Jump to content

ഭാഷാകർണ്ണാമൃതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാകർണ്ണാമൃതം

രചന:പൂന്താനം നമ്പൂതിരി


1

കർണ്ണാമൃതം വാമപുരാധിവാസിൻ
നിന്നാൽ മതം കിഞ്ചനഭാഷയായ്‌ ഞാൻ
എന്നാൽ വരുംവണ്ണമുദാരകീർത്തേ!
ചൊന്നാലതും പ്രീണനമായ്‌ വരേണം.

2

ആക്കം പൂണ്ടഷ്ടമീരോഹിണിയൊരുമകലർന്നോരുനാളർദ്ധരാത്രൗ
ചൊൽക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യേ മുഹൂർത്തേ
തൃക്കയ്യിൽ ശംഖുചക്രാംബുജഗദകൾ ധരിച്ചോരു ബാലസ്വരൂപം
തക്കത്തിൽ ദേവകിക്കും കണവനുമണയെദ്ദർശിതം കൈതൊഴുന്നേൻ

3

അച്ഛന്റേ ഹസ്തപത്മത്തിനു മധുകരമായ്‌ നിന്നുപോവാൻ മുതിർന്നു
തൽക്കാലേ മുഷകു തേടീടിന കനകകവാടങ്ങൾ താനേ തുറന്നു
ചക്രീശൻ ഛത്രമാർന്നു നിറപുഴയുമുഴറ്റോടു നീർ വാങ്ങി നിന്നു
ചിക്കെന്നമ്പാടിചേർന്നു ജനകനവിടെയക്കന്യയെക്കൊണ്ടുപോന്നു

4

അറ്റം കൂടാതെ കൗതൂഹലപരവശനായ്‌ നന്ദഗോപൻ തദാനീ-
മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകർമ്മം കഴിപ്പാൻ
ചുറ്റിക്ഖണ്ഡിച്ച പൊക്കിൾക്കൊടി തിരുവുദരത്താണ്ടു ഭംഗ്യാ കിടന്നോ-
രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാർപോൽ

5

ദുഷ്ടയ്ക്കപ്പൂതനയ്ക്കുംചുഴൽവലിയ കൊടുങ്കാറ്റിനുംചാട്ടിനും നീ
കറ്റക്കാവായ്‌ക്കിടക്കുംപൊഴുതു ഗതിവരുത്തേടിനാനശ്രമേണ
തുഷ്ട്യാ പോയ്ച്ചെന്നു ഗർഗ്ഗൻതിരുവടി തിരുനാമങ്ങളിട്ടോരുശേഷം
പുഷ്ട്യാ മേവീടുമമ്പാടിയിലനുദിവസം ജ്യേഷ്ഠനോടേ വളർന്നാൻ

6

ഏന്തുന്ന കാരണജലത്തിലൊരുണ്ണിയായ്‌പ്പോയ്‌
നീന്തീടുവാൻ കഴിവരാതവനന്നുപോലും
നന്ദന്റെകെട്ടു നടുമുറ്റമിവറ്റിലെല്ലാം
നീന്തിത്തുടങ്ങിയ കിടാവിനു കൈതൊഴുന്നേൻ

7

അച്ഛൻചെന്നച്യുതന്റേ തിരുമുഖകമലം കണ്ടുകൊണ്ടാടുമപ്പോ-
ളച്ഛന്റേ ഹസ്തപദ്മത്തിലൊരതിശയസമ്മാനമിച്ഛാനുകൂലം
കച്ചേലുംവാണി വിശ്വേശ്വരജനനി മുദാകൈവളർത്താളെശോദാ
വിശ്വാസത്തോടു നല്‌കീ വരമതിലുമൊരമ്മാനമമ്മയ്ക്കുമയ്യാ!

8

ചാഞ്ചേറീടുന്ന പിച്ചക്കളി കവിണുകിടന്നോമനക്കയ്യുയർത്തീ-
ട്ടഞ്ചും വെവ്വേറെ തൃക്കൈവിരലുകൾ മലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ
കുഞ്ഞിപ്പൂമൈ മറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും
കുഞ്ഞിക്കൈ രണ്ടുമായ്‌ക്കാട്ടിന ഭുവനപതേ നിന്നെ ഞാൻ കൈതൊഴുന്നേൻ

9

മൈക്കണ്ണിമാർ പലരുമുണ്ണിയിനിക്കിനിക്കെ-
ന്നുല്‌ക്കണ്ഠയാ കളികൾ കാട്ടി വിളിക്കുമപ്പോൾ
ഒക്കത്തിരുന്നു മറിയുന്ന ദയാംബുരാശേ
തൃക്കാൽ തൊഴാനരുളു നീ കരുണാകടാക്ഷം.

10

മാനത്തമ്മാമനെക്കണ്ടമൃതു പൊഴിയുമക്കണ്ണനുണ്ണിക്കു ചിത്തേ
മാനത്തെക്കൈവളർപ്പാനമൃതകിരണനും മെല്ലെ മേലിന്നിറങ്ങി
മാനിച്ചമ്മയ്ക്കു കാട്ടി പ്രമദപരവശാൽ രണ്ടു കൈകൊണ്ടു മന്ദം
മാനത്തേക്കങ്ങയച്ചീടിനതൊഴിലൊരുനാളാസ്ഥയാ കാണ്മനേൂ ഞാൻ


11

കുഞ്ഞിക്കാലും കരത്താർ കുളുർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും
കിഞ്ചിൽ പോന്നങ്കുരിക്കും ദശനമുകുളവും കൃഷ്ണ! ചെഞ്ചോരിവായും
പഞ്ചത്വം വന്നടുക്കുമ്പൊഴുതു മതിമറന്നങ്ങുവീണീടുമപ്പോ-
ളെഞ്ചിത്തേ പോന്നുദിച്ചീടുക തവ തിരുമെയ്ക്കുള്ള കോപ്പും മുരാരേ!

12

മഞ്ചാടിക്കുരു കുന്നിമാലകൾ മുരുക്കിൻ പൂക്കളിത്യാദിയും
ചെഞ്ചോരിക്കു വിരോധിയാമധരവും തൃക്കൈകൾ തൃക്കാൽകളും
ചാഞ്ചാടിക്കളിയും ചമൻഞ്ഞ വടിവും പൂഞ്ചായലിൽ പൂഴിയും
ചെഞ്ചോടെ തിരുമേനി രണ്ടുമണയത്തമ്മാറു കണ്ടാവു ഞാൻ


13

നാളികേരലോചനനുറക്കുവരാഞ്ഞെശോദാ
നാരായണന്റെ ചരിതം കഥ ചൊല്ലുമപ്പോൾ
സീതാം ഹരിച്ചു ദശകന്ധരനെന്നു കേട്ടി-
ട്ടാലോകനാഥ്‌ 'നയി ലക്ഷ്ംണ'യെന്നുരച്ചു

14

പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽപ്പല്ലവം മെല്ലെമെല്ലേ
വെച്ചീടുമ്പോൾ വിറച്ചീടിന മധുരിമയും പിച്ചയും വിശ്വമൂർത്തേ!
മച്ചിത്തേ പോന്നുദിച്ചീടണമതിനു വിശേഷിച്ചു വിജ്ഞാപയേഹം
സച്ചിൽക്കല്ലോലമേ! നീ കൃപ തരിക സദാ കൃഷ്ണ! കാരുണ്യസിന്ധോ!

15

ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി-
ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടുവീണും നടന്നും
ഉണ്ണികൃഷ്ണൻ വരുമ്പോൾ തിരുവയർ നിറയെപ്പാലുമുണ്ടാ പ്രസാദം
കണ്ണിൽ കാണായ്‌ വരേണം രഹസി മമ കിനാവെങ്കിലും പങ്കജാക്ഷാ!

16

ഉണ്ണിക്കാൽകൊണ്ടു നൃത്തങ്ങളുമരനിറയെക്കിങ്ങിണിപ്പൊന്നരഞ്ഞാ-
ണുണ്ണിക്കൈകൊണ്ടു താളങ്ങളുമണിമുടിയിൽ പിഞ്ചവും കൊഞ്ചല്വായ്പും
ഉണ്ണിക്കണ്ണന്റെ പൂമൈ കുഴല്വിളിയുമടുത്തുള്ള ചിൽപ്പിള്ളരും മേ
കണ്ണിൽക്കാണുന്നപോലെ മനതളിരിലുദിക്കേണമോർക്കുമ്പൊഴെല്ലാം.

17

ഏലസ്സു പൊന്മണി ചിലമ്പുകൾ പൊന്നരഞ്ഞാൺ
മേളിച്ച കൈവളകൾ മോതിരവും ഗളാന്തേ
മൗലിയ്കണിഞ്ഞ മലർമാലകൾ പീലിയും തേ
ബാലത്വവും വദനപങ്കജവും തൊഴുന്നേൻ

18

ഒന്നിച്ചിരിക്കിമ്പൊഴടുത്തു കണ്ണൻ
പിന്നൂടെ കേശങ്ങളഴിച്ചുകൊണ്ടാൻ
വന്നിട്ടു മുറ്റത്തിറവെള്ളമേറ്റാ-
നമ്മയ്ക്കുമച്ഛന്നുമൊരാവതില്ലേ!

