ദത്താപഹാരം
ദൃശ്യരൂപം
ദത്താപഹാരം രചന:ശ്രീനാരായണഗുരു |
ഒന്നുണ്ടു നേരു, നേരല്ലി-
തൊന്നും, മർത്ത്യർക്കു സത്യവും
ധർമ്മവും വേണ,മായുസ്സും
നില്ക്കുകില്ലാർക്കുമോർക്കുക.
ദത്താപഹാരം വംശ്യർക്കു-
മത്തലേകിടുമെന്നതു
വ്യർത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോർക്കുക.
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയിൽ.