ബാലപ്രബോധനം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

[തിരുത്തുക] ബാലപ്രബോധനം

പരമ്പരാഗതരീതിയില്‍ സംസ്കൃതം പഠിക്കുവാന്‍ കേരളത്തില്‍ പ്രചരിച്ചുവന്നിട്ടുള്ള പ്രധാന പാഠ്യകൃതികളിലൊന്നാണ് ബാലപ്രബോധനം. അവശ്യം വേണ്ട സംസ്കൃതവ്യാകരണം ഒട്ടൊക്കെ ലളിതമായി, ഹൃദിസ്ഥമാക്കിയെടുക്കുവാനനുയോജ്യമായ ബാലപ്രബോധനം ധാരാളം സംസ്കൃതോദാഹരണങ്ങള്‍ ഇടകലര്‍ന്നതെങ്കിലും മുഖ്യമായും മലയാളത്തില്‍ തന്നെയാണ്.

സംസ്കൃതത്തിന്റെ പ്രാരംഭപാഠങ്ങള്‍ പഠിച്ചിട്ടുള്ള ഒരാള്‍ക്ക് ജീവിതാവസാനം വരേയ്ക്കും അവയൊന്നും മറന്നുപോവാതിരിയ്ക്കുന്നതിന് ഈ ലഘുകൃതി മനഃപാഠമാക്കുന്നത് സഹായകരമായിരിയ്ക്കും.


വെള്ളം ജടാന്തേ ബിഭ്രാണം വെള്ളിമാമല വിഗ്രഹം
വെള്ളൂരമര്‍ന്ന ഗൌരീശമുള്ളിലമ്പൊടു ചിന്തയേ!

കര്‍തൃകര്‍മ്മക്രിയാഭേദം വിഭക്ത്യാര്‍ത്ഥാന്തരങ്ങളും
ഭാഷയായിഹ ചൊല്ലുന്നേന്‍ ബാലനായറിവാനഹം.

ശബ്ദം രണ്ടുവിധം പ്രോക്തം തിങന്തഞ്ച സുബന്തവും
രണ്ടു ജാതി സുബന്തേ ചാപ്യജന്തഞ്ച ഹലന്തവും.

ലിംഗം മുമ്മൂന്നു രണ്ടിന്നും വരും പുല്ലിംഗമാദിയില്‍
സ്ത്രീലിംഗം മദ്ധ്യഭാഗേസ്യാദൊടുക്കത്തു നപുംസകം.

വൃക്ഷോ ജായാകുണ്ഡമിതി രൂപഭേദമജന്തകേ
ഗോധുക് പൂര്‍വ്വമുപാനച്ച വാര്‍ശബ്ദോപി ഹലന്തകേ.

അന്തങ്ങളറിയാമിപ്രഥമൈക വചനങ്ങളാല്‍,
അജന്തേഷു ഹലന്തേഷു ബഹ്വര്‍ത്ഥവചനങ്ങളാല്‍.

അകാരാന്താദിയായുള്ള ശബ്ദങ്ങള്‍ക്കു യഥോചിതം
വിഭക്തിഭേദാദര്‍ത്ഥങ്ങള്‍ ചൊല്ലുന്നു പല ജാതിയും

പ്രഥമാ ച ദ്വിതീയാ ച തൃതീയാ ച ചതുര്‍‌ത്ഥ്യപി
പഞ്ചമീ ഷഷ്ടിയും സപ്തമ്യേവമേഴു വിഭക്തികള്‍

ഇവറ്റിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും
ഏകദ്വിബഹുമുമ്പായി വചനം മൂന്നിഹ ക്രമാല്‍

ഒരുത്തനിരുപേര്‍ പിന്നെപ്പലരെന്നര്‍ത്ഥമായ്‌ വരും.
പ്രഥമായാ ഭേദമത്രേ മുറ്റും സംബോധനാഭിധാ,

അതെന്നു പ്രഥമയ്ക്കര്‍ത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
തൃതീയ ഹേതുവായിട്ടു കൊണ്ടാലോടൂടെയെന്നപി.
--തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാല്‍ -(പാഠഭേദം)

ആയിക്കൊണ്ടു ചതുര്‍ത്ഥീ ച സര്‍വ്വത്ര പരികീര്‍ത്തിതാ
അതിങ്കല്‍നിന്നുപോക്കെക്കാള്‍ ഹേതുവായിട്ടു പഞ്ചമി.

