Jump to content

മാർത്താണ്ഡവർമ്മ/അദ്ധ്യായം ഇരുപത്തിയഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മാർത്താണ്ഡവർമ്മ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിയഞ്ച്


"തെളിഞ്ഞൂ തദാനീം മനോവല്ലഭം സാ
ഗളൽബാഷ്പധാരാ പുണർന്നാൾ നതാംഗീ
കളഞ്ഞൂ വിഷാദാനിമൗ ഹന്ത താനേ
പൊങ്ങുന്ന ബാഷ്പത്തിലും."

യുവരാജാവിനെ അദ്ദേഹത്തിന്റെ കൊട്ടാരത്തിലും അടുത്തുള്ള ഭവനം, ക്ഷേത്രം മുതലായതുകളിലും കാണായ്കയാൽ ഓരോ വഴിക്ക് അമ്പതീതം ആളുകളെ അദ്ദേഹത്തിനെ ആരായ്‌വാനായി അയച്ചിട്ട് തമ്പിമാരും ശേഷിച്ച സേനയും കിഴക്കോട്ടു തിരിച്ചു. വഴിക്ക് മാങ്കോയിക്കൽഭടന്മാരുടെ ആഗമനത്തെക്കുറിച്ച് അറിവു കിട്ടുകയാൽ തമ്പിമാരും കുടമൺപിള്ളയുമായി ഒരാലോചനയുണ്ടായി. ഈ ആലോചനയുടെ അനസാനത്തിൽ, സേനയെ മണക്കാട്ടേക്കു നടത്തുന്നതിനു സേനാധിപസ്ഥാനം വഹിച്ചിരുന്ന ശ്രീരാമൻതമ്പിയോട് പ്രമാണികലായ വലിയതമ്പിയും കുടമൺപിള്ളയും ആജ്ഞാപിക്കയാൽ, അനുജൻതമ്പി തന്റെ പരിവാരങ്ങളെ പെരുവഴികളും ഇടവഴികളും മാർഗ്ഗമായി നടത്തി, മണക്കാട്ടു പഠാണിപ്പാളയത്തിന്റെ മുമ്പിലുള്ള മൈതാനപ്രദേശത്ത് എത്തിച്ചു. കൊട്ടാരത്തിൽനിന്നു പോകുന്ന വഴിയിൽവച്ച് സുഭദ്രയാൽ അയയ്ക്കപ്പെട്ട ദൂതനിൽനിന്നും ഈവിധമുള്ള ഒരു ആപത്ത് ഉണ്ടായേക്കുമെന്ന് അറിവുകിട്ടിയിരുന്നതിനാൽ അവിടെ പാളയം അടച്ചിരുന്ന മാങ്കോയിക്കൽകുറു്പപിന്റെ ഭടന്മാരും മറ്റും ഇവരെ എതിർക്കുന്നതിനു തയ്യാറായിരുന്നു. അവരെ ക്ഷണേന അന്തകപുരിയിൽ ചേർക്കാമെന്നുള്ള നിശ്ചയത്താൽ സുന്ദരയ്യന്റേയുംതമ്പിമാരുടെയും രാമനാമഠത്തിന്റെയും രക്തം ഉഷ്ണിക്കനിമിത്തം അവർ നാലു ബ്രഹ്മരക്ഷസ്സുകളെ ജൃംഭിച്ചു മദത്തോടുകൂടി മുന്നോട്ടടുത്തു. അപ്പോൾ തങ്ങളുടെ കൈത്തരിപ്പു തീർക്കുന്നതിന് അവസരം ലഭ്യമായതു കണ്ടു സന്തോഷത്തോടുകൂടി കുറുപ്പിന്റെ ഭടന്മാർ, തങ്ങളുടെ സംഖ്യക്കുറവിനാലുള്ള ബലക്ഷയത്തെ ഗൗനിക്കാതെ, വൈരിസംഘത്തിന്റെ ഒരു തലയെ ഭേദിച്ചുകൊണ്ടടുത്തു. തമ്പിമാരുടെ സൈന്യവും മാങ്കോയിക്കൽവക ഭടന്മാരും തുല്യപാടവത്തോടുകൂടി പോർ ആരംഭിച്ചപ്പോൾ അകലെനിന്ന് ഒരു ഘോഷം കേട്ടുതുടങ്ങി. അശ്വങ്ങളുടെ ശീഘ്രമായുള്ള ഖുരപതനത്താൽ മണൽ ഇളകുന്ന ശബ്ദമായിരുന്നു. പത്തിരുപതു കുതിരകളിലായി അത്രത്തോളം മഹമ്മദീയ യോദ്ധാക്കൾ ആയുധപാണികളായി, ശാതോഷ്ണജ്വരങ്ങളെപ്പോലെ, കുറുപ്പിന്റെ ഭടന്മാർ ഏറ്റതിന് എതിരായ തലയ്ക്കൽ കടന്നപ്പോൾ, ആ സംഘത്തിൽ യുവരാജാവും ഉണ്ടായിരിക്കുമെന്നുള്ള വിശ്വാസത്തോടു, തങ്ങളുടെ നിശ്ചയത്തെ ചാരൻ മുഖേന യുവരാജാവു ഗ്രഹിച്ചു എന്നുള്ള ശങ്കയോടും, ഒന്നുകിൽ പ്രാണാപായം അല്ലെങ്കിൽ വിജയം എന്നിങ്ങനെ നിശ്ചയിച്ചുകൊണ്ടു തമ്പിമാർ പോർ തുടങ്ങി. എന്നാൽ ബൗദ്ധസംഘത്തിൽനിന്ന് അത്യന്തം സ്പഷ്ടമായുണ്ടായ ചില ആജ്ഞകളെയും അവയനുസരിച്ചു പുറപ്പെട്ട ഘോരദ്ധദ്ധ്വനികളെയുംതുടർന്ന് തമ്പിയുടെ സഹായികൾ, അദ്ദേഹത്തിന്റെ ജയത്തെക്കാൾ ആത്മരക്ഷ പ്രധാനമെന്നുള്ള വിചാരത്തോടുകൂടി മണ്ടിത്തുടങ്ങി. തമ്പിമാരുടെ ആജ്ഞകൾ, അപേക്ഷകൾ, വാഗ്ദാനങ്ങൾ, ഇതുകൾക്ക് അവരുടെ പരിവാരങ്ങളുടെ ശ്രവണേന്ദ്രിയങ്ങൾ പ്രവേശനദ്വാരം അപ്പോൾ അരുളിയില്ല. മുന്നിൽ കാണപ്പെട്ട വഴിയേ ഓടി പത്തഞ്ഞൂറ് ആളുകൾ ആറന്നൂർ പാടത്തിൽ ചാടി. ഈ സ്ഥലത്ത് എത്തിയപ്പോൾ പഠാണികളുടെ നേതാവായ ഷംസുഡീൻ അങ്ങും ഇങ്ങും കുതിരയെ ഓടിച്ച് , വലിയതമ്പിയെ തിരഞ്ഞു പിടികൂടി, നേരിട്ടു. ബീറാംഖാൻ, തന്നോട് അടുത്ത അനുജൻതമ്പിയെയും മറ്റും ഉപേക്ഷിച്ച് സുന്ദരയ്യനോടും ഏറ്റു. ഹിന്ദുസ്ഥാനിയിൽ ബീറാംഖാനെ ഭർത്സിച്ചുകൊണ്ട് സുന്ദരയ്യൻ തന്റെ ഖഡ്ഗം വീശി തുരഗത്തെയും അതിന്റെ നേതാവിനെയും വീഴ്ത്തി. ഈ ആപത്തുകണ്ട് നൂറഡീൻ അടുക്കുന്നതിനിടയിൽ കുതിരയുടെ അടിയിൽനിന്ന് ബീറാംഖാൻ എഴുന്നേറ്റ്, അതുവരെ പ്രച്ഛന്നമായിരുന്ന വീരപരാക്രമങ്ങളോടുകൂടി, സുന്ദരയ്യന്റെ നേർക്കു പാഞ്ഞടുത്ത്, ഉദരത്തെ കഠാരിയാൽ ചീന്തി അയാളെ നിലത്തു വീഴിച്ചു. ഈ ക്രിയ കണ്ട്, നൂറഡീൻ തന്റെ കുതിരയുടെമേൽനിന്ന് ഇറങ്ങി, സുന്ദരയ്യന്റെ ജീവരക്ഷ ചെയ്യുന്നതിനായടുത്ത്, ബീറാംഖാന്റെ കൈകളുടെ പ്രവൃത്തിയെ നിരോധിച്ചു. എന്നാൽ നൂറഡീന്റെ ശക്തിയും യുദ്ധസന്നദ്ധതയും, നൂറഡീനു മനസ്സിലാകാത്തതും ശ്രവണപരിചയത്താൽ മലയാളം എന്നു തോന്നിയതും ആയുള്ള ചില വാക്കുകളെ കടുത്ത രോഷത്തോടുകൂടി ഉച്ചരിച്ചുകൊണ്ട് ദുശ്ശാസനനെ ഭീമസേനനൻ എന്നപോലെ സുന്ദരയ്യനെ പിളർക്കുന്ന ബീറാംഖാനോടു ഫലിച്ചില്ല. ക്ഷണനേരംകൊണ്ട് ആ ബ്രാഹ്മണൻ മാംസരക്തസ്ഥിമജ്ജകൾ മാത്രം ശേഷി്പപിച്ചിട്ട് ബീറാംഖാൻ എഴുന്നേറ്റ് നൂരഡീന്റെ കുതിരപ്പുറത്തുകയറി പടക്കളം വിട്ടു പോകയും ചെയ്തു. തന്റെ സേവകൻ വീണതു കണ്ട്, വലിയതമ്പി ജ്വലിക്കുന്ന കോപത്തോടുകൂടി ഷംസുഡീനെ ഒഴിച്ചുവാങ്ങി, മുമ്പിൽ കാണപ്പെട്ട നൂറുഡീനോട് ഏറ്റു. നൂറഡീനെ തമ്പി വീഴ്ത്തി ഖഡ്ഗത്തെ ഓങ്ങുന്നതുകണ്ട്, ഷംസുഡീൻ തന്റെ കൈത്തോക്കുയർത്തി തമ്പിയുടെ കരത്തിൽ മുറിവേൽപിച്ചു വീഴ്ത്തി. ഇതുകണ്ട് രാമനാമഠവും അനുജൻതമ്പിയും ഷംസുഡീന്റെ നേർക്കടുത്തു. അപ്പോൾ കിഴക്കോട്ടു കിള്ളിയാറു കടന്ന് ഓടിയരുന്ന ചിലർ, വിളികൂട്ടിക്കൊണ്ട് തിരിച്ചുമണ്ടുന്ന ഘോഷം കേൾക്കയാൽ, പിന്നെയും പൂർവ്വസ്ഥിതിയിൽ പരക്കെ പോർ തുടങ്ങി. മുൻവശത്തു മുമ്പിലത്തേതിലും അധികം ആളുകൾ കാണപ്പെട്ടതിനാൽ മാങ്കോയിക്കൽകുറുപ്പ് ഷംസുഡീന്റെ അടുത്തെത്തി ആ സംഗതി ഗ്രഹിപ്പിച്ചു. 'ഞാനും കാണുന്നുണ്ട്. അവിടുന്നു ചിലർ ഇവരെ ഇങ്ങോട്ടോടിക്കുന്നു ' എന്ന് ഷംസുഡീൻ പറഞ്ഞു. അപ്പോൾ 'വെടിയവയ്ക്കരുത്-ഇത്തലയ്ക്കൽ ബന്ധുക്കളുണ്ട് ' എന്നു രണ്ടു ശബ്ദം കേൾക്കയാൽ 'തമ്പുരാനുണ്ട് എന്നു കുറുപ്പ്, 'അച്ഛനും ഉണ്ട് ' എന്നു ഷംസുഡീനും പറഞ്ഞു. മുമ്പിലും പുറകിലും തടുത്തു മുട്ടിക്കപ്പെട്ടപ്പോൾ എട്ടുവീട്ടിൽപിള്ളമാരും പരിവാരങ്ങളും കുടുക്കിലായി.

