണം
സച്ചിദ് ബ്രാഹ്മാഖ്യം പരമാനന്ദമുപാസിച്ചേൻ.
ഈശനും പ്രപഞ്ചവും ഏകമെന്നുറച്ചു ഞാൻ
ഈശനെദ്ദേശികനെന്നറിഞ്ഞു തെളിഞ്ഞപ്പോൾ
ദേശികപാദാപത്മമെന്നുള്ളിലുറപ്പിച്ചേൻ
ദേശികാജ്ഞയാപരമാനന്ദസമന്വിതം
ഈശനും പ്രപഞ്ചവും ദേശികൻ താനും ഞാനും
ഈശന്റെ കാരുണ്യത്താൽ കേവലമൊന്നായ് ക്കണ്ടേൻ;
അന്നേരം മായാമയമായുള്ള ബഹുത്വങ്ങൾ
ഒന്നുമേ കാണ്മാനില്ല ഞാനൊഴിഞ്ഞൊരേടത്തും.
എന്നതിന്നുപദേശസാധനമിതുതന്നെ
നന്നായ് കേട്ടുകൊൾവിൻ മറ്റൊന്നും നിനയാതെ
നൈമിശവനത്തിലേ വിഷ്ണുക്ഷേത്രത്തിങ്കല-
മ്മാമുനിവരന്മാരാംശൗനകാദികളെല്ലാം
സ്വർ ഗ്ഗത്തെ ലഭിപ്പാനായ് സത്രങ്ങൾ തുടങ്ങിനാർ
സദ്ഗതി വരുവാനും ഹേതുവാമതുതന്നെ.
ആയിരത്താണ്ടുകൂടിക്കഴിഞ്ഞുകൂടുന്നത-
ങ്ങാരാലുമുപദ്രവം കൂടാ‍തെചെല്ലും കാലം
ചെന്നിതുവേദവ്യാസശിഷ്യനായുള്ള സൂതൻ
നന്നായ് സൽക്കാരം ചെയ്തിരുത്തി മുനികളും.
പുണ്യവാനായ ഭവാൻ വന്നതു നന്നായ് വന്നു
ധന്യന്മാരെന്നു വന്നു ഞങ്ങളുമതിനാലെ.
ധർമ്മശാസ്ത്രങ്ങളിതിഹാസങ്ങൾ പുരാണങ്ങൾ
നിർമ്മലനായ ഭവാനൊക്കെവേ പാഠമല്ലോ;
വേദാന്തപ്പൊരുളറിഞ്ഞീടിന മുനികളും
വേദവേദാന്തവിത്താം വേദവ്യാസനും മുന്നം
സാദരമരുൾചെയ്തതൊക്കെയഭ്യസിച്ച നീ
മോദേനവന്നതിപ്പോൾ ഞങ്ങൾക്കനുഗ്രഹം.
സ്നേഹമെത്രയും പാരമുള്ള ശിഷ്യനു ഗുഹ്യ-
മായതുപദേശിച്ചീടുന്നു ഗുരുക്കന്മാർ,
ചേതസി നിന്നെ സ്നേഹം വേദവ്യാസനു പാരം
വാസനാശുശ്രൂഷാദിയാകിയ ഗുണങ്ങളാൽ
ആകയാൽ സാരമായ മോക്ഷസാധനമെന്തോ-
ന്നായതു തവ മതി നിശ്ചയം പറകെടൊ!
ഇക്കലിയുഗത്തിങ്കൽ മാനുഷപ്പരിഷകൾ
ദുഃഖിതന്മാരായുള്ളൂ നിത്യോപദ്രവങ്ങളാൽ
അല്പായുസ്സുകളുമായല്പബുദ്ധികളുമാ-
യ്ല്പഭാഗ്യന്മാരുമായ് മിക്കതുമുള്ളൂ നൂനം.
കേൾക്കേണ്ടതസംഖ്യാമായുണ്ടവയെല്ലാമിപ്പോ-
ളാഖ്യാനംചെയ്‌വാൻ കാലമില്ലെന്നുവന്നുകൂടും,
എന്നാലെന്തതിൽ സാരമായുള്ളതെല്ലാവർക്കും
ഒന്നുകൊണ്ടുടൻ ബുദ്ധിതെളിഞ്ഞുവരുന്നതായ്
എത്രയും ചുരുക്കമായത്യന്തം മനൊജ്ഞമായ്
വസ്തുവായിരിപ്പതു സത്വരം പറക നീ
ദേവകിയിങ്കൽ വസുദേവനു സൂതനായി-
ദ്ദേവകൾ ദേവൻ പിറന്നോരുനാളുള്ള കഥ
കേൾക്കേണമെന്നുമുണ്ടുതോന്നുന്നു ഞങ്ങൾക്കിപ്പോ-
ളോർക്കുമ്പോളെല്ലാറ്റിലുമക്കഥയല്ലീ ന‍ല്ലൂ?
തന്തിരുവടിയുടെ തിരുനാമങ്ങളിലൊ-
ന്നന്ധനായറിയാതെ ചൊൽകിലും ഗതിയല്ലോ;
ആത്മശുദ്ധിയിൽ കൊതിയുള്ളവനാകിൽ പര-
മാത്മാവാം കൃഷ്ണൻ കഥ കേൾക്കാനാഗ്രഹമുണ്ടാം.
രസ്ജ്ഞന്മാരെന്നാകിൽ കേട്ടോളം കേൾപ്പാൻ തോന്നും
രസങ്ങളിതിന്മീതേ മറ്റൊന്നുമില്ലാതാനും
ഞങ്ങൾക്കു മതിയാകയില്ലതു കേൾക്കുന്തോറും
മംഗലചരിതങ്ങൾ ചൊല്ലു നീ മടിയാതെ;
വന്നിതു കലിയുഗമെന്നറിഞ്ഞതുമൂലം
വന്നു വൈഷ്ണവക്ഷേത്രം പുക്കിതു ഞങ്ങളെടോ!
തന്തിരുവടിയുടെ ചരിതം കേട്ടുകൊൾവാൻ
എന്തൊരുകഴിവെന്നു ചിന്തിച്ചു വസിക്കുമ്പോൾ,
അന്തരാ വന്നു ഭവാനീശ്വരകാരുണ്യത്താൽ
സന്താപമകന്നിതു മിക്കതും കണ്ടപ്പൊഴേ.