ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/പൃഥു ചക്രവർ‌‌ത്തിയുടെ ചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അക്കാലമങ്ങു മുനിമാരൊരുനാൾ-
പത്യാർ‌ത്ഥമായ്ക്കടഞ്ഞാരവൻ‌ തൻ‌തുട;
തത്ര തദൈവ കറുത്തുമുറിയൊരു
മർ‌ത്യൻ വിരൂപനായുത്ഭവിച്ചീടിനാൻ‌.
തത്പുരുഷൻ‌ മുനിമാരെത്തൊഴുതു “ഞാ
നിപ്പോളിനിയെന്തു വേണ്ട” തെന്നിങ്ങനെ
ചോദിച്ചകാലം “നിഷീദ” യെന്നഞ്ജസാ
വാദിച്ചതമ്മുനിമാരതു കാരണം
പാരിൽ നിഷാദനായ് വന്നാനവനുടെ
പാരമ്പര്യം നിഷാദാന്വയമായതും.
പിന്നെ മുനികൾ കരങ്ങൾ‌ രണ്ടും കട-
യുന്ന കാലം ഭവിച്ചൂ മിഥുനം ബലാൽ‌.
എന്നതുകണ്ടരുൾ‌ ചെയ്തുമുനികളു-
മിന്നിവൻ‌ വിഷ്ണു തന്നംശാവതാരകൻ‌
പെണ്ണിവളിന്ദിരതന്നംശമായതും
നിർ‌ണ്ണയം രാ‍ജകുലത്തിന്നു സന്തതം
കീർ‌ത്തി വളർ‌ത്തുവാനാളായതു കൊണ്ടു
പാർ‌ത്ഥിവൻ‌ താൻ‌ പൃഥുവെന്നതിഖ്യാതിമാൻ‌.
മാദ്ധ്വീമൊഴിയിവളർ‌ച്ചിസ്സു ബാഹുപ-
ത്മോദ്ധൃതയെന്നരുൾ‌ ചെയ്തു പൃഥുവിനെ
ധാത്രീസുരാദികളെല്ലാം പ്രശംസിച്ചു
കീർ‌ത്തിച്ചിതേറ്റം ബഹുമതിയോടപ്പോൾ‌
നാസ്തിയായ്പോയ ധർ‌മ്മസ്ഥിതി ചേർ‌ത്തുട-
നാസ്ഥയാ സമ്പ്രീതി നീളെ നടത്തുവാൻ‌
പാർ‌ത്ഥിവസ്ഥാനം പരിചോടു പൂർ‌ണ്ണമാ-
യാർ‌ത്തിയൊഴിച്ചിപ്രപഞ്ചരക്ഷാർ‌ത്ഥമായ്
മൂർ‌ത്തികൾ‌മൂവരുമിന്ദ്രാദി ലോകപാ-
ലോത്തമന്മാരുമഖിലാമരൗഘവും.
കാൽ‌‌ക്ഷണമാത്രയാ വന്നുകൂടീടിനാ-
രീക്ഷണേന്ദ്ര്യാർ‌‍ത്ഥനാമീശ്വരൻ‌ തൻ‌മുമ്പിൽ‌
രാജ്യപരിപാലനാർ‌ത്ഥമഭിഷേക-
യോഗ്യക്രിയയ്ക്കു വന്നൊന്നിച്ചു നിന്നതിൽ‌
ഓരോ ജനങ്ങളോരോന്നിഹ കൊണ്ടുവ-
ന്നരൂഢമോദാൽ‌ കൊടുത്താരഖിലവും.
സിംഹാസനമായവെൺ‌ ചാമരം മാരുതൻ‌,
ഇന്ദ്രൻ കിരീടം, യമൻ‌ ദണ്ഡവും, ഭാരതി
മുത്തുപട്ടം, വിഷ്ണുനാരായണൻ‌ പരൻ‌
ഭകതനാം ഭൂപാലകന്നു സുദർ‌ശന-
ചക്രവും, അവ്യാഹതശ്രിയം പത്മിനി,
ചക്രികുലപരിഭൂഷണനീശ്വരൻ‌
ഖഡ്ഗംദശചന്ദ്ര, മന്ദ്രിജാ ചർ‌മ്മസൗ
മുഖ്യശതചന്ദ്രമശ്വം നിശാചരൻ‌,
വിശ്വകർ‌മ്മാവുതേ, രഗ്നിധനു, രതി-
രശ്മിമയവിശിഖാൻ‌ സ്വാനഹസ്കരൻ‌,
പൃഥ്വീ മെതിയടി, ശംഖം സമുദ്രവും,
ഇത്ഥം മഹത്തുക്കളെല്ലാം യഥാക്രമ-
ശക്ത്യുപഹാരങ്ങളെക്കൊടുത്തീടിനാ-
രത്യാദരേണ പൃഥുവിനു കേവലം
ദേവഗന്ധർ‌വ സംഘം മുദാ പാടിനാർ‌
ദേവവാദ്യങ്ങളും ഘോഷിച്ചിതേറ്റവും
പുഷ്പവർ‌ഷം ചെയ്താർ‌ സിദ്ധസമൂഹവും;
തൽ‌ക്ഷണം സൂതാദികളാൽ‌ സ്തുതിപ്പത-
ങ്ങക്കാലമപ്പൃഥുകേട്ടു ചൊല്ലീടിനാൻ‌
“നിങ്ങളെന്തിന്നായിവിടെ ഗുണങ്ങള-
ങ്ങൊന്നുമില്ലാതവനെ സ്തുതിച്ചീടുന്നു?