19

മായത്തിനാൽ മാനുഷനായനാഥൻ
മോഹത്തിനാൽ വെണ്ണ ലഭിപ്പതിന്നായ്‌
മാനിച്ചു മാതാവൊടു ചേർന്നു നന്നായ്‌
മാറത്തു തൈർത്തുള്ളിയുമേറ്റിരുന്നാൻ

20

ബാലത്വേന കളിച്ച നാളനുജനോടൊന്നിച്ചുകാണുന്നവർ-
ക്കാലസ്യംവരുമക്ഷികൾക്കു തിരുമെയ്‌ രണ്ടും ജഗന്മോഹനം
നീലക്കല്ലുതമാലമഞ്ജനകളായാഭം ഹരേ! ശ്യാമളം
ബാലത്തിങ്കളുദിച്ചപോലെ ഭവതോപ്യാനന്ദനീലാംബരം


21

ഓടക്കുഴൽക്കു പുതുവെണ്ണലഭിപ്പതിന്നാ-
യാടിക്കുഴഞ്ഞു കുഴലൂതിന വാസുദേവൻ
കാനക്കുറിഞ്ഞിയെ വിളിച്ചതു കേട്ട നേരം
പൂനക്കുറിഞ്ഞികളടുത്തിഹ ചെന്നിതാവൂ

22

കണ്ണൻ കളിച്ചേട്ടനുമായൊരുന്നാൾ
സ്വർണ്ണാദികൾക്കല്ല മഹത്വമയ്യോ
കണ്ണഞ്ചിരട്ടക്കു പടുത്വമേറും
കുന്നിക്കുരുക്കൾക്കുമിതെന്നു തീർന്നു

23

ദ്വേഷിച്ചോർക്കാത്ത സൗഖ്യം പലവഴിയിൽ വരുത്തുന്ന ലീലാവിലാസം
ഘോഷിച്ചോരോന്നുകേൾക്കാമതിലുമതിശയം പിന്നെയും തോന്നുമസ്മിൻ
ഊഴിക്കീരേഴിനും നായകനൊരു പശുപപ്പിള്ളരും താനുമായി-
പ്പൂഴിച്ചോറാടുമക്കോപ്പൊരുപൊഴുതിഹകണ്ടാവു വൈകുണ്ഠവാസിൻ!

24

അമ്പാടിക്കൊരു ഭൂഷണം രിപുസമൂഹത്തിന്നഹോ ഭീഷണം
പൈമ്പാൽ വെണ്ണതയിർക്കു മോഷണമതിക്ക്രൂരാത്മനാം പേഷണം
വൻപാപത്തിനു ശോഷണം വനിതമാർക്കാനന്ദസംപോഷണം
നിൻപാദം മതി ഭൂഷണം ഹരതുമേ മഞ്ജീരസംഘോഷണം

25

വെണ്മുത്തിനും മരതകത്തിനുമാർത്തി നൽകും
പൊൻമേനി രണ്ടുമൊരുമിച്ചു ചമഞ്ഞു നന്നായ്‌
നിർമായമേവ ഹൃദയത്തിലുദിപ്പതിന്നും
ജന്മാന്തരേ സുകൃതമുള്ളൊരു ജീവനോവാൻ!

26

വെണ്ണയ്ക്കിരന്നു വഴിയേ മണിയും കിലുക്കി-
ക്കുഞ്ഞിക്കരങ്ങളുമുയർത്തി നടന്ന നേരം
കണ്ണിൽ തെളിഞ്ഞ പുതുവെണ്ണ ലഭിച്ചു നില്‌പോ-
രുണ്ണിക്കിടാവു ചിരിപൂണ്ടതു കണ്ടിതാവൂ

27

എന്നോമലിങ്ങുവരികെന്നുയശോദ മെല്ലെ-
ചൊന്നാൾ മകന്നു പുതുവെണ്ണ കൊടുപ്പതിന്നായ്‌
അന്നേരമാർത്തിയൊടെയോടി വിയർത്തുവീണ
കണ്ണന്റെ കാതരത കാണ്മതു കൗതുകം മേ

28

കണ്ണാടിയിൽ കണ്ടു കളായ രമ്യം
കണ്ണിൽ തെളിഞ്ഞോരു മുഖാരവിന്ദം
ചങ്ങാതിയെന്നിട്ടു ചിരിച്ചു കണ്ണൻ
കണ്ണാടി പൂണുന്നിതു കണ്ടിടാവൂ

29

ഏലസ്സും മണിയും ചിലമ്പു തളയും കോലഹലത്തോടെയ-
മ്മേളത്തിൽ കളിയും ചിരിച്ച്‌ മുഖവും ത്രുക്കൈകളിൽ താളവും
കാലിക്കാൽപൊടിയും കളായനിറവും കാരുണ്യവായ്പും തഥാ
ബാലക്രിഷ്ണനടുത്തുവന്നൊരു ദിനം കണ്ടാവു കൺകൊണ്ടു ഞാൻ

30

മന്നിൽ പിറന്നു സുഖമേ മധുസൂദനൻ താ-
നുണ്ണിക്കിടാവു വടിവായ്‌വളരുന്ന കാലം
വെണ്ണയ്ക്കു വന്നു പിശകും പുനരെന്നതല്ലി-
പ്പെണ്ണുങ്ങൾ വേറെയൊരിടം കരുതീടിനാർ പോൽ

31

പറ്റിത്തുടങ്ങിയ കിടാങ്ങളെ വേർപെടുത്തു
ചുറ്റും നിറഞ്ഞു ചില കറ്റുകിടാങ്ങളപ്പോൾ
ചിറ്റാടയും കുഴലുമായ്‌ നടുവിൽക്കളിക്കും
കറ്റക്കിടാവു കണികാട്ടുക കൗതുകം മേ

32

ഉണ്ണിക്കാവുണ്ണണം പോരികകളികളിനിപ്പോരുമെന്നമ്മചെന്നി-
ട്ടുണ്ണിക്കാവോടു ചൊന്നാളൊരു പൊഴു,തതിലും പ്രീതിയപ്പോൾ കളിപ്പാൻ
എന്നോമൽക്കാശയാമ്പോൾ വരികമകനെയെന്നമ്മപോകുന്നനേരം
പിന്നാലേ ചെന്നടുത്തിട്ടയി ജനനി! വിശക്കുന്നിതെന്നാൻ മുകുന്ദൻ

33

മാണിക്കക്കണ്ണുകൊണ്ടന്മടിയിലൊരുദിനം വന്നു മന്ദം ചുഴറ്റി
പ്രീണിപ്പിപ്പാനുപാസേ സുചിരമുരസി നീ തന്നെയിന്നോരുപായം
കാണുന്നേ നല്ലപൂമൈ കനകമണികളും കാൺചിയും കാന്തിപൂരം
പൂണുന്നോരോമനച്ചേവടിയുമയി വിഭോ! ദേഹി ദേഹി പ്രസാദം

34

തേവാരിപ്പാനിരിപ്പാൻ തുനിയുമളവി'ലത്തേവർ ഞാ'നെന്നു ചൊല്ലി-
പ്പൂവെല്ലാം ചൂടുമപ്പോ'ളരുതയി മകനേ! യെന്തി'തെന്നാളെശോദാ
ഭൂഭാരം തീർപ്പതിന്നായ്‌ മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോർത്തീടിന സുകൃതിനിമാർക്കമ്മമാർക്കേ തൊഴുന്നേൻ!

35

നാരായണായെന്നു ജപിക്ക കാവെ-
ന്നാരോമലായിപ്പറയും യശോദാ
നാണംകുണുങ്ങീട്ടു ചിരിക്കുമപ്പോൾ
നാരായണൻ താനിതി വാസുദേവൻ

36

എന്തിക്കേൾക്കുന്നതെമ്പോറ്റിയൊടതു വെറുതേ കേൾപ്പനെൻ കൗതുകത്താ-
ലേന്തും പാൽ വെണ്ണ നോക്കിപ്പലപലകകളും വെച്ചു കുന്തിച്ചിരുന്നാൾ
വെൺതിങ്കൾക്കോമനത്വം കളയുമണിമുഖം തൃഷ്ണയോടങ്ങുയർത്തി-
ചെന്തൊണ്ടിക്കദ്ഭുതംതേടിനൊരധരപുടം കൊണ്ടുമോന്തീടിനാൻ പോൽ

37

ബാലത്വം പൂണ്ടുമേവുന്നളവൊരു ദിനമങ്ങന്യഗോപാലരോടേ
മോഹത്താൽ വെണ്മുരിക്കിൻ കുസുമമതിനു തൻ മോതിരം വിറ്റുപോൽ നീ
സ്നേഹത്തിൻ ഭംഗഭീത്യാ ബതരമയുമതിന്നപ്രിയം ഭാവിയാതേ
സേവിച്ചാളെന്ന ലോകോത്തരമധുരിമ ഞാൻ കണ്ടിതാവൂ കൃപാബ്ധേ

38

തമ്മിൽക്കളിച്ചു കലഹിച്ചു നിലത്തുവീണാർ
ചെമ്മേ ചുവട്ടിൽ വശമായ്‌ ബലഭദ്രനപ്പോൾ
തന്മേൽക്കിടന്നു സുഖമേ മധുസൂദനൻ താ-
നമ്മയ്ക്കനന്തശയനം വെളിവാക്കിനാൻ പോൽ!

39

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാർമാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മൈകുറിക്കൊണ്ടു ഞാൻ
പോകുന്നേൻ ഭഗവൻ, ജനാർദ്ദന ഭവൽ കാരുണ്യപാഥേയവാൻ

40

അമ്മേ ഞാൻ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കിൽ
ചെമ്മേ കാൺകെന്നു ചൊല്ലി, ച്ചെറിയ പവിഴ വായ്‌ കാട്ടിയമ്മക്കൊരുന്നാൾ
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമൂപ്പോ-
ളമ്മേ! അമ്മിഞ്ഞനൽ കെന്നൊരു നിപുണത ഞാൻ കണ്ടിടാവൂ മുകുന്ദ!

41

ഊങ്കാ വില്‌പതിനായൊരുത്തി തെരുവിൽ പോന്നങ്ങുവന്നീടിനാ-
ളേകാന്തേ ഭഗവാനവൾക്കു കുതുകാൽ നെൽകോരി നല്‌കീടിനാൻ
മാഴ്കാതേ കനകം നിറഞ്ഞു സുഖമേ പാത്രത്തിലപ്പോളവൾ-
ക്കാകാശേ മരുവുന്ന ദിവ്യജനവും കണ്ടീടിനാരദ്ഭുതം

42

ചൊല്ലൂ രാപ്പകൽ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താൻ
ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോർക്കും കിടാങ്ങൾക്കഹോ
എല്ലാർക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ്‌ ചൊല്ലിനാ-
രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ!