നേരം വെളുത്തപ്പോൽ യുവരാജാവ് മാതുലന്റെ ശേഷക്രിയകൾ തടസ്സംകൂടാതെ ക്രനപ്രകാരം നടത്തിത്തുടങ്ങിയിരിക്കുന്നു. 'കേരളവർമ്മകോയിത്തമ്പുരാന്റെ രക്ഷയിൽ ആക്കി സുഭദ്രയാൽ പാറുക്കുട്ടിയുടെയും മാതാവിന്റെയും പക്കൽ ഏൽപിക്കപ്പെട്ടിരുന്ന രാജകുമാനെയും മാതാവിനെയും ചെമ്പകശ്ശേരിയിൽനിന്നും തിരിച്ച് എഴു്‌നനള്ളിക്കയും ചെയ്തിരിക്കുന്നു. പടയിൽ തോറ്റ തമ്പിമാരും മറ്റും ബന്ധനത്തിലും കിടക്കുന്നു. ചെമ്പകശ്ശേരി മൂത്തപിള്ള പഠാണി്പപാളയത്തിലേക്കു ചില ഭൃത്യരോടൊന്നിച്ച് പോയിരിക്കുന്നു. ആ ഭവനത്തിൽ മഹോത്സവുമായിരിക്കുന്നു. പാറുക്കുട്ടിക്കു തന്റെ രോഗവും ക്ഷീണവും എല്ലാം സ്വപ്‌നമായിരുന്നു എന്നും, ചെമ്പകശ്ശേരിയിൽ മോഷണം നടന്ന അന്നു കണ്ടതായി തോന്നപ്പെട്ട ഭൂതങ്ങളിൽ ഒന്നാമൻ തമ്പിയെന്നും രണ്ടാമൻ തന്റെ പ്രിയതമനെന്നും വിശ്വാസമായിരിക്കുന്നു. ആശാൻ, കാശിവാസിയെ സംശയിച്ചതിനെയും അയാളെ പലതവണ കണ്ടിട്ടും ആൾ അറിയാത്തതിനെയുംകുറിച്ചു പശ്ചാത്താപപ്പെടുന്നു. കാർത്ത്യായനിഅമ്മ ഊണിനു വട്ടംകൂട്ടിക്കുന്നതിനിടയിൽ പുത്രിയുടെ അടുത്ത് അപ്പഴപ്പോൾ ചെന്നു ഭ്രാന്തുപിടിക്കരുതെന്നും മറ്റും ഗുണദോഷിക്കുന്നു. സുഭദ്രയുടെ നാമത്തെ ഓരോരുത്തർ ഓരോ സംബന്ധിയായി ഉച്ചരിക്കുന്നതേ ആ ഭവനത്തിൽ കേൾപ്പാനുള്ളു. രാത്രിയിലെ പടക്കാര്യത്തെയും രാജകുടുംബത്തിലേക്കു ചെമ്പകശ്ശേരിക്കാരിൽ നിന്ന് ഉണ്ടായ സഹായത്തെയും തമ്പി മുതലായവർ ബന്ധനത്തിലായതിനെയും സുന്ദരയ്യൻ മരിച്ചതിനെയും കുറിച്ച് ആർക്കും ഒരു വിചാരവും ഇല്ല. കാർത്ത്യായനിഅമ്മ സുഭദ്രയെക്കുറിച്ച് 'അദ്ദേഹത്തിന്റെ മകളാണെന്ന് അണ്ണനും എനിക്കും മുമ്പേ തന്നെ അറിയാമായിരുന്നു. അവളോട് ഇതു പറയട്ടോ എന്ന് ഞാൻ ഇന്നലെയും വിചാരിച്ചു. പിന്നെയും തങ്കത്തിന്റെ അച്ഛന്റെ വാക്കിനെ വിചാരിച്ചു പറഞ്ഞില്ല. ചെമ്പകവും തങ്കവും ഇത്ര സ്നേഹം ആയതു കാരണംകൂടാതെ അല്ല ' എന്നു പറയുന്നു. ഇപ്രകാരം ഓരോ അഭിപ്രായങ്ങൾ പറകയും മറ്റും ചെയ്യുന്നതിനിടയിൽ, സുഭദ്രയുടെ ഭൃത്യൻ പപ്പു അറപ്പുരയ്ക്കകത്തേക്കു കടന്നു. അപ്പോൾ പാരുക്കുട്ടി(ധൃതിയിൽ) 'അമ്മാവനും മറ്റും വന്നോ ?' എന്നു ചോദിച്ചു.