തങ്ങൾ ഗുണപ്രസിദ്ധന്മാരതാകിലു-
മെങ്ങും സ്തുതിപ്പിക്കുമാറില്ലവർ‌കൾളും;
ഞാനോ ഗുണരഹിതൻ‌ തുലോമന്വഹം
നൂനം പ്രസിദ്ധനായേ പുകഴാവിതും.”
ഏവം പൃഥുവചനേന വന്ദിച്ചവ-
രേവരും നിന്നതുകണ്ടു മുനികളാൽ‌
പ്രേരിതരായ് സ്തുതിച്ചാർ‌ മുതിർ‌ന്നേറ്റവും
പൂരിതൈശ്വര്യപ്രസിദ്ധഗുണൈരലം.
തൽ‌ക്ഷണേ തത് സ്തുതി പാഠകന്മാർ‌ മുത-
ലൊക്കെ പ്രകൃതികൾ‌ക്കും മുഹുരങ്ങു ഭൂ-
നിർ‌ജ്ജരാദ്യാഖില വർ‌ണ്ണികൾ‌ക്കും ധ്രുവം
സർ‌വാർ‌ത്ഥ സമ്പത് സമൃദ്ധികളും കൊടു-
ത്തുർ‌വരാധീശൻ‌ കൃപയാ വിളങ്ങിനാൻ‌:
സർ‌വഗുണാലയനാൻ നൃപനങ്ങനെ
സർവൈക പാലകനായിരിക്കും വിധൗ
സർ‌വരുമന്നമർ‌ത്ഥിച്ചു കൊണ്ടീടിനാർ‌;
സർ‌വം സഹാവരനും വിചാരിച്ചുടൻ‌
ഭൂമിയോടർത്ഥിച്ചതിന്നു ധരിത്രിയും
താമസിച്ചങ്ങു കട്ടാഞ്ഞതു കാരണം,
“നിങ്കൽ മറഞ്ഞുലയിക്കുമനങ്ങളി-
ന്നെങ്കലമ്പോടു നീ തന്നതില്ലെങ്കിലോ
സങ്കടം തീരുകയില്ല പ്രജകൾ‌ക്കു
സങ്കടത്തിൽ‌ കൃപയില്ലാത്ത നിന്നെ ഞാൻ‌
ബാധിപ്പതിന്നു മടിക്കയി”ല്ലെന്നതി-
ക്രോധിച്ചു വില്ലും കുഴിയെക്കുലച്ചുടൻ‌
വേഗാലൊരുശരവും തൊടുത്താശുതാൻ‌
ദ്രാഗ്ഗഭീരത്തോടു കൂടെയടുക്കുമ്പോൾ‌,
പേടികലർ‌ന്നു പശുവേഷമായ്ച്ചമ-
ഞ്ഞോടിത്തുടങ്ങിനാളാടൽ‌പൂണ്ടുർ‌വിയും-
കൂടെത്തുടർ‌ന്നു പിന്നാലെ നൃപതിയും
കൂടെയെത്തീടിനാനോടിയോടിദ്രുതം.
പടെപ്പരക്കെപ്പലദിശയിങ്കലു-
മോടിത്തളർ‌ന്നൊരാധാരമില്ലാഞ്ഞവൾ‌.
പിന്നെപ്പൃഥുവിനെത്തന്നെ നമസ്ക്കരി-
ച്ചന്യൂനമന്യുവേഗേന ചൊല്ലീടിനാൾ‌:-
“മന്നവ! സർ‌വധർ‌മ്മജ്ഞനാം നീ ജഗ-
ത്തിന്നു ഗുണങ്ങൾ‌ വരുത്തുവാനല്ലയോ
വന്നവതീർ‌ണ്ണനായുള്ളൂ കൃപാലുവാ-
കുന്ന ഭവാനിങ്ങപരാധമെന്നിയേ
നിന്നോരഗതിയായേറ്റമുഴന്നോരു
തന്വ്യാ ഭവാനൊഴിഞ്ഞില്ലൊരാധാരവും
എന്തൊരപരാധമെങ്കലാമ്മാറുക-
ണ്ടന്തരേ മാം വധിച്ചീടുവാനോർ‌ക്കുന്നു?
ചിന്തിക്കിലെങ്കലൊഴിഞ്ഞെവിടത്തിലി-
ജ്ജന്തുക്കളെവച്ചു രക്ഷിച്ചു കൊള്ളുന്നു?
പണ്ടു പാതാളേ മറച്ചന്നു പന്നിയായ്
കണ്ടകനെക്കൊന്നുകൊണ്ടുപോന്നെന്നെയും
കുണ്ഠത തീർത്തിരുത്തിപ്പരിപാലിച്ച
കൊണ്ടൽ‌വർ‌ണ്ണപ്രഭോപാലയമേലിലും”
തൊണ്ടവിറച്ചു കരഞ്ഞഴൽ‌ തേടിനി
ന്നിണ്ടൽ‌ മുഴുത്തു പശുരൂപിണി ഭൂമി
വാക്കുകളിങ്ങനെ കേട്ടവൾ‌ തന്മുഖം-
നോക്കിച്ചിരിച്ചു കോപിച്ചു നൃപേന്ദ്രനും
ചൊല്ലിനാ”നെത്രയും നന്നുനന്നിന്നു നീ
ചൊല്ലിനാലെൻ‌വശയല്ലാത നിന്നെ ഞാൻ‌
കൊല്ലുവാനെല്ലാർ‌ക്കുമാശ്രയമായുള്ള-
തല്ലോത്വദന്നമെന്നുള്ളതതിനെ നീ
നിങ്കൽ‌ മറച്ചു ലയിപ്പിച്ച കാരണം
സങ്കടമുണ്ടിജ്ജഗദ്വാസികൾ‌ക്കെല്ലാം
എന്നാലഖിലർ‌ക്കുമുണ്ടായ സങ്കടം
നിന്നെ വധിച്ചൊഴിച്ചിന്നു ഞാനെന്നുടെ
യോഗബലേന പ്രപഞ്ചം ഭരിപ്പനി-
ങ്ങാകുലമേതുമെനിക്കില്ലതിനെടോ?
കേളെ”ന്നുടൻ‌ പൃഥു ചൊന്നതു കേട്ടകം-
കാളയെരിഞ്ഞഴൽ‌ പൂണ്ടു തന്മാനസേ
ഭീതിനടേതിലുമേറ്റം വളർന്നതി-
നീതിമാനെത്തൊഴുതാശു ചൊല്ലീടിനാൾ‌
“അന്നം സകലർ‌ക്കുമാശ്രയമായുള്ള-
തെന്നരുൾ‌‌ ചെയ്തതവ്വണ്ണമല്ലാതെയായ്
വന്നിതിങ്ങെങ്കലധർ‌മികൾ‌ക്കെന്നിമ-
റ്റന്നാദി സമ്പത് സമൃദ്ധിയില്ലാർ‌ക്കുമേ;
സജ്ജനം നിഷ്കിഞ്ചനരായളവഹോ!
യജ്ഞാദി കർ‌മ്മങ്ങളൊക്കെ മാഞ്ഞു തുലോം
തത്കാരണാലൊഴിഞ്ഞു ഹവിർ‌ഭാഗങ്ങ-
ളൊക്കെയെല്ലാർ‌ക്കുമെന്നാകയാൽ‌ ഞാൻ‌ തദാ
സംഹരിച്ചീടിനേനോഷധിവർ‌ഗ്ഗമെ-
ന്നീവണ്ണമുള്ളു പരമാർ‌ത്ഥമൊക്കവേ
നീയറിഞ്ഞിത്ഥമെല്ലാമുപായങ്ങളാൽ‌
മായമൊഴിഞ്ഞു കൈക്കൊണ്ടെങ്കിൽ‌ മേലിലും
കീഴിലെപ്പോലെ നടത്തിയിരുത്തുക.
പാഴായ് ചമയാതെ ധർ‌മ്മനീത്യാ ചിരം”
ഭൂമിതൻ‌ വാക്കുകളിങ്ങനെ കേട്ടുടൻ‌
ഭൂമീശ്വരനാം പൃഥുവഥ തൽ‌ക്ഷണേ
മാനുഷർ‌ക്കാദ്യനായീടും മനുവിനെ
താനൊരു വത്സനാക്കിക്കൊണ്ടു തൻ‌കൈയിൽ‌
മോദം കലർ‌ന്നോഷധികളെയൊക്കവേ.
സാദരം ചെമ്മേ കറന്നുകൊണ്ടീടിനാൻ
കേവലമെന്നതു കണ്ടു മറ്റുള്ളവ-
രേവരും തത്തദുപ്രകൃതാർത്ഥങ്ങളെ
പോതങ്ങളായ് പ്രധാനന്മാരെയും ചേർ‌ത്തു
നൂതമായ് കറന്നീടിനാരൊക്കെയും.
വാഗീശവത്സമായോജ്യമുതിർ‌ന്നൃഷി-
മാർ‌ കറന്നാരിന്ദ്രിയങ്ങളിൽ‌ ഛന്ദാംസി;
ദേവകളിന്ദ്രനെ വത്സമാക്കിസ്സുധാ
മാവിർ‌‌മ്മുദാ കറന്നാർ‌ സുവർ‌ണ്ണീകൃതേ
ഭാജേന ദാനവർ‌‌ പ്രഹ്ലാദനാലയോ-
ഭാജേന മദ്യം കറന്നു കൊണ്ടീടിനാർ;
ഗന്ധർവ്വന്മാരഹോ വിശ്വാവസുവിനെ-
ബ്ബന്ധിച്ചുടൻ‌ കറന്നീടിനാർ‌ ഗാന്ധർവം
പാങ്കേരുഹേ-ര്യ മ് ണാ പിന്നെപ്പിതൃക്കളും
മൺ‌കലം പച്ചയിൽ‌ കവ്യം കറന്നിതു
സിദ്ധന്മാരക്കപിലാചാര്യനെച്ചേർ‌ത്തു
നിർ‌ത്തിക്കറന്നുഖേ കല്പനാസിദ്ധിയും
മായാവികൾ‌ മയനാലന്തർ‌ദ്ധാനവും
മായാമയം മറന്നാരഹോമായയിൽ‌;
പ്രേതപിശാചഭൂതങ്ങൾ‌ ഭൂതേശനെ-
പ്പോതമായ്ക്കൊണ്ടു മുണ്ഡേനാപി രക്തവും;
സർ‌വനാഗങ്ങളും തക്ഷകനാൽ‌ വിഷം;
തത്പ്രകാരേണ യവസം പശുക്കളും;
ഗോവൃക്ഷത്താൽ‌ കറന്നാർ‌ വടംവത്സമായ്
ഏവം പയസ്സുകറന്നു തരുക്കളും;
പർവ്വതങ്ങൾ‌ തുഷാരാദ്രി വൽ‌സേന തത്-
സർവ്വധാതുക്കളെയും കറന്നീടിനാർ‌.
