ദേവീമാഹാത്മ്യം കിളിപ്പാട്ട്/പതിനൊന്നാം അദ്ധ്യായം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


11-ാം അദ്ധ്യായം വെള്ളിയാഴ്ച പാരായണം ചെയ്യാം

ദേവിയാൽ സുംഭൻ മൃതനായതുകണ്ടു ദേവകളും മുനിമാരും പ്രസാദിച്ചു ദേവിയെ

വാഴ്ത്തിസ്തുതിച്ചപ്രകാരങ്ങ-ളാവതല്ലേതുമെനിക്കു ചൊല്ലീടുവാൻ

എന്നാലുമംബതൻ മാഹാത്മ്യമോർത്തോർത്തു വന്ദിച്ചുവാഴ്ത്തുവാനാശമുഴുക്കുന്നു

ദേവി! പ്രസീദ പ്രപന്നാർത്തിനാശനേ! ദേവി! പ്രസീദ ലോകത്രയമാതാവേ!

ദേവി! ചരാചരങ്ങൾക്കെല്ലാമീശ്വരി! ദേവി! ചരണസരോജം നമോസ്‌തുതേ

സർവ്വലോകാധാരഭൂതയായ് മേവീടു-മുർവ്വിയാകുന്നതുമീശ്വരി നീയല്ലോ


സന്തതമംഭസ്സ്വരൂപിണിയായ് നിന്നു ജന്തുക്കൾ ജീവനമായതും നീയല്ലോ

നിത്യമനന്തവീര്യേ! ഭുവനത്തിനു വിത്തായവിഷ്ണുമായാദേവി നീയല്ലോ

സർവ്വജനങ്ങളെ മോഹിപ്പിക്കുന്നതും കൈവല്യമേകുന്നതും ദേവി നീയല്ലോ

വിദ്വജ്ജനഹൃദി വിജ്ഞാനമേകുന്ന വിദ്യാസ്വരൂപിണിയായതും നീയല്ലോ

സർവ്വപുരുഷ സ്വരൂപിണിയായതും സർവ്വവനിതാ സ്വരൂപിണിയായതും

സർവ്വലോകവ്യാപ്ത്‌തമായതും നീയല്ലോ

നിത്യം സമസ്‌തജനഹൃദയത്തിലും ബുദ്ധിരൂപേണ വാഴുന്നതും നീയല്ലോ

സ്വർഗ്ഗാപവർഗ്ഗങ്ങളെക്കൊടുത്തീടുന്ന ദുർഗ്ഗാ ഭഗവതി നിത്യം നമോസ്തുതേ

ദാക്ഷായണീ കലാകാഷ്ഠാദി രൂപേണ സാക്ഷിയായ് ബ്രഹ്മപ്രളയാന്തമായുള്ള

കാലസ്വരൂപിണിയായ് വിളങ്ങീടുന്ന മൂലപ്രകൃതിയാകുന്നതും നീയല്ലോ

സർവേശ്വരി! സർവ്വമംഗലമംഗല്യേ!സർവ്വാത്മികേ ശിവേ സർവ്വാർത്ഥസാധകേ!

ഗൗരി! ശരണ്യേ! പരേ! ത്ര്യംബകേ! ദേവി! നാരായണി! മഹാമായേ! നമോസ്‌തുതേ

സൃഷ്‌ടിസ്ഥിതിവിനാശങ്ങൾക്കു കേവലം കർത്തൃഭൂതേ! സകലേശേ! സനാതനേ

ഗൗരീ! ഗുണാശ്രയേ! ദേവീ! ഗുണമയേ! നാരായണി മഹാമായേ നമോസ്തുതേ

ഭക്ത്യാ ശരണാഗതപരിപാലന ശീലേ സമസ്താർത്തിഹാരിണി! മംഗലേ!

