ശ്രീമഹാഭാഗവതം/ചതുർത്ഥസ്കന്ധം/ധ്രുവചരിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സാമ്യമില്ലാതെ മനുസുതന്മാരുടെ
കാമ്യചരിത്രങ്ങളിങ്ങനെ കേവലം
ചൊല്ലി, പ്പുനരധർമ്മാപത്യവിസ്തൃതി
ചൊല്ലിക്കഴിഞ്ഞേൻ‌, മനുസുതന്മാരുടെ
ചൊല്ലെഴും വൃത്താന്തമൊട്ടുചുരുക്കിഞാൻ
ചൊല്ലുന്നതുണ്ടതു, കേട്ടുകൊൾകെങ്കിലോ.
സ്വായംഭൂവന്നു തനയരിരുവരു-
ണ്ടായതിൽ മുമ്പൻ പ്രിയവ്രതൻ തന്നുടെ
വൃത്താന്തമൊട്ടൊട്ടു പഞ്ചമസ്കന്ധത്തി-
ലുക്തമായീടുമിളയവന്തന്നുടെ
പുത്രസന്താനമിവിടെപ്പറയുന്നി-
തുത്താനപാദപ്രസിദ്ധനാമാവവൻ‌.
തന്നുടെ പത്നിസുനീതിമുന്നേവൾ‌ പോൽ
പിന്നേവൾ‌ സുന്ദരിയായ സുരുചിയും;
തന്വീമണികളിരുവരുമ്പെറ്റോരോ-
നന്ദനന്മാരുമുണ്ടായ്ച്ചമഞ്ഞീടിനാർ‌.
പുത്രൻ‌ സുരുചിജനുത്തമനായത-
ത്യുത്തമനാം ധ്രുവനസ്സുനീതിസുതൻ
പൃഥ്വീപതിക്കു സുരുചിയും പുത്രനും
എത്രയുമിഷ്ടരായുള്ളൂ നിരന്തരം.
തത്സുതന്മാർ‌ ചെറുതായ്ക്കളിക്കുമ്പോൾ‌
ഉത്താനപാദനാമുത്തമഭൂവരൻ‌
രത്നസിംഹാസേനേ രാജസഭാന്തരേ
പത്നി സുരുചിയുമായിരിക്കും വിധൗ
വന്നു നൃപൻ‌ മടിതന്നിലേറീടിനാൻ‌
അന്യൂനകൗതുകമോടും സുരുചിജൻ;
തന്നുള്ളഴിഞ്ഞു കുഴഞ്ഞു നൃപതിയും
നന്ദനനെപ്പരിപാലിച്ചിരിക്കുമ്പോൾ‌
ചെമ്മേ കളിച്ചു നടക്കും സുനീതിജൻ‌
നിർമ്മലനാം ധ്രുവനും പോന്നുവന്നുടൻ‌
മന്നവൻ‌ തന്മടിയിതന്നിലേറീടുവാൻ‌
തന്നുള്ളിലൂടേഴുമാശയാസന്നിധൗ
നിന്നുഴലുന്നവൻ‌ തന്നെ നൃപവരൻ‌
അന്നേരമാദരിയായ്കയാലങ്ങവൻ‌
മന്ദാക്ഷമുൾ‌ക്കൊണ്ടിളിഭ്യം കലർ‌ന്നു ഭൂ-
മണ്ഡലം കാൽ‌നഖംകൊണ്ടുമൂന്നിത്തുലോം
ഖിന്നനായ് നിന്നു തിരുമ്മിത്തിരുമ്മിയ-
ക്കണ്ണീർ‌ പൊഴിഞ്ഞു കരഞ്ഞു തുടങ്ങിനാൻ‌.
ചൊന്നാളതുകണ്ടിരുന്ന സുരുചിയും;
“ഉണ്ണീ കരയുന്നതെന്തിനു നീ വൃഥാ?
നിന്നുള്ളിലെന്തഭിപ്രായമെന്തിങ്ങനെ
നിന്നുഴന്നാലതുവന്നുകൂടീടുമോ?
നിന്നുടെ മാതാവിനൊടങ്ങു ചെന്നു നീ
ചൊന്നാലവളതു സാധ്യമാക്കും ദൃഢം.
മന്നവനെന്മകന്തൻ പിതാവായതി
ങ്ങന്യായമായ് നിന്നതിനെന്തുകാരണം?
നിന്നെത്തൊടുകയില്ലല്ലോ നരവരൻ‌
നിന്നിനിക്കാലം പഴുതേ കഴിക്കൊലാ;
വന്നു ഭൂപാലകൻ തന്നെത്തൊടായ്കചെ-
ന്നങ്ങുകാലത്തുപോയ് നിന്നു കരക നീ
മന്നവോത്സംഗമേറീടുവാനെൻ‌മക-
നെന്നിയേമറ്റൊരു യോഗ്യതയില്ലാരുമേ.
നിന്നുള്ളിലുമതിനാഗ്രഹമെങ്കിലോ
ചെന്നു നാരായണൻ തന്നെ ബ്ഭജിക്കനീ;
സാക്ഷാൽ ജഗന്മയനായ നാരായണൻ
സാക്ഷിഭൂതൻ പദപങ്കജം മാനസേ
ചേർ‌ത്തു നിരന്തരം ധ്യാനിച്ചിരിക്ക സർ‌-
വാത്മാ ജഗദ്ഗുരുതൻ‌ പ്രസാദിപ്പോളം.
തൽ പ്രസാദത്താലനുഗ്രഹിച്ചീടുകിൽ‌
അപ്പോളുടനിങ്ങു പോന്നുവന്നെന്നുടെ
ഗർഭാശയത്തിങ്കൽ നിന്നിഹഭൂമിയി-
ലുത്ഭവിക്കേണമെന്നാലിദമായ് വരും
പോക പുനരതല്ലാതെ നൃപാസനം
വാഴ്കയിലാശയുണ്ടാകിലിതുവരാ.
കേഴാതെ രാജ്യസഭയിൽ നിന്നൂഴിയിൽ‌
വീഴാതെ തൊട്ടുപോകാതെ നൃപനെയും
ദൂരെനില്ലെ”ന്നളവാശു ചൊല്ലുന്നൊരു
ക്രൂരവചസ്സുകൾ‌കേട്ടു ഭൂപാലനും
പാരമകം നൊന്തു സാര‍സ്യവാണിയിൽ
ചേരുമനുരാഗവുമുരുരോഷവും
കൂടിക്കലർന്നു നിന്മാനസതാരിന്റെ
കാഠിന്യമെത്രയുമെന്നു നോക്കീടിനാൻ
മാൻ‌നേർ‌മിഴിത്തയ്യലാളതേയും ബഹു-
മാനിയാതേ മരുവീടിനാൻ‌ കൂടവേ.
ബാലൻ ധ്രുവനും പിതാവിൻ വിവശങ്ങൾ‌
ആലോകനേന സുരുചിപ്രഭാവമാം-
സൂലമുനകളേറ്റാശു തിരിഞ്ഞു തൽ‌-
ക്കാലേ പുനരതിദീനഭാവത്തൊടും
കണ്ണുനീരാലേ കരഞ്ഞു കരഞ്ഞു പോയ്
ചെന്നു മാതാവു തൻ‌ മുന്നിൽ‌ വീണീടിനാൻ‌
ഖിന്നനായ് വീണു കരഞ്ഞഴൽ‌ തേടിന
നന്ദനനെക്കണ്ടുമാതാ സുനീതിയും
ചെന്നുടനേറ്റം പരിഭ്രാന്ത ചെതസാ
നന്ദനനമ്മതൻ പാദേ നമിച്ചപ്പോൾ‌
മന്നിടത്തിങ്കേന്നു വാരിയെടുത്തഹോ,
മാറിലണച്ചു പുണർന്നു പുണർന്നു ത-
ച്ചേറും പൊടിയും നയനസലീലവും
പാരാതെ മന്ദം മന്ദം തുടച്ചേറ്റവും
ചാരുതരാങ്കമാരോപ്യ തമാദരാൽ‌
മൂർദ്ധിനി മുകർന്നു ചോദിച്ചാൾ‌ പരവശാൽ‌:-
“ആർ‌ത്തനായെന്തിനു നീ കരഞ്ഞീടുന്നു?
സങ്കടമെന്തു നിനക്കുളവായതൊ-
ന്നെങ്കൽ‌ നിന്നച്ഛനെക്കാണ്മതിന്നല്ലയോ?
നീ മുതിർ‌ന്നിപ്പോളിതെന്തിനായ്ക്കൊണ്ടിത-
ത്യാമോദമോടുകണ്ടീലേ പിതാവിനെ?
ചൊല്ലു ചൊല്ലെന്നവൾ‌” ചൊന്നതു കേട്ടവൻ‌
അല്ലൽ‌ മുഴുത്തെഴും ഗൽ‌ഗദവാണികൾ‌
ചൊല്ലിനാ”നങ്ങു ഞാൻ‌ ചെന്നളവെൻ‌ പിതാ-
വല്ലലൊഴിഞ്ഞു സിംഹാസനേ വാഴുന്നു;
കല്യാണിനിയാകുമമ്മസുരുചിയും
തുല്യതരമിരിക്കുന്നു സഭാന്തരേ;
മെല്ലെമെല്ലെക്കളിച്ചപ്പൊഴുതങ്ങുടൻ‌
ചെല്ലത്തുടങ്ങിനാനുത്തമനും പിതാ-
തുല്യമോദാലവൻ‌ തെന്നെയെടുത്തു ചാ-
ഞ്ചല്യമൊഴിഞ്ഞു മടിയിൽ വച്ചാദരാൽ‌
നല്ലവണ്ണം കളിപ്പിച്ചിരിക്കുന്നത-
ങ്ങുള്ളം തെളിഞ്ഞു ഞാൻ‌ കണ്ടങ്ങു ചെന്നതും
കണ്ടതില്ലെൻ‌ പിതാവപ്പൊഴുതന്തികേ
കണ്ടിഴിഞ്ഞേറ്റമുഴുന്നു നിന്നേനഹം.
കണ്ടിരുന്നോരു സുരുചിയാമമ്മയും
ഇണ്ടൽ മുഴുക്കുമാറെന്നോടു ചൊല്ലിനാൾ-
“മണ്ടിവന്നെന്തിനു നീ നൃപസന്നിധൗ
കുണ്ഠത പൂണ്ടു നിന്നങ്ങുഴന്നീടുന്നു?
പൈന്തേൻ മൊഴിതവമാതാസുനീതിത-
ന്നന്തികേ പോക നിന്നെന്തിനു വൈകുന്നു?
രാജാവിനെന്മകനുണരികത്തതി-
തേജോനിധിയെയും വച്ചു കളഞ്ഞിനി
നിന്നെയെടുക്കുമെന്നോർ‌ക്കൊലാ മാനസേ
നിന്നിലില്ലേതും നൃപനൊരു കൗതുകം
നിന്നെത്തൊടുകയുമില്ല നരവരൻ‌
വന്നു നൃപനെത്തൊടായ്കനീയും ബലാൽ;
നിന്നുള്ളിലുണ്ടു നൃപാസനം വാഴ്വതി-
നിന്നങ്ങഭിരുചിയെന്നു വരികിലോ
ചെന്നു തപസ്സു ചെയ്തിന്ദിരാവല്ലഭൻ‌
തന്നലുകൂലതയാവന്നു സാദരം
മൽ‌പുത്രനായ് വന്നിനിപ്പിറന്നീടുകിൽ‌
അപ്പോളിതിന്നവകാശമുണ്ടായ്‌വരും;
മറ്റതല്ലാതെ കണ്ടാശയുണ്ടാകിലോ
മുറ്റും ഭഗവൽ പദം ഭജിച്ചീടു നീ;
തെറ്റെന്നു പൊയ്ക്കൊൾ‌ക ദൂരത്തൗ ചെന്നു വീ-
ററ്റു കരഞ്ഞുകൊൾ‌’‘കെന്നിത്തരാദികൾ‌
പെട്ടെന്നു ചൊന്നതു കേട്ടകതാരിടം
ഞെട്ടിത്തിരിഞ്ഞു കരഞ്ഞു പോന്നീടിനേൻ‌
ഗൽ‌ഗ്ഗദ വാണികളാലിതിക്കൂട്ടവ-
ന്നുൾ‌ക്കാമ്പഴിഞ്ഞു പറഞ്ഞതുകേട്ടുടൻ‌
ദുഃഖം കലർ‌ന്നു സുനീതി ചൊല്ലീടിനാൾ:-
“ഒക്കും സുരുചി പറഞ്ഞതോർ‌ത്തീടിനാൽ‌
മറ്റവളിങ്ങനെ ചൊന്നതു ഭൂപതി-
ക്കുറ്റകം ചേരുകയാലത്രേ നിർ‌ണ്ണയം;
അല്ലായ്കയിലിങ്ങനെ ചൊല്ലുന്ന ചൊല്ലുകൾ‌
ചൊല്ലായ്കയെന്നു ചൊല്ലീടുമല്ലോ നൃപൻ‌
വല്ലായ്മയില്ലവൾ‌ക്കേതുമേ മേദിനീ.
വല്ലഭനത്രേ പറഞ്ഞതറിക നീ
ചൊല്ലെഴും മാനവേന്ദ്രോത്തമൻ‌ തന്നുടെ
വല്ലഭയല്ലോ സുനീതി താനെന്നൊരു
ചൊല്ലു കേട്ടീടുകിൽ‌ നാണമായ്ക്കൊള്ളുമ
ങ്ങല്ലലുമേറ്റമുണ്ടാം നൃപനന്വഹം
അത്ര നിർ‌ഭാഗ്യയായുള്ളവൻ‌ ഞാൻ‌, മമ
പുത്രനായ് വന്നു നീയും ചമഞ്ഞൂ വൃഥാ.
ഭാഗ്യവതിയായതങ്ങു സുരുചിതാൻ‌
യോഗ്യമായ് വന്നുകൂടുമവൾ‌ ചൊന്നതും.
സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊൾകെയെ-
ന്നാക്ഷേപമാകിലും ചൊന്നതവളല്ലോ;
നല്ലവചനങ്ങളെല്ലാവരും ചൊല്ലു-
മെല്ലാർ‌ക്കുമാശ്രയമല്ലോ ജഗന്മയൻ‌.
തൽ‌പ്രസാദത്താലൊഴിഞ്ഞുമറ്റേതുമൊ-
ന്നിപ്രപഞ്ചത്തിങ്കലേതും വരാദൃഢം!
വിശ്വേശനെപ്പരമാത്മനി സർ‌വ്വരും
വിശ്വസിക്കേണമുണ്ണീ! സദാകാലവും!
പെറ്റവളും പുനരിങ്ങനെ ചൊന്നള-
വുറ്റകതാരിലുറച്ചു ചൊന്നാൻ‌ ധ്രുവൻ‌
“നന്നുനന്നമ്മേ! ഭവതിതെളിവിനോ‌‌-
ടെന്നെയനുഗ്രഹിച്ചയങ്ങയച്ചീടുകിൽ‌
വന്നുകൂടും നമുക്കീശ്വരാനുഗ്രഹാ-
ലന്വഹമാഗ്രഹാർത്ഥങ്ങളെല്ലാം ധ്രുവം.
എന്നെയും നിന്നെയുമച്ഛനെയും പുന
രന്യമാതാവാം സുരുചിയെത്തന്നെയും
ഭ്രാതാവിനെയും ജഗത് സകലത്തെയും
ചേതനാഭൂവനാമാദിനാരായണൻ‌
രക്ഷിച്ചുകൊള്ളുമെന്നാലും വിശേഷിച്ചു
ലക്ഷ്മീപതിമമമുമ്പിലമ്മാറുടൻ‌
പ്രത്യക്ഷനായെഴുന്നള്ളിവേണ്ടും വരം
ചിത്തം തെളിഞ്ഞരുൾ ചെയ്തരുളീടുവാൻ‌
കാരുണ്യമുണ്ടായ്‌വരുവോളവും തപ-
സ്സാരൂഢമോദേന ചെയ്തിരിപ്പൻ‌ മുദാ;
വൈകാതനുഗ്രഹം ചെയ്തയച്ചീടുവാൻ‌
ആകാംക്ഷ പൂണ്ടിതാ ഞാൻ‌ വണങ്ങീടിനേൻ.”
എന്നു പറഞ്ഞു മാതാവിൻ‌ പദദ്വയം-
തന്നിൽ‌ നമസ്കരിച്ചീടിനാൻ‌ മെല്ലവേ,
താനതു കണ്ടു സുനീതിയും പുത്രനെ
ദീനമൊഴിഞ്ഞെഴുന്നേല്പിച്ചു സാദരം,
“ബാലനാമെന്മകൻ തന്മനസ്സംഗതി
ചാലേകൊടുത്തു ഭരിച്ചുകൊൾകെപ്പൊഴും
നാരായണ! ജഗന്നാഥ’ ഭവാ” നെന്നു
നേരേ പുണർ‌‌ന്നു പുണർ‌‌ന്നയച്ചീടിനാൾ‌.
ധീരനായുള്ള കുമാരനും മെല്ലവേ
ചാരുസരോജനേത്രൻ പദാംഭോരുഹം
മാനസതാരിലുറപ്പിച്ചു ഭക്തനായ്
ആനന്ദമോടെ നടന്നു തുടങ്ങിനാൻ‌.
കാണായതെല്ലാം ഭഗവൽ‌ പ്രഭാവേന
പാണികൾ‌ കൂട്ടിത്തൊഴുതു പോകുന്നവൻ‌
നേരേ പെരുവഴി മദ്ധ്യേ പരിചൊടു
നാരദമാമുനിയെക്കണ്ടിതഞ്ജസാ,
മുഗ്ദ്ധശരച്ചന്ദ്രതുല്യതേജോമജൻ‌
ശുദ്ധസ്ഫടിക സങ്കാശനായന്തരാ
സത്വരമാവിർ‌ഭവിച്ചതു കണ്ടതി-
ഭക്ത്യാ നമസ്ക്കരിച്ചാൻ‌ നൃപനന്ദനൻ‌.
വിദ്രുതം ദണ്ഡനമസ്കാരവും ചെയ്തു
ഭദ്രനെഴുന്നേറ്റു നന്നായ് തൊഴുതുടൻ‌
ചിത്തം തെളിഞ്ഞു നിൽക്കുന്നവൻ‌ തന്നുടെ
ഭക്തിയും ഭാവവും കണ്ടു മുനീശരൻ‌
മന്ദസ്മിതം ചെയ്തു മന്ദം മന്ദം നൃപ-
നന്ദനനോടരുൾ‌ചെയ്താനിതെന്തെടോ!
നിന്നുടെ സാഹസമെന്തൊരു ചിന്തപൂ-
ണ്ടിന്നു നീയിങ്ങനെ താന്തന്നെ മെല്ലവേ
പോകുന്നതെങ്ങവിടേയ്ക്കു നിന്നുള്ളിലെ
ന്താകുന്നതൊന്നഭിപ്രായം പറകനീ.
ഏവം മുനീശ്വരൻ ചോദിച്ചതുകേട്ടു
കേവലം രാജകുമാരൻ‌ പൊടുപൊടെ
പ്പൊട്ടിക്കരഞ്ഞു ചൊല്ലീടിനാനുണ്ടായ-
തൊട്ടൊഴിയാതെ “സുരുചിയായമ്മതൻ‌-
കർ‌ക്കശവാണികളായ ശല്യങ്ങളാൽ‌
ഉൾ‌ക്കാമ്പു പുൺ‌പട്ടെനിക്കു നൊന്തീടുന്നു;
തൽ‌ക്ലേശമെല്ലാം മൊഴിച്ചു ശുഭം നൽ‌കി-
യുൾ‌ക്കനിവോടിങ്ങനുഗ്രഹിക്കേണമേ.”
ഭക്തനാം ബാലനീവണ്ണം പറഞ്ഞത-
ങ്ങക്ഷണമാഹന്ത! കേട്ടു വീണാധരൻ‌
യുക്തിയുക്തങ്ങളാം വാക്യങ്ങളാലുടൻ‌
ഉൾ‌ക്കാമ്പിലുണ്ടോതപശ്ശക്തിയെന്നതും
ചെമ്മേ പരീക്ഷിച്ചു നോക്കിയാമ്മാമുനി
നിർമ്മലെന്നതറിഞ്ഞു കുമാരനിൽ
സമ്മോദമേറ്റം വളർ‌ന്നിതു മേൽ‌ക്കുമേൽ‌
അമ്മാമുനീന്ദ്രൻ പ്രസാദിച്ചു സാദരം
നാരായണപ്രസാദം വന്നുകൂടുമാ-
റാരൂഢമോദാലുപദേശസാരവും
ചാരുകുമാരൻ തനിക്കുപദേശിച്ചു
പാരാതെ സേവാപ്രഭാവഭേദങ്ങളും
നന്നായരുൾ‌ ചെയ്തു “നാരായണൻ തവ-
മുന്നിൽ‌ത്തെളിവോടെഴുന്നള്ളി നിന്നുടൻ
തന്നീടുമെല്ലാമഭീഷ്ടമെന്നുള്ളതും”
ഖിന്നത തീർ‌ത്തരുൾ‌ ചെയ്തെഴുന്നള്ളിനാൻ‌-
ചെന്നു സുനീതിയേയും നരേന്ദ്രോത്തമൻ-
തന്നെയും കണ്ടു പറഞ്ഞാനവസ്ഥകൾ:-
“ദുഃഖിക്കവേണ്ടാ തനയൻ‌ ധ്രുവനതി-
മുഖ്യൻ ഹരിപ്രിയനായ്‌വരും നിർ‌ണ്ണയം;
നിങ്ങളും നാരായണങ്കൽ‌ സകലവു-
മങ്ങു സമരപ്പിച്ചിരുന്നുകൊൾകെപ്പൊഴും
നന്നായ്‌വരും മേലിലില്ലൊരു സംശയ-
മെന്നിനുമേതും വികല്പമുണ്ടായ്‌വരാ;”
എന്നിത്തരങ്ങളുറപ്പിച്ചവരെയും
പിന്നെയഥാകാമമങ്ങെഴുന്നള്ളിനാൻ‌.
