താൾ:Ramarajabahadoor.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്രിവിക്രമകുമാരൻ: "സാവിത്രിയെ അച്ഛൻ നിർബന്ധിച്ചാലോ?"

സാവിത്രി: "ഞാൻ അല്ലെങ്കിൽ എന്റെ ആത്മാവു കൂടിയുണ്ട് എന്നു പറയുന്നു. ഈശ്വരനല്ലേ സാക്ഷി? ഇനി നടക്കണം."

ത്രിവിക്രമകുമാരന്റെ ഹസ്തം മുമ്പോട്ടു നീട്ടപ്പെട്ടു. അതിന്മേൽ പതിഞ്ഞതു കങ്കണവലയിതങ്ങളായ പാണിദ്വന്ദ്വം ആയിരുന്നു. ആരാധിതനാകുന്ന പുരുഷനിൽ സ്വാത്മാനന്ദത്തെ സകൃപം സമർപ്പണം ചെയ്യുന്നതിൽ സ്ത്രീമഹത്വം പ്രത്യക്ഷമാകുന്നു. ആ വർഗ്ഗത്തിന്റെ പ്രേമം സൂര്യതാപത്തിൽ വാടിപ്പോകുന്ന കുസുമബലംപോലെ ആണ്. സാവിത്രിയിലോ പുരുഷത്ത്വം മുന്നിട്ടുനിന്നിരുന്നു. എങ്കിലും വ്യസനം, ദുരന്തം എന്നിതുകളുടെ ദർശനത്തിൽ അവൾ അവലംബദായകമായുള്ള ഹസ്തത്തെ ആരാഞ്ഞുപോയി. ത്രിവിക്രമൻ സ്രഷ്ടാവാൽത്തന്നെ പ്രണയപ്രദാനത്തിന് ഉദ്ദിഷ്ടനായുള്ള ഒരു പ്രതിഷ്ഠയും ആയിരുന്നു. സാവിത്രി പ്രണയഭ്രാന്തയായി സ്വകാമുകന്റെ വക്ഷസ്സിൽ ദ്രുതപ്രപാതം ചെയ്തില്ലെങ്കിലും അവളുടെ ഹസ്തതലസമർപ്പണം ആ യുവഭാഗ്യവാനെക്കൊണ്ട് അയാളെ ആവരണംചെയ്തിരുന്ന വായുവിൽ അവളുടെ പരിപാവനാത്മാവിന്റെ സൗരഭ്യത്തെ ശ്വസിപ്പിച്ചു. തൽഫലം ആ മനോഹരവപുസ്സുകൾ രണ്ടും പരിരംഭണക്രിയയിൽ സംയോജിച്ചു. കാരണം, പ്രകൃതിയാകുന്ന വിശ്വജൗതിഷിയോടു ചോദിച്ചറിഞ്ഞുകൊള്ളുക.

അജിതസിംഹന്റെ ഗൂഢോദ്ദേശ്യം അനുസരിച്ചു നടന്ന സംഭാഷണം അർദ്ധരാത്രിവരെ എത്തി. തന്നെ ഭരമേല്പിച്ചിട്ടുള്ള മർമ്മോദ്ദേശ്യങ്ങളെ നിർവഹിപ്പാൻ ഇനി പുറപ്പെട്ടുകൊള്ളാമെന്നു നിശ്ചയിച്ച് അദ്ദേഹം ലന്തപീഠത്തിന്മേൽനിന്നു ചാടി എഴുന്നേറ്റു, രഹസ്യാലോചനയ്ക്കെന്നുള്ള പ്രത്യക്ഷനാട്യത്തോടെ ഉണ്ണിത്താന്റെ ഹസ്തം ഗ്രഹിച്ചുകൊണ്ടു പടിഞ്ഞാറേ മുറിയിലേക്കു പാഞ്ഞു. ആ നരകന്റെ പ്രവേശനം ഭട്ടബാണഭവഭൂതികളുടെ നട്ടെല്ലുകൾ ഒടിച്ചു. ആ സംഘട്ടനങ്ങൾ തൃക്കാലുകളെ നോവിക്കുകയാൽ, അജിതസിംഹൻ തെന്നിമാറി അമരസിംഹന്റെ വാരിയെല്ലുകളിന്മേൽ പാദകമലങ്ങൾ ഉറപ്പിച്ചു നിലംപറ്റാതെ രക്ഷപ്പെട്ടു. അപകടഭൂയിഷ്ഠമായ ആ രംഗം ആലോചനയ്ക്കു കൊള്ളുകയില്ലെന്നു നിശ്ചയിച്ചു നമ്മുടെ രഘുപുംഗവൻ പുറത്തുചാടി ഒന്നുരണ്ടു തളങ്ങളെ തരണംചെയ്തു, ദീപത്താൽ പ്രശോഭിതമായുള്ള ഒരു മുറി കണ്ട് അതിനകത്തോട്ടു ചാടിക്കടന്നു. ജീവാന്തംവരെയുള്ള ആത്മബന്ധത്തിനു പ്രതിജ്ഞചെയ്തിട്ട് ആ ബന്ധത്തിന്റെ പവിത്രതയെക്കുറിച്ചു ധ്യാനത്തിൽ സ്ഥിതിചെയ്തിരുന്ന സാവിത്രി ആ വിരാട്ടിന്റെ അപ്രതീക്ഷിതവും അപമര്യാദയുമായുള്ള പ്രവേശനം കണ്ടു ചാടി എഴുന്നേറ്റ് ആ ഖലന്റെ നേർക്കു ചില ജൃംഭകാസ്ത്രങ്ങൾ മോചിപ്പിച്ചു. അഭിമാനികളെ കാലപദം ചേർക്കുമായിരുന്ന ആ ശസ്ത്രങ്ങൾ അവയുടെ ലാക്കായ ഹൃദയത്തെ സാക്ഷാൽ പഞ്ചശരങ്ങളുടെ വൃഷ്ടിപാതംപോലെ രമിപ്പിച്ചു. തന്റെ ഹൃദയത്തെ ആനന്ദസേചനം ചെയ്ത ആ സൗഭാഗ്യമധുരിമയെ അജിതസിംഹൻ നേത്രങ്ങളായ രസനദ്വന്ദ്വത്താൽ ആസ്വദിച്ചുതുടങ്ങിയപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/78&oldid=168339" എന്ന താളിൽനിന്ന് ശേഖരിച്ചത്