ശ്രീമഹാഭാഗവതം/പഞ്ചമസ്കന്ധം/അർക്കേന്ദുഗതിഭേദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സ്വർഗ്ഗഭൂമികളുടെ യന്തരമന്തരീക്ഷ-
മർക്കചാരവുമന്തരീക്ഷമദ്ധ്യാന്തർഭാഗേ
ഉത്തരായണമെന്നും ദക്ഷിണായനമെന്നും
മിത്തരം വിഷ്ടപങ്ങൾ വർദ്ധിപ്പിക്കുന്നകാലം;
അവനീപതേ! സമമായ് വരുമഹോരാത്ര-
മൃഷഭാദികളാകുമഞ്ചിലും വർത്തിക്കുന്നാൾ
ഇഴിയും നിശയതു പകലേറിടും താനും;
കീടകമാദികൾ മറ്റഞ്ചിലും വർത്തിക്കുന്നാൾ
ഈടെഴും പകൽ കുറഞ്ഞേറുന്നു നിശാകാല-
മീദൃശമുദിക്കയുമസ്തമിക്കയും ചെയ്യും
ആദിത്യൻ പെരുമാറുമ്മാനസോത്തരത്തിന്മേൽ
ഒമ്പതുകോടിക്കുമേലതിന്റെ വട്ടം പുന-
രമ്പതുമൊന്നും ലക്ഷം യോജനയുണ്ടുതാനും.
അങ്ങനെയിരിക്കുന്ന മാനസോത്തരഗിരി-
ക്കങ്ങുമേൽ മുകളിൽ ദേവാലയത്തിനു നേരേ
പൂർവ്വഭാഗത്തിങ്കലുണ്ടിന്ദ്രന്റെ രാജധാനി
കേവലം ദേവധാനിയെന്നതിനുടെ നാമം;
പ്രേതനാഥനു തെക്കുണ്ടല്ലോ സംയമിനിയും
യാദസാം പതിക്കു നിമ്ലോചനി പടിഞ്ഞാറും
വടക്കു വിഭാവരി സോമന്റെ രാജധാനി
പടർച്ചയോടും നാനാഭൂതങ്ങളെല്ലാവർക്കും
പ്രവൃത്തി നിവൃത്തി നിമിത്തങ്ങളായിട്ടുദ
യാസ്തമയത്തോടർദ്ധരാത്രിയെന്നിത്യാദികൾ
ഗതിക്കുതക്കവണ്ണം പകർന്നു പകർന്നുകൊ-
ണ്ടതിക്രാമൃതി സൂര്യനോരോരോദിക്കുതോറും
രാശിചക്രത്തിൻ വേഗമേറി നിന്നതിനുടെ
പേശലാൽ വലത്തുടായ്‌വരുന്നിതെല്ലാടവും
യാതൊരു ദിക്കിലുടനുദയം കാണാകുന്നു.
നീതിയിലതിന്മറുപുറത്താമസ്തമയം;
യാതൊരേടത്തു നേരേ മദ്ധ്യാഹ്നമാകുന്നിത-
ങ്ങതിനു നേരെ മറുപുറത്താമർദ്ധരാത്രം.
യാ‍തൊരു നേരം സൂര്യൻ ലങ്കയിലുദിക്കുന്നു
അസ്തമിക്കുന്നു സിദ്ധപുരിയിലതിൻ നേരേ.
ഇന്ദ്രന്റെ പുരിയിൽ നിന്നന്തകപുരത്തിങ്കൽ
ചെന്നിടും പതിനഞ്ചു നാഴിക കൊണ്ടു സൂര്യൻ
അവിടമുണ്ടു രണ്ടുകോടിയുമനന്തരം
അവനീപതേ, മുപ്പത്തേഴുലക്ഷവും പിന്നെ
പുനരങ്ങെഴുപത്തയ്യായിരം യോജനയും
തനിയേ വഴിയെന്നു മനസി ധരിച്ചാലും
അതിനെപ്പോലെത്തന്നെ വരുണപുരത്തിനു-
മകലമതു പതിനഞ്ചുനാഴികയാലെ
വിരവോടെത്തും വിഭാവരിക്കുമതുപോലെ
തരസാചെല്ലും വിഭാവരിയിൽ നിന്നുതന്നെ
ക്രമമായുള്ളവഴിയകലമതു തന്നെ.
സമമായെത്തും പതിനഞ്ചു നാഴികയാലെ
അവ്വണ്ണം തന്നെ സൂര്യചന്ദ്രാദിഗ്രഹങ്ങളും
സർവ്വനക്ഷത്രങ്ങളും ജ്യോതിശ്ചക്രത്തിന്മേലേ
ഉദിച്ചുമസ്തമിച്ചുമിരിക്കുന്നിതു നിത്യം
വദിച്ചുകൊൾവാനറിയാവതല്ലിത്യാദികൾ.