വന്ദിച്ചു നാരദൻ‌ തന്നുപദേശവും
നന്നായുറപ്പിച്ചു രാജകുമാരനും
ചെന്നു മധുവനം പുക്കു ശുഭ സ്ഥല-
മന്വേക്ഷണം ചെയ്തു കണ്ടു തപസ്സിനായ്
നന്നായ് നിരൂപിച്ചുപവസിച്ചദ്ദിനം
അന്യദിനമുഷഃക്കാലേ മുതിർ‌ന്നവൻ‌
ശുദ്ധതീർത്ഥേകുളിച്ചർക്കോദയം ചെയ്തഥ
ഭക്ത്യാപി തന്നിഷ്ടദേവതമാരെയു-
മൊക്കെത്തൊഴുതു തപസ്സിനാരംഭിച്ചാൻ.
മുന്നേദ്ദിനം ഫലാഹാരങ്ങളും ചെയ്തു
തന്നാൽ‌ കൃതമാകുമാസന സംസ്ഥനായ്
പ്രാണായാമം ചെയ്തു നാരായണമയം
കാണായതൊക്കെയുമെന്നുറച്ചന്വഹം
താനും ഭഗവാനുമീരേഴുലോകവും
മാനസേ മായയുമൊന്നായ് നിരന്തരം
കണ്ടു തഥാപി തഥാപിതഥാപ്യനു
കുണ്ഠതയെന്നിയേ നിത്യമഹർ‌ന്നിശം
യോഗ്യമായുള്ളതപോമയവേഷവും
ഭംഗ്യാപുമാൻ‌ പരിചോടുധരിച്ചുടൻ‌
കോപ്പിട്ടിരുന്നുറപ്പിച്ചിളകീടാതെ
താല്പര്യമാത്മസുഖമൊഴിഞ്ഞെന്നിയേ
മുമ്മൂന്നു നാൾ‌ കഴിഞ്ഞാലൊരുനാൾ‌ മുദാ
ചെമ്മേ ഫലങ്ങൾ‌‌ ഭുജിക്കും കദാചന:
അമ്മാസമിങ്ങനെ തന്നെ കഴിച്ചതി-
നിർമ്മലൻ‌ നിർമ്മായ ചിന്മയാനന്ദവിൽ‌
കൽ‌മഷം തീർ‌ത്തു തെളിഞ്ഞുണർ‌ന്നീടിനാൻ‌,
രമ്യാശയാ പിന്നെ രണ്ടാമതാകിയ-
മാസം മുതൽ‌ തൊട്ടു കേവലമാറാ‍റു
വാസരം ചെന്നാലൊരിക്കലൊരുദിനം
താർ‌ണ്ണപർ‌ണ്ണങ്ങൾ‌ ഭുജിക്കും തഥാപിതാൻ‌
മൂന്നാമതൊമ്പതു നാൾ കഴിഞ്ഞാലുടൻ‌
പാനീയമാത്രമശനവും ചെയ്തുകൊ-
ണ്ടാനന്ദപീനമനസ്കനായുള്ളവൻ‌
കേവലം മേന്മേലധികം കഠോരമാ-
യേവം കഴിച്ചാനവൻ‌ മൂന്നുമാസവും;
നാലമതാം മാസമാദിയായങ്ങതി-
ബാലനീരാറുനാൾ‌ ചെന്നാലൊരു ദിനം
മാരുതാഹാരമായ്ക്കൊണ്ടൊരിക്കലഹോ!
ഘോരതപോബലനിഷ്ഠയോടന്വഹം
പഞ്ചേന്ദ്രിയങ്ങളടക്കി ക്രമവശാൽ‌
പഞ്ചമേ മാസി പിന്നെദ്ദിവസം പ്രതി
ചഞ്ചലമെന്നിയേ സർവലോകങ്ങളും
അഞ്ചിതാത്മാപരബ്രഹ്മവും മായയും
താനുമാചാര്യനുമേകമായ ഭ്രവൽ‌-
ക്കാണും വിധൗ പരമാത്മനി കാരണേ
ചേർത്തു തൻ പ്രാണങ്ങളെ പ്രണവാന്തരേ
ചേർത്തടക്കിസ്ഥാണുപോലിരുന്നീടിനാൻ.
അങ്ങനെ രാജകുമാരൻ തപോബലാ‍-
ലങ്ങു തൻ‌പ്രാണങ്ങളെ പരമാത്മനി
തിങ്ങു മാനന്ദരസം പൂണ്ടടക്കിയ-
ങ്ങെങ്ങും നിറഞ്ഞ പരബ്രഹ്മസന്മയം
ചിന്മയന്താനുപാസിച്ചിരിക്കും വിധൗ
സന്മയനായ് ചമഞ്ഞു ജഗൽ‌സർ‌വവും,
പ്രാണികുലത്തിനു വീർ‌പ്പുകളങ്ങവൻ‌
പ്രാണങ്ങളെയടക്കീടുകകാരണം
താനേയടങ്ങിച്ചമഞ്ഞിതു കൂടവേ
ദീനരായാരതു കാരണമേവരും.
സങ്കടം ദേവഭൂദേവാദികളതു-
പങ്കജസംഭവനോടറിയിച്ചപ്പോൾ
ശങ്കരനോടുണർ‌ത്തിച്ചിതു നാന്മുഖൻ‌.
ശങ്കരാദിപ്രമുഖന്മാരനന്തരം
പാലാഴിപുക്കഖിലേശ്വരനോടു തൽ‌-
ക്കാല വിശേഷമുണർ‌ത്തിച്ചിതൊക്കവേ
കേട്ടു ജഗന്മയനായ നാരായണൻ‌
വാട്ടമൊഴിച്ചവരോടരുളിച്ചെയ്താൻ:-
“ഉത്താൻപാദജനാം ധ്രുവനെന്നെയു-
ണ്ടുൾ‌ത്താരിൽ വച്ചു തപസ്സു ചെയ്തീടുന്നു
നിത്യമിവൻ പ്രാണനെപ്പരമാത്മനീ
ചിത്തം തെളിഞ്ഞടക്കീടുക കാരണം
പ്രാണനിരോധം ഭവിച്ചതുലകിതിൽ‌
പ്രാണികൾ‌ക്കിന്നിതു ഞാനൊഴിച്ചീടുവാൻ‌
നൂനമൻ‌പോടവനങ്ങുവേണ്ടും വരം
ദാനവും ചെയ്തു തപസ്സൊഴിച്ചാലുടൻ,
തീരും ജഗൽ‌ സങ്കടങ്ങളപ്പോളതി-
ന്നാരും ഭ്രമിയായ്ക ഞാനിന്നു പോകുന്നു;
നിങ്ങളെല്ലാവരും ചെന്നങ്ങു സാദരം
തങ്ങൾ‌തങ്ങൾ‌ക്കുള്ളവിടെ വാണീടുവിൻ‌-
എന്നിതെല്ലാമനുസൃത്യ നാരായണൻ‌
നന്നായരുൾ‌ ചെയ്തയച്ചാനവരേയും,
വന്ദിച്ചു കൂപ്പി സ്തുതിച്ചു പോയാരവ,-
രിന്ദിരാവല്ലഭൻ‌ താനഥ തൽ‌ക്ഷണേ
പന്നഗാരാതിഗളസ്ഥനായഞ്ജസാ
ചെന്നു മധുവനം പുക്കരുളീടിനാൻ.
