വൃത്തമഞ്ജരി/ഒന്നാം പതിപ്പിന്റെ മുഖവുര

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
ഒന്നാം പതിപ്പിന്റെ മുഖവുര

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


ഒന്നാം പതിപ്പിന്റെ മുഖവുര[തിരുത്തുക]

ഭാഷാഭൂഷണംപോലെ വൃത്തമഞ്ജരിയും ക്ലാസ്സിലെ ഉപയോഗത്തിനു വേണ്ടി എഴുതിയിരുന്ന നോട്ടുകളിൽ പോരാത്തഭാഗം ചേർത്ത്‌ പുസ്തകാകൃതിയിൽ വരുത്തിയിട്ടുള്ളതാകുന്നു. ഇതിൽ വൃത്തരത്നാകരത്തിന്റെ സമ്പ്രദായമനുസരിച്ച്‌ വൃത്തങ്ങളുടെ ലക്ഷണങ്ങൾ ലക്ഷ്യങ്ങളുടെ പാദം കൊണ്ടുതന്നെ ചെയ്‌തിരിക്കുന്നു. അതിനാൽ സമവൃത്തങ്ങളിൽ ഒരു പാദം നിർമ്മിച്ചാൽ ലക്ഷണവും ലക്ഷ്യവുമെല്ലാമായി എന്നൊരു സൗകര്യമുണ്ട്‌. സംസ്കൃതഭാഗമെല്ലാം വൃത്തരത്നാകരം, വൃത്തരത്നാവലി എന്ന രണ്ടുഗ്രന്ഥങ്ങളെ അവലംബിച്ചാണു ചെയ്‌തിരിക്കുന്നത്‌. എന്നാൽ ഈ ഗ്രന്ഥങ്ങളിൽ എടുത്തിട്ടില്ലാത്ത ചില പുതിയ വൃത്തങ്ങൾ ശകുന്തളാദി പുസ്തകങ്ങളിൽ കാണുകയാൽ അവയ്ക്കു പേർ കൽപിച്ചു ലക്ഷണം ചെയ്യേണ്ടിവന്നിട്ടുണ്ട്‌. സംസ്കൃതഭാഗത്തിൽ ഏതാനും വിഷയങ്ങൾ പരീക്ഷയ്ക്കു പഠിക്കുന്നവർക്ക്‌ അത്യാവശ്യകങ്ങളല്ലെങ്കിലും ശാസ്ത്ര ഗ്രന്ഥം പരിപൂർണ്ണമായിരിക്കട്ടെ എന്നുള്ള വിചാരത്തിൻപേരിൽ ഇതുകളും ചേർക്കപ്പെട്ടിരിക്കുന്നു. ഈ പുസ്തകത്തിൽ വിശേഷമായി ഒന്നു ചെയ്‌തിട്ടുള്ളത്‌ ഭാഷാവൃത്തങ്ങൾക്ക്‌ സംജ്ഞാലക്ഷണകൽപനയാകുന്നു. സംസ്കൃതത്തിലെപ്പോലെ ഭാഷയിൽ ഒരു ഗണ്യമായ വൃത്തശാസ്ത്രം ഇതേവരെ ആരും ഏർപ്പെടുത്തിക്കണ്ടില്ല. കേരളകൗമുദികർത്താവ്‌ രണ്ടുമൂന്നു കിളിപ്പാട്ടുവൃത്തങ്ങൾക്കു മാത്രം പേരുകളും സ്ഥൂലമായി ലക്ഷണങ്ങളും പറഞ്ഞിട്ടുണ്ട്‌. പ്രാചീനന്മാർ സംജ്ഞകൾ ചെയ്‌തിട്ടുള്ളിടത്ത്‌ അതുകളെത്തന്നെ സ്വീകരിച്ചും ഇല്ലാത്തിടത്ത്‌ പുതിയ സംജ്ഞകളെ സൃഷ്ടിച്ചുമാണ്‌ ഇതിൽ ഭാഷാവൃത്തപ്രകരണം എഴുതിയിട്ടുള്ളത്‌. ഭാഷാവൃത്തങ്ങൾ ഗാനരൂപങ്ങളാകയാൽ അവയ്ക്കു ലക്ഷണം കൽപിക്കുന്നത്‌ പാട്ടിനു യോജിച്ചുവേണ്ടിയിരിക്കുന്നു. അവയെല്ലാം അതാതു സമ്പ്രദായമനുസരിച്ച്‌ പാടിക്കേൾപ്പിക്കുന്നതിന്‌ പറവൂർ കെ.സി.കേശവപിള്ള അവർകളോടും, ഭിന്ന ഭിന്ന രീതികളെ തേടിപ്പിടിച്ചു തന്നു സഹായിച്ചതിന്‌ പി.കെ. നാരായണ പിള്ള ബി.ഇ. അവർകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു.


തിരുവനന്തപുരം
1080 ചിങ്ങം 27

ഗ്രന്ഥകർത്താ