താൾ:Thunjathezhuthachan.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിയുടെ ഭാഷയെന്നു പരിശോധിയ്ക്കുക; വൈയാകരണന്റെ കാലം കൢപ്തപ്പെട്ടിട്ടുണ്ടെങ്കിൽ ഏതാണ്ടു കവിയുടെ കാലവും തീർച്ചപ്പെടുത്തുവാൻ സാധിയ്ക്കും; ഇതാണു കവികളുടെ കാലം നിർണ്ണയിയ്ക്കുന്നതിന്നു ചരിത്രകാരന്മാർ ചെയ്യാറുള്ള ഒരു വഴി. എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം ഈ വിഷയത്തിൽ പരിശ്രമിക്കുന്നവർക്കു ദയനീയമായ പരാജയമാണുണ്ടാവുക. അതിന്നുള്ള കാരണം എഴുത്തച്ഛന്റെ കാലത്തിന്നു ശേഷം ഇതേവരേയും ഭാഷയ്ക്കു ഗണ്യമായ യാതൊരു മാറ്റവും വന്നിട്ടില്ലെന്നുള്ളതുതന്നെ.

(2) കവിയുടെ കാലത്തെ സമുദായാചാരങ്ങൾ സമ്പ്രദായങ്ങൾ, ഭരണവ്യവസ്ഥകൾ എന്നിത്യാദിവിഷയങ്ങൾ കവിതകളിൽനിന്നെന്തുമാത്രം മനസ്സിലാക്കുവാൻ സാധിയ്ക്കുന്നുണ്ടെന്നു പരിശോധിച്ചു് അവ ഏതേതുകാലത്തു നടപ്പിലിരുന്നവയാണെന്നു നോക്കുകയാണു കവിയുടെ കാലം തീർച്ചയാക്കുന്നതിന്നുള്ള പിന്നത്തെ ഉപായം. ഈ ഉപായവും എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം വിഫലമാണു്. പരമഭക്തനും ജീവന്മുക്തനുമായ മഹാകവി തന്റെ കവിതകളിൽ ഭക്തിപരങ്ങളും ആദ്ധ്യാത്മികങ്ങളുമായ വിഷയങ്ങൾക്കല്ലാതെ ലൗകികവിഷയങ്ങൾക്ക് ഇടമേ കൊടുത്തിട്ടില്ല. കുഞ്ചൻനമ്പ്യാരുടെ കവിതകളിൽനിന്നു മുൻപറഞ്ഞതരത്തിലുള്ള തെളിവുകൾ ധാരാളമായിക്കിട്ടുന്നുണ്ട്; എന്നാൽ പ്രസ്തുതകവിയുടെ കവിതകളിൽ ഈ മാർഗ്ഗം തീരെ അടഞ്ഞാണു കിടക്കുന്നതു്.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/22&oldid=171827" എന്ന താളിൽനിന്ന് ശേഖരിച്ചത്