തന്നെക്കുറിച്ചു തപസ്സു ചെയ്തീടിന
മന്നവനന്ദനൻ മുന്നിൽ നിൽക്കും വിധൗ
തന്നുള്ളിലും ജഗത്തിങ്കലും മായയാ-
യൊന്നായ് നിറഞ്ഞു മറഞ്ഞിരിക്കും പരൻ‌
മുന്നിൽ‌ വന്നാവിർ‌ഭവിച്ചളവങ്ങു താൻ‌
മുന്നേ മനസ്സിലുറപ്പിച്ചിരുന്നത-
ധ്യാനസ്വരൂപവുമേറെത്തെളിഞ്ഞുടൻ‌
സാനന്ദമൊന്നായ് വിളങ്ങി നിന്നൂ തുലോം.
പ്രാണങ്ങളെപ്പരമാത്മനിചേർത്തുകൊ-
ണ്ടാനന്ദമാത്മനിലീനനാം ബാലനും
നാളസൂത്രാൽ‌ പ്രണവാസനസംസ്ഥിതി
മേളാലിഴിഞ്ഞു മൂലാധാരസംസ്ഥനായ്
ശ്വാസവേഗക്രമാലാശു മിഴികളും
നാസികാഗ്രത്താൽ‌ തുറന്നു തന്മാനസേ
കാണായ വിശ്വരൂപംഗരുഡാസനം
കാണായളവെഴുന്നേറ്റതി സംഭ്രമാൽ‌
വീണു നമസ്കരിച്ചാശു സഗൽ‌ഗ്ഗദ-
വാണികളാൽ‌ സ്തുതിക്കാവതല്ലാഞ്ഞവൻ‌
ക്ഷീണനായേറ്റം പലവുരു പിന്നെയും
ക്ഷോണിയിൽ വീണു നമസ്കരിക്കും വിധൗ
ദീനപരായണൻ‌ താനവൻ‌ തന്നുടെ
മാനസതാരിൽ‌ പ്രകാശിച്ചരുളിനാൻ‌
തൽ‌ക്ഷണമർ‌ഭഗനാശു വാഗ്വൈഭവ-
ശിക്ഷയായുള്ളുണർന്നുജ്വലിച്ചു തുലോം.
തൽ‌ക്ഷമ ബുദ്ധ്യാ സഗൽ‌ഗദവാണിഭി-
രുൾ‌ക്കനിവുറ്റൂ രോമാഞ്ച സംയുക്തനായ്
ഹർ‌ഷാശ്രു ധാരകളും തുടച്ചൂഴിയിൽ‌
പുർ‌ഷോ(പുരുഷോ)ത്തമനെ സ്തുതിച്ചാനുടനുടൻ‌
വീണു നമസ്കരിച്ചു തുടങ്ങീടിനാൻ:-
“ത്രാണനിപുണ! ദാസോഹം തവ ഹരേ!
നാഥ! നമസ്തേ നമസ്തേ നമോസ്തുതേ.
പാഥോജലോചന! പാഹി നമോസ്തുതേ.
യാതൊരു നാഥനെൻ‌ ചേതോമലിനമി-
പ്പോളോഴിച്ചാഹന്ത! ബോധാഗ്രസംസ്ഥനായ്
പ്രീതനായീരേഴു ലോകം നിറഞ്ഞത-
പ്പാഥോജ പാദമജസ്രംനമോസ്തുതേ
സർവജഗൽക്കാരണാധാരഭൂത!തൽ‌-
സർ‌വോപരിസ്ഥിത! സർവസാക്ഷീശ്വര!
സർ‌വ ജഗല്പരിപാലനാദ്ധ്യക്ഷ! ചി-
ത് സർ‌വജഗദ്ഗുരോ നിത്യം നമോസ്തുതേ.
വേദായവേദാർത്ഥ വേദസ്വരൂപായ
വേദാവിനോദവിരിഞ്ചാനനായ തേ
വേദവേദാംഗപുരാണശാസ്ത്രാദ്യർത്ഥ
വേദാന്ത വേദ്യായ സൂക്ഷ്മായ തേ നമഃ
മായായവനികാച്ഛന്നനായ് മേവിന
മായാമയായ തേ മായാപതേ ഹരേ!
മായാഗുണത്രയ ഭേദമയപ്രഭോ!
മായാവര! പരമാത്മനേ തേ നമഃ
തോയാശയേ സൂര്യബിംബപ്രതിമേതി
പ്രായായ; തേ സകലാത്മനേ, തേ നമഃ
ഭൂയസ്സകലൈക കാരണ തേജസേ!
നീയേ ഗതിനിഖിലേശായ തേ നമഃ
നിത്യ നിരഞ്ജന! നിഷ്കള! നിർമ്മല!
സത്യസ്വരൂപ! സനാതന! സന്മയ!
ഭക്തപ്രിയ! വരദാനൈക തല്പര;
ഭുക്തിമുക്തിപ്രദ; നിത്യം നമോസ്തുതേ
യദ്യദനുകൃത കർ‌മ്മഫലോദയ
തത്തത് സമാനഫലപ്രദം; സർ‌വഗ!
വിശ്വസ്വരൂപ! വിശ്വാത്മവിശ്വാകൃതേ!
വിശ്വസ്യ സൂക്ഷ്മൈക! തസ്മൈ നമോസ്തുതേ.”
ഇത്ഥം നമസ്കരിച്ചും സ്തുതിച്ചും ബഹു
ഭക്ത്യാ നൃപാത്മജൻ‌താൻ‌ തൊഴുതന്തികേ
നിൽ‌ക്കുന്നവനുടെ സാധുപ്രഭാവവും
ഭക്തിയും വിശ്വാസവും കണ്ടു സാമ്പ്രതം
ചിത്തം തെളിഞ്ഞഖിലേശ്വരനച്യുതൻ‌
മുഗ്ദ്ധസ്മിത പൂർ‌വമുറ്റരുളിച്ചെയ്തു:-
‘നിന്നുടെ ഭക്തിവിശ്വാസങ്ങൾ‌ കാൺകയാ-
ലെന്നുള്ളമേറ്റം പ്രസാദിച്ചിതിന്നെടോ!
നിന്നിലതിശയസ്നേഹവും മാനസേ
വന്നുവേരൂന്നിപ്പടർ‌ന്നിതു കേവലം
വന്നാലുമിങ്ങു സുരുചിയാമമ്മ താൻ‌
ചൊന്നതെന്തൊന്നുണ്ണിയോടതുമൊക്കവേ
ഞാനറിഞ്ഞീടിനേനെന്നെ ബ്ഭജിച്ചു ഞാ-
നാനന്ദമോടനുകൂലനായാലഹോ!
