മാനത്തെ മാവുതന്നിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

മാനത്തെ മാവുതന്നിൽ ചരിക്കുന്ന മാണിക്യ പൂങ്കുയിലെ - തത്തിന്തകം
ചേലൊത്ത സത്കഥയിൽ പറകനീ പാടും കരിങ്കുയിലെ - തത്തിന്തകം

ആദത്തിൻ സന്തതികൾ വർദ്ധിച്ചതിപാപികളായിത്തീർന്നേ - തത്തിന്തകം
നോഹിൻകുടുംബമന്ന്യെ മുഴുവനും വെള്ളത്തിൽ മുങ്ങിച്ചത്തേ- തത്തിന്തകം

നോഹിനുരക്ഷപ്പെടാൻ പരനുടെ കല്പന പോലെതന്നെ - തത്തിന്തകം
ഭീമമാം കപ്പൽതീർത്തേ അതിനുള്ളിൽ ഏറി കുടുംബമെല്ലാം - തത്തിന്തകം

ജീവജാലങ്ങളോരോന്നിണയിണയായിക്കരേറിയുള്ളിൽ - തത്തിന്തകം
അപ്പോളേ ലോകമെല്ലാം മഹാമഴക്കാറുകൾ കൊണ്ടിരുന്നേ - തത്തിന്തകം

മിന്നൽപ്പിണർകൾ പാഞ്ഞൂ ഭയങ്കരമായി ഇടിമുഴങ്ങി - തത്തിന്തകം
ചണ്ണവാതംതുടങ്ങീ പെരുമഴയുംചൊരിയാൻ തുടങ്ങി - തത്തിന്തകം

ആറുകളും കവിഞ്ഞു പാടങ്ങളിലേറി ജലമുയർന്നു - തത്തിന്തകം
നേരെ പറമ്പിലേറി പുരമുറി തന്നിൽ കയറിവെള്ളം - തത്തിന്തകം

തട്ടിൻപുറത്തുകേറി മരങ്ങളിലൊട്ടുപേരും കയറി - തത്തിന്തകം
നാട്ടിൻപുറങ്ങളിലെ മരങ്ങളും മാമലയും കവിഞ്ഞു - തത്തിന്തകം

നാല്പതുനാളു പെയ്ത മഴതന്റെ ആജ്ഞയാലേ ശമിച്ചൂ - തത്തിന്തകം
വെള്ളവുംതാണു കപ്പൽ അറാറത്തു കുന്നിൻമുകളുറച്ചു - തത്തിന്തകം

നീതിമാനായ നോഹും കുടുംബവും ജീവികളുമിറങ്ങി - തത്തിന്തകം
ഭൂതലംതന്നിൽ വസിച്ചതിൽ സന്തതി നമ്മളെല്ലാം - തത്തിന്തകം

നീലക്കുയിൽ പാടി കളിത്തട്ടിൽ മേളിച്ചു നമ്മളായി - തത്തിന്തകം
നീലക്കിളി മയിലും മുറയ്ക്കങ്ങാടുവാനായൊരുങ്ങി - തത്തിന്തകം

"https://ml.wikisource.org/w/index.php?title=മാനത്തെ_മാവുതന്നിൽ&oldid=203962" എന്ന താളിൽനിന്ന് ശേഖരിച്ചത്