പപ്പു:(തനിക്കും ആ സന്തോഷാവസരത്തിൽ അൽപം സ്വാതന്ത്യത്തിന് അവകാശമുണ്ടെന്നുള്ള വിചാരത്തോടുകൂടി)'മറ്റും, ഇപ്പോൾ വരും പിടുപിടുക്കണ്ട. '

കാർത്ത്യായനിഅമ്മ: 'എന്തുകൊണ്ടാണു താമസിക്കുന്നത്?'

പപ്പു: 'താമസിക്കുന്നതോ? അവിടെയുള്ള ഒരു രസംകൊണ്ടുതന്നെ.'

പാറുക്കുട്ടി: 'എന്തു രസമാണ്? അസംബന്ധം പറയാതെ പോ.'

പപ്പു: 'അങ്ങ് യാത്ര പറയുന്ന തഹൃതി. കെഴട്ടുമേത്തനും കൊച്ചുമേത്തന്മാരും എല്ലാ തിരുമുഖത്തങ്ങത്തെ പിടിച്ചു മുത്തിയും കണ്ണീരൊലിപ്പിച്ചും നാറ്റുണാ-ഇങ്ങുവന്നാലും കുളിപ്പിച്ചെടുത്തേ തൊടാൻകൊള്ളൂ.'

കാർത്ത്യയാനിഅമ്മ: 'അധികപ്രസംഗീ !'

പപ്പു:'അല്ലേ, ഞാൻ പറയുന്നതു സത്യമാണ്. മേത്തച്ചികലും പിടിച്ചു മേത്തും ണണ്ടയിലും എല്ലാം തുപ്പുണു. പിന്നെ പ്രസാദംപോലെ തൊട്ടുകണ്ണിൽവയ്ക്കയോ, മുട്ടുകുത്തി അള്ളാവിെന തൊഴുകയോ, എന്തെ്‌ലലാമോ എനിക്കറിഞ്ഞുകൂടാ, ചെയ്യുണാ. കൊച്ചങ്ങത്ത കണ്ണിവച്ചതു പറ്റാത്തതുകൊണ്ട്, വെമ്പലും വേവലാതിയും പെണ്ണുങ്ങൾക്കു കുറച്ചല്ല. കൊച്ചങ്ങുന്നും നാലംവേദ മുറഖളെല്ലാം പഠിച്ചിട്ടൊണ്ടേ, തുമ്മുകയും തുമിക്കയും ഒക്കെ ചെയ്യാൻ കച്ചകെട്ടി പഠിച്ചതുപോലെ മിടുക്കനായിരിക്കുന്നു. ഞാനും തോറ്റുപോകും.'

പാറുക്കുട്ടി : 'മതി മതി; നീ അപ്പുറത്തു പോ. '

പപ്പു: 'സഞ്ചികൾ മാത്രം അഴിച്ചുകളഞ്ഞാൽ, അമ്മമ്മോ ! ആ മേത്തച്ചികൾക്കു ശരി പെണ്ണുങ്ങൾ ഈ തമ്പുരാന്റെ രാച്യത്തും പൂലോകത്തും ഇന്ദ്രന്റങ്ങും അഹേയ്!'

പാറുക്കുട്ടി :'കളിക്കാതെ പോകാൻ പറഞ്ഞാൽ ?-ചെമ്പകം അക്കൻ വരട്ടെ.'

പപ്പു: 'കൊച്ചങ്ങുന്ന് അവരെ കൈയിലേ മുത്തിയുള്ളു. അതുകൊണ്ടു നമുക്കെന്ത്?'

പാറുക്കുട്ടി : 'അമ്മാ, ഇവനോടു പോകാൻ പറയണം. '

കാർത്ത്യയാനിഅമ്മ: (ചിരിച്ചുകൊണ്ട് )'പോടാ, നീ അപ്പുറത്തു പോ. '

പപ്പു: 'ഓഹോ! ഈ ദേഷ്യത്തിന് എൻരെ പൊന്നു പപ്പനാവാ! ആ ചുളേക്കാമേത്തച്ചികൂടി കെട്ടിക്കേറിവരണേ' എന്നു പറഞ്ഞുകൊണ്ടു കെട്ടിൽ നിന്നു പുറത്തേക്ക് ഓടിപ്പോയി.