ഏവമെല്ലാവരും തത്തത്സ്വജാതിയി-
ലേവം പ്രധാനമെന്നാലവതന്നെയും
പോതമായ് തത്തദുചിതപാത്രങ്ങളി-
ലേതേതു വേണ്ടതെല്ലാം കറന്നീടിനാർ‌.
ഇങ്ങനെ സർ‌വരും തങ്ങൾ‌ക്കു വേണ്ടുന്ന
തങ്ങു കറന്നു കൊണ്ടോരു ശേഷം തദാ
പിന്നെദ്ധരിത്രിയെയാശ്വസിപ്പിച്ചുടൻ‌
മുന്നമിരുന്നവണ്ണം സസിപ്പിച്ചുതാൻ‌.
കുന്നും മലയും കുഴിയും മുഴകളും
ഒന്നുപോലേ നിരത്തിച്ചമച്ചീടുവാൻ‌
തന്നുടെ വില്ലും ധരിച്ചു കൊണ്ടെങ്ങുമേ
മന്നവനാഹന്ത! നീളേ നടന്നുടൻ‌
ചെമ്മേ ഗിരികൂടവൃന്ദങ്ങളൊക്കെയും
അമ്മാനവേന്ദ്രൻ ധനുഷ്പദാഗ്രേണ താൻ‌
കുത്തിത്തകർത്തു പൊടിച്ചു നിരത്തിനാൻ;
ഒത്തൊരുമിച്ചു നിരന്നിതു ധാത്രിയും
മിക്കതുമന്നതു കണ്ടു മുതിർ‌ന്നുട-
നൊക്കെക്കൊടുത്താനവരവർ‌ക്കായ് മുദാ.
സസ്യസംപൂർണ്ണയായ് വന്നിതു ധാത്രിയും
തസ്യ തസ്യൈവ ഹിതയായനുദിനം
വർ‌ത്തിച്ചിതപ്പൃഥിവീശഗുണങ്ങളാൽ‌
നിത്യസുഖം പൂണ്ടിതൊക്കെ പ്രജകളും
അങ്ങനെ ചെല്ലുന്ന കാലം നരവര-
നങ്ങൊരു വാജിമേധത്തിനായ്ക്കൊണ്ടുടൻ‌
കോപ്പിട്ടു ദീക്ഷപുക്കമ്പോടു സം പ്രതി
താല്പര്യമോടു യജിച്ചു തുടങ്ങിനാൻ‌.
യജ്ഞസം പൂർണ്ണസമൃദ്ധികണ്ടങ്ങതു
നിർ‌ജ്ജരേന്ദ്രൻ‌ പരിചോടടുക്കും വിധൗ
തൻ‌പദഭ്രംശം വരുമെന്നശങ്കയാ
വിഘ്നമിതിന്നു വരുത്താവതെങ്ങനെ
വിദ്രുതമിങ്ങെനിക്കെന്നു ചിന്തിച്ചവ-
നുൾത്താരിലാമ്മാറു കല്പിച്ചു സാമ്പ്രതം
യജ്ഞപശുവിനെക്കട്ടുകൊണ്ടീടിനാ-
നജ്ഞാനിയാമമരേന്ദ്രനനുക്ഷണം
കാട്ടിക്കൊടുത്തിതങ്ങത്രിയുമപ്പൊഴു-
താട്ടിയടുത്താനുടൻ പൃഥുപുത്രനും,
വില്ലും കുഴിയെക്കുലച്ചൊരു സായകം
വല്ലഭമുൾക്കൊണ്ടടുത്തടുത്താനവൻ‌
നില്ലുനില്ലെന്നു പറഞ്ഞവനങ്ങനെ
ചൊല്ലുന്നതാഹന്ത! കണ്ടമരേന്ദ്രനും
പാഷണ്ഡവേഷം ധരിച്ചു കൊണ്ടീടിനാൻ.
വേഷമതു ബത! കണ്ട നൃപാത്മജൻ‌
കൊല്ലാതെ മെല്ലെ വാങ്ങീടിനാൻ‌ കൂടവേ
“ചൊല്ലെ” ന്നിതത്രി ചൊല്ലാലവൻ‌ പിന്നെയും
വല്ലാതെ കോപിച്ചു ചെല്ലുന്നളവു താൻ‌
അല്ലൽ‌ മുഴുത്തു പേടിച്ചു കുതിരയും
വിട്ടും കളഞ്ഞു മറഞ്ഞു മണ്ടീടിനാൻ‌.