ആദിത്യരഥത്തിനു ചക്രമാകുന്നതെല്ലാം
ആദരാലോരോരോ സംവത്സരാത്മകങ്ങൾപോൽ.
താനതിനച്ചുതണ്ടു മേരുതന്മുകളിലും
മാനസോത്തരഗിരിതന്മേലും തഥാനേമി
മാരുതാശന കുലനാശനാഗ്രജൻ തന്നെ
സാരഥിയാകുന്നതു ബാലഖില്യന്മാരല്ലോ
സൂക്തവാക്യങ്ങൾകൊണ്ടു വേദാന്തപ്പൊരുളായ
മാർത്താണ്ഡൻ തന്നെ സ്തുതെച്ചീടുന്നു നിത്യം ചെമ്മേ.
ഗന്ധർവാപ്സരോനാഗമാനിനീയാതുധാന
പങ്‌ക്‌തിയും ഗ്രാമണികൾ ദേവകളൃഷികളും
സന്തതമിവരേഴുകൂട്ടവും വേറെ വേറെ
മാസങ്ങൾ തോറും ഭക്ത്യാ സൂര്യനെസ്സേവിക്കുന്നു
“ഉത്താ‍നപാദൻ തന്റെ പുത്രനാം ധ്രുവനെയു-
മുത്തമനായ മഹാമേരുവിനേയും കൂടി
നിത്യവും പ്രദക്ഷിണം ചെയ്യുന്നോരാദിത്യന്റെ
സത്യസദ്ഗതിഭേദം രാശികളെ തീർത്തിതു
എങ്ങനെ വിശേഷിച്ചു വെവ്വേറെ കാണാകുന്നു?”
ഇങ്ങനെ പരീക്ഷിത്തിൻ ചോദ്യത്തിനരുൾ ചെയ്തു
മംഗലാത്മാവാം നൃപതീശ്വരൻ തന്നോടേറ്റം
മംഗലവാക്യം കൊണ്ടു ബാദരായണിയപ്പോൾ:-
“അന്വഹം കുലാല ചക്രത്തോടുകൂടിത്തിരി-
യുന്നൊരു പിപീലികാദികൾ തങ്ങടെ ഗതി
വെവ്വേറെ ലോകാന്തരത്തിങ്കലും കാണാകുന്നി-
തവ്വണ്ണമാദിത്യാദിഗ്രഹങ്ങൾ ഗതിഭേദം
നക്ഷത്രരാശ്യന്തരത്തിങ്കലും കാണാകുന്നു
ദിക്കുകൾതോറും രാശിചക്രത്തിൻ‌ വേഗത്താലെ
ആദിത്യാത്മകനായ ഭഗവാനുടെ ഗതി-
ഭേദംകൊണ്ടുണ്ടാമഹോരാത്രാദികാലഭേദം
അർക്കമണ്ഡലത്തിങ്കൽ നിന്നു പിന്നെയുമൊരു
ലക്ഷം യോജനമേലെ ചന്ദ്രന്റെ നടപടി.
ആദിത്യനോരാണ്ടുള്ള ഗതിയെ മാസംകൊണ്ടു
സാധിക്കുന്നിതു ചന്ദ്രൻ പിതൃക്കൾക്കഹോരാത്രം
ഉണ്ടാവൂ പൂർവ്വപരപക്ഷങ്ങൾ രണ്ടുകൊണ്ടും
കണ്ടാലും കാലക്രമം സൂര്യചന്ദ്രന്മാർ തമ്മിൽ.
ഇക്ഷപാ‍കരനുടെ നണ്ഡലത്തിങ്കൽ നിന്നു
ലക്ഷം യോജന മേലേ നക്ഷത്ര മാർഗ്ഗമെടോ!
നക്ഷത്രമാർഗ്ഗത്തിങ്കൽ നിന്നുപിന്നെയും രണ്ടു-
ലക്ഷം യോജന മേലേ ശുക്രനെന്നറിഞ്ഞാലും;
അവിടെ നിന്നുരണ്ടുലക്ഷം ജോജനമേലേ
ബുധനാമിന്ദുപുത്രനവർകൾക്കിരുവർക്കും
ആദിത്യന്തന്നോടൊക്കും മിക്കതും വിചാരിക്കിൽ
ദീധിതി ഗതിയിങ്കൽ ഭേദവും ചെറുതുണ്ടാം.