പിന്നെയവളുടെ ഗർഭസ്ഥനായ് നിന്നു
മന്നിടത്തിങ്കൽ‌ ജനിച്ചൊഴിഞ്ഞെന്നിയേ
വന്നുകൂടാനൃവരാസനം വാഴ് വതി-
ന്നെന്നുമേയോഗ്യമെന്നൊന്നവൾ ചൊന്നതും
നന്നുനന്നെന്നതു കാരണം ഞാൻ‌ തവ-
തന്നേ നിരുപത്താറായിരത്താണ്ടിനി
മന്നവനായഴകോടു ശത്രുക്കളു-
മെന്നിയേ വാഴ്ക നൃപാസനമെന്നതും;
പിന്നെ മറ്റെന്തതല്ലാത കണ്ടാഗ്രഹം
നിന്നുള്ളിലുള്ളതെല്ലാം തരുവൻ‌ ദൃഢം
നിർ‌ണ്ണയമെന്നരുൾ‌ ചെയ്തതുകേട്ടുടൻ‌
നന്നായ് തൊഴുതപേക്ഷിച്ചാൻ‌ നൃപാത്മജൻ:-
“എന്നിൽ തിരുവുള്ളമുണ്ടെങ്കിലുണ്ടെനി-
ക്കൊന്നിങ്ങനുഗ്രഹിക്കേണ്ടു ദയാനിധേ!
നിത്യമനിത്യമെന്നുള്ള രാജ്യാദികൾ‌-
ക്കുൾ‌ത്താരിലിങ്ങെനിക്കില്ലൊരത്യാഗ്രഹം.
ഭക്ത്യാ ഭഗവൽ‌ പദസേവ ചെയ്തുചെ-
യ്തുത്തമന്മാരിലത്യുത്തമനായഹം
സർ‌വ ലോകർക്കും സകല ലോകത്തിനും
സർ‌‌വദാ സർ‌വകാലപ്രമാണത്തിനും
സർ‌വഗ്രഹാദികൾക്കും സർ‌വ സാക്ഷിയായ്
സർ‌വലോകങ്ങളും കണ്ടുകണ്ടങ്ങനെ
സർ‌വോപരിസ്ഥിതനായ് സർ‌വകാലവും
സർ‌വജ്ഞനായ് വാഴ്വതിനുള്ളനുഗ്രഹം
സർ‌വേശനായ ഭവാനിന്നു നൽകുകിൽ
സർ‌വം ഫലിതമായ് വന്നു മനോരഥം”
സർ‌വഭൂലോകപാലാത്മജനിങ്ങനെ
സർ‌വലോകാവനതല്പരനോടുടൻ‌
ഗർ‌വമൊഴിഞ്ഞപേക്ഷിച്ചളവാശു “തൽ-
സർ‌വമവ്വണ്ണം വരികെ”ന്നനുഗ്രഹം
ചെയ്തു വരവും കൊടുത്തു ദയാപരൻ‌
കൈതവമെന്നിയേ താൻ‌ മറഞ്ഞീടിനാൻ‌
കൈതൊഴുതുള്ളിലാക്കി ബ്ഗവാനെയും
പൈതൽ‌ താൻ‌കൊണ്ടു നടന്നളവന്തരാ
ചിന്തിച്ചതാഹന്ത! മോക്ഷമപേക്ഷിച്ചു
സന്തതാനന്ദസാധ്യം വരിച്ചീല ഞാൻ‌
ഭോഷത്വമായിതെനിക്കിതെന്നൂടെഴു-
മീഷൽ‌ പ്രസംഗപശ്ചാത്താപയുക്തനായ്
പോകുന്നവൻ‌ ചെന്നു രാജധാനീന്ദ്രമ-
ങ്ങാകുലം തീർ‌ന്നുപൂവാൻ‌ തുടങ്ങും വിധൗ,
മാതൃകഠിന വാക്കേറ്റുപോയ് വന്ന തദ്
ഭ്രാതാവി‍ലങ്ങതി വാത്സല്യചേതസാ
സത്വരമുത്താന‍പാദജനേറ്റമ-
ത്യുത്തമന്മാരിലത്യുത്തമനുത്തമൻ‌
ചിത്തം തെളിഞ്ഞു തേരേറിപ്പരിജന-
യുക്തനായ് വന്നെതിരേറ്റു കൊണ്ടാടിനാൻ‌.
വിശ്വാസമുൾ‌ക്കലർ‌ന്നുത്തമനെപ്പുണർ‌
ന്നുൾച്ചേരുമാധിയും തീർ‌ത്തു കൊണ്ടാൻ‌ ധ്രുവൻ‌,
വിദ്രുതം തങ്ങളിരുവരുമൊത്തു ചെ-
ന്നത്യരമച്ഛനെക്കണ്ടു കൈകൂപ്പിനാർ‌.
ഭക്ത്യാ തൊഴുതു നമസ്കരിച്ചന്തികേ
നിൽ‌ക്കും തനയനെക്കണ്ടു നൃപോത്തമൻ‌
വൽ‌സേ പിടിച്ചണച്ചാലിംഗനം ചെയ്തു
ചിത്തം തെളിഞ്ഞു ഹർ‌ഷാശ്രു കണങ്ങളാൽ‌
പുത്രനഭിഷേകവും ചെയ്തിതപ്പൊഴു-
തുത്തമനും തൊഴുതീടിനാനന്തികേ
ചെന്നു സുരുചിയേയും തൊഴുതീടിനാൻ‌,
തന്നുടെ മാതാ സുനീതിയേയും മുദാ
വന്ദിച്ചു വീണു നമസ്കരിച്ചീടിനാൻ‌,
മന്ദേതരമവളും പുണർ‌ന്നീടിനാൾ‌;
നന്നായ് വരികെന്നനുഗ്രഹിച്ചമ്മയും
നന്ദനനെപ്പരിലാളിച്ചിതേറ്റവും.
മന്നവനേറ്റം പ്രിയനായൊരുമിച്ചു
നിന്നാനനേകകാലം ധ്രുവനന്തികേ
പിന്നെപ്പിതാവഭിഷേകവും ചെയ്തവൻ‌-
തന്നെ വാഴിച്ചു വാർദ്ധക്യ കാലേ മുദാ
ചെന്നു തപോവനം പുക്കു നാരായണൻ‌-
തന്നെ സ്മരിച്ചു ഗതിയും വരുത്തിനാൻ-
ധർ‌മ്മേണ രാജ്യപരിപാലനം ചെയ്തു
നിർ‌മ്മലനാം ധ്രുവനും വിളങ്ങീടിനാൻ‌
സുന്ദരീശൈശുമാരപ്രജാനായക-
നന്ദന, ഭൂമിയെ വേട്ടവൾ‌ പെറ്റുടൻ‌
കല്പനും, വത്സരനും, രണ്ടു പുത്രന്മാ-
രിപ്പാരിലേറ്റം പ്രസിദ്ധരായാർ‌തുലോം
പില്പാടിളാ; വായുപുത്രിയെ, വേട്ടവൻ‌
തൽ പുത്രനുൽക്കലനും ജനിച്ചീടിനാൻ‌
വേട്ടതില്ലുത്തമൻ‌; താനതിൻ‌ മുന്നമേ
കാട്ടിൽ‌ നായാട്ടിനായ് പോയൊരുദിനം
മുഷ്കരനായൊരു രക്ഷോവരനുമ
ന്നാക്കാനനാന്തരത്തിങ്കൽ‌ നിന്നെത്തിനാൻ‌
തത്ര രാത്രിഞ്ചരൻ‌ തന്നോടെതിർ‌ത്തുടൻ‌
യുദ്ധേ മരിച്ചു പോയാനവൻ‌ തന്നുടെ
മാതാമമോഹരിയായ സുരുചിയും.
നീതനാമാത്മജനെത്തിരഞ്ഞീടുവാൻ‌
പോയുടനാശു വൻ‌കാടകം പുക്കിതു
കായമുപേക്ഷിച്ചു ശോകാൽ‌ നടക്കുമ്പോൾ‌
കാട്ടു തീ വന്നു ചുഴന്നു വെന്താളവൾ‌
കേട്ടാനവസ്ഥകളെല്ലാം സുനീതിജൻ‌.
മാനമേറീടും ധ്രുവനതികോപേന-
സേനയാ സാകം പുറപ്പെട്ടു ചെന്നുടൻ‌
വേഗാലളകാം ചുഴന്നു ചെറുത്തള‌‌-
വാഘോഷ വാദ്യ നാദൈരതിൽ‌ നിന്നുടൻ‌
തിക്കിത്തിരക്കി നിലവിളിച്ചാർ‌ത്തടു‌-
ത്തൊക്കെ ച്ചെറുത്തിതുയക്ഷരക്ഷോഗണം
മുപ്പതിനായിരം നൂറായിരത്തിനു-
മപ്പുറമുള്ള പെരുമ്പടയൊക്കവേ
ശക്തിയോടേറ്റു പൊരുതു ഭയങ്കരം
മുക്ഷ്കരന്മാർ‌ കലഹത്തിൽ‌ നീങ്ങായ്കയാൽ‌
ചത്തൊടുങ്ങീടിനാർ‌ മിക്കതുമപ്പൊഴു-
തുൾ‌തൂർ‌ന്ന കാരുണ്യമോടഖിലേശ്വരൻ‌
വിശ്വംഭരൻ‌ ഗരുഡോപരി വിദ്രുത-
മുച്ചൈസ്തരമായ ശംഖനാദത്തോടും
യുദ്ധം ഭയങ്കരമായ് ചെയ്തു നില്പതിൻ‌
മദ്ധ്യേ തെളിഞ്ഞു വിളങ്ങിനാനീശ്വരൻ‌.
മുഗ്ദ്ധകിരീടവും കുണ്ഡലശോഭയും
സ്നിഗ്ദ്ധകടാക്ഷവും സുസ്മിത വക്ത്രവും
ശ്രീവത്സവത്സവും കൗസ്തുഭരത്നവും
ഗ്രീവാസു ശോഭയും അംസദ്വയാഭയും
തൃക്കൈകളും തിരുവാഭരണങ്ങളും
ചക്രശംഖാബ്ജഗദാസിചാപങ്ങളും
ലക്ഷ്മീനിവാസവും മദ്ധ്യപ്രദേശവും
ലക്ഷണലക്ഷ്യമാന്നാഭീ നളിനവും
പീതാംബരമുടയാടവിലാസവും
മീതേ വിളങ്ങിന കാഞ്ചന കാഞ്ചിയും
വാരെഴുമൂരുക്കളും മുഴങ്കാൽ‌‍കളും
താരാർ‌മകൾ‌ തടവീടും കഴൽ‌കളും
പാദംബുജങ്ങളും മഗുലീ ജാലവും
മോദാൽ‌ വിളങ്ങും നഖരനികരവും
കണ്ടുകണ്ടിണ്ടലൊഴിഞ്ഞു വൈകുണ്ഠമ-
ക്കൊണ്ടൽ‌ വർ‌ണ്ണം തൊഴുതീടിനാരേവരും
കുണ്ഠത തീർ‌ന്നകത്തണ്ടിൽ‌ മുന്നേതന്നെ
കണ്ടിരുന്നീടിനോരൗത്താന പാദിയും
രണ്ടുമൊന്നിച്ചു കണ്ടുണ്ടായ കൗതുകാൽ‌
മണ്ടിയണഞ്ഞു നമസ്കരിച്ചീടിനാൻ‌.
ഭക്തിയാമംബുധൗ വീണു മുഴുകിനാൻ‌
ചിത്തം കുളിർ‌ന്നു രോമാഞ്ചം കലർ‌ന്നെഴും
വിഗ്രഹകമ്പവും, ഹർ‌ഷനേത്രാംബുവും
ഗദ്ഗദവർണ്ണവാക്യങ്ങളും കൂടവേ
തൃക്കാൽ തൊഴുതു ദാസോഹം ദിനംപ്രതി
രക്ഷതുമാമിതീത്യുക്ത്വാപി സാദരം
നിൽക്കുന്നവനെകുളിർ‌ക്കക്കടാക്ഷിച്ചു
ഭക്തപ്രിയൻ‌ ചിരിച്ചമ്പോടരുൾ‌ ചെയ്തു:-
“കിംകിമിദം നൃപതേ! തവസാഹസം
സങ്കടം ഭ്രാതൃമാതൃനാശകാരണം
നിങ്കലുദിച്ചതു കുറ്റമല്ലിങ്ങതു
ശങ്കരാജാതികൾ‌ക്കും വരുവൊന്നല്ലോ.
സർവവും പങ്കജ സംഭവ കല്പിത-
മുർ‌വീ നിവാസികളാലനുഭാവിതം;
എന്നലതിങ്കൽ‌ സുഖദുഃഖമുണ്ടാക-
യെന്നുവരുന്നതു മായതൻ‌ വൈഭവം.
മായയാ മൂടിമയങ്ങിക്കളിക്കയെ
ന്നായതു സർ‌വസ്വഭാവമത്രേ ദൃഢം.
ഭാവമതിങ്കലുറയ്ക്കരുതെങ്കിലു
മാവിരുള്ളാനന്ദബോധേന സന്തതം
ലോകസ്വഭാവമനുസരിക്കെന്നതും
ലോകസ്വഭാവമായാവിഷയാന്വിതം
മായാവിഷയത്തിലുണ്ടായ് വരുമോരോ-
കാര്യമിടപെട്ടു വൈരമെല്ലാരിലും
കാര്യാവസാനകാലത്തിങ്കലോർ‌ക്കില-
ക്കാര്യം കലഹമായ് വന്നുകൂടും ദൃഢം.
പാരം കലഹിച്ചു നിന്നാലതുമൊരു
കാര്യവിനാശമായേവരൂ കേവലം
ക്ഷത്രിയധർ‌മ്മമാകുന്നതെന്നാലുമ-
ശ്ശത്രുക്കളോടു യുദ്ധം മുഹുരെ‍ങ്കിലും
നിശ്ചയം സാഹസമിത്രയുണ്ടാകരു‌-
തിച്ചെയ്തതുമതിപോരുമിപ്പോരിനി
വാങ്ങിക്കയെന്നരുൾ‌ ചെയ്തതു കേട്ടുടൻ‌
ശാർങ്ഗവരായുധനെത്തൊഴുതങ്ങഥ
ചെന്നു പെരുമ്പട വാങ്ങിച്ചു കൊണ്ടുപോ‌-
ന്നന്യൂനവേഗേന പിന്നെയും നാഥനെ
ദണ്ഡ നമസ്കാരവും ചെയ്തു വന്ദിച്ചു
ധന്യപുമാനപേക്ഷിച്ചാൻ‌ “ജഗല്പതേ!