പെട്ടന്നതു കണ്ടു ഭൂപതി പുത്രനും
അശ്വമതിനേയും കൊണ്ടിങ്ങു പോന്നുതാ-
നച്ഛന്റെ മുമ്പിലാക്കിത്തൊഴുതീടിനാൻ‌
പുത്രവിദഗ്ദ്ധത കണ്ടു തെളിഞ്ഞുട-
നെത്രയും സ്നേഹമുൾക്കൊണ്ടവനീശ്വരൻ‌
ചേർ‌ത്തു പുണർ‌ന്നു വിജിതാശ്വനെന്നു പേ-
രാസ്ഥയാ താൻ‌ വിളിച്ചീടിനാനക്ഷണേ.
പിന്നെയും പാരം കൊടുതായ്ച്ചമഞ്ഞിരുൾ‌-
തന്നിൽ‌ വന്നിന്ദ്രൻ പരിചോടുതാന്തനെ
വാജിയും കട്ടുകൊണ്ടോടിനാനത്രിയും
വ്യാജമൊഴിഞ്ഞു കാട്ടിക്കൊടുത്തീടിനാൻ‌
കേവലമേവം പലതൂടയും ചെന്നു
ഭൂവരനന്ദനൻ‌ വീണ്ടുകൊണ്ടീടിനാൻ.
അന്നു ദേവേന്ദ്രനാലാ ധൃതമായതാ-
കുന്നതോരോന്നു പാഷണ്ഡ വേഷങ്ങൾ‌പോൽ‌.
മന്നവനിങ്ങനെ ചെയ്ക ദേവേന്ദ്രനെ-
ക്കൊന്നൊഴിഞ്ഞെന്നുമയയ്ക്കയില്ലെന്നു താൻ‌-
തന്നെധനുസ്സും കുഴിയെക്കുലച്ചുടൻ‌
വഹ്നികീലാസമമായൊരു ബാണവും
സന്നാഹമോടു തൊടുത്തടുത്താനതി-
ഭിന്നധൈരേണ പാഞ്ഞാനമരേന്ദ്രനും
ഖിന്നരായന്നതുകണ്ടു മുനികളും
മന്നവനെച്ചെറുത്താശു ചൊല്ലീടിനാർ:-
“എന്തെടോ! നീ തുടങ്ങുന്നു യാഗാന്തരേ?
തത്പശുവെന്നിയേ മറ്റൊരു നിഗ്രഹം
യോഗ്യമാമോനമുക്കെ” ന്നവർ സാദരം
അഗ്രഭാഗേനിന്നു ചൊന്നവാക്യങ്ങളും
ധിക്കരിച്ചുഗ്രകോപാലടുക്കും നൃപൻ‌
വിക്രമം ചെമ്മേ സഹിക്കരുതായ്കയാൽ‌
തദ്വശമായുടനഗ്നൗ ഹുതം ചെയ്ത-
തത്ര പൊറുപ്പുതെന്നോർത്തു നിൽക്കും വിധൗ
പുഷ്കരസംഭവൻ‌ പ്രത്യക്ഷനായ് മുനി
മുഖ്യരോടു നൃപനോടു മരുൾ ചെയ്തു
“നിങ്ങളിവിടെത്തുടങ്ങിയ കർമ്മമി
ന്നിങ്ങു നാരായണൻ‌ താൻ‌ പ്രസാദിക്കിലേ
വന്നുകൂടുഫലമക്കരുണാനിധി
തന്നംശമായതമരേന്ദ്രനും ദൃഢം
നിർമ്മലനാമവൻ തന്നെ ഹതി ചെയ്തു
തന്മനസ്തോഷം വരുത്തുന്നതെങ്ങനെ?
സംഭ്രമമത്രേ നിനവുകളിത്തരം
ജംഭവൈരിക്കഭയം കൊടിത്തിന്നിപ്പോൾ
യാഗം സമർപ്പിക്ക ഭൂപതിശ്രേഷ്ഠനു
ഭാഗധേയാൽ വരും തത് ഫലപ്രാപ്തിയും,
വൈരം കളഞ്ഞു സുരേന്ദ്രനും ഭൂപനും
സ്വൈരമായൊന്നിച്ചിരി”ക്കെന്നു നാന്മുഖൻ‌
താനരുൾ ചെയ്തു വിശ്വസിച്ചാദരാൽ
മാനവേന്ദ്രൻ സമർപ്പിച്ചിതു യാഗവും;
ദേവകളെല്ലാം പ്രസാദിച്ചരചനു
കേവലം തത്ഫലവും കൊടുത്തീടിനാർ.
നാരായണനും പ്രസന്നനായ് മാനവ-
വീരനിൽ കാരുണ്യമുൾക്കൊണ്ടരുൽച്ചെയ്തു
“ഭൂപതിവീരാ! നിനക്കു ശതക്രതു
സാഫല്യമാഹന്ത! വന്നുകൂടും ദൃഢം.