സോമജന്തങ്കൽ നിന്നു ലക്ഷം യോജനമേലേ
ഭൂമിനന്ദനനായ ലോഹിതനവനേതും
വക്രാദിഗതിഭേദമില്ലെന്നു വരുന്നാകിൽ
പക്ഷങ്ങൾ മൂന്നുകൊണ്ടു രാശിയിൽക്കടക്കുന്നു
മിക്കതും രക്തൻ തങ്കൽ നിന്നുടൻ പിന്നെ രണ്ടു-
ലക്ഷം യോജന മീതേ നിർജ്ജരാചാര്യനായ
വാഗീശനോരാണ്ടുകൊണ്ടങ്ങുനീങ്ങീടും രാശി,
ഭാഗധേയാബ്ധേ! പുനരവിടെനിന്നും തഥാ,
കേവലം രണ്ടു ലക്ഷം യോജനമേലേ സൂര്യ
ദേവനന്ദനച്ഛായാപുത്രനാകിയ കാലൻ
മേവിനാനവനൊരു മുപ്പതുമാസം കൊണ്ടു
പോയിതങ്ങൊരു രാശി തന്നിലെന്നതറിഞ്ഞാലും.
അവങ്കൽ നിന്നു പതിനൊന്നു യോജനലക്ഷം
അവധിദൂരം സപ്തഋഷികൾ നിവാസകം.
അവിടെ നിന്നു പതിമൂന്നുലക്ഷം യോജന
സവിധേ വിഷ്ണുഭക്തൻ ധ്രുവനായുള്ള ലോകം.
അവന്റെ ലോകം ജ്യോതിർഗ്ഗണങ്ങളെല്ലാവർക്കും
ആശ്രയമാകുന്നതെന്നറിക ധരാപതേ!
നിത്യവും ധാന്യങ്ങളെത്തിരിക്കും പശുക്കൾക്കു
സ്വസ്വമാം തിരുകുറ്റിയാശ്രയമെന്നപോലെ
അർക്കമണ്ഡലത്തിങ്കൽ നിന്നൊരു മുപ്പത്തഞ്ചു
ലക്ഷം യോജനമേലേ നിശ്ചയം ധ്രുവലോകം.
കേൾക്കെടോ പിന്നെജ്യോതിശ്ചക്രങ്ങളൊക്കെസ്സർവ്വ
സാക്ഷിയാം ഭഗവാന്റെ യോഗധാരണാത്മകം
സൂക്ഷ്മകനായ ശിംശുമാരന്റെ ശരീരൈക-
മൂർത്തിയിങ്കലും പോലെന്നല്ലോ കേട്ടിരിക്കുന്നു.
ശിംശുമാരന്റെ പുച്ഛാഗ്രത്തിങ്കൽ ധ്രുവനല്ലോ
സംശയം പ്രജാപതി വഹ്നിയുമിന്ദ്രൻ ധർമ്മൻ
എന്നിവരെല്ലാം ക്രമാൽ മേൽപ്പോട്ടു വാൽമേൽ‌ത്തന്നെ
സന്നിധാനത്തെച്ചെയ്തീടുന്നിതു സദാകാലം;
ധാതാവും വിധാതാവും പുച്ഛമൂലത്തിങ്കലും
പ്രീതരായിരുന്നരുളീടുന്നു നിരന്തരം;
മദ്ധ്യദേശത്തിങ്കലാകുന്നു പോലനുദിനം
സപ്തമാമുനിവരന്മാരധിവാസം നിത്യം,
രണ്ടുതോളിലുമൊക്കെമിക്കതും നക്ഷത്രങ്ങൾ
ഉണ്ടുപോലുദരത്തിലാകാശതടിനിയും
ഉത്തരോഷ്ഠത്തിങ്കലങ്ങഗസ്ത്യന്താനും പുന-
രിത്തരമധരോഷ്ഠത്തിങ്കലായമന്താനും,
മുഖത്തുഭൂമിപുത്ര, നുപസ്ഥേ ശനിയും, പിൻ‌-
കഴുത്തിങ്കൽ ബൃഹസ്പതി, മാറത്തുദിവാകരൻ,
ഹൃദയത്തിങ്കൽ വിഷ്ണു, മാനസത്തിങ്കൽ ചന്ദ്രൻ,
സതതം നാഭൗ ശുക്രൻ, പ്രാണങ്കൽ ബുധൻ താനും
നിശ്ചയം കഴുത്തിൽ‌പോൽ നില്പതു സ്വർഭാനുവും
അശ്വനീദേവകൾ പോലോരോരോമുലകളിൽ,
രാഹുകേതുക്കൾ സമസ്താംഗങ്ങളിലുമെല്ലാം,
ജ്യോതിസ്സുകളും മറ്റേതൊക്കെ രോമങ്ങൾ തോറും
ഇച്ചൊന്ന ഭഗവാന്റെ സർവ ദേവതാമയം
നിശ്ചയമായരൂപം ധ്യാനിച്ചാൽ പാപക്ഷയം.