കാരുണ്യവാരാന്നിധേ കമലാലയേ നാരായണീ! മഹാമായേ നമോസ്തുതേ

ഹംസസംയുക്തവിമാനസ്ഥിതേ പരേ ചാരു കമണ്ഡലു ധാരിണി! ശാശ്വതേ

ബ്രഹ്മാണി രൂപധരേ വരദായിനീ നാരായണീ മഹാമായേ നമോസ്‌തുതേ

ശാർങ്ഗത്രിശൂലചക്രാദിധരേ പരേ ശ്വേതവൃഷഭസ്ഥിതേ ശുഭ്രവിഗ്രഹേ

മാഹേശ്വരീസ്വരൂപേണ വാണീടുന്ന നാരായണി മഹാമായേ നമോസ്‌തേ

ശക്തിഹസ്തേ മയൂരസ്ഥിതേ കൗമാരി! നാരായണി മഹാമായേ നമോസ്‌തുതേ

ശംഖാരിശാർങ്ഗഗദാപരമായുധേ! വൈഷ്‌ണവീരൂപധരേ വരദായിനീ

വൈനതേയസ്ഥിതേ ശ്യാമളവിഗ്രഹേ! നാരായണി! മഹാമായേ നമോസ്തുതേ

ദംഷ്ട്രോദ്ധൃതാവനീമണ്ഡലേ, വാരാഹി, നാരായണി! മഹാമായേ നമോസ്തു‌തേ

ഘോരനരസിംഹരൂപേ നഖായുധേ! നാരായണി! മഹാമായേ നമോസ്തുതേ

ഐന്ദ്രീ കിരീടിനി വജ്രായുധധരേ! നാരായണി! മഹാമായേ നമോസ്തു‌തേ

മുണ്ഡമാലാധരേ ചണ്ഡമുണ്ഡാർദ്ദിനി! നാരായണി മഹാമായേ നമോസ്‌തുതേ

ഘോരരൂപേ മഹാരാവേ ശിവദൂതി!നാരായണി മഹാമായേ നമോസ്തുതേ

ലക്ഷ്‌മി! ലജ്ജേ! മഹാവിദ്യേ! സ്വധേ! ധ്രുവേ!ശ്രദ്ധേ മഹാരാത്രി പുഷ്ടേ സരസ്വതി

മേധേ ശിവേ ഭൂതദായിനീ താമസി!നാരായണി മഹാമായേ നമോസ്‌തുതേ

സർവ്വത്രപാണീപാദാക്ഷീ ശിരോമുഖൈ-സ്സർവ്വതോ ഘ്രാണശ്രവണസ്വരൂപിണി!