മുന്നമേതന്നവരങ്ങൾ‌ പോരായ്കയി-
ല്ലെന്നാലുമൊന്നുണ്ടിനിയുമത്യാഗ്രഹം
സർ‌വകാലം ഭവാനെന്മനഃപങ്കജേ
സർ‌വൈകസാക്ഷിയായ് വാഴ് വതീവണ്ണമെ
സർ‌വാകൃതികളിലും ഭേദമെന്നിയേ
സർ‌വദാ കണ്ടു പൂജിക്കായ്‌വരികയും
സർ‌വമങ്ങെല്ലാം സമർ‌പ്പിച്ചു കൊൾ‌കയും
സർ‌വൈകഭക്തിയും നീങ്ങാതെ സന്തതം
സർ‌വാപരാധം ക്ഷമിച്ചടിയനിനി
സർവേശ! മേന്മേലനുഗ്രഹിക്കേണമേ
ദൈവമേ! കേവല” മെന്നപേക്ഷിച്ചവ-
നവ്യയൻ‌ തന്നെ നമസ്കരിച്ചീടിനാൻ‌
കൈവല്യമൂർ‌ത്തിതാനേവമപേക്ഷിച്ച
ദിവ്യ പുരുഷനിൽ‌ താൻ‌ പ്രസാദിച്ചുടൻ‌,
“നന്നായ് വരുമേലിലെല്ലാം നിനക്കൊത്ത
വണ്ണ” മെന്നൻ‌പോടരുൾ‌ ചെയ്തു സാദരം
ചെമ്മേ സകലജനാനുഗ്രഹപരൻ‌
നിർ‌മ്മായമാശുമറഞ്ഞരുളീടിനാൻ‌
ധന്യനവൻ‌ ഭഗവാനെനിജമനഃ-
കർ‌ണ്ണികാഗ്രേ ലയിപ്പിച്ചു വന്ദിച്ചു താൻ‌
പിന്നെസ്സമരനിവൃത്തനായഞ്ജസാ
ചെന്നു പുരിപുക്കു കീർത്ത്യാ വിളങ്ങിനാൻ;
കിന്നരേശാനുചരരെജയിച്ചതി-
ല്ലെന്നാകിലും താൻ‌ തെളിഞ്ഞുമേവീടിനാർ‌.
മന്നവനൗത്താനപാദി യജ്ഞേശമാ-
കുന്ന യജ്ഞത്തെയും ചെയ്തു നിരന്തരം
തന്നുള്ളിൽ നാരായണങ്കലെ ഭക്തിയും
നന്നായുറപ്പിച്ചിരുപത്താറായിരം
സംവത്സരംധരാപാലനവും ചെയ്തു
ധർ‌മ്മേണ വാണവസാനകാലേ മുദാ
തന്നുടെ നന്ദനന്മാരിൽ‌ വച്ചുൽക്കലൻ‌-
തന്നെവാഴിച്ചു താൻ‌സർ‌വവിരക്തനായ്
ശാന്തനായെല്ലാം ത്യജിച്ചു നിവൃത്തനായ്
ഭ്രാന്തജളബധിരാന്ധമൂകൈസ്സമം
സഞ്ചരിച്ചുർ‌വിയിലുള്ള തീർ‌ത്ഥങ്ങളു-
മഞ്ചിതമാം മഹാക്ഷേത്രങ്ങളും കണ്ടു
സേവകൾ ചെയ്തു കൊണ്ടുത്തരയാം ദിശി
പാവനാകാരബോധാനന്ദനിർ‌ല്ലയൻ‌
ചെന്നു ബദര്യാശ്രമം പുക്കവിടെയ-
ങ്ങന്വഹമാനന്ദമോടേവസിച്ചവൻ‌,
തന്നുള്ളിൽ‌ നാരായണസ്വരൂപത്തേയും
ധന്യപുരുഷനുറപ്പിച്ചനുദിനം
ഭക്ത്യാ മനഃപൂജയും ചെയ്തു സന്തത-
മൊക്കെയും തൽക്കാരണാത്മനി സൂക്ഷമതേ
ചേർ‌ത്തു ലയിപ്പിച്ചു താൻ‌ പരബ്രഹ്മണി
ചേർത്തുകൊണ്ടാനഖിലാത്മാഗ്രതത്ത്വവും
മൂർത്തിമാനിങ്ങനെ ചേർത്തുലയിച്ചനാ-
ളാർ‌ത്താർ‌ത്തിനാശനന്തന്നനുജ്ഞാവശാൽ
വന്നു സുനന്ദനന്ദനന്മാർ‌ മനോഹിതാ-
നന്ദദിവ്യാകാശയാനോപരി മുദാ
മന്നവന്തന്നെയും ചേർ‌ത്തിരുത്തിപ്പരി-
വന്ദ്യമധുരസംഭാഷണാദ്യൈരലം
സമ്മാനമാർ‌ഗ്ഗൈരധികം രമിപ്പിച്ചു
രമ്യാശയാ കൊണ്ടുപോയങ്ങു ചെന്നുടൻ‌
ത്രൈലോക്യമുത്ക്രമ്യ ദിവ്യസ്വയം ജ്യോതി-
രാലംബവേഗാശ്രയഭ്രമണോപരി
സർ‌വലോകങ്ങളും കണ്ടുകണ്ടന്വഹം
സർ‌വരും തന്നുടെ കീഴായതിന്മീതേ
സർ‌വസൗഖ്യത്തോടധോഗതിയെന്നിയേ
സർ‌വകാലം വിഷ്ണു ഭക്തിപ്രസന്നനായ്
വാഴ്കെന്നിരുത്തിവച്ചാഹന്ത! വന്ദിച്ചു
ലോകേശഭക്തരാലും ബഹുപൂജ്യനായ്
വാണാനനിശമിനിയും തഥാകൃതി
വാണീടുമാചന്ദ്രതാരകാന്തം മുദാ.
ഇങ്ങനെയെല്ലാം ധ്രുവചരിതത്തെയൊ-
ട്ടിങ്ങു സംക്ഷേപിച്ചു ചൊല്ലിയതീദൃശം
തിങ്ങുമാനന്ദരസം പൂണ്ടു ചൊൽകിലു-
മങ്ങതികൗതുകമുൾ‌ക്കൊണ്ടു കേൾ‌ക്കിലും
വന്നുകൂടീടും ദുരിത വിനാശനം
പിന്നെയൊടുക്കത്തു മോക്ഷവും നിർ‌ണ്ണയം.
ഇത്ഥമാത്മാനന്ദശുദ്ധിദമാം ധ്രുവ-
വൃത്തം പ്രചേതാക്കൾ‌ ചെയ്തസത്രാന്തരേ
തത്ര സഭാന്തരത്തിങ്കൽ‌ വീണാധര-
നത്യന്തമാനന്ദമുൾക്കൊണ്ടു പാടിനാൻ‌.