താൾ:Ramarajabahadoor.djvu/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറുപത്തിനാലു തണ്ടുതന്നെ പ്രവർത്തനം ചെയ്താലും ഒരു ബോട്ടിനെ മേല്പോട്ടു കയറ്റുവാൻ സാധിക്കാത്ത ആ ഒഴുക്കിൽ, അലഘുഭാരമായ സാവിത്രീകായത്തെയും വഹിച്ചുകൊണ്ട് വൃദ്ധൻ വിംശതിഹസ്തനായ ദശകണ്ഠൻ എന്നപോലെ, അടുത്ത കര നോക്കി ഒഴുക്കുവിലങ്ങി, കീഴ്പോട്ടു ചാഞ്ഞ് നീന്തിത്തുടങ്ങി. ഒരു മഹാകൃത്യത്തിന്റെ നിർവ്വാഹകൻ എന്നുള്ള ഉന്മേഷം വൃദ്ധനെ ബൃഹത്തരശക്തൻ ആക്കി. ധൈര്യശാലിനിയായ കന്യക മനഃക്ഷീണലാഞ്‌ഛനം കൂടാതെ പ്രവർത്തനസ്വാതന്ത്ര്യമുള്ള ഹസ്തത്താൽ സഹായിച്ചുതുടങ്ങി. വൃദ്ധൻ, താൻതന്നെ വഞ്ചി എന്നും തന്റെ വീര്യം നാവികൻ എന്നും കൈ തുഴ എന്നും സങ്കല്പിച്ചു പാമരഗാനം പാടി, കന്യകയെ ഉന്മേഷവതിയാക്കിക്കൊണ്ട് നീന്തിത്തുടങ്ങി. അതിദൂരത്തുള്ള ഒരു കുന്നിന്റെ മൂർദ്ധാവിൽ മഹമ്മദീയവേഷധാരിയായ ഒരു അശ്വാരൂഢൻ ആ ഉൾക്കായലിന്റെ ലലാടപ്രദേശം നോക്കിപ്പായുന്നത് ആ വൃദ്ധനും കന്യകയും കണ്ടു. അജിതസിംഹനെ അല്ല, വർണ്ണപ്രകാശം, രാജകുമാരകീചകനെ കന്യകയെക്കൊണ്ടു സ്മരപ്പിച്ചു. 'കരംപിടിക്കണം അമ്മാവാ' എന്നു പറഞ്ഞുകൊണ്ട് സാവിത്രി ആയംകൂട്ടിത്തുഴഞ്ഞു, വൃദ്