പപ്പുവിന്റെ അഹമ്മതിക്ക് തക്കതായ ശാസനയ്ക്ക് ഇടയുണ്ടാകു്‌നനതിനു മുമ്പിൽ, പുറത്തു വളരെ ആളുകൾ വന്ന ശബ്ദം കേൾക്കയാൽ കാർത്ത്യായനിഅമ്മ വേഗത്തിൽ എഴുന്നേറ്റു കിഴക്കേ തളത്തിലേക്കു പോകാൻ ഭാവിച്ചു. എന്നാൽ പോകുന്നതിനു മുമ്പിൽ തിരിഞ്ഞു പുത്രിയുടെ മുഖത്തു നോക്കിയതിനാൽ പാറുക്കുട്ടയിുടെ മുഖം വിളറിയും അംഗം രോമാഞ്ചംപൂണ്ടു ക്ഷീണിച്ചും കാണകയാൽ അവിടെത്തന്നെനി്‌നന് 'ഇനി വ്യസനിക്കാനെന്തുള്ളു മകളേ? ധൈര്യത്തോടും ഉത്സാഹത്തോടും ഇരിക്ക്. ഈശ്വരാനുഗ്രഹം കൊണ്ടു നിന്റെ ഇച്ഛപോലെതന്നെ വന്നുകൂടിയല്ലോ ' എന്നു പറഞ്ഞു.

പാറുക്കുട്ടി : (ആനന്ദാശ്രുക്കൾ പ്രവഹിക്കുന്ന നേത്രങ്ങൾ തുടച്ചിട്ട്)'ഞാൻ അറപ്പുരയിലേക്കു പോകുന്നു. അമ്മ പോയി കാണണം. '

കാർത്ത്യായനിഅമ്മ: 'ഞാൻ അങ്ങോട്ടു പറഞ്ഞയയ്ക്കാം. '

പാറു്കകുട്ടി : 'അതു വേണ്ട, ഞാൻ പിന്നീടു കണ്ടുകൊള്ളാം. '

കാർത്ത്യായനിഅമ്മ: 'എന്നാൽ ഞാനും അറപ്പുരയിലേക്കുകൂടിപ്പോരാം.'

പാറുക്കുട്ടി:(ധൃതിയിൽ)'അതു വേണ്ടമ്മാ. അമ്മ മറ്റു വിധം വിചാരിക്കുന്ന കൂട്ടത്തിലാണല്ലോ. '