ഇക്കുമിന്നുമുടെ ഷഷ്ടിയ്ക്കതിന്റെ വെച്ചുമെന്നപി
അതിങ്കലതില്‍‌വെച്ചെന്നും വിഷയം സപ്തമീ മതാ.

വിഭക്ത്യാര്‍ത്ഥങ്ങളീവണ്ണം ചൊല്ലുന്നൂ പലജാതിയും
വൃക്ഷസ്തിഷ്ടസ്യസൌ, വൃക്ഷം നില്‍ക്കുന്നു; വൃക്ഷമാശ്രയേ,

വൃക്ഷത്തെയാശ്രയിക്കുന്നേന്‍; വൃക്ഷേണ ദ്വിരദോ ഹതഃ,
വൃക്ഷത്താലാന കൊല്ലപ്പെട്ടിന്നീ വണ്ണം തൃതീയയും;

നമശ്ചകാര വൃക്ഷായ ശാഖാ സംരൂദ്ധ ഭാസ്വതേ,
നമസ്കരിച്ചേന്‍ വൃക്ഷത്തിന്നാ,യിക്കൊണ്ട്‌ ചതുര്‍ത്ഥ്യപി;

വൃക്ഷാഗ്രാത്‌ കുസുമം ഭ്രഷ്ടം, വൃക്ഷാഗ്രത്തിങ്കല്‍ നിന്നഥ
പൂ വീണെ; ന്നഥ വൃക്ഷസ്യ ശാഖാ ചാത്യന്തമുന്നതാ,

വൃക്ഷത്തിന്റെ കൊമ്പുമേറ്റമുയര്‍ന്നെന്നതു ഷഷ്ട്യപി;
പക്ഷി വൃക്ഷേസ്ഥിതഃ, പക്ഷി വൃക്ഷത്തിങ്കലിരുന്നിതു;

ഹേ വൃക്ഷ, ത്വം കമ്പസേ,കിമി,തി സംബോധനാപി ച,
എടോ വൃക്ഷം നീ ചലിക്കുന്നതെന്തീ വണ്ണമൊക്കവേ;

സംബോധനാ നിര്‍ണ്ണയാര്‍ത്ഥം ഹേ ശബ്ദം കൂടെയുച്യതേ
പദച്ഛേദം ചെയ്തു മുന്‍പേ വിഭക്തികളറിഞ്ഞുടന്‍

അങ്ങുമിങ്ങുമിരിക്കുന്ന പദങ്ങളേ യഥാവലേ
ചേരുന്ന പടി ചേര്‍ക്കുന്നതന്വയം പരികീര്‍ത്തിതം.

കര്‍ത്താ കര്‍മ്മം ക്രിയാ മൂന്നുമന്വയത്തിങ്കല്‍ മുമ്പിവ
കര്‍ത്താ ചെയ്യുന്നവന്‍ കര്‍മ്മമവനിച്ഛിച്ചതായ്‌ വരും.

കര്‍ത്താവിന്നിഹ കര്‍മ്മത്തോടുള്ള ബന്ധം ക്രിയാപദം
കര്‍ത്താ പ്രഥമയാകുമ്പോള്‍ ദ്വിതീയാ കര്‍മ്മമായ്‌വരും.

തിങന്തം ക്രിയയായീടും ചിലേടത്തു സുബന്തവും
തൃതീയ കര്‍ത്താവാകുമ്പോള്‍ കര്‍മ്മം പ്രഥമയായ്‌വരും

സുബന്തം വാ തിങന്തം വാ ക്രിയാ തത്രാത്മനേപദം
തൃതീയാ കര്‍ത്താവായീടും ഭാവേ കര്‍മ്മങ്ങളില്ലപോല്‍.