43

അമ്മയ്ക്കപ്പാൽ തികക്കുന്നതിലവശതപൂണ്ടെന്നെ നീക്കീ മുലക്കെ-
ന്നമ്മയ്ക്കും പ്രീതിയാകെന്നരിശമൊടു തയിർപ്പാത്രമെല്ലാം തകർത്താൻ;
നിർമ്മര്യാദത്തിനൊന്നെറ്റണമതിനുമുതിർന്നമ്മ നോക്കീടുമപ്പോ-
ളമ്മായപ്പൈതലെത്താനുരൽമുകളിൽ മുദാ കണ്ടതും കൈതൊഴുന്നേൻ!

44

ശ്രീമേവീടുന്ന പൂമൈയുരലൊടു കയർ കൊണ്ടമ്മ ബന്ധിച്ച നേരം
നാമം മറ്റൊന്നു ദാമോദര! ജയ നിതരാമെന്നു വിണ്ണോർ പുകഴ്‌ന്നാർ
പ്രേമാവേശേന മന്ദം മരുതുകളിടയിൽപ്പാഞ്ഞു മംഗല്യമേകി
ശ്രീമാന്മാർക്കംബുജാക്ഷൻ ധനപതിതനയന്മാർക്കതും കൈതൊഴുന്നേൻ

45

നാശം പാശം നമുക്കെന്നവിടമവർ ബൃഹൽകാനനം കൈവെടിഞ്ഞി-
ട്ടാശാന്തേ ചെന്നു വൃന്ദാവനമതിൽ മരുവീടേണമെന്നാരൊരുന്നാൾ
കൂശാതേ കാനനാന്തേ ശകടനിരകളോടിത്തുടങ്ങീ തദാനീം
കൈശോരംപൂണ്ടു ധാത്രീമടികളിൽ മരുവും രാമകൃഷ്ണൗ തൊഴുന്നേൻ

46

വൃന്ദാവനംപോലെ മരുപ്രദേശം
കുന്നായ ഗോവർദ്ധനവും വിശേഷാൽ
വൃന്ദാവനംകണ്ടു തെളിഞ്ഞുപോറ്റീ
സന്താപമെന്നുള്ളതു നീക്കു നീ മേ

47

പശുക്കിടാവായൊരു പാപി വന്നു
ശിശുക്കൾ കൂട്ടത്തിലടുത്ത നേരം
വശത്തു വെച്ചങ്ങു വധിച്ചു കണ്ണൻ
നശിക്കുമല്ലായ്കിലീ വിശ്വമെല്ലാം

48

കാളിന്ദീതീരമാർഗ്ഗേ വനഭൂവി പശുപന്മാരുമൊന്നിച്ചു മെല്ലേ
ഗോവൃന്ദം മേച്ചു മേവീടിന ഭുവനപതേ കൃഷ്ണ കാരുണ്യസിന്ധോ!
ആകുന്നേനല്ല തൃക്കാലടിയൊടണവതന്നാശു ഞാനെന്തു ചെയ്‌വൂ
മോഹം നീങ്ങും പ്രകാശം വഴി തരിക വിഭോ! വാമഗേഹാധിവാസിൻ

49

ആക്കം കലർന്ന തിരുമേനി വിഴുങ്ങുവാനായ്‌
കൊക്കും പിളർന്നു വലിയോരു ബകം വരുമ്പോൾ
ചിക്കെന്നവന്നു ഗതി നല്‌കി വിനോദമോടേ
ശക്രന്നു മോദമരുളീടിന തേ നമസ്തേ

50

പീലിക്കാർമുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയർക്കുന്നതും
ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും
നീലക്കാർമുകിൽ വർണവും തിരുവുടൽക്കുള്ളോരു സൗരഭ്യവും
ബാലക്കാമിനിമാർ മയങ്ങിയതുമെൻ കൺകൊണ്ടു കണ്ടാവു ഞാൻ

51

കണ്ണൻകൂടാതെ വണ്ണം പെരുകിനൊരു പെരുംപാമ്പിനുള്ളിൽ കടന്നാ-
രെണ്ണംകൂടാതെ ഗോപാലരുമതിനിടയിൽ ഗോക്കളും ചേർന്നൊരുന്നാൾ,
അന്നേരം താനുമുൾപ്പുക്കവനു ഗതികൊടുത്താശു മൂർച്ഛിച്ചവർക്കും
ദണ്ഡംകൂടാതെ പോന്നാനതുപൊഴുതസുരൻ ചെന്നു സായുജ്യമാർന്നാൻ

52

തൃക്കയ്യിൽ കബളാന്നവും വിരൽകളിൽ സാരോപദംശങ്ങളും
പോത്തുംകൊമ്പുമുദാരപത്രവുമിടംകക്ഷേവഹൻ കൗതുകാൽ
വസ്ത്രാന്തേ മടിയിൽദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വർഗ്ഗത്തുള്ളവർ നോക്കിനിൽക്കെ യജനാദ്ധ്യക്ഷൻ ഭുജിച്ചീടിനാൻ

53

ഉണ്ണിക്കരങ്ങളിലുരുട്ടിയ ചോറുമായി-
ട്ടുണ്ണിക്കിടാങ്ങളൊരുപോലെ ചമഞ്ഞസംഖ്യം
ഒന്നിച്ചിരുന്നുരുളയുണ്മതു കണ്ടുമുണ്ടും
വെണ്ണക്കിരന്നവനതിൻ നടുവേ നിരന്നു.

54

വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ്‌ മേച്ച കാലം
വത്സസ്തേയം വിധാതാ വിവശതയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ
വത്സസ്തോമത്തെ നോക്കുമ്പൊഴുതു മകുടവും ഹാരപീതാംബരശ്രീ-
വത്സത്തോടേ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്ണു സ്വരൂപം

55

കഴുതദ്ദേഹമെടുത്ത ധേനുകൻതാൻ
പഴുതിൽച്ചെന്നു പിടിച്ചു രാമനോടായ്‌
കഴലിൽത്തന്നെപിടിച്ചു നിഗ്രഹിച്ചി-
ട്ടഴകിൽ താലഫലങ്ങളാസ്വദിച്ചാൻ

56

തണ്ണീർ മുക്കിക്കുടിക്കുമ്പൊഴുതു കൊടുവിഷം തട്ടിമോഹിച്ചുവീണോ-
രുണ്ണിഗ്ഗോപാലരെക്കണ്ടൊരുദിനമുടനേചെന്നു കാരുണ്യവേഗാൽ
ഉണ്ണിക്കാൽകൊണ്ടുവണ്ണമ്പെരിയ ഫണിവരന്തന്നെ മർദ്ദിച്ചു പിന്നേ
ദണ്ഡം കൂടാതയച്ചീടിന പരമവിഭോ നിന്നേ ഞാൻ കൈതൊഴുന്നേൻ

57

കാളിന്ദീതീരദേശേ നിശി വനദഹനൻ വന്നു ചുറ്റും ചുഴന്ന-
ക്കാളുന്നോരാധിയോടെ പശുപകുലമുണർന്നോടിയങ്ങോട്ടുഴന്നു
ചീളെന്നക്കാട്ടുതീയെത്തിരുമുഖകമലംകൊണ്ടു കണ്ണൻ നുകർന്നു
നാളൊന്നീവണ്ണമോരോ കളികൾ പലതുമക്കാനനന്തേ തുടർന്നു!

58

പ്രലംബനെന്നുള്ളസുരേന്ദ്രനോർത്താ-
ലലംബുസന്താനുമസാരരത്രേ
ചരാചരങ്ങൾക്കു സുഖം വരുത്താൻ
കലായുധൻ കൊന്നരുളീ വിനോദാൽ

59

ദൂരെപ്പോയങ്ങു മുഞ്ജാടവിയിലൊരുദിനം ഗോക്കൾ ഗോപാലരെല്ലാം
പാരിക്കും കാട്ടുതിയ്യിൻ നടുവിലുടനകപ്പെട്ടു മുട്ടുന്ന നേരം
നേരേപോയ്ച്ചെന്നുപാർക്കും കരുണയൊടവരേക്കണ്ണുചിമ്മിച്ചു ചുറ്റും
പൂരിച്ചോരഗ്നിയെച്ചേർത്തതു തിരുവദനംകൊണ്ടതും കൈതൊഴുന്നേൻ

60

വേനൽക്കാലം കുളിർക്കാലവുമിടിതകരപ്പേമഴക്കാലവും പോയ്‌
മാനിച്ചൂഹന്ത വൃന്ദാവനമതിലതിവിലാസങ്ങൾ കൊണ്ടംബുജാക്ഷൻ
വാനിക്കാർക്കദ്ഭുതംനീയൊരുപൊഴുതുമഭേദേന നൽകുന്നതെല്ലാം
ധ്യാനിക്കുന്നേരമൊട്ടൊട്ടനുഭവമറിവെന്നാകിലും വന്നിതാവൂ.

61

പീലിക്കണ്ണുമണിഞ്ഞു പിള്ളർനടുവേ കണ്ണൻ കളിക്കുന്നതും
ശീലക്കേടുകൾ മേല്‌ക്കുമേലനുദിനം വെവ്വേറെ കാട്ടുന്നതും
ബാലക്കാമിനിമാർ വിഴുത്ത തുകിൽവാരിക്കൊണ്ടൊളിക്കുന്നതും
ചാലെക്കണ്മിഴികൊണ്ടു കാണ്മതിനു ഞാനെന്നേ കൊതിക്കുന്നുവാൻ

62

ചൊല്ലേറും ബ്രാഹ്മണസ്ത്രീജനമവർ വശമാക്കീടുമന്നം ഭുജിപ്പാൻ
നല്ലോരൗത്സുക്യമുൾക്കൊണ്ടൊരു ദിവസമെഴുന്നെള്ളി ദൂരം വനാന്തേ
മെല്ലെഗ്ഗോപാലരും ഗോക്കളുമതിനിട ചേർന്നേട്ടനും താനുമായ്‌ ചേ-
ർന്നുല്ലാസം പൂണ്ടു മേവീടിന തിരുവുടൽ കണ്ടാവു കൺകൊണ്ടൊരുന്നാൾ

