രക്തപുഷ്പങ്ങൾ/ഇന്നത്തെ നില

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ല്ല വെളിച്ചം, വെളിച്ചമില്ലൽപവും
മെല്ലാമിരുട്ടാ, ണിരുട്ടിലാകുന്നു നാം!
കണ്ണും തുറന്നു നാം നിൽക്കയാണെങ്കിലും
കാണുന്നതില്ലിപ്പരിസരമൊന്നുമേ!
ചുറ്റുമായ് വന്നു പൊതിയുന്നു നമ്മളെ-
പ്പട്ടിണികൊണ്ടു പൊരിയും നിലവിളി
നിർലജ്ജമന്നിട്ടു, മെന്നുമദ്ദീനർത-
ന്നെല്ലും ചവിട്ടിക്കുതിക്കുകയാണു നാം.
നമ്മൾക്കവസരമില്ലൊരു ലേശ, മൊ-
ന്നമ്മർത്ത്യരെക്കുറിച്ചോർക്കുവാൻകൂടിയും!

അത്യുന്നതമായ സംസ്കാരശൃംഗത്തി-
ലെത്തിയെന്നോർക്കും പരിഷ്കൃതരാണു നാം!
ആ നമ്മളെന്നാ, ലറിവീല, കഷ്ട, മാ
മാനവത്വത്തിൻ വെറും ബാലപാഠവും!
കണ്ടുപിടിത്തങ്ങൾകൊണ്ടു ശാസ്ത്രത്തിനെ-
ച്ചെണ്ടിടുവിച്ചു! സുഖിക്കുവാൻവേണ്ടി നാം!
എന്നാലവതൻ വിഷഫലമോരോന്നു-
തിന്നിതാ മൂർച്ഛിപ്പൂ നീതിധർമ്മാദികൾ.

ഇന്നു നാം ശക്തർ സ്ഥലകാലസീമകൾ
പിന്നിട്ടുപോലും ജയക്കൊടി നാട്ടുവാൻ.
എന്നാലിവകൊണ്ടു നേടിയ നേട്ടമോ?
ചെന്നിണം!- അയ്യോ, വെറും കുരുതിക്കളം!
ഓമൽസ്സഹജർതന്നസ്ഥികൂടങ്ങളാൽ
പൂമണിമേടകൾ തീർത്തു സുഖിപ്പു നാം!
ഒന്നിനൊന്നായ് സമസൃഷ്ടികളെത്തന്നെ
കൊന്നുതിന്നും വെറും കാട്ടുമൃഗങ്ങൾ നാം!
ചൂടും വെയിലും സഹിച്ചു സമൃദ്ധമായ്
പാടത്തു പച്ചപിടിപ്പിച്ച കർഷകൻ-
പങ്കയ്ക്കുകീഴിൽ നമുക്കുറങ്ങീടുവാൻ
ചങ്കുപൊട്ടുമ്മാറുഴുകുമക്കർഷകൻ-
തങ്കനാണ്യങ്ങളാൽ നമ്മെ മൂടീടുവാൻ
തൻജീവരക്തം ചൊരിയുമക്കർഷകൻ-
അക്കർഷകന്റെ മുതുകത്തിരുന്നു ഹാ,
ഞെക്കുന്നു വറ്റിവരണ്ടൊരത്തോണ്ട നാം.
ആ നിമിഷംതന്നെ നാം പ്രസംഗിക്കുന്നു;-
'ഹാ, നമ്മളെല്ലാം നമിക്കണം നീതിയെ!'

'നീതി!- മനുഷ്യൻ മനുഷ്യനെത്തിന്നുന്ന
നീതി!- ലോകത്തിന്റെ നീതിയിതാണുപോൽ!!
ഉദ്ധാരണത്തിനുമാകാതധ:പതി-
ച്ചത്രമാത്രം നീ ദുഷിച്ചുപോയ്, ലോകമേ!
പാടേ, യൊരു കൊടുങ്കാറ്റു വ, ന്നിന്നുള്ള
പാഴ്മരച്ചാർത്തുകൾ വെരറ്റു വീഴണം!
കുന്നും കുഴിയും നികന്നക, ന്നൊക്കെയു-
മൊന്നാ, യൊരോമൽസ്സമതലമാകണം!
തെല്ലുമലസരായാരും നശിച്ചിടാ-
തെല്ലാരുമോരോ തൊഴിലാളിയാവണം!
ദാസനും നാഥനുമില്ലാതെ മേൽക്കുമേൽ
ഭാസിയ്ക്കണം തോളുരുമ്മിസ്സഹജർ നാം!

അപ്പരിവർത്തന, മഭ്യുദയത്തിലേ-
യ്ക്കപ്രതിരോദ്ധ്യമാമപ്പരിവർത്തനം
സംഭവിച്ചെങ്കി, ലതിൽനിന്നു മാത്രമേ
സംഭൂതമാകൂ സമാധാനസൗരഭം!
അന്നാണുദയം, വെളിച്ചം പരിഷ്കാര-
മന്നോളവും നാമിരുട്ടിലാണെപ്പൊഴും!
കഷ്ടം, മനുഷ്യൻ മനുഷ്യനായ്ത്തീരുമാ-
സ്സുപ്രഭാതം വന്നുദിപ്പതെന്നാണിനി?
വിശ്വസമാധാനദായിയാമപ്രേമ-
വിപ്ലവം കാറ്റുവീശുന്നതെന്നാണിനി?
കാന്തവിശാലമാം സ്വാതന്ത്ര്യസീമയിൽ
ശാന്തി പുല്ലാങ്കുഴലൂതുന്നതെന്നിനി! ....
                               -13-2-1937