ദേവേന്ദ്രനുണ്ടു നിന്നോടു സഖ്യത്തിനി-
ന്നാവിർഭയം കലർ‌ന്നിങ്ങു നിന്നീടുന്നു.
നീയവനിൽ പ്രസാദിക്കേണമിന്നിനി
മായാഭ്രമദ്വിഷഭാവം കളക തേ,
ശുദ്ധാന്തബുദ്ധികളായുള്ള സാധുക്ക-
ളുത്തമന്മാരെയുപദ്രവിപ്പീലല്ലോ.
ദുർ‌ജ്ജനധർ‌മ്മമതായതുസന്തത-
മിജ്ജനങ്ങൾക്കതു യോഗ്യമല്ലൊട്ടുമേ,
ദേഹാഭിമാനികൾക്കുള്ളതത്രേ മഹാ-
മോഹാദി രാഗദ്വേഷങ്ങളനുദിനം;
ദേഹമല്ലോർക്കിൽ നിത്യാർത്ഥമാകുന്നതി-
ങ്ങാഹന്ത! കേവലമാത്മാപരബ്രഹ്മം;
ബോധം തെളിഞ്ഞഷ്ടരാഗങ്ങൾ വിട്ടുതൽ‌
സാധനരമ്യ പദം ഭജിച്ചീടെടൊ!
‘രാജ്യപരിപാലനാചാരമാർഗ്ഗങ്ങൾ
പൂജനിയാകാരമായ് വരുന്നാകിലേ
കേവലം തത്പ്രജാവൃന്ദവുമൊക്കവേ
പാവനാചാരസന്മാർഗ്ഗികളായ്‌വരു.”
തത്പ്രജാവൃന്ദങ്ങൾ ചെയ്‌വതെല്ലാറ്റിലും
ഷഡ്ഭാഗമുണ്ടു രാജാവിനു കൂടവേ.
നിത്യമതെല്ലാമകമെ വിചാരിച്ചു
വസ്തുതയാ പരിപാലിച്ചു കൊൾക നീ.”
സത്യസ്വരൂപി സനാതനനിങ്ങനെ
തത്ത്വാർത്ഥമെല്ലാമരുൾ ചെയ്തുനില്പതി-
ന്മദ്ധ്യേ സുരേന്ദ്രനും ദേവസമൂഹവു-
മൊത്തു പൃഥുവിനെക്കണ്ടു സംഭാവിച്ചാർ;
ചിത്തം തെളിഞ്ഞവനീശ്വരനിന്ദ്രനെ
സദ്യഃപിടിച്ചു മുറുകെത്തഴുകിനാൻ
സഖ്യവും ചെയ്തുകൊണ്ടാരവർ തങ്ങളി-
ലൊക്കെക്കളഞ്ഞിതു കീഴിലെ വൈരവും.
തൽക്ഷണം പ്രീതനായ് നിൽക്കും ജഗന്മയ-
നക്ഷമാവല്ലഭേന്ദ്രാദികൾ തമ്മെയും
സുപ്രീതനായങ്ങനുഗ്രച്ചാകിലു-
മപ്പൃഥിവീശവിയോഗത്തിനേതുമേ
ശക്തനല്ലാതെ നിൽക്കും ജഗന്നാഥനിൽ
ഭക്തി കലർന്നപേക്ഷിച്ചാൻ നൃപോത്തമൻ:-
‘തദ്ഗുണകൃത്യമായാഭ്രമം തീർന്നെനി-
ക്കുൾക്കാമ്പുണർന്നു സന്തുഷ്ട്യാ നിരന്തരം
ലക്ഷ്മീകരാംബുരുഹങ്ങളാലഞ്ചിത
ലക്ഷണശോഭകലർന്ന പാദാംബുജേ
ഭക്തിവളർന്നൊഴിയാതോരനുഗ്രഹം
ഭക്തപ്രിയ! പ്രഭോ നൽകുകവേണമേ
നിത്യമിളകാതവണ്ണ” മെന്നിങ്ങനെ
പത്മനാഭസ്വാമിയോടപേക്ഷിച്ചവൻ
നിൽക്കും വിധൗ ഭഗവൻ പ്രസാദിച്ചുട
നുൾക്കനിവുറ്റു തെളിഞ്ഞരുളിച്ചെതു:-
“നന്നുനന്നിന്നിതു നിന്നുടെ ഭക്തിക-
ണ്ടെന്നുള്ളമേറ്റം തെളിഞ്ഞിതു ഭൂപതേ!
മന്നവ! ചിന്തിച്ചതെന്തു നീയൊക്കെയും
വന്നുകൂടും നിനക്കെന്നതു നിർണ്ണയം;
നന്നായിരിക്കെ’ന്നരുൾ ചെയ്തു മാധവൻ
പിന്നെത്തഥൈവ മറഞ്ഞരുളീടിനാൻ.
വൃന്ദാരകന്മാരുമിന്ദ്രനും ബ്രഹ്മനും
സന്നിധിതോറും തെളിഞ്ഞു വിളങ്ങിനാർ
മന്നവനും സകലേശപാദങ്ങളിൽ
ത്തന്നേ സമർപ്പിച്ചുകൊണ്ടാനഖിലവും.