63

കൊഞ്ചിക്കൺകൊണ്ടു കുഞ്ചിപ്പശുപരൊടുകളിച്ചും മുദാവല്ലവീനാം
വഞ്ചിച്ചും ചിത്തപദ്മം മധുരമുരളി കൊണ്ടാകെ വിശ്വം ജയിച്ചും
കുഞ്ചിക്കൈകൊണ്ടു കുന്നിൻകുട തിരുമുടിയിൽ ചൂടി നിന്നോരു നിന്മൈ-
നെഞ്ചിൽ തോന്നേണമാപൽഗണമനവധിയായ്‌വന്നു വീഴുമ്പൊഴെല്ലാം

64

വർണ്ണിക്കാവല്ല വിഷ്ണോ! തവ ഗുണഗണമോരോന്നു ശേഷന്നു പോലും
കണ്ണിൽക്കാണുന്നവർക്കെന്തിതു വിഷയധിയാമെങ്കിലും പ്രാർത്ഥയേ ഞാൻ
വിണ്ണിൽക്കൂടും ജനങ്ങൾക്കധിപനവശനായ്‌ വന്നു കൈകൂപ്പി വീണോ-
രുണ്ണിതൃക്കാലൊരിക്കൽ മനസി മമ ധരിക്കായ്‌വരേണം കൃപാബ്ധേ

65

നന്ദൻ ചെന്നങ്ങു മുങ്ങീടിനവഴിവരുണൻ തന്റെ ലോകത്തു ചെന്നാ-
നന്നേരം നന്ദജൻതാൻവരുണപുരിയിലുൾപ്പുക്കുകൊണ്ടിങ്ങു പോന്നാൻ
ബന്ധുക്കൾക്കൊക്കെയും താനനുഭവമരുളീ ബിന്ദുനാ നാദമപ്പോ-
ളെന്താമവ്വണ്ണമെന്നാകിലുമതിനുമഹം പാത്രമല്ലേ മുകുന്ദാ!

66

ഇന്ദിന്ദിരങ്ങൾ മുരളുന്നതുമിന്ദിരേശൻ
മന്ദംതുടങ്ങിയ കുഴൽധ്വനിയും വനാന്തേ
ഒന്നിച്ചുചേർന്നു തരുണാക്ഷികളോടുചൊന്നാൻ
വൃന്ദാവനത്തിൽ വരുവാനവർ ദൂതരാവാൻ

67

തൂവെണ്ണിലാവു വിരവിൽ തെളിയുന്ന നേരം
പൂവിന്നുളാം പരിമളം ചൊരിയുന്ന നേരം
കാർവർണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീൾക്കണ്ണിമാരുഴറിവന്നതു കാണ്മനോ ഞാൻ

68

അംഗഭംഗികണ്ടുകണ്ടാനംഗമാൽ പിണഞ്ഞുമേവു-
മംഗനാജനത്തൊടേ മനംകലർന്ന മാധവൻ
രംഗനാഥനെന്നു പേർ പുകഴ്‌ന്ന നാഥനിന്നെനിക്കു
സംഗനാശമെന്നുചൊന്ന മംഗലം തരേണമേ

69

ചെന്താമരപ്പൂമലർമാല മൗലൗ
ചെന്താമരക്കണ്ണനണിഞ്ഞു നന്നായ്‌
വൃന്ദാവനത്തിൽക്കുഴലൂതുമാക്കോ-
പ്പെന്നാകിലും ചേതസി കണ്ടിതാവൂ

70

വൃന്ദാവനത്തിലെഴുനെള്ളി വിലാസമോടേ
മന്ദാരമാല കുഴൽ പീലികൾ പൂണ്ടു നന്നായ്‌
പെണ്ണുങ്ങളോടുമിടചേർന്നു നിലാവുതോറും
കണ്ണൻ കളിച്ചകളിയമ്പൊടു കാണ്മനോ ഞാൻ

71

ഗോപസ്ത്രീകൾ മറഞ്ഞുപോയ തിരുമെയ്‌ കണ്ടിട്ടു കൗതൂഹലാൽ
മാറത്തും മുലമേലുമാസ്യകമലം തന്മേലുമാശ്ലേഷിതം
ശ്രീമൽച്ചേവടി മൂവ്വടിക്കു ഭുവനം വെന്നീടുമോജസ്സൊടെ
ചേതസ്സിങ്കലുതിപ്പതിന്നു സുകൃതം പോരാഞ്ഞിരന്നീടിനേൻ!

72

വട്ടപ്പോർക്കൊങ്കമൊട്ടും തടവി മുരഹരൻ മെല്ലെ വട്ടക്കളിക്കായ്‌
മട്ടോലുംവാണിമാർതന്നിടയിൽ മരതകം പോലെചേർന്നൂ വിളങ്ങി
വാട്ടം തട്ടാതെ താളംതരിവളകടകം നൂപുരത്തോടിണങ്ങീ
പുഷ്ടാനന്ദേനനില്‌ക്കും മുഴുമതിയതിലാമ്മാറു ഗീതങ്ങൾ പൊങ്ങീ

73

പീലിക്കാർമുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയർക്കുന്നതും
ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും
നീലക്കാർമുകിൽ വർണവും തിരുവുടൽക്കുള്ളോരു സൗരഭ്യവും
ബാലക്കാമിനിമാർ മയങ്ങിയതുമെൻ കൺകൊണ്ടു കണ്ടാവു ഞാൻ

74

ഏകാന്തേ ദേവയാത്രാവിധിയിലധികമാമംബികാകാനനത്തിൽ
പൂകുന്നോർ യാദവന്മാരതിലൊരഹിവരൻ നന്ദനെച്ചെന്നു തിന്നാൻ
വേഗം തൃക്കാലുകൊണ്ടേ ഗതിയരുളിയവൻ പണ്ടു വിദ്യാധരൻപോൽ
ശോകം നീക്കീടവണ്ണം മനസിമധുരിപോ! മംഗളം ദേഹി മഹ്യം

75

അംഗനാജനത്തെയും പിടിച്ചുകൊണ്ടു മണ്ടിനോരു
ശംഖചൂഡനെപ്പിടിച്ചവന്റെ മൗലിരത്നവും
തങ്കലാക്കി മെല്ലവേ ഹലായുധന്നു നല്‌കിയോരു
പങ്കജാക്ഷ! നിൻകൃപയ്ക്കു പാത്രമാക്കുകെന്നെയും

76

അരിഷ്ടനെന്നുള്ളൊരു ദുഷ്ടനാലു-
ള്ളരിഷ്ടമന്നാട്ടിനു തട്ടിയപ്പോൾ
ഗിരിഷ്ടനാംനീ കൊലചെയ്ത ശേഷം
വരിഷ്ഠമായുള്ള പദം ലഭിച്ചാൻ

77

ചാലെക്കാണായ നീലക്കുതിര വിരുതനാം കേശി നാശം വരുത്താൻ
നീലക്കാർവർണ! നിന്നോടരിശമൊടുമുതിർന്നൊന്നു നേരിട്ടു പാഞ്ഞാൻ
ബാലക്കൈ വായിലാക്കീട്ടരിമരനിമിഷം കൊണ്ടു കൊന്നാൻ, ത്രിലോകേ
മാലാകെത്തീർത്തു മായാവിയെ മയസുതനെക്കൊന്നതും കൈതൊഴുന്നേൻ.

78

നാളേയ്ക്കുനാളെ മഥുരാപുരിയിന്നു കാണാം
നാളീകനേത്ര! തവ മാതുലനിഗ്രഹം മേ
കേളെന്നു നാരദമുനി സ്തുതി ചെയ്തു നീ താൻ
പാലിച്ചു കൊൾക പരമേശ്വര പത്മനാഭ!

79

അക്രൂരൻ മിക്കതും മേൽ വരുവതു വഴിയെന്നുള്ളിലോർത്തോർത്തു വന്നാൻ
വ്യഗ്രം കൈവിട്ടു തൃക്കാൽപ്പൊടിയിലവശനായ്‌ ഹന്ത! വീണങ്ങുരുണ്ടാൻ
നില്‌ക്കുന്നൂ പൈകറക്കുന്നതുമഴകൊടുകണ്ടദ്ഭുതന്മാർ ഭവാന്മാ-
രഗ്രേ താനോർത്തതെല്ലാമവശമനുഭവിച്ചാനഹോ ഭാഗ്യശാലീ.

80

അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ-
മൊക്കെക്കൂടുമ്പൊഴുണ്ടായ്‌ മറകളുപനിഷൽഗീതമെല്ലാമതത്രെ
അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ്‌ തന്നെയും ശേഷനേയും
ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊഴുന്നേൻ

81

വസ്ത്രങ്ങൾ കന്മഷമലക്കിയലക്കി നൽകും
സൽക്കർമ്മമാണ്ട രജകന്നു നിമേഷമാത്രം
തൃക്കയ്യുകൊണ്ടടികൊടുത്തവനുള്ള പാപം
ചിക്കെന്നുപോക്കിയെഴുനെള്ളിയതും തൊഴുന്നേൻ

82

ചങ്ങാതിമാർ പലരുമായൊരുമിച്ചുനല്ലോ-
രങ്ങാടിപുക്കു തെരുവൂടെ നടക്കുമപ്പ്പ്പോൾ
മങ്ങാതെ വസ്ത്രകുസുമാദികളങ്ങുമിങ്ങും
സമ്മാനമാണ്ട ഭഗവാനിത കൈതൊഴുന്നേൻ

83

അംഗം കൂന്നോരു ദാസീമലിവൊടവൾ കൊടുത്തംഗരാഗപ്രസാദാ-
ലംഗംനേരാക്കിയപ്പോളവളുമഴകുകണ്ടംഗജഭ്രാന്തി പൂണ്ടാൾ
മങ്ങാതേ മന്മഥക്കൂത്തിനു പുരമൊരുനാളങ്ങുചെന്നിട്ടനേകം
മംഗല്യം കൈവളർത്തീടിന ഭുവനപതേ! കൃഷ്ണ! തുഭ്യം നമോസ്തു.

84

യാചിച്ചവർക്കവരവർക്കു സമസ്ത പാപം
മോചിച്ചു തൽക്ഷണമതേ പറയേണ്ടതുള്ളൂ
പൂജിച്ചുവെച്ച കുലവില്ലുമൊടിച്ചു മെല്ലെ
മോദിച്ചുപോന്നു മരുവീടിനതും തൊഴുന്നേൻ

85

മാനിക്കുമ്പോൾ മനസ്സും മടിയുമതിശയം കൊണ്ടു വർണ്ണിക്കുമപ്പോൾ
വാണിക്കുമ്പോയടുത്തീടരുതു ബത ജഗന്മോഹനന്തേ മഹത്ത്വം
ആനക്കൊമ്പും ധരിച്ചേട്ടനുമനുജനുമായ്‌ ചെന്നതും രംഗദേശേ
ധ്യാനിക്കുമ്പോളുദിച്ചീടുക മനസി സദാ വാസുദേവ! പ്രസീദ!

86

ചൊല്ലേറും കൊലകൊമ്പനാം കുവലയാപീഡത്തൊടെത്തുന്നതും
മല്ലന്മാരൊടു നേരിടുന്നതുമുടൻ കൈവൈല്യമേകുന്നതും
മെല്ലേ മാതുലനെപ്പിടിച്ചു സഹസാ കൈകൊണ്ടുകൊല്ലുന്നതും
കല്യാണം ജനനിക്കുനല്‌കിയതുമെൻ ഗോവിന്ദ! കൈകൂപ്പിനേൻ

87

താനേ തന്നെയൊരോന്നു കണ്ടു ജനകന്നമ്മയ്ക്കുമുണ്ടായ്‌ വിഭോ!
കണ്ണൻ കേവലനെന്നു തത്ര പിതരൗ ഭക്ത്യാ പുകഴ്തീടിനാർ
സൗന്ദര്യാദികൾ വാസഭൂമി തിരുമൈപോരാഞ്ഞുഴന്നീടുമ-
ക്കണ്ണൻ കാർമുകിൽവർണ്ണനേ മനസി പോന്നാവിർഭവിക്കേണമേ

88

വൈകുന്നേരംഗുരുസ്ത്രീജനവചനമുപാകർണ്ണ്യ താനും കുചേലൻ
മാഴ്‌കാതേ ഭാഗ്യവാനങ്ങവരിരുവരുമായിന്ധനത്തിന്നു പോയാർ
പെയ്യും പേമാരിയെല്ലാം മുടിയിൽ വിറകുമായേറ്റു കയ്യും പിടിച്ചി-
ട്ടയ്യോ കഷ്ടം! പ്രഭാതത്തൊളമടവിയിലേ നിന്നതും കൈതൊഴുന്നേൻ

89

മുമ്പേ താൻ ഗുരുദക്ഷിണയ്ക്കു ഗുരുവോടന്വേഷണം ചെയ്തപോ
തംഭോധൗ സാഹസാ മരിച്ച മകനെക്കാണ്മാൻ കൊതിച്ചീടിനാൻ,
ഗാംഭീര്യത്തൊടു പാഞ്ച്ജന്യനിനദം കേട്ടന്തകൻ സംഭ്രമി-
ച്ചമ്പോടേകിന ബാലനെഗ്ഗുരുവിനായ്ക്കാണിച്ച നീ പാഹിമാം.

90

ഏകാന്തേ സംശയം മേ തവ പദകമലം കൊണ്ടു ഭൂലോകമിപ്പോൾ
വൈകുണ്ഠം താനിതെന്നായതു പൊഴുതുമഹാലോകർ വൈകുണ്ഠവാസിൻ
വൈകുണ്ഠം നോക്കി വാഴുന്നവരവനിതലം തന്നെ വന്ദിക്കുമപ്പോൾ
കൈകൂപ്പേണ്ടുന്നെനിക്കോ മുരമഥനവിഭോ! ഹന്ത! സാന്ദീപനിക്കോ?

91

പ്രീത്യാ കാന്തൻ നിയോഗിച്ചഴൽ കളവതിനായുദ്ധവർ വന്നതിപ്പോ-
ളത്യാവേഗാൽ വിയോഗത്തുയിർകൾ മധുകരത്തോടശേഷം പറഞ്ഞാൻ
തത്ത്വം ചിത്തേ ധരിച്ചപ്പൊഴുതു വിരഹജം ദുഃഖമെല്ലാം ത്യജിപ്പാ-
നെത്തീടും ഭക്തി കണ്ടുദ്ധവരുമവിടെയഗ്ഗോപികൾക്കായ്‌ നമിച്ചാൻ

92

അക്രൂരനെക്കൊണ്ടഥ ഹസ്തിപുര്യാ-
മക്രൂരദുര്യോധനവൃത്തമെല്ലാം
അക്രൂരരാം പാണ്ഡവവൃത്തവും താ-
നഗ്രേ ധരിക്കും ഹരയേ നമോസ്തു.

93

മുഷ്കേറും യവനന്റെ മുമ്പിൽ മുചുകുന്ദൻതന്നെയോർത്തിട്ടുടൻ
വെക്കം പാർത്തഥ മാഗധൻ വരവിലും വേഗം നടിച്ചീടിനാൻ
ദുർഗ്ഗം തീർത്തഥ രേവതീരമണനോടൊന്നിച്ചു മേവും വിഭോ
തൃക്കാൽ കണ്ടു നമസ്കരിപ്പതിനൊരിക്കാലേ വരിച്ചീടിനേൻ

94

വേളിക്കു തന്നെ ശിശുപാലനൊരുങ്ങിവന്നാൻ
നാളീകനേത്രനുമടുത്തെഴുന്നെള്ളി നിന്നാൻ
കോലാഹലത്തൊടഗജാപുരിയിന്നു പോമ്പോ-
ളാലോലനേത്ര ഗരുഡദ്ധ്വജനോടണഞ്ഞാൾ

95

പ്രാദ്യുമ്നാദികളെത്രയുണ്ടു ഭവതഃ പശ്ചാദവർക്കെത്രവാൻ
പുത്രന്മാരനിരുദ്ധരാദികളുമെല്ലാർക്കും നമിക്കുന്നു ഞാൻ
പ്രത്യേകം ഗുണകർമ്മമോർത്തു പറവാനാളല്ല ബാണാസുരൻ
ഹസ്തച്ഛേദനമൊന്നു ഹസ്തിനപുരീനിര്യാണമിത്യാദികൾ

96

സമ്മോദംപൂണ്ടു വേൾപ്പാനഭിരുചി പെരുതസ്സത്യഭാമയ്ക്കലെന്നോ
കാണ്മാനോ ജാംബവാനെ പ്രണയനിധിയെ നീ ദുര്യശസ്സൊന്നു തീർത്തു
കാണ്മായത്തെപ്പുകഴ്ത്തീടരുതു തവ പരബ്രഹ്മമേ മന്ദമന്ദം
പെൺമാണിക്യങ്ങളെൺമർക്കുമൊരനുഭവമായ്‌ തീർന്ന നിന്നെത്തൊഴുന്നേൻ

97

മൈക്കണ്ണിമാർകൾ പതിനാറുസഹസ്രമൊന്നി-
ച്ചുത്‌കണ്ഠയാ തദനു ഭൗമഗൃഹേ ലഭിച്ചാൻ
അക്കൗശ്ശലങ്ങളറിയാഞ്ഞു മുനീന്ദ്രനും പോയ്‌
ചക്രം തിരിഞ്ഞു ഭവനങ്ങളിലെന്നു കേൾപ്പൂ

98

ദ്വാർവത്യാം ഭവനേഷു തേഷു പതിനാറാമായിരം മൂർത്തിയായ്‌
ശ്രീഭർത്താവിനെ നിന്നെ നിർമ്മലഗുണാൻ വെവ്വേറെ കൈകൂപ്പിനേൻ
സാപത്ന്യം തടവും മഹേന്ദ്രനെയുടൻ ജിത്വാ ഹരിച്ചങ്ങഹോ
സാമർത്ഥ്യത്തൊടു സത്യഭാമയുടനേ പൂങ്കാവു കൽപദ്രുമം

99

എന്താവൂവിപ്രശാപാൽ നൃഗനവശതയാ പണ്ടുപണ്ടേ കിടന്നാ-
നോതായിട്ടപ്രദേശേ നിഭൃതമതു ബലാൽ ബാലകന്മാർ പറഞ്ഞാർ
സന്താപം തീർത്തെടുത്തങ്ങവനനവധിചെയ്തോരു ദാനങ്ങളെല്ലാം
ബന്ധുക്കൾക്കുള്ളിലാക്കീട്ടവനു ഗതി കൊടുത്തോരു തുഭ്യം നമോസ്തു

100

വാവായെന്നു വിളിച്ചു കേളിപരനായ്‌ ലീലയ്ക്കു കാളിന്ദിയെ
ഭാവാലൊന്നു പകർന്ന മത്തത കലർന്നെന്തേതുപോകുന്നിതോ
കോപാലക്കരികൊണ്ടു നേരെ കുഴിയെത്തോണ്ടീടിനാൻ ഹാ! ഭവാൻ
താപാകർഷണമെന്നതെങ്കലരുളീടാനന്ദനീലാംബര!

101

തന്നെസ്നേഹമിയന്നവർക്കു നിമിഷം ദ്വേഷിച്ചവർക്കും ബലാൽ
തന്നെപ്പോലെ ചമഞ്ഞവർക്കുമരുളീ കൈവല്യമല്ലേ വിഭോ!
തന്നെത്താനറിയാഞ്ഞു ഖിന്നമതിയായ്‌ നിന്നോടിരന്നീടിനോ-
രെന്നെക്കാണവശം കൃപാലയ! ജയ! ശ്രീവാമഗേഹാലയ!