സുബന്തം താന്‍ തിങന്തം താനതിങ്കല്‍ ക്രിയയായ്‌ വരും
കര്‍ത്താവിലഥ കര്‍മ്മത്തിലഥ ഭാവത്തിലും തഥാ

മൂന്നുജാതിവരും തത്ര ചൊല്ലാം കര്‍ത്താവിലുള്ളത്‌:
കിരാതോ ഹരിണം ജഗ്നേ, കര്‍ത്തൃകര്‍മ്മക്രിയാഃ ക്രമാത്.

കിരാതം മാനിനെക്കൊന്നു, കിരാതേന മൃഗോ ഹതഃ,
കിരാതനാല്‍ മൃഗം കൊല്ലപ്പെട്ടു,വെന്നിതു കര്‍മ്മണി,

താമ്രചൂഡൈരകൂജീതി, നല്‍പ്പൂങ്കോഴികളാലിഹ
കൂകുന്നെന്നുള്ളതുണ്ടായീ ഭാവത്തിങ്കലിവണ്ണമാം.

കാണുന്നിതേകവചനം ഭാവത്തിങ്കല്‍ ക്രിയാപദം
സുബന്തം ക്രിയയാകുമ്പോള്‍ ഭാവത്തിങ്കല്‍ നപുംസകം.

വിശേഷേണ വിശേഷങ്ങളറിഞ്ഞീടുക സര്‍വ്വതഃ
വിശേഷ്യം തു പ്രധാനം സ്യാദ് അപ്രധാനം വിശേഷണം

വിശേഷ്യം ബ്രഹ്മചാരീ തു മേഖലാജിനദണ്ഡവാന്‍
മേഖലാജിനദണ്ഡങ്ങളുള്ളവന്‍ തദ് വിശേഷണം.

ഗോപാലോ ഗാം പയോദോഗ്ദ്ധിയെന്നീവണ്ണം ദ്വികര്‍മ്മകം
ഗോപാലന്‍ പശുവേ പാലെക്കറക്കുന്നിപ്രകാരമാം.

സൂര്യേ കര്‍ക്കിസ്ഥിതേ നാരീ പ്രാസൂയതകിലാത്മജം
സൂര്യന്‍ കര്‍ക്കടകേ നില്‍ക്കും വിഷയത്തിങ്കലംഗനാ

പെറ്റു പോല്‍ മകനേ ചൊന്നേനേവം വിഷയസപ്തമീ.
ക്രിയാവിശേഷണം ചൊല്ലാം രാമസ്സാദരമബ്രവീത്‌

ശ്രീരാമനാദരത്തോടുകൂടും വണ്ണം പറഞ്ഞിത്‌.
ധാതു രണ്ടു വിധം പ്രോക്തം സകര്‍മ്മകമകര്‍മ്മകം

കൃഷ്ണോതിദിദേവ ശ്രീകൃഷ്ണന്‍ ക്രീഡിച്ചെന്നതകര്‍മ്മകം
ശ്രീകൃഷ്ണോപാലയദ്വൈകാഃ കൃഷ്ണന്‍ പാലിച്ചു ഗോക്കളെ

സകര്‍മ്മകമിദം പ്രോക്തം തിങന്താംശ്ച ബ്രവീമ്യഹം.
ലട്ടും ലങ്ങും ലോട്ടും ലിങ്ങും ലിട്ടും ലുങ്ങും തഥൈവ ച

ലൃട്ടും ലൃങ്ങും ലൃട്ട്‌ ലോട്ടും ലകാരം പത്തിവ ക്രമാല്‍.
ആശീര്‍ലിങ്ങ്‌ ലിങ്ങിലേ ഭേദം കാലഭേദമഥോച്യതേ

ലട്ടിയക്കത്തില്‍ വന്നീടും ലങ്ങ്‌ ലുങ്ങ്‌ ലിട്ടുകള്‍ പോയതില്‍
ചെയ്ക പോക വരൂതാക എന്നിത്യാദിഷു ലിങ്ങ്‌ ലോട്

ലൃങ്ങ്‌ ലൃട്വേ ലുട്ടു മൂന്നും മേല്‍വരുന്നുള്ളവയില്‍ ക്രമാല്‍.
നാനാധാതുഗണത്തിന്റെ മേല്‍‌വരുന്നു ലഡാദയഃ

