താൾ:Vayichalum vayichalum theeratha pusthakam.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഒരു കഴുതക്കഥ


ണ്ടു പണ്ടു നടന്ന കഥയാണ് കേട്ടോ. ഒരിടത്തൊരിടത്ത് ഒരു സത്രത്തിൽ നടന്ന കഥ. സത്രമെന്നു പറഞ്ഞാൽ എന്താണ് എന്ന് കൂട്ടുകാർക്ക് മനസ്സിലായോ? അന്നൊക്കെ വഴിയാത്രക്കാർ നടന്നു നടന്നാണ് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നത്. വണ്ടിയില്ലാത്ത കാലം. നടന്നു നടന്നു യാത്രക്കാർ ക്ഷീണിക്കും. അവർക്ക് വിശപ്പും ദാഹവും തോന്നും. അപ്പോൾ കയറി വിശ്രമിക്കാനുള്ള സ്ഥലമാണ് സത്രം. അവിടെ അവർക്ക് കഞ്ഞിയും പുഴുക്കുമെല്ലാം കാശുകൊടുക്കാതെ ലഭിക്കും. കിടന്നുറങ്ങാൻ പായ കിട്ടും. രാജ്യം ഭരിച്ചിരുന്ന രാജാവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സത്രം നടത്തിച്ചിരുന്നു.

ങാ, നമ്മൾ എന്താ പറഞ്ഞുവന്നത്? പണ്ടു പണ്ടു നടന്ന കഥ, അല്ലേ? എവിടെയാ നടന്നത്? ഒരു സത്രത്തിൽ. ഒരു ദിവസം സന്ധ്യയായപ്പോൾ ആ വഴി നടന്നുവലഞ്ഞ യാത്രക്കാരെല്ലാവരും സത്രത്തിൽ ഒത്തുകൂടി. സത്രം സൂക്ഷിപ്പുകാരൻ അവർക്ക് കഞ്ഞികൊടുത്തു. കഞ്ഞികുടിയും കഴിഞ്ഞ് വർത്തമാനവും പറഞ്ഞ് അവരെല്ലാം കിടന്നുറങ്ങി. എല്ലാവരും ഉറങ്ങുമ്പോഴും ഒരാൾമാത്രം കുത്തിയിരുന്ന് കരഞ്ഞുകൊണ്ടിരുന്നു. അയാളുടെ കരച്ചിൽ കേട്ട് മറ്റൊരാൾ ഉണർന്നു. ഉണർന്നത് ബുദ്ധിമാനായ ഒരു കച്ചവടക്കാരനായിരുന്നു. അദ്ദേഹം കരയുന്നയാളിനോട് കാര്യം തിരക്കി. അപ്പോഴാണ് ഒന്നാമൻ ആ കഥ പറഞ്ഞത്. അയാളൊരു കഴുതക്കാരനായിരുന്നു. കഴുതയെ വളർത്തി കാലം കഴിച്ചിരുന്ന ആൾ. കഴുതയേയും കൊണ്ട് അയാൾ എന്നും ചന്തയിൽ പോകും. അവിടെ വരുന്നവരിൽ ചിലരുടെ ചുമടുകൾ കഴുതയെക്കൊണ്ട് ചുമപ്പിച്ചു കൊടുക്കും. അങ്ങനെ കിട്ടുന്ന കൂലികൊണ്ട് അയാളുടെ കുടുംബവും കഴുതയും കഴിഞ്ഞു വന്നു.

13
"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/11&oldid=172169" എന്ന താളിൽനിന്ന് ശേഖരിച്ചത്