102

തൃക്കയ്യാൽ മരണം വരേണമതിനായ്‌ പണ്ടേയിരിക്കുന്നവൻ
ചൊൽക്കൊള്ളും വിവിദൻ മുദാ മുസലിതാനമ്പാടിയിൽ ചെന്ന നാൾ
മൈക്കണ്ണാർ പലരോടുമായ്‌ മധുമദം പൂരിച്ചു മേവുന്നവൻ
തൃക്കയ്യാൽ മരണം ലഭിച്ചുപരലോകേപോയ്‌ സുഖിച്ചീടിനാൻ

103

പുത്രന്മാർ പത്നിമാരെന്നിവരൊടു സുഖമേ നിത്യവും ദ്വാരവത്യാം
പൃത്ഥ്വീഭാജാം ഗൃഹസ്ഥാശ്രമവിധിയുപദേശിച്ചുകൊണ്ടച്യുതൻ താൻ
നിത്യാത്മാ നിത്യദാനാദികൾ നിയതമൊരുക്കുന്നതും തന്മലേ പോ-
യാസ്ഥാനേ ചേർന്നു ധർമ്മാദികൾ വിരവിൽവിചാരിപ്പതും കൈതൊഴുന്നേൻ

104

കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാർകുചതടേ മേവീടുമാ രാവിലും;
കൂകും കോഴികൾ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

105

കാരാഗൃഹത്തിൽ നരപാലർ പറഞ്ഞ വാക്കും
ശ്രീനാരദോക്തിയുമതിൽ കരണീയമാദൗ
ശ്രീമാനൊടുദ്ധവരൊടെങ്ങിനെയെന്നനേകം
പ്രേമാതുരം തിരുമുഖം തവ കാണ്മനോ ഞാൻ

106

ഇന്ദ്രപ്രസ്ഥത്തിലിന്ദ്രപ്രിയസുതനെ നിനച്ചുള്ളൊരസുക്യവേഗാൽ
വന്നിട്ടബ്ഭീമനാലേ മഗധപതിയെയും കൊന്നു നാടും ജയിച്ചാൻ
ധന്യാത്മാ രാജസൂയം നരപതി ബത സാധിച്ചതും ധർമ്മജൻ താ-
നൊന്നായീ ചൈദ്യനപ്പോൾ മധുമഥന!ഭവാനോടതും കൈതൊഴുന്നേൻ

107

സാല്വൻ വന്നച്ഛനെക്കൊന്നൊരു മറിവുകുറഞ്ഞോന്നതംഗീകരിച്ചി-
ട്ടെല്ലാംപോയ്‌ച്ചെന്നു വന്നീടിന ഗതിയവനും നല്‌കിനാനേകഭാവം
കല്യാണങ്ങൾക്കുമൂലം തവ പദകമലം സേവചെയ്താവതെല്ലാം
നിർലജ്ജം കീർത്തനം ചെയ്‌വതു കിമപിചെവിക്കൊൾക വാതാലയേശ!

108

ശ്രീരാമൻ തീർത്ഥയാത്രാവിധിയിലസുരനെക്കൊന്നു പുണ്യപ്രദേശാൻ
ശ്രീകാശീ കാഞ്ചി കാവേരികൾ മധുരമഹേന്ദ്രാദി കന്യാകുമാരീ
ശ്രീരാമൻ സേതു ബന്ധിച്ചവിടമൊരു ധനുഷ്കോടിയെന്നിങ്ങനേ
താനോരോന്നേ സേവ ചെയ്തങ്ങലമതി മുദാ വന്നതും കൈതൊഴുന്നേൻ!

109

നിർമ്മായം താൻ കുചേലൻ ദ്വിജവരനവിടം വിട്ടു വേറിട്ടുവേട്ടാ-
നുണ്മാനില്ലാഞ്ഞലഞ്ഞാൻ പുനരൊരു ദിവസം ദ്വാരകാം കണ്ടു ചെന്നാൻ
സമ്മോദം പൂണ്ടിരുന്നനവിലരി തിരുമുൽക്കാഴ്ച വെച്ചാൻ പ്രഭാതേ
ബ്രഹ്മാനന്ദേന പോന്നാൻ ധനദനെ വിഭവം കൊണ്ടു വെക്കം ജയിച്ചാൻ

110

അക്കാലത്തുടനത്യപൂർവ്വമുളവായർക്കോപരാഗം തദാ
ചൊൽക്കൊള്ളുന്ന സമന്തപഞ്ചകമഹാതീർത്ഥത്തിനെത്തും വിഭോ
അഗ്രേ ബന്ധുജനങ്ങളോക്കെയവിടെക്കൂടീ സുഖിച്ചൊട്ടുനാ-
ളച്ഛന്റേ യജനം കഴിച്ചു പുരിയിൽ പോരും ഹരേ! പാഹി മാം

111

തങ്കയ്യീന്നു പറിച്ചു കംസനശുഭം ചെയ്തോരു പൈതങ്ങളെ-
സ്സന്തോഷത്തൊടു കാൺകയിൽ കുതുകമുണ്ടമ്മയ്ക്കതുംകൊണ്ടു നീ
തങ്കൽഭക്തിമതാം വരിഷ്ഠനസുരൻ വാഴുന്ന ലോകത്തുപോയ്‌
കൊണ്ടന്നമ്മയനുഗ്രഹിച്ചതു മുദാ മൂർദ്ധ്നാ ലഭിച്ചീടിനാൻ

112

പാർത്ഥന്നാത്മസഹോദരീമഴകുതായ്‌ സാദ്ധ്യം വരുത്തുന്നതും
കത്തും തിയ്യതയച്ചു ദുഷ്ടനെയുമച്ചക്രം ദഹിക്കുന്നതും
ഭക്തന്നശ്രുതദേവനും മിഥിലനും മോക്ഷം കൊടുക്കുന്നതും
പ്രീത്യാ നിൻ ചരിതങ്ങൾ നിത്യവുമഹോ ചിത്തേ ലഭിക്കേണമേ

113

പൃത്ഥ്വീദേവന്റെ പത്താം തനയനുടലൊടേ മാഞ്ഞനാളർജ്ജുനൻ താ-
നഗ്നൗ ചാടീടുമെന്നായതു പൊഴുതവനും താനുമന്തർമ്മലേ പോയ്‌
പ്രീത്യാ വൈകുണ്ഠലോകത്തെഴുനരുളി യഥാപൂർവ്വമാഗത്യ ബാലാൻ
പ്രത്യേകം പാർത്ഥനെക്കൊണ്ടഴകിനൊടു കൊടുപ്പിച്ച തുഭ്യം നമോസ്തു

114

ഏറെപ്പോരും പ്രഭുക്കൾക്കുഷസി തുയിലുണർത്തും ചിലർക്കെന്നപോലെ
യോഗശ്രീ നിദ്രയെന്നും പ്രളയമവധിയാം കാലമാനന്ദമൂർത്തേ
ഏകാന്തേ പോയ്‌ സ്തുതിക്കും ശ്രുതികളവിടെയെന്നുള്ള ദിവ്യാക്ഷരങ്ങൾ-
ക്കോരോന്നേ സന്നമിപ്പാൻ കൃപ തരിക വിഭോ! വാമഗേഹാധിനാഥാ!

115

എണ്ണായിരം നേരെയിരട്ടി നല്ലാർ
നന്നായിരുന്നോരു വിഭൂതി കണ്ടാൽ
കണ്ണായിരം പൂണ്ടവനും കൊതിക്കും
പെണ്ണായിരുന്നാവിതു പദ്മനാഭ!

116

ചാലേ കവാടമഴകോടു തുറന്നുകൊണ്ടു
മാലേയപങ്കവുമണിഞ്ഞു തെളിഞ്ഞുനന്നായ്‌
കേളീകലാശസമയേ കുളുർതെന്നലേറ്റു
നാളീകനേത്രനലസാക്ഷിയുമായി നിന്നാൻ

117

ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ
ശ്രീകൃഷ്ണലീലകളിവൺനമൊരോന്നു ചൊന്നേൻ
ശ്രീമാൻ മുകുന്ദ! ജയ വാമപുരാധിനാഥ
ശ്രീപാദഭക്തിയരുളീടുക നാളുതോറും

118

ക്രമത്തിലാക്കീടിന ശൂലപാണി-
ക്രമത്തിനാലിത്ഥമതീവ ചിത്രം
ശ്രവിച്ചു ഭാഷാശ്രവണാമൃതം മേ
രമിച്ചുകൊൾകച്യുത പാദമൂലേ

119

പള്ളിക്കുറപ്പു മരമെന്നകണക്കെ നിന്മെയ്‌-
പിള്ളായ്ക്കുറപ്പു ജനനീവ സമാശ്രയം മേ
ഉള്ളിൽ കറപ്പു കളവാൻ തിരുവുള്ളമോടേ
പള്ളിക്കുറുപ്പുണരവേണമനന്തശായിൻ!

120

എള്ളിൽ കലർന്നിയലുമെണ്ണകണക്കെയാത്മാ-
വെല്ലാർക്കുമെന്നതറിയാതെ മയങ്ങിനേൻ ഞാൻ
തള്ളിക്കളഞ്ഞു സകലം മമ കന്മഷം നീ-
യുള്ളിൽ തെളിഞ്ഞുണരവേണമുദാരകീർത്തേ!

121

മന്നിൽപ്പിറന്നു മതിയുള്ളമനുഷ്യനായാ-
ലുണ്ണിത്തമായ്‌ക്കഴിയുമാദിയിലുള്ള കാലം
പൊണ്ണത്തമായതുമിതും കരുതീട്ടശേഷം
തന്നെത്തിരഞ്ഞറികയെന്നതസാദ്ധ്യമത്രേ

122

സൂനംതാൻ പ്രീതി നാനാവിധ മഹിതകഥാ നാമസങ്കീർത്തനം താ-
നാനന്ദശ്രദ്ധയുള്ളോർക്കതുമതുവിധമായുണ്ടു വേദാന്തവാക്യം,
ഞാനും ത്വൽപാദസന്ദർശനമൊരുവിധമിങ്ങാസ്വദിപ്പാനിരിപ്പോ-
നാനന്ദപ്രാപ്തിയാനയ്ക്കരുളിന ഭഗവാനൻല്ലയോ നീ കൃപാബ്ധേ!

123

കണ്ണം കറുത്തമലപോലെ യമന്റെ ദൂതർ
കണ്ണും മിഴിച്ചലറിയോടിവരുന്ന നേരം
കണ്ണൻ കളിച്ചകളി കീർത്തനമൊന്നു കേട്ട-
പ്പൊണ്ണൻ മലച്ചു മറുകുന്നതു കാണ്മനോ ഞാൻ

124

ഒന്നിച്ചിരുന്ന മകൾ മക്കളുടപ്പിറന്നോ-
രൊന്നിച്ചിരിയ്ക്കുമവരെന്നറിയാതെ മോഹാൽ
മന്ദിച്ച മാനസമൊരന്ധത പൂണ്ടിരിപ്പോ-
രെന്നെക്കുറിച്ചരുൾക നീ കൃപ വാസുദേവാ!

125

ഓണം വരുന്നു വിഷുവുണ്ടു പിറന്നനാളു-
ണ്ടാനന്ദമിങ്ങനെയൊരാണ്ടിലഹോ ജനാനാം
കാണുന്നു നിത്യവുമനിത്യമിതെന്നു ചെമ്മേ
വേണം കുറഞ്ഞൊരു വിചാരമകക്കുരുന്നിൽ

126

നാളെത്തുടങ്ങണമിതെന്നു നിനച്ചിരുന്നാൽ
നാളേക്കു നാളെയതിനില്ലൊരൊടുക്കമെന്നും
നാളീകനേത്രചരണാംബുജസേവ ചെയ്‌വാ-
നാളാകിലപ്പൊഴെ തുടങ്ങണമപ്രകാരം

127

മന്നാശയാലും മദനാശയാലും
പൊന്നാശയാലും മറുകുന്നു ലോകം
നിന്നാശ കണ്ടീലൊരുവർക്കുമയ്യോ
കണ്ണാ! ശമം നല്‌കുക മാനസേ മേ!

128

സ്വാപത്തിനാലുമഥ കാമവശാലുമോരോ-
ന്നായത്തമായനുകരിപ്പിതു കർമ്മമേതൽ
താപിഞ്ഛമഞ്ജരിയൊടൊത്ത കളേബരം നീ
ഭാവിച്ചുകൊൾകഴകിൽ, നന്ദകുമാരകസ്യ

129

സത്രം കാണൊരിടത്തു ചത്തു കരയും കോലാഹലം കുത്ര ചിൽ
വിദ്വാന്മാരൊരിടത്തു മദ്യപകുലം തച്ചും കയർത്തും ക്വചിൽ
മുഗ്ദ്ധസ്ത്രീയൊരിടത്തു മുത്തികളിരുന്നേങ്ങിക്കുരച്ചന്യത:
ശ്രോത്രാദിക്കമൃതോ തളിച വിഷമോ വിശ്വം വിചിത്രം വിഭോ

130

കാമാതുരം മാനസമെങ്കിലും ശ്രീ-
നാമാമൃതം നാവിലണച്ചുകൊള്ളൂ
ശ്രീമാധവന്റേ ചരണാംബുജത്തിൽ
പ്രേമാധികം നാളിൽ മുഴുക്കുമല്ലോ

131

നാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരപ്പതിനു ഞാൻ തുനിയുന്നു കേൾ നീ
നാരായണന്റെ തിരുനാമമുറക്കെയാമ്പോൾ
നാണിച്ചു പോകരുതതേ തവ വേണ്ടതുള്ളൂ.

132

ഏണീദൃശാംവദനവും പണവും നിനച്ചി-
ട്ടാനന്ദമൂർത്തിയെ മറായ്‌ക മനക്കുരുന്നേ
പ്രാണൻ തളർന്നു തമകാദികളായ്‌ ചമഞ്ഞാൽ
വേണുന്നതൊന്നുമെളുതല്ല നമുക്കറിഞ്ഞാൽ

133

കോണിക്കൽ നിന്നു കരയുന്ന കിടാങ്ങൾപോലെ
തോണിക്കൽ നിന്നു വലയും വഴിപോക്കർപോലെ
കാണിക്ഷണം പൊഴുതുപോലുമുപേക്ഷിയാതെ
കാണിത്ഥമെൻ തൊഴിൽ കൃപാം കുരു വാസുദേവ

134

വമ്പേറുന്നസുരർക്കു ഡംഭു കളവാനമ്പേറുമമ്പാടിയിൽ
പൈമ്പാൽ വെണ്ണ പകർന്ന കുംഭമുടനേ സംഭിദ്യമേവും വിഭോ
അംഭോജത്തിനു സംഭ്രമാർത്തിയരുളും നിൻ പാദമമ്പീടിനോ-
രെൻ പാപത്തിനു കമ്പമേകുക നിലിമ്പാരാതിസംപേക്ഷണം

135

നിർമ്മായം നിജധർമ്മമാസ്ഥയൊടുചെയ്താകുന്ന സദ്‌കർമ്മവും
പെണ്മായത്തിലകപ്പെടാതെ മരുവീടെന്നാകിൽ നന്നായ്‌ വരും
കർമ്മാകർമ്മവികർമ്മമർമ്മമറിവാനാളല്ല നാമാമൃതം
നമ്മാലാവതു സേവചെയ്ക സുഖമേ തൃക്കാലൊടെത്തീടുവാൻ

136

ചിത്തം മറന്നു വിഷയങ്ങളൊരോന്നു നോക്കി-
ച്ചത്തും പിറന്നുമുഴലായ്ക മനക്കുരുന്നേ!
വിശ്വം നിറഞ്ഞു വിളയാടിന തമ്പുരാനെ-
ച്ചിത്തേ കലർന്നനുഭവിപ്പതിനോർത്തുകൊൾ നീ.

137

ഒക്കാ ദനാശമനമേ മനുജന്നു തന്നാൽ
നീക്കാവതല്ല ഭവിതവ്യമൊടുങ്ങുവോളം
ആക്കംകുറഞ്ഞനുഭവങ്ങൾ പകർന്നു കാണാം
വീർക്കുന്നവീർപ്പവിടെ നേർത്തുവരും ക്രമേണ

138

ഭോഷ്കും പറഞ്ഞു ഭവനങ്ങളിലംഗാനാനാം
പോയ്ക്കൂടുമപ്പരിചു രാപ്പകലുള്ളതെല്ലാം
നീർപ്പോള പോലെ മരുവുന്ന കളേബരാന്തേ
വീർപ്പുണ്ടതും നിയമമല്ല നിനയ്ക്കെടോ നീ!

139

കന്യാകുബ്ജത്തിലല്ലായ്കയോ ജനനമതോ ദാസിയെ കാമിയാഞ്ഞോ,
ത്വന്നാമത്തിന്നുമിപ്പോൾ കലിയുഗമതുകൊണ്ടുള്ള വീര്യം കുറഞ്ഞോ,
എന്നോ നാലക്ഷരന്താൻ മുഴുവനരുതതിൽ കുറ്റമെന്നിൽ പിണഞ്ഞോ
ത്വന്നാമം ഞാനറിഞ്ഞിട്ടനുദിനമുരചെയ്തെന്നതോ വാസുദേവ!

140

ആർക്കെങ്കിലും പോരുമി നാമമാത്രം
കീർത്തിക്കജന്മത്തിലൊരിക്കലെന്നും
ശാസ്ത്രങ്ങൾചൊല്ലും ദൃഢനിശ്ചയം കേൾ
ഭോഷ്കെന്നുവന്നീടൊല നന്ദസൂനോ!

141

പുല്ലാദിയായുള്ള ശരീരമോരോ-
ന്നെല്ലാറ്റിലുംപുക്കു പുറത്തുപോന്നേൻ
നല്ലോരു ജന്മം നരജന്മമിപ്പോൾ
വല്ലാതെയാക്കിടൊല തമ്പുരാനേ

142

നെല്ലാദിയായുള്ള പദാർത്ഥമോരോ-
ന്നില്ലെത്തുമില്ലാഞ്ഞുഴലുന്നതെല്ലാം
നല്ലോരുനാമാമൃതമാസ്വദിച്ചാൽ
നെല്ലും വരും വല്ലതുമൊന്നുവേണ്ടാ

143

നന്നായതും തിയ്യതുമോർത്തുചെയ്താൽ
നന്നായ്‌വരും നിത്യമവന്നു നൂനം
ത്വന്നാമസങ്കീർത്തനമാസ്വദിച്ചാ-
ലൊന്നായ്‌വരും ജീവപരപ്രപഞ്ചം

144

നിനക്കു നൂറായിരമാശയുണ്ടെ-
ന്നിരിക്കിലും കേൾക്കു മനക്കുരുന്നേ
തനിക്കുതാൻ പോന്നവർ ചൊന്നതെല്ലാം
നിനക്കു നന്നായതു നിത്യമായി

145

തണ്ണീർദ്ദാഹം മുഴുത്തു തടിയനരികെ വന്നന്തകൻ താനുരത്തും
കണ്ണീർക്കാരായടുത്തുള്ളവർതൊഴിയുമൊഴിയ്ക്കാതെയൊന്നിച്ചു പാർത്തും
തന്നെത്താനേ മറന്നിട്ടതിവിവശത പൂണ്ടാർത്തനായ്‌ വീർത്തുമക്കോ-
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദവിഭോ! വാമഗേഹാധീവാസിൻ.

146

വേണുന്നീലൊന്നുമോരോന്നിവയനുദിവസം തന്നെതാനേ നിനച്ചേൻ
വേണുന്നൂ മറ്റുമൊന്നുമതിനു ഗുരുകൃപാ പൂരമേ ബന്ധുവുള്ളൂ
പ്രാണൻ പോവാനടുത്തുള്ളൊരു സമയമതെന്നാകിലും മേവരുമ്പോൾ
കാണേണം ഗോപനാരീകരതളിരിൽ നടക്കുന്നൊരാനന്ദഭൃംഗം.

147

എന്നേതുടങ്ങിയുദയാസ്തമയങ്ങൾതോറും
ഭിണ്ഡെന്നുറങ്ങിയുമുണർന്നുമുടുത്തുമുണ്ടും
നന്ദിച്ചു നന്ദതനയന്റെ പദാംബുജത്തിൽ
ചേർന്നാവു നാവതിനു കൗതുകമെന്തിതാവൂ

148

കണ്ണൻ കളിക്കും കളിക്കോപ്പു കാണ്മാ-
നെന്നേ കൊതിക്കുന്നു ദയാംബുരാശേ!
ത്വന്നാമസങ്കീർത്തനമെണ്ണിയെണ്ണി-
ത്തൊണ്ണൂറടുത്തു പരിവത്സരം മേ

149

നിന്ദിച്ചുകൊൾക തവ വന്നതുകൊണ്ടു നിത്യം
നിന്ദിക്ക വേണ്ട ഗതിഭേദമൊരോന്നു കണ്ടാൽ
വന്ദിച്ചുകൊൾക സകലാത്മകമീശ്വരം തം
മന്ദിച്ചുപോകരുതജസ്രമകക്കുരുന്നേ

150

നാവേ നീ ചൊല്ലിയാഞ്ഞാലഖിലമഫലമെന്നത്ര ലോകേ പ്രസിദ്ധം
നാവാലൊന്നുച്ചരിച്ചാലവനമൃതഹരൻ പിന്നെയെന്നും പ്രസിദ്ധം
നാവേ! നാണം വരുന്നൂ മനസി വെളി വരാഞ്ഞിങ്ങിനേയെണ്ണിയെണ്ണി-
ച്ചാവാനോ നാമസങ്കീർത്തനമജിത വിഭോ! ദേഹി ദേഹി പ്രസാദം

151

രാധാസ്തനങ്ങളിലൊളിച്ചരുളുന്ന നിന്മെയ്‌-
ഭേദാശ്രയം മമ വിടുത്തരുൾ മോഹമെല്ലാം
ബോധാശ്രയം തവ കളേബരമോത്തുകൊൾവാ-
നേതൽപ്രഭൊ! ബഹുവിരോധകമായ്‌ വരുന്നു.

152

നാളത്തിൽ തടയുന്നതും നടനടേ നില്‌ക്കുന്ന വായുക്കൾ പോ-
യോളത്തിൽ കുറുകുന്നതും ചില പിഴച്ചോടും മനോവൃത്തിയും
നീളത്തിൽ കയറുംപിടിച്ചു യമനും നീരോടെ ബന്ധുക്കളും
നാളത്തെത്തൊഴിലിപ്രകാരമരുളായ്‌കെൻ പോറ്റി നാരായണ!

153

നാവില്ലാതെ ജനിക്കയോ നടനടേയുള്ളോരിളയ്ക്കാകയോ
നാമത്തെപ്പഠിയായ്കയോ നരകമെന്നോർത്താൽ കുളുർപ്പാകയോ
നാവിൽ ദുർഘടമാകയോ നരകുലത്തിൽ ജന്മമല്ലാകയോ
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാൻ!

154

നാമോച്ചാരണമൊന്നുകൊണ്ടു ഗതിവന്നൂ പണ്ടു ദാസീപതേർ-
ന്നാമോച്ചാരണമൊന്നുകൊണ്ടു മുനിയായ്‌ വാൽമീകി പണ്ടേ തുലോം
നാമോച്ചാരണമൊന്നുതന്നെ മതിയെന്നോതുന്നു വേദാന്തവും
നാമോച്ചാരണമെന്നതെങ്കലരുളീടാനന്ദപാഥോനിധേ

155

നാമാമൃതം നാവിലിരിക്കുമപ്പോൾ
സോമാമൃതം വിസ്മൃതമായ്‌ വരുന്നു
നാമാമൃതം പാർത്തു നിറച്ചു കണ്ടാൽ
നാമാമൃതം കാണമൃതം മൃതാനാം

156

നാവിന്നൊരിത്തിരി വികൽപ്പമതെന്നിരിപ്പൂ
നാമിന്നിയേതൊരു വിജാതിയിൽ വന്നു ഞായം
നാമിന്നുതന്നെയറിയേണമറിഞ്ഞുകൊൾവാ-
നാമിത്തിരിപ്പു തിരുനാമവുമെന്നുവെപ്പൂ

157

കണ്ണിൽ കൂത്താടുവാനുണ്ടൊരുവക, ചെവിയിൽ പാട്ടുപാടാൻ കളിപ്പാൻ
കണ്ണുന്തിക്കൊണ്ടു വേറേസതതമിവരൊടേ നിന്നു പോരാടുവാനും
കണ്ണാ നിന്മേനിയാകുന്നതു കരുതി മുദാ നാമമോതീടുവാനും
കാണുന്നേനില്ലുപായം തവ കരുണയൊഴിഞ്ഞൊന്നുമിന്ദീവരാക്ഷ!

158

ദേഹത്തിന്മേൽ തറയ്ക്കുന്നതു കിമപി പറിക്കില്ല മുള്ളും, മഹാത്മാ
ദേഹത്തിന്മേൽ ചൊറിഞ്ഞീടിനതൊരിടമൊതുക്കാവതല്ലീ നിനക്കോ
സോഹംഭാവത്തിനൂറ്റം പലവഴി തെളിവായ്‌ കാട്ടി മറ്റുള്ളവർക്കും
മോഹം തീർക്കും സദാനന്ദിത പരമശിവ ബ്രഹ്മമേ തേ നമോസ്തു

159

ഹാ കൃഷ്ണ ഹാ കൃഷ്ണ കൃപാംബുരാശേ
ഹേ കൃഷ്ണ ഹേ കൃഷ്ണ ശൃണുഷ്വ വിഷ്ണോ!
ഹീ കൃഷ്ണ ഹീ കൃഷ്ണ മഹത്യുപേക്ഷാ-
മാ കൃഷ്ണ മാ കൃഷ്ണ പരിത്യജാസ്മാൻ

160

ദേഹത്തിൽ സുഖമേ കടിച്ച മശകാദ്യ്ജ്ഞാനമാദൗ തഥാ,
ദേഹത്തിന്നു വിശപ്പുദാഹമറിയായ്കെന്നുണ്ടു രണ്ടാമതും
ദേഹത്തെക്കഷണിക്കിലും വിഹതിയില്ലെന്നങ്ങു മൂന്നാമതും
സോഹംഭാവദൃഢാനുഭൂതിയരുളീടാനന്ദ പാഥോനിധേ!

161

ദേഹത്തിൽ ചൊറിയും സഹിക്കരുതതിക്രൂരം വിശപ്പൊട്ടുമേ
മോഹത്തിൽ കലരുന്ന ഞാനതു വൃഥാ മോഹിപ്പതെന്തിന്നുവാൻ
സ്നേഹത്തോടെ യശോദ പുൽകിന കിശോരൻ താനൊഴിഞ്ഞേകദാ
സ്നേഹിപ്പീലതുപോരുമെന്നു മനസാ നാമങ്ങളോതീടിനേൻ

162

ചൊല്ലേണം നാമമെന്നുള്ളതു പലരുമറിഞ്ഞും പറഞ്ഞും കഴിഞ്ഞാൽ
ചൊല്ലീടുന്നോർ കനക്കെക്കുറയുമതു മഹാപാപമെന്നും പ്രസിദ്ധം
ചൊല്ലീട്ടെന്തെന്നു മറ്റുള്ളവർകൾ പരിഹസിച്ചാൽ നമുക്കല്ല ദുഖം
ചൊല്ലേറും വ്യാസനും പാർത്ഥനു രഥതുരഗം മേച്ചുമേവും നിനക്കും!

163

ആർക്കാനും വഴിപോലെയുണ്ടു മടികൂടാതേ മനസ്സെങ്കിലോ
കീർത്തിക്കാമതിനായനേകവിധമായ്‌ തീർത്തോരു സങ്കീർത്തനം
പാർത്താലൊക്കെ വൃഥാ പ്രയത്നരഹിതം കീർത്തിപ്പതിന്നാഗ്രഹം
പേർത്തും മേലിതു നാസ്തിയായ്‌ വരുമതിൻ മുമ്പേ മരിക്കേണമേ

164

നാവും നാരായണേത്യക്ഷരവുമൊരുദിനം തമ്മിലേകീഭവിച്ചാൽ
ചാവുന്നെരത്തു നോവാൻ കഴിവര യമനും ദൂരെ നിന്നീടുമല്ലോ
നാവേ നാലക്ഷരം നീയൊരുപൊഴുതുമുപേക്ഷിക്കൊലാ ദൈവയോഗാ-
ലീവണ്ണം വന്നതെന്നാലമൃതമനുഭവിച്ചീടു നാരായണേതി

165

മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാർമാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മൈകുറിക്കൊണ്ടു ഞാൻ
പോകുന്നേൻ ഭഗവൻ, ജനാർദ്ദന ഭവൽ കാരുണ്യപാഥേയവാൻ

166

ശ്രീപാദംവാഴ്‌ക വാമാലയനിലയ! ഭവൽശ്രീപദാംഭോരുഹത്തെ
ശ്രീനാമംകൊണ്ടു നിത്യം നിരവധി പരമാനന്ദമൂർത്തേ നിഷേവേ
ശ്രീമൂർത്തിം കണ്ടുകണ്ടാത്മനി സതതമുറപ്പിച്ചു ദേഹം ത്യജിച്ചി-
ട്ടീമൂർത്തിക്കൈക്യമേകീടുക ഗുരുകരുണാവാരിധേ വാരിജാക്ഷ!

167

ഭൂഷാവർണാദിയാലീ ഭുവനമഖിലവും ഹന്ത! മോഹിച്ചു രാഗ-
ദ്വേഷാപൂർണം വിഘൂർണം ശിവ ശിവ! പറയാവല്ല മായാവിലാസം
ഭാഷാകർണാമൃതം മേ സുകൃതമിതു സദാ നാവുകൊണ്ടാസ്വദിച്ചാൽ
നൂഴാ കർമ്മാവലീവല്ലികളിലുടനവൻ പിന്നെ മുന്നേതുപോലെ.

168

ഉണ്ണിക്കിടാങ്ങൾ കളിയായൊരു കാലുവെച്ചാ-
ലെണ്ണാവതല്ലതിനഹോ കുതുകം പിതൃണാം
എന്നക്കണക്കെ നടയുള്ളവർകൾക്കിതെല്ലാ-
മെന്നാൽ കൃതം കിമപി കൗതുകമായ്‌വരേണം.

169

പീതാംബരപ്രോല്ലസിതാഖിലാശം
ഹേമാംഗദോൽഭാസിത ബാഹുദണ്ഡം
സോമാംബുജശ്രീ വദനാരവിന്ദം
വാമാലയസ്ഥം ഭജ വാസുദേവം



"https://ml.wikisource.org/w/index.php?title=ഭാഷാകർണ്ണാമൃതം&oldid=38007" എന്ന താളിൽനിന്ന് ശേഖരിച്ചത്