കാർത്ത്യായനിഅമ്മയ്ക്കു പുത്രിയുടെ താത്പര്യം മനസ്സിലായതുകൊണ്ടു തർക്കങ്ങൾ നിറുത്തി. പൂമുഖത്തിൽ പടിഞ്ഞാറുള്ള തളത്തിലേക്കും പാറുക്കുട്ടി അറപ്പുരയിലേക്കും തിരിച്ചു. തന്റെ ഹൃദയം രഥചക്രവേഗത്തിൽ ചലിക്കയും വീണ്ടും വീണ്ടും ശരീരം പുളകിതമായി തളരുകയും ചെയ്കയാൽ പരവശയായും, ഏറ്റവും അടുത്തിരിക്കുന്ന സന്തോഷലാഭം താങ്ങുന്നതിനു ശക്തയല്ലെന്നു ഭയന്നും പൂർവ്വസ്‌നേഹത്തിന് അൽപെമങ്കിലും വികൽപം സംഭവിച്ചിരിക്കുമോ എന്നു ശങ്കിച്ചും, രണ്ടു കൊല്ലമായിട്ട് താൻ പ്രകടിപ്പിട്ടിട്ടുള്ള ചാപല്യങ്ങൾ ഓർത്ത് നാണിച്ചും, ഇടയ്ക്കിടെ വടക്കേ വാതിലിലോട്ടു നോക്കിയും, മുഖത്ത് സ്ഫുരിക്കുന്ന സ്വേദകണങ്ങൾ തുടച്ചും, താമസം സഹിക്കാതെ നിർദ്ദയനെന്നു മനസ്സാ കോപിച്ചും, ഏകനായിത്തന്നെ വന്നില്ലെങ്കിൽ കഷ്ടമെന്നു വിചാരിച്ചു തന്റെ സന്തോഷസ്ഥിതികൾ കണ്ട് ഹൃദയംഗമമായി അനുമോദിക്കാനുള്ള പിതാവിന്റെ വിയോഗത്തെ നിനച്ചു ക്ലേശിച്ചും, പാറുക്കുട്ടി തന്റെ മഞ്ചത്തെ ചാരി നിൽക്കുന്നതിനിടയിൽ ആരുടെയോ പാദന്യാസം കേട്ടുതുടങ്ങി. പാറുക്കുട്ടിയുടെ നേത്രങ്ങളിൽ ബാഷ്പം നിറഞ്ഞു എങ്കിലും, അപ്പോൾ തന്റെ മുമ്പിൽ പ്രത്യക്ഷനായ പുരുഷമാണിക്യത്തെക്കണ്ട്, അശ്രുക്കൽ തുടച്ച്, ധൈര്യം അവലംബിച്ചു. പാറുക്കുട്ടിയുടെ പ്രാർത്ഥനപോലെത്‌നനെ പഠാണികളുടെ ദ്വിഭാഷി ആയിരുന്ന അനന്തപത്മനാഭൻ ഏകനായി അറപ്പുരയ്ക്കകത്തു കടന്നപ്പോൾ വഴി കാണ്മാൻ പാടില്ലാത്ത വിധത്തിൽ ആ യുവാവിൻെറ നേത്രങ്ങളിലും അശ്രുക്കൾ പെരുകി. രണ്ടു പേരുടെയും ഉള്ളിൽ തങ്ങിയ ശോകപരമാനന്ദങ്ങൾ വർണ്ണിക്ക അശക്യമാണ്. ഈ വിധമുള്ള സന്തോഷങ്ങൾ നിനച്ചിരിക്കാതെ വന്നുകൂടുന്നത് ലോകാനുഭവങ്ങളിൽ സന്തോഷങ്ങൾ നിനച്ചിരിക്കാതെ വന്നുകൂടുന്നത് ലോകാനുഭവങ്ങളിൽ സംഭവ്യമല്ലെന്നു തോന്നുകയാൽ, അപ്പോഴത്തെ അ്‌വസ്ഥ സ്വപ്‌നഭ്രാന്തി ആയിരിക്കുമോ എന്നു രണ്ടുപേർക്കും ശങ്കയുണ്ടായി. രണ്ടുപേരുടെയും കരങ്ങൾ ആലിംഗനസുഖം കൊതിച്ചു എങ്കിലും, സംസർഗ്ഗജന്യമായ ഗൗരവബുദ്ധി നിമിത്തമോ മര്യാദാലംഘനമാകുമെന്നു ശങ്കിച്ചോ ലജ്ജമൂലം അരക്ഷണം മുമ്പിൽ ഉണ്ടായിരുന്ന പ്രബലമായ ഓരോ മനോവികാരങ്ങളെയും അമർത്തി, രണ്ടുപേരും പരസ്പരം പാദങ്ങളെ നോക്കി, ശേഷം രൂപത്തെ മനസ്സാ ധ്യാനിച്ച് ആനന്ദിച്ചുകൊണ്ടുനിന്നുപോയി. എന്നാൽ ഭണനേരംകൊണ്ട് ലജ്ഝയും ഗൗരവവും മര്യാദയും എല്ലാം അസ്തമിച്ചു. മൃദുഗാത്രിയായ ആ യുവതി മോഹാല്‌സയത്താൽ നിലത്തു വീഴാൻ ഭാവിക്കുന്നതുകണ്ട് അനന്തപത്മനാഭൻ വേഗത്തിൽ അടുത്ത് പ്രിയയെ താങ്ങിക്കൊണ്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ 'പാറുക്കുട്ടീ ' എന്നു തനിക്കു കർണ്ണപീയൂഷമായുള്ള സ്വരത്തിൽ ഒരു വിളികേട്ട് ഉണർന്ന സമയം, താൻ തന്റെ പ്രിയതമന്റെ കരങ്ങൾകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന എന്ന്, പുറത്തുവീഴുന്ന ചില ചൂടുള്ള ജലബിന്ദുക്കളുടെ സ്പർശനത്താൽ പാറുക്കുട്ടിക്ക് അറിവുണ്ടായി. തന്നെ അണച്ചിരുന്ന വക്ഷസ്സിന താനും ശീതളമാക്കിയിരിക്കുന്ന എന്ന് അറിഞ്ഞിട്ടും, തന്റെ പരിതാപങ്ങൾ നീങ്ങുമാറ് തന്നെ അനുഗ്രഹിച്ച ഈശ്വരനെ ഭക്തിപൂർവ്വം സ്മരിക്കയും മനഃപൂർവ്വമായി സഹായിച്ച സുഭദ്രയെ സ്‌നേഹപൂർവ്വം അഭിനന്ദിക്കയും, തന്റെ അനുരാഗഭാജനമായുള്ള യുവാവിന്റെ വിയോഗവാസനത്തെക്കുറിച്ച് ആനന്ദിക്കയും ചെയ്തുകൊണ്ട്, അസ്വതന്ത്രയെന്നുള്ള സ്ഥിതിയിൽ അനന്തപത്മനാഭന്റെ മാറോടു ചേർന്നു നിന്നതേയുള്ളു. എന്നാൽ, പിന്നെയും മേൽപ്രകാരമുള്ള മധുരസ്വരം കേൾക്കയാൽ പാറുക്കുട്ടയിുടെ നാവിൽനിന്ന് അതിനുത്തരമായി ഒരു ശബ്ദം പുറപ്പെട്ടു എന്നുവരികിലും, അത് എന്തായിരുന്നു എന്ന് ലേശവും വ്യക്തമായിരുന്നില്ല. ഈ ശബ്ദത്തിന് പ്രതിഫലമായുണ്ടായ ഗാഢാശ്ലേഷച്ചെ ആദരിച്ച്, പ്രിയതമന്റെ മുഖത്തു നിലയില്ലാത്ത അനുരാഗത്തോടുകൂടി ഒനേനു നോക്കീട്ട്, പാറുക്കുട്ടി തന്റെ കരത്താൽ ഒന്നിനാൽ, പ്രേമപൂർവ്വം തന്നെ തഴുകിയിരിക്കുന്ന ഗാത്രത്തെ മന്ദമായി തന്റെ മാറോടണച്ചു പിടിച്ചണച്ചുകൊണ്ട്, മനോരഥപ്രാപ്തിയലുണ്ടായ പരമാനന്ദത്തിൽ ലീനചീത്തയായി നിന്നു. ഈ സ്ഥതിതിയൽ പരസ്പരം അന്തർഗ്ഗതങ്ങളെ അറിയിക്കാന# ശക്തരല്ലാതെ നിൽക്കുന്നതിനിടയിൽ, വടക്കേകെട്ടിൽനിന്ന് ഒരു വരവിന്റെ ശബ്ദം കേൾക്കയാൽ നിഷ്‌കരുണമായുള്ള ആ ക്രിയയുടെ കർത്താവിനോട് മനസ്സാ കോപിച്ചുകൊണ്ട്, രണ്ടുപേരും വേർപെട്ടു നിന്നു. വിരഹാനന്തരം സംഘടിക്കപ്പെട്ട ഹൃദയങ്ങളുടെ സയോഗസുഖത്തെ ലംഘനം ചെയ്വാൻ മുതിർന്ന ആൾ, പുത്രവത്സല്യാതിക്രമത്താൽ ഉഴന്നുകൊണ്ടിരുന്ന തിരുമുഖത്തുപിള്ള ആയിരുന്നു. ഇദ്ദേഹം അറപ്പുരയ്ക്കകത്തു കടന്നപ്പോൾ കാർത്ത്യായനിഅമ്മ മുതലായ ആളുകൾ സംഘംചേർന്ന് വടക്കേകെട്ടിലേക്കുള്ള വാതിൽക്കലും, ശങ്കുആശാൻ വലിയകാരണവരുടെ സ്ഥാനത്തിൽ അറപ്പുരയുടെ വരാന്തയിലും ഹാജരായി. പുത്രനെ കണ്ടുള്ള കൊതി തീർന്നിട്ടില്ലായിരുന്നു എങ്കിലും അറപ്പുരയ്ക്കകത്ത് കടന്നതിന്റെ ശേഷം തന്റെ സ്‌നേഹത്തിനെ ചൊരിഞ്ഞത് പാറുക്കുട്ടിയുടെമേൽ ആയിരുന്നു. തന്റെ പുത്രന്റെ കളത്രമാകാൻപോകുന്ന ബാലികയുടെ മുതുകിൽ സാവധാനമായി തലോടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'തങ്കം, നിനക്കു ദീനമാണെന്നു കേട്ടു ഞാൻ വളരെ വ്യസനിച്ചു. അതിനാലാണ് മുഖ്യമായി ഇങ്ങോട്ടുവരാൻത്‌നനെ നിശ്ചയിച്ചത്. നിന്റെ ദീനസ്ഥിതിയെക്കുറിച്ച് അറിഞ്ഞുവരാൻ അയച്ചിരുന്ന ചുള്ളയിൽ മാർത്താണ്ഡൻ എന്റെ ആജ്ഞകൾക്കു വിപരീതമായി അനേകം ക്രിയകൾ ഇവിടെ നടത്തി. ആകപ്പാടെ അതെല്ലാം ഈ അവസരത്തിൽ മറക്കേണ്ടതായിരിക്കുന്നു. ഇവൻ നിന്നെ നിർദ്ദയനായി കഷ്ടപ്പെടുത്തിയതിനെയും കൊല്ലാതെ കൊന്നതിനെയും നീയും മറക്കണം. ഈശ്വരപ്രസാദത്താലുണ്ടായ ഈ ഭാഗ്യോദയത്തിൽ നിഷ്‌കളങ്കമായ സ്‌നേഹത്തോടുകൂടി ഇവന്റെ വീഴ്ചകളെ നീ പൊറുത്തുകൊള്ളണം. ഒരു സത്യമനുസരിച്ചല്ലാതെ നിന്നെക്കുറിച്ചുള്ള സ്‌നേഹത്തിനു കുറവുണ്ടായതുകൊണ്ടും മറ്റുമല്ല, ഈ കഴിഞ്ഞ അജ്ഞാതവാസം ഇവൻ ആചരിച്ചത്. എന്നാൽ നിന്നെ വിചാരിച്ചെങ്കിലും ഇവൻ ആ സത്യം ചെയ്യാതിരിക്കേണ്ടതായിരുന്നു. ബാല്യം മുതൽക്ക് അവൻ തന്നെ ഉദിപ്പിച്ച് നിന്റെ ഹൃദയത്തിൽ വളർത്തിയ അനുരാഗത്തിന്റെ സ്ഥിതിക്ക്, ഇവന് ആ സ്തയം ചെയ്യുന്നതിന് അവകാശമേ ഇല്ലായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. ഞങ്ങൾക്കു ജീവിതകാലശിഷ്ടം ഇനി കുറച്ചേ ഉള്ളു. ഈ ലോകത്തിലെ സുഖാനുഭവങ്ങളിൽ ഒട്ടൊരു വിരക്തിയും വന്നിട്ടുണ്ട്. നിന്റെ സംഗതിയിൽ ഇങ്ങനെയും ഒരു സമാധാനം ഇവനു വിചാരിക്കാൻ പാടില്ലായിരുന്നു. എത്രകാലത്തെ ദുസ്സഹമായ വ്യസനത്തിനാണ് ഇവൻ വഴിയുണ്ടാക്കാൻ തുടങ്ങിയത്!-'