സർവലോകങ്ങളിലും പരിപൂജ്യനായ്
സർവഭൂലോകപ്രവരനവനാലെ
സർവലോകങ്ങളും സമ്പ്രതി മേൽക്കുമേൽ
സർവദാ സർവകാലം വിളങ്ങി തുലോം.
സർവജ്ഞനാം നരേന്ദ്രോത്തമനങ്ങനെ
സർവം സഹാവിപ്രപാലനം ചെയ്യുന്നാൾ
സർവ്വദേവപ്രസാദാർത്ഥായ കേവലം
ദിവ്യനായ് താനൊരു സത്രമാരംഭിച്ചാൻ.
സത്രദീക്ഷാവ്രതം പൂണ്ടു മഹീവരൻ
സത്തുക്കളൊക്കെ വന്നൊത്തുകൂടും വിധൗ
സൽക്കാരപൂർവമവരെ വന്ദിച്ചു തത്-
സഖ്യഭാവേന മന്ദം പറഞ്ഞീടിനാൻ
“ഞാൻ പറയുന്നതു കേൾപ്പിനെല്ലാവരും
മാം പ്രതിദൈവമെന്നിങ്ങനെ സന്തതം
കല്പിച്ചിതു ധർമ്മമാർഗ്ഗം നടത്തുവാ-
നിപ്പോളതുകൊണ്ടിതിങ്ങനെ ചൊല്ലുന്നു;
നല്ലതെല്ലാർക്കും വരുത്തുനാനുള്ളതു-
ണ്ടല്ലോ വഴിയറിയാതെ കിടക്കുന്നു.
മെല്ലെമെല്ലെത്തുടർന്നവ്വഴിക്കങ്ങുപോയ്
ചെല്ലുന്നവർക്കു ഗുണം വരും മേൽക്കുമേൽ.
സർവപ്രപഞ്ചവും മായയുമീശനും
സർവഗുരുവുമാത്മാവുമൊന്നായ് മുദാ
സർവസമാനമായൊന്നിച്ചു കണ്ടുതൽ-
സർവം സമർപ്പിച്ചു കാരുണ്യശീലരായ്
വാഴ് വിനതു പുരുഷാർത്ഥസാദ്ധ്യം നമു”
ക്കേവം പറയുന്നഭൂവരൻ തന്നുടെ
ഗോവുകൾ കേട്ടു സകല സാധുക്കളു-
മാവിർമ്മുദാ ബഹുമാനിച്ചു നിൽക്കുമ്പോൾ
തത്ര സംഭാരങ്ങളൊക്കെ വിളങ്ങുമാ-
റത്യാദരേണ സനകാദികളുടൻ
പ്രത്യക്ഷരായാരതു കണ്ടുഭൂപതി
സത്തമനൃത്വിക് സദസ്യാദികളൊടും
പ്രത്യുപോത്ഥാനവും ചെയ്തു വന്ദിച്ചു കൊ-
ണർഗ്ഘ്യപാദ്യാദികളായുള്ള പൂജകൾ
ചെയ്തു സിംഹാസനം തോറുമിരുത്തിവ-
ച്ചേകമത്യാ ബഹുഭക്ത്യാനരവരൻ
ചൊന്നാ, “നിവിടെയ്ക്കു നിങ്ങളെഴുന്നള്ളി-
വന്നു കാണായതെൻ പൂർണ്ണ ഭാഗ്യം ദൃഢം.”
എന്നിവണ്ണം പ്രശംസിച്ചു വന്ദിച്ചഥ
മന്നവൻ കൂപ്പിത്തൊഴുതു ചോദ്യം ചെയ്താൻ:-
“എന്തൊന്നു കൊണ്ടു സംസാരസമുദ്രത്തി-
ലന്തരാവീണു നീന്തിത്തളർന്നെങ്ങുമേ
തൽക്കര കാണാഞ്ഞു സംഭ്രമിക്കും ജന-
സങ്കടം തീരുവാനൊന്നെലുതായുള്ളു?
സന്തോഷമുറ്റുരുൾ ചെയ്തരുളേണമേ
സന്തതം പാലയ മാം ഭവസാഗരാൽ.
ഇത്ഥം പൃഥു വചനം കേട്ടവങ്കല-
ങ്ങത്യന്തവിശ്വാസമുറ്റു വൈധാത്രനും
ചിത്തം തെളിഞ്ഞു ചിരിച്ചരുളിച്ചെയ്താ-
“നെത്രയും നന്നു നന്നിച്ചോദ്യമിന്നെടോ!