സർവ്വരൂപേ സർവ്വശക്തിസമന്വിതേ!നാരായണി! മഹാമായേ നമോസ്‌തുതേ

സൗമ്യം മുഖന്തവ നേത്രത്രയാഞ്ചിതം സർവ്വഭയങ്ങളും തീർത്തുരക്ഷിക്ക മാം

കാൽത്താരിണ തവ കുമ്പിട്ടു കൂപ്പുന്നേൻ കാർത്യായനി ദേവി നിത്യം നമോസ്‌തുതേ

ജ്വാലാകരാളമത്യുഗ്രത്രിശൂലവും ഘോരാസുരകുലസൂദനം സർവ്വദാ

ഭീതികളഞ്ഞു രക്ഷിക്കേണമംബികേ!ശ്രീഭദ്രകാളി സതതം നമോസ്‌തുതേ

ഉണ്ടായ പാപങ്ങൾ നീക്കി നിരന്തരംഘണ്ടാ ഭയം തീർത്തു രക്ഷിക്കവേണമേ

ഖഡ്‌ഗം മഹാസുര രക്തപങ്കോജ്വലം ദുഃഖംകളഞ്ഞു മാം രക്ഷിക്കവേണമേ

നഷ്ടമാം ദേവീപ്രസാദേന രോഗങ്ങ-ളിഷ്ടകാമങ്ങളെ സിദ്ധിക്കയും ചെയ്യും

ആശ്രിതന്മാർക്കു വന്നീടുമാപത്തുകൾ-ക്കാശ്രയമംബയൊഴിഞ്ഞില്ലൊരിക്കലും

നാനാവിധങ്ങളായുള്ള രൂപങ്ങളാൽ ദാനവന്മാരെയൊടുക്കി  ലോകത്രയേ

ധർമ്മത്തെ രക്ഷിച്ചുകൊള്ളുവാനാരുമ-റ്റംബയൊഴിഞ്ഞു കാരുണ്യമോടിങ്ങനെ

മോഹാന്ധകാരേ മമത്വഗർത്തേ വീണു മോഹിപ്പിക്കുന്നതും മറ്റാരുമല്ലല്ലോ

രാക്ഷസനാഗാരിദസ്യൂദാവാനലാൽ പുഷ്കരത്തിങ്കൽനിന്നാശു രക്ഷിപ്പതും

വിശ്വേശ്വരി ദേവി വിശ്വരക്ഷാകരേ! വിശ്വാത്മികേ! നിന്തിരുവടിതാനല്ലോ

ശത്രുഭയം തീർത്തു രക്ഷിച്ചുകൊള്ളുക ഭദ്രേ! ഭഗവതി! ഞങ്ങളെസ്സന്തതം

സർവ്വലോകർക്കും വരത്തെ കൊടുത്തു നീ സർവ്വദാ രക്ഷിച്ചുകൊൾക ജഗ്രതയം

ദേവകളിങ്ങനെ ചൊല്ലി സ്‌തുതിച്ചപ്പോൾ ദേവകളോടരുൾചെയ്തിതു ദേവിയും

എന്തൊന്നഭീഷ്ടമെന്നാലതു നൽകുവൻ ചിന്തിതം ചൊല്ലുക ലോകോപകാരകം

എങ്കിലോ ഞങ്ങൾക്കിനിയുമേതും ബലാൽ സങ്കടമുണ്ടാകിലാശു തീർക്കേണമേ

എന്നതുകേട്ടരുൾച്ചെയ്തിതു ദേവിയും ഇന്നി വൈവസ്വതമായ മന്ന്വന്തരേ

ഉണ്ടാമിരുപത്തിയെട്ടാം യുഗത്തിലും കണ്ടകന്മാരായ സുംഭനിസുംഭന്മാർ

അന്നുഞാൻ നന്ദഗോപാലയേ ജാതയായ്വ ന്നീടുമല്ലോ യശോദാതനൂജയായ്

ഹന്തവ്യന്മാരാമവരുമെന്നാലന്നു വിന്ധ്യാചലേ വസിച്ചീടുവൻ പിന്നെ ഞാൻ

എത്രയും രൗദ്രമായുള്ള രൂപം പൂണ്ടു പൃഥീതലത്തിങ്കൽ വന്നുടൻ ജാതയാം

രൗദ്രചിത്തന്മാരാം ദാനവന്മാരെയും താല്പ്‌പര്യമുൾകൊണ്ടു ഭക്ഷിച്ചൊടുക്കുവൻ

രക്തങ്ങളായ‌വരുമെന്നു ദന്തങ്ങൾമേ ഭക്തന്മാരും രക്തദന്തികയെന്നെല്ലാം

ചൊല്ലിസ്‌തുതിച്ചു സേവിച്ചീടുവോരെന്നെ അല്ലലുണ്ടായവരും പിന്നെയും ഭൂതലേ

നൂറുസംവത്സരം പെയ്കയില്ല മഴ വാരിയുമില്ലാഞ്ഞു സങ്കടമായ് വരും

താപസന്മാരുമെന്നെ സ്‌മരിച്ചീടുവോർ താപം കളവാനയോനിജയായ് മുദാ

നേത്രശതംകൊണ്ടു നോക്കി മുനികളെ തീർത്തീടുവൻ പരിതാപമശേഷവും

കീർത്തിക്കുമെന്നെ ശതാക്ഷിയെന്നും ചൊല്ലി സ്തോത്രേണ താപസന്മാരുമനുദിനം

ശോകമൊഴിപ്പതിന്നാത്മദേഹോത്ഭവ- ശാകങ്ങളെക്കൊണ്ടു ജീവനും രക്ഷിച്ചു

ലോകം ഭരിച്ചു കൊണ്ടീടുവനാകയാൽ ശാകംഭരീതി മേ നാമമുണ്ടായ് വരും

ദുർഗ്ഗമനാകുമസുരനെക്കൊൽകയാൽ ദുർഗ്ഗേതി നാമവുമുണ്ടായ് വരുമല്ലോ

പിന്നെയും ഭീമമായോരു രൂപം പൂണ്ടു വന്നു ഹിമാചലേ ജാതയാമന്നു ഞാൻ

രക്ഷോഗണത്തേയും ഭക്ഷിച്ചു താപസ- രക്ഷയുംചെയ്തുകൊണ്ടീടുവനന്നവർ

ഉക്തിയോടെ ഭീമാദേവിയെന്നും ചൊല്ലി ചിത്തം തെളിഞ്ഞു നിത്യം പുകഴ്ത്തീടുവോർ

പിന്നെയുമുണ്ടാമരുണൻ മഹാസുര നന്നവനെക്കൊൽവതിനു ഞാനും തദാ

ഭ്രാമരമായൊരു രൂപം ധരിച്ചിട്ടു പോർമദമുള്ളോരസുരനെക്കൊല്ലുവൻ

ഭ്രാമരീദേവിയെന്നുള്ള നാമംചൊല്ലി കാമലാഭേന നന്നായ് സ്‌തുതിച്ചീടുവോർ

എന്നു ലോകേ ഭവിക്കുന്നിതാപത്തുക- ളന്നു ഞാനും ഭവിച്ചീടുവൻ ഭൂതലേ

ദുഷ്ട‌രെ നിഗ്രഹിച്ചൻപോടു ഭൂതലേ ശിഷ്ടരെ രക്ഷിച്ചുകൊള്ളുവാനെന്നുമേ

അദ്ധ്യായവും പതിനൊന്നു കഴിഞ്ഞിതു ബുദ്ധിതെളിഞ്ഞു കേൾപ്പിൻ പറഞ്ഞീടുവൻ