ഭൂസത്തായാ മേധവൃദ്ധൌ ഡുപചഷ്പാക ഏവ ച
ലകാരത്തിന്നു രൂപങ്ങള്‍ ഈരണ്ടാം ധാതുഭേദതഃ

പരസ്മൈപദവും പിന്നെ ആത്മനേപദവും തഥാ
ഓരോന്നാകിലുമാം പിന്നെ ചിലേടത്തു യഥാവിധി

ഓരോന്നിഹ വെവ്വേറെ വര്‍ഗ്ഗം മുമ്മൂന്നു വന്നിടും.
പ്രഥമഃ പുരുഷഃ പൂര്‍വ്വം മധ്യമ പുരുഷഃ പുനഃ

ഉത്തമഃ പുരുഷശ്ചേതി വര്‍ഗ്ഗം മൂന്നിവ രണ്ടിലും
ഓരോന്നിന്നിഹ വെവ്വേറെ മുമ്മൂന്നു വചനം വരും

ഏകദ്വിബഹുമുമ്പായി വചനം മൂന്നിവ ക്രമാല്‍
മദ്ധ്യമന്‍ വരുമേടത്ത്‌ യുഷ്മത്തുകള്‍ വരും ക്രമാല്‍

ഉത്തമന്‍ വരുമേടത്തങ്ങസ്മത്തുകള്‍ വരുന്നിതു
മറ്റുള്ളേടത്തു പ്രഥമപുരുഷന്‍ വരുമെപ്പോഴും

സഃ കരോതി, ത്വം കരോഷി, കരോമ്യഹമിതി ക്രമാല്‍.
അവന്‍ ചെയ്യുന്നു, നീ ചെയ്യുന്നു, ഞാന്‍ ചെയ്യുന്നു ഇതി ക്രമാല്‍.

കുര്‍വ്വന്തി തേ, തൌ കുരുതഃ, സഃ കരോതി യഥാക്രമം
തന്റെ തന്റെ സമത്തോടു കൂടുമത്രേ വിഭക്തികള്‍

വചനങ്ങളുമവ്വണ്ണം തഥാ ലിംഗങ്ങളും വരും
കൃഷ്ണഃ കമലപത്രാക്ഷഃ കൃഷ്ണം കമലലോചനം,

കൃഷ്ണേന വാസുദേവേന, കൃഷ്ണായ പരമാത്മനേ,
കൃഷ്ണാല്‍ കമലപത്രാക്ഷാല്‍, കൃഷ്ണസ്യ കമലാപതേഃ,

കൃഷ്ണേ കമലപത്രാക്ഷേ, ഹേ കൃഷ്ണ പുരുഷോത്തമ!
കൃഷ്ണഃ കമലപത്രാക്ഷഃ, കൃഷ്ണൌ കമലലോചനൌ,

കൃഷ്ണാഃ കമലപത്രാക്ഷാഃ വചനങ്ങളിവണ്ണമാം.
വൃക്ഷഃ കുസുമിതഃ ,കാന്താ പൂര്‍ണ്ണചന്ദ്രനിഭാനനാഃ

വനം കുസുമിതം ഭാതി, ലിംഗഭേദങ്ങളിങ്ങനെ
യച്ഛബ്ദം കാണുമേടത്ത്‌ തച്ഛബ്ദം കൂടെ വന്നിടും

ക്രിയാപദം രണ്ടും മൂന്നും കാണുന്നേടത്തിവണ്ണമാം.
ക്രിയയ്ക്കടുത്ത കര്‍ത്താവും കര്‍മ്മവും തത്ര കൊള്‍‌വിത്‌

ദ്വിതീയയ്ക്കും സപ്തമിക്കും പിമ്പേ ക്ത്വാന്തം ല്യബന്തവും
തത്ര ഗത്വാ പ്രവിശ്യേതി തം ദൃഷ്ട്വാ പ്രേക്ഷ്യചേത്യപി.

