ശ്രീമഹാഭാഗവതം/പ്രഥമസ്കന്ധം/പാണ്ഡവന്മാരുടെ മഹാപ്രസ്ഥാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഗവതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
പാണ്ഡവന്മാരുടെ മഹാപ്രസ്ഥാനം

തദ്ഗുണഗണങ്ങൾ രാജേന്ദ്രശേഖരത്വം ക-
ണ്ടുൾക്കുതുകേന പാണ്ഡുപുത്രരാലനുദിനം
ശിക്ഷിതനായുള്ളൊരു ബാലൻ വളരും നാൾ
കൃഷ്ണനന്ദിതനായ വിദുരർ നടേ തന്നെ
തീർത്ഥങ്ങളാടി നടക്കുന്നവൻ പോന്നുവന്നു
പാർത്ഥിവനായ ധൃതരാഷ്ട്രാദിബന്ധുക്കളെ
ക്കണ്ടു കൗതുകം വളർന്നഞ്ചാറുദിനം പാർത്തു-
കൊണ്ടു രാത്രിയിൽ ധൃതരാഷ്ട്രരെക്കൊണ്ടുപോയാൻ
പിറ്റേന്നാളുഷഃകാലേ നിത്യകർമ്മവും ചെയ്തു.
തെറ്റെന്നു ധർമ്മാത്മജനച്ഛനെ കാണ്മാൻ
ചെന്നു കണ്ടീല പിതാവിനെയെന്തതെന്നന്വേഷിച്ചി-
ട്ടുണ്ടായ പരമാർത്ഥം കേട്ടവൻ ദുഃഖത്തോടെ.
കുമ്പിട്ടു വസിക്കുമ്പോളൻപെഴും ശ്രീനാരദൻ
മുമ്പിൽ വന്നാവിർഭവിച്ചുണ്ടായ മനസ്താപം
യുക്തിയുക്തങ്ങളായ വാക്യപീയൂഷംകൊടു
ത്തൊക്കെവെ ശമിപ്പിച്ചു ഭൂപതി വീരൻ തന്റെ
സദ്ഗതിമാർ ഗ്ഗത്തോളം ബോധിപ്പിച്ചഥ യഥാ
നിർ ഗ്ഗമിച്ചീടും മുനീന്ദ്രോക്തിമാർ ഗ്ഗോപശ്രേണ്യാ
വിശ്വാസഭക്ത്യാചൊല്ലും കാലത്തു മൃതരായോ
രച്ഛനുമമ്മമാർക്കും തച്ഛേഷക്രിയകളും
കൃത്വാരാജ്യവും പരിപാലിച്ചു ധർമ്മത്തോടെ
വത്സരം മുപ്പത്താറു ചെന്നളവിന്ദ്രാത്മജൻ
കൃഷ്ണനെകാണ്മാൻ ശ്രീമദ്ദ്വാരകയകം പുക്കാൻ.
കൃഷ്ണനും ഭൂഭാരം തീർത്താനന്ദപാദം ചേർന്നാൻ.
ജിഷ്ണുനന്ദനനായജിഷ്ണുതാൻ ഭഗവാനെ
ത്തൃഷ്ണയാ കണ്ടു വന്ദിച്ചിങ്ങുടൻ പോന്നീടുവാൻ
പോയവൻ കാലം നാലുമാസം വൈകിയതെന്തൊ-
ന്നയതെന്നറിയാഞ്ഞു ദുഃഖിച്ചു ധർമ്മാത്മജൻ
ദുർനിമിത്തങ്ങൾ കണ്ടു ശങ്കിച്ചു സഹോദരൻ
തന്നോടു, സകലാത്മാവാകിയ ജഗന്മയൻ
പന്നഗശായി വസുദേവനന്ദനൻ നമു-
ക്കന്നന്നുണ്ടായ താപം തീർത്തുതീർത്തനുദിനം
രക്ഷിച്ചു പരമാത്മാതന്നുടെ ലോകപ്രാപ്തി-
ക്കിക്കാലമവകാശമായിതോ ശിവ! ശിവ!
കൃഷ്ണ! രാമാത്മാരാ‍മ! ഗോവിന്ദ! ശിവരാമ!
ജിഷ്ണുജസഖേ! പരിപാലയകുലം മമ
വിശ്വനായക! ജഗൽ പുണ്യമേ! ദയാനിധേ!
ശാശ്വദാനന്ദപ്രഭുവേ ശരണം ശരണം മേ
ചിത്തത്തിലിത്ഥമോർ ‍ത്തോ ർ ‍ത്തോർത്തൽ ചൊല്ലിടും നേര
മെത്രയും തേജോഹീനനായതി മന്ദം മന്ദം
ദുഃഖമുൾക്കൊണ്ടു മുഖപത്മവും വാടിത്തളർ-
നുൾക്കനം വിട്ടുകളഞ്ഞശ്രുക്കൾ തൂകിത്തൂകി,
ശക്രനന്ദൻ വന്നു കൈതൊഴുതരികത്തു
നിൽക്കുമ്പോളവനുടെ ഭാവം കണ്ടവനീശൻ
മിക്കതുമവസ്ഥകളുൾക്കാമ്പിലറിഞ്ഞു ശ്രീ
കൃഷ്ണാദി യദുക്കൾ തൻ കുശലം വിചാരിച്ചാൻ
ശക്രജൻ തന്നുത്തരം ചൊല്ലുവാൻ വല്ലാഞ്ഞു സ-
ന്തപ്തനാമവൻ പൊട്ടിക്കരഞ്ഞു ചൊല്ലീടിനാൻ:
‘നമ്മുടെ സഖി കൃഷ്ണൻ നമ്മെയുപേക്ഷിച്ചു
നിർമ്മലപദം പ്രാപിച്ചീടിനാൻ മുസലിയും.
