താൾ:Ramarajabahadoor.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഞ്ഞമ്മേ!" ധർമ്മയുദ്ധത്തിൽ ചിലതെല്ലാം പ്രയോഗിച്ചുകൂടാ. കുട്ടൻപിള്ള രായരെ തോല്പിച്ചതു ശരിതന്നെ. മർമ്മവിദ്യകൊണ്ടാണ് ജയിച്ചത്. രായർ മലർന്നു വാപിളർന്നുപോയി. അവിടെ നിന്നവർ കരഞ്ഞു. ഞങ്ങൾ വലിയാന്മാരായിരുന്നപ്പോൾ ഉള്ള ഗ്രന്ഥങ്ങൾ ഇന്നും വീട്ടിലെ തട്ടിൻപുറത്തുണ്ട്. അതിൽ പറയുന്നു ഇങ്ങനെയുള്ള ക്രിയ ചതിവാണെന്ന്. രായർ തിരുമേനിയെ കൊല്ലാനും മറ്റും തുടങ്ങിയില്ല. തൃക്കൈകൊണ്ടു വാളെടുക്കുന്ന ശ്രമം ചെയ്യണ്ടായെന്നു വിചാരിച്ച് അയാൾ മുന്നോട്ടു നീങ്ങി തിരുമേനിയെ സഹായിച്ചു. അല്ലാണ്ട് ആ ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും തന്നത്താൻ ചാവാനുള്ള വഴി തുടങ്ങുമോ? ആകപ്പാടെ 'നായർ' എന്ന പേരുതന്നെ പരദേശികളുടെ ഇടയിൽ നാറ്റിക്കളഞ്ഞു."

ത്രിവിക്രമകുമാരന്റെ സ്വഭാവഗുണങ്ങളെ ബാല്യം മുതൽ അറിഞ്ഞിരുന്ന മീനാക്ഷിഅമ്മ, ആശാന്റെ കഥനത്തിൽ ഒരു വാക്കുപോലും വിശ്വസിച്ചില്ല. അനിരോധിതൻ എന്നുകണ്ട് അധർമ്മക്രിയകളെ ത്രിവിക്രമകുമാരനിൽ ചുമത്തി സമുദായത്തിനുതന്നെയും ആ യുവാവുമൂലം മാനഹാനി വന്നിരിക്കുന്നു എന്നുകൂടിക്കൊണ്ടു കൊള്ളിക്കുവാൻ ആശാൻ മുതിർന്നപ്പോൾ മീനാക്ഷിഅമ്മ തന്റെ മൗനവ്രതത്തെ, ബന്ധുജനങ്ങളെപ്പറ്റിയുള്ള അഭിമാനം നിമിത്തം തല്ക്കാലത്തേക്കു ലംഘിച്ചു "നിൽക്കണേ കുറച്ച്, ഇതെല്ലാം ആരോടു പറയുന്നു? എന്റെ മടിയിൽ വളർന്നിട്ടുള്ളവനാണ് ത്രിവിക്രമൻ. ശാസിച്ചു വളർത്തിയതു പടത്തലവനമ്മാവനുമാണ്. അച്ഛന്റെ ധർമ്മതല്പരത അറിഞ്ഞിട്ടാില്ലാത്തവർ ഈ സ്ഥലങ്ങളിൽ ചുരുക്കമല്ലയോ? ചെമ്പകശ്ശേരിക്കാരുടെ അവസ്ഥ എന്തെന്നു കൊടന്ത വിചാരിക്കുന്നു? മിണ്ടണ്ടാ; എനിക്കൊന്നും കേൾക്കണ്ടാ. ദ്രോഹം പറഞ്ഞാൽ ശിക്ഷ ദൈവത്തിൽനിന്നും കിട്ടും. ആശാൻ എന്തു കാരണത്താലോ മുമ്പിലത്തെ നില മാറി ഇപ്പോൾ കുറച്ചു തന്റേടം കാണിക്കുന്നു. എന്നെ ഉപദ്രവിക്കാൻ ഇങ്ങോട്ടു കടക്കരുത്."

കാണ്ടാമൃഗചർമ്മക്കാരനായ ആശാൻ ഇങ്ങനെ അപഹസിക്കപ്പെട്ടിട്ടും അമ്പു കൊണ്ട സൂകരത്തെപ്പോലെ വിജൃംഭിതവീര്യനായി. എന്നാൽ മുന്നോട്ടു പായുന്നതു ബുദ്ധിപൂർവ്വതയല്ലെന്നു പൂർവ്വാനുഭവങ്ങൾകൊണ്ട് അറിഞ്ഞിരുന്ന ആ സൂകരാത്മാവൂ കാലുറപ്പിച്ചു വാൽ ചുഴറ്റി നില്ക്കമാത്രം ചെയ്തു.

മീനാക്ഷിഅമ്മ: "എന്താ ആശാനെ! മനോധർമ്മങ്ങൾ ശേഖരിച്ചു മറ്റുള്ളവരെ വലപ്പിക്കാതെ പോവുക."

കൊടന്തആശാൻ: (തൊഴുതു ചിരിച്ചുകൊണ്ട്) "എന്റെ കുഞ്ഞമ്മെ! യുഗവിശേഷംകൊണ്ടു നേരിനു നിലയില്ല. കാര്യം പറയുന്ന കർണ്ണശ്ശാർക്ക് അച്ചികുന്തം. പാലും പഴകുമ്പോൾ കയ്ക്കും. ഹും! എല്ലാം പോട്ടെ. ഞാൻ പറവാൻ വന്നതു വേറൊരു കാര്യമാണ്. ശനിപ്പിഴകൊണ്ടു നേരുപറഞ്ഞുപോയി. ഇവന്റെ ദുഷ്ക്കാലംകൊണ്ട് ഈ സന്ധിയിൽ ഫലിതം പറഞ്ഞാലും ചൊവ്വാകയില്ല. എങ്കിലും ഉണ്ണുന്നതും ഉടുക്കുന്നതും നിങ്ങടെ മൊതല്."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/62&oldid=168322" എന്ന താളിൽനിന്ന് ശേഖരിച്ചത്