ശങ്കുആശാൻ: 'അയ്യോ! തഹിക്കുമോ?പക്കേ ചെന്നു ചാടിപ്പെയ്യു എന്നേയുള്ളു. പിള്ള കരയണ കണ്ടില്ലയോ? അങ്ങുന്ന് അതിനെ ഒക്കെ വിട്ടുകളയണം. അവര് എള്ളോളം വത്വാനങ്ങളും മറ്റും പറഞ്ഞോള്ളട്ട്. കൊച്ചുങ്ങളല്ലോയോ? നാരായണ!നാരായണ ! നീ നന്നായിരി. ഇനി ചീവനെടുത്താലും പോട്ട്.'

തിരുമുഖത്തുപിള്ള: 'തങ്കം, ഞാൻ ഇതെല്ലാം പറയുന്നത് നിങ്ങൾ തമ്മിലുള്ള സ്‌നേഹത്തിനു പൂർവ്വസ്ഥിതിയിൽനിന്ന് ഒട്ടും കുറവു വരാതിരിക്കാനാണ്. ഇവന്റെ ഉള്ളിൽ തമ്പിയുടെ ശ്രമത്തെ സംബന്ധിച്ചോ മറ്റോ, നിനക്കു വിപരീതമായി വല്ല സംശയമുണ്ടെങ്കിൽ അതിനെക്കുറിച്ച് അവനു ചോദിക്കാൻപോലും അവകാശമില്ലെന്നാണു ഞാൻ സ്ഥാപിക്കുന്നത്. ഇങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചു നിങ്ങൾ ത്മമിൽ ചോദ്യമുണ്ടാകുന്നതല്ലെന്ന് എനിക്കു വിശ്വസമുണ്ട്. എങ്കിലും, നിങ്ങടെ ക്ഷേമത്തെക്കുറിച്ചുള്ള എന്റെ താത്പര്യത്താൽ, ദമ്പതിമാരോ ദമ്പതിമാർ ആകാൻപോകുന്നവരോ, പ്രേമത്തെ ഭിന്നമാക്കുന്നതായ നിസ്സാരസംയങ്ങൾക്കുവശരാകരുതെന്ന് പറഞ്ഞുപോകുന്നതാണ്.'

പാറുക്കുട്ടി: 'അങ്ങനെ വല്ല സംശയമോ മറ്റോ ഞങ്ങളിൽ ഉണ്ടാകുമെന്നു വിചാരിക്കണ്ട. '

തിരുമുഖത്തുപിള്ള 'എന്റെ ഇഷ്ടമകൾതന്നെ നീ. തങ്കം, നീ ഇവനെ ശരിയാക്കിക്കൊണ്ടുപോകണം. (പുത്രനോട്) അനന്തപത്മനാഭാ, വീട്ടിലേക്കു ഞാൻ ആളയച്ചിട്ടുണ്ട്. നിന്റെ അമ്മയും മറ്റും നാളെ വന്നുചേരും. അതിനാൽ നീ അങ്ങോട്ടു പോകാൻ ഭാവിക്കേണ്ട. തങ്കത്തിന്റെ ദേഹസ്ഥിതി നീ കാണുന്നുണ്ടല്ലോ. ഇതിനു നീയാണു കാരണം. തങ്കം നിന്നിലധികം കഷ്ടപ്പെട്ടിരിക്കുന്നു, അതിനെ നല്ലതിന്മണ്ണം ഓർമ്മിച്ചുകൊള്ളണം. നിന്റെ ബുദ്ധിമോശത്താൽ ഇവളെ ഭയപ്പെടുത്തി മരിക്കുമാറുമാക്കി. നിന്റെ കുട്ടിസ്സീലം നീങ്ങിയിട്ടില്ല. ബുദ്ധിക്ക് ഇനിയും പാകത വരാനുണ്ട്. ആട്ടെ, തങ്കം, ഇവൻ നിനക്കുതന്നെ ഇരിക്കട്ടെ. ഞങ്ങളുടെ അവകാശത്തെ ഒഴിഞ്ഞിതാ തന്നിരിക്കുന്നു.'

ശങ്കുആശാൻ: 'നന്നായ് വരട്ടെ. കുഞ്ഞേ, ചത്ത ആളും തിരിച്ചുവന്നു. കെഴവൻ കേറി ചെറുപ്പമാകുമോ എന്തോ! ആർക്കറിയാം. പഹവാന്റെ മായാവിലാധങ്ങള്! '

പാറുക്കുട്ടിയുടെ കരത്തിൽ പുത്രനെ ഏൽപ്പിച്ചിട്ട് തിരുമുഖത്തുപിള്ള പുറത്തേക്കു പോകാൻ ആരംഭിച്ചപ്പോൾ കാർത്ത്യായനിഅമ്മ മുതലായവർ ആശാനെക്കണ്ട ശിഷ്യരെപ്പോലെ വാതുക്കൽനിന്ന് ഓട്ടം തുടങ്ങി. തിരുമുഖത്തുപിള്ള മുമ്പിലും പുറകേ ആശാനും ആയി തിരിച്ചപ്പോൾ, തന്റെ മാതാവ് മുമ്പിലും സുന്ദരയ്യൻ പുറകിലും ആയി ഉണ്ടായ യാത്ര ഓർത്ത്, പാറുക്കുട്ടി അനന്തപത്മനാഭന്റെ മുഖത്തുനോക്കി ഒന്നു മന്ദഹാസം ചെയ്തു.