വന്മദം പൂണ്ടു തപോധനന്മാർ തന്നെച്ചെന്നു
നിർമ്മൂലം സാംബാദികൾ ഭർത്സിച്ചുണ്ടായ ശാപാൽ
വാരിധിതീരത്തിങ്കൽപ്പൂരിതകൃതമായോ
രേരകകണിശങ്ങൾ കൊണ്ടു തങ്ങളിൽത്തന്നെ
യാദവന്മാരും പ്രഹരിച്ചു ചത്തൊടുങ്ങിനാ
രാധിപൂണ്ടതുകണ്ടുമാധവപ്രിയകളും
മാതാവും ജനകനുമുഗ്രസേനാദികളും
വീതിഹോത്രനിൽച്ചാടിക്കൂടിനാലെല്ലാവരും.
ഞാനവർക്കെല്ലാവർക്കുമുദകക്രിയകളും ചെയ്തു
ദീനനായ് വിടകൊള്ളും നേരത്തു സമുദ്രവും
ദ്വാരകാപുരിയുടൻ വേഗേന മുക്കിക്കൂറ്റി;
വേരോടുകൂടിപ്പറിഞ്ഞുയർന്നു സന്താനവും
നാരിമാരെയും വജ്രനാമിവനെയുംകൊണ്ടു
പാരാതെ വിടകൊണ്ടേനാവതെന്തെനിക്കയ്യോ!
ദേവകീസുനോ ജഗൽ പുണ്യകാരുണ്യാംബുധേ!
കേവലം സഖികളാരുള്ളതു നിന്നെപ്പോലെ?
സർവാപരാധങ്ങളെസ്സഹിച്ചു സദാകാലം
സർവാപത്തുകൾ ഞങ്ങൾക്കന്നന്നുണ്ടായതെല്ലാം
തീർത്തുകാത്തിതവ്യയസാമ്രാജ്യ ലക്ഷ്മീ പദ
പ്രാപ്തി നൽകുവാൻ; നമസ്തുഭ്യമന്വഹം വിഭോ!’
പാർത്ഥനീവണ്ണം പറഞ്ഞാർത്തനായ്ക്കരഞ്ഞുത-
ദ്വാർത്ത കേട്ടതു നേരം ധർമ്മജനകതാരിൽ
ചീർത്ത സന്താപം ചൊൽകിലീശ്വരൻ നടുങ്ങീടും
ഓർത്തുപാർത്തിതു നിജധൈര്യം കൊണ്ടവനീശൻ
പേർത്തുടനടക്കി മുന്നം ഗ്രഹിച്ചിരിക്കുന്നോ
രാത്മജ്ഞാനത്താലഖിരേശ്വരൻ തന്നെക്കണ്ടു
തല് പദാം ഭോജത്തിങ്കലാമ്മാറു സകലവും
കല് പിച്ചു സമർപ്പിച്ചു വിശ്വസിച്ചനന്തരം
രാഗാദിദോഷങ്ങളുമേഷണത്രയങ്ങളും
ഭാഗവതാഢ്യൻ മറന്നേകാഗ്ര സമബുദ്ധ്യാ
കാലദോഷത്താലുള്ള കാലുഷ്യമെല്ലാം തീർത്തു
മേലിൽ നല്ലതു വരുത്തീടുവാനർത്ഥിച്ചുടൻ
സോദരാമാത്യസാമന്താദികളോടുകൂടി
സ്സാദരം പരീക്ഷിത്തിന്നഭിഷേകവും ചെയ്തു.
രാജ്യമങ്ങവങ്കലാമ്മാറുടൻ സമർപ്പിച്ചു
പൂജ്യനായ് മഥുരയിൽ വജ്രനാമവനെയും
ശൂരസേനാധിപത്യം വാഴ്കെന്നുവിധിച്ചു, തൽ-
ക്കാരണാത്മനിചേർത്താനാശു പാവകനെയും.
സ്വധർമനിഷ്ഠാപൂർവ്വമുറപ്പിച്ചേവം പുന-
രധർമഭീരു നൃപനസംഗാത്മനാ തൂർണ്ണം
സുവർണരത്നാഭരണാദികൾ ദാ‍നം ചെയ്തു
സുവർണശരീരമാത്രേണതാൻ നിവൃത്തനായ്
സ്വസ്ഥനായ് വിരക്തനായ് മുക്തനായ് വിസുദ്ധനായ്
ദക്ഷിണേതരയായ ദിക്കിനുതുടങ്ങിനാൻ
ദക്ഷന്മാരാകുമനുജന്മാരുംകൂടിപ്പിമ്പേ
മുഗ്ദ്ധയാം ദ്രുപദരാജാത്മജയോടുംകൂടി
സ്നിഗ്ദ്ധതയാലേ നടന്നീടിനാർ പിരിയാതെ.
പിന്നാലെപോകുന്നവരെല്ലാരും മരിച്ചു ഭൂ-
മണ്ഡലം തന്നിൽ പതിക്കുന്നതുനോക്കീടാതെ
മന്നവൻ വടക്കോട്ടു പിന്നെയും നടന്നുടൻ
തന്നുടെ വൈമാനികൻ തന്നോടു കൂടിച്ചേർന്നു
ചെന്നുടനിന്ദ്രാലയംതന്നിൽ വാണരുളിനാൻ.
ഖിന്നതയൊഴിഞ്ഞനുജാദികൾ തന്നെക്കണ്ടു
തന്നുടെമൂലത്തിങ്കലെല്ലാരും ലയിച്ചാർപോൽ.