ബന്ധമോക്ഷപ്രബോധങ്ങളെല്ലാം ഭവാ-
നന്ധനല്ലുള്ളിലറിഞ്ഞവനെങ്കിലും
ലോകോപകാരാർത്ഥമായിന്നു ചോദിച്ച-
താകയാൽ ഞാനതിന്നുത്തരം ചൊല്ലുവൻ
കേട്ടുകൊൾ “കെന്നുമായാപ്രബോധങ്ങളും,
വാട്ടമൊഴിഞ്ഞു തൽ മോക്ഷപ്രകാരവും,
ഭാഗവതധർമ്മനീതിമതങ്ങളും,
ഭാഗധേയാബ്ധികൾ സംവാദനീതിയും,
ബ്രഹ്മാണ്ഡമായാ പ്രപഞ്ചഭേദങ്ങളും,
നിർമ്മലകർമ്മയോഗജ്ഞാനഭേദവും,
ഭക്തിമാർ‌ഗ്ഗേണ ഗുരുപദേശങ്ങളും,
ഭക്തിതൻ ഭേദക്രമവിശേഷങ്ങളും,
മുക്തിയും തീർത്തരുൾ ചെയ്തു മുനീന്ദ്രനും,
ജ്ഞാനോപദേശത്തെയും ഗ്രഹിച്ചാത്മനാ
ആനന്ദവും ഗ്രഹിച്ചാശു നരവരൻ
ദീനമൊഴിഞ്ഞു മുനിവരന്മാരെയും
മാനിച്ചു പൂജിച്ചു വാഴ്ത്തി സ്തുതിച്ചുടൻ
ഭേദബുദ്ധിഭ്രമം തീർന്നു നിൽക്കും വിധൗ
മോദാലനുഗ്രഹം ചെയ്തെഴുന്നള്ളിനാർ.
ശ്രീസനകാദികൾ പോയ് മറഞ്ഞോരള-
വാസുരീഭാവമശേഷമകലവേ
നീക്കിക്കളഞ്ഞവനീശ്വരൻ യാഗവും
വായ്ക്കുമാനന്ദേന ചെയ്തൊടുക്കി ദ്രുതം
സർവദേവാനുഗ്രഹം കൊണ്ടു ദീപ്തനായ്
സർവം പരബ്രഹ്മണി ലയിപ്പിച്ചുടൻ
സർവദാ വാഴും നൃപനെ ദിക്പാലക
സർവഗുണങ്ങൾ സംപ്രാപ്തമായന്വഹം
സർവപ്രിയനായിരുന്നവൻ തന്നുടെ
യൗവനകാലം കഴിവോളമിങ്ങനെ
ദൈവശാൽ പരിപാലനം ചെയ്തവൻ
സർവാശ്രയൻ മഹാധർമ്മപരായണൻ
വാർദ്ധക്യകാലേ തനയനു രാജ്യവു-
മാസ്ഥയാ നൽകിപ്രിയയാ സമം മുദാ
കാനനം പ്രാപിച്ചിരുന്നാൻ തപസ്സിനായ്
മാനസേ നാരായണനെ സ്മരിച്ചവൻ
പഞ്ചാഗ്നിമദ്ധ്യേ മ്ഹാഗ്രീഷ്മകാലമ-
ങ്ങഞ്ചാതെ വർഷകാലേ നനഞ്ഞു സദാ
സംപ്രതിതൻ കഴുത്തോളം ജലത്തിലും
കമ്പമൊഴിഞ്ഞു ശിശിരകാലങ്ങളിൽ
ഇന്ദ്രിയ ഗ്രാമം ജയിച്ചേകപാദേന
നിന്നു, പഴുത്തു കൊഴിയുമിലകളും
കായും കനിയും ജലവുമന്നന്നു താൻ
വായുവുമിത്യാദ്യശനേന സന്തതം
കാമരാഗക്രോധലോഭമോഹാദിക
ളാമോദപൂർവ്വമകലെക്കളഞ്ഞുടൻ.
നാരായണപ്രസാദാശയാ നിത്യമ-
ങ്ങോരോ വിഷയ വൈരാഗ്യബുദ്ധ്യാ ചിരം
ധാരണയാ തപം ചെയ്തു വാഴുന്ന നാൾ
കാരുണ്യവാരിധി തന്നനുജ്ഞാവശാൽ
ജ്ഞാനം തെളിഞ്ഞുദിച്ചാത്മാനമന്വഹം
കാണായളവു ദൃഢാസനനായ് നിജ-
കായം നിവർന്നു മൂലാധാരമദ്ധ്യസം-
ഭേദാത്മകങ്ങൾ തൽക്കാരണ സർവവും
സംഹരിച്ചാഹന്ത! കാര്യങ്ങൾ കാരണേ
സംഹരിച്ചാത്മനി മായയേയും തഥാ
ചേർത്തുലയിപ്പിച്ച തത്പുരുഷാർത്ഥസം-
പ്രാപ്തനായാൻ വൈന്യനാം നൃപതീന്ദ്രനും.
ഏവം പരബ്രഹ്മണി ലയിക്കും നര-
ദേവനെക്കണ്ടുടനർച്ചിസ്സതിശുചാ.
കേവലം തൽ പരിചാരകന്മാരുമാ-
യാവോളമുള്ളഴിഞ്ഞാശു സംസ്കാരവും-
ചെയ്തു താൻ കൂടെ ദഹിച്ചാൾ ചിതയതിൽ
കൈതവമെന്നിയെ ഭർത്തൃപ്രവത്സലാ.
നാരിമാരിങ്ങനെ മറ്റുലകങ്കലി-
ല്ലാരുമർച്ചിസ്സിനോടെത്തവർ നിർണ്ണയം.
താരാർമകൾ നിജകാരണേ ചേർന്നിത;
ന്നാരായണങ്കൽ ലയിച്ചു നരേന്ദ്രനും.