രണ്ടു കര്‍മ്മങ്ങളുണ്ടാകില്‍ നടുവേ സ്യാല്‍ ലബ്യന്തവും
വിദര്‍ഭവിഷയം പ്രാപ്യ രുക്മിണീ മഹരല്‍ പ്രഭുഃ

പ്രാപ്യ സംഗമ്യ സത്കൃത്യ, പ്രേക്ഷ്യേത്യാദി ബന്തവും.
ക്‌ത്വാന്താഃ കൃത്വാച ഹത്വാച ന ത്വാഗത്വാദി കാസ്തഥാ

നത്വാ നമസ്കരിച്ചിട്ട്‌ വീക്ഷ്യ കണ്ടിട്ടിതീദൃശം,
വക്തും ശ്രോതും ഗൃഹീതും വാ തുമുന്നന്തങ്ങളേവമാം

ചതുര്‍ത്ഥ്യര്‍ത്ഥമിവറ്റിനും തസിലന്തം യഥസ്തഥഃ
രാജതോ വിപ്രതേശ്ച്യേതി പഞ്ചമ്യര്‍ത്ഥമിവറ്റിനും

കുര്‍വ്വന്‍ കുര്‍വാണയിത്യേവം ശത്രന്തം ശാനജന്തവും
ചെയ്തിയങ്ങുന്നുവെന്നേവമര്‍ത്ഥഭേദമുദീരിതം

അവ്യയങ്ങളഥോച്യന്തേ ക്ത്വാന്താശ്ചൈവല്യബന്തകാഃ
തസ്സിലന്താസ്-തുമുന്നന്താശ്‌ -ശനൈരുച്ചൈസ്തഥാധുനാ

അഥാഥോ തദനു ക്ഷിപ്രം യര്‍ഹി തര്‍ഹി ച കര്‍ഹി ചിത്‌
യദി ചേത്‌ ബതഹന്തേതി തുഹി ച സ്മഹവൈപുനഃ

യദാ തദാ കഥാ ബ്രൂയാല്‍ പ്രായശ്ശശ്വത്‌ സ്ഫുടം ദ്രുതം
അഹോ പൃഥക്‌ വൃഥാ ശീഘ്രം തത്ര യത്രാത്ര കുത്ര ചിത്‌.

ഇത്ഥം നനുദ്‌ധ്രുവം ചിത്രമപി ഖല്വേവമേവനു
യഥാതഥാകഥം നാമചിത്‌ചനാന്താദികക്രമാല്‍

കര്‍ത്താവില്‍ ക്രിയയായാകുമ്പോള്‍ കര്‍ത്താ പ്രഥമയായ്‌വരും
കര്‍മ്മം ദ്വിതീയയായിടും രക്ഷസ്വത്‌സ്മാന്‍ മഹേശ്വരഃ

കര്‍മ്മത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം
കര്‍മ്മം പ്രഥമയായിടും കൃഷ്ണേനാ ധാരി പര്‍വ്വതഃ

ഭാവത്തില്‍ ക്രിയയാകുമ്പോള്‍ കര്‍ത്താവങ്ങു തൃതീയയാം
കര്‍മ്മമില്ലെന്നു കാണേണം കൃഷ്ണേനാഭാവി ഗോകുലേ

കര്‍ത്തര്യേവ പരസ്മൈ-
പദമിതി ന ച ഭാവകര്‍മ്മണോഃ ജ്ഞേയം
ത്രിഷ്വാത്മനേപദം സ്യാത്‌
ഭാവേ പ്രഥമൈകവചനമേവ പുനഃ

സുബന്തം ക്രിയ ചൊല്ലുന്നേന്‍ ബഭൂവാന്‍ ഭൂതവാനഥ
ഭൂതോ ഭവ്യസ്ത്വേ ധനീയോഭവിതവ്യ ഇതി ത്രഷു

പൂര്‍വ്വകാല ക്രിയാ സ്തേതാഃ കൃത്വാ പ്രാപി വിധായ ച
പായം പായം ശനൈഃ കാരമപികര്‍ത്തും പ്രയോജനം.

ഔചിത്യം കൊണ്ടറിഞ്ഞീടുകര്‍ത്ഥഭേദങ്ങളൊക്കവേ
നവാരണ്യമഹീദേവ കൃതിരേഷാ വിരാജതേ.

ഇതി ബാലപ്രബോധനം സമാപ്തം.

"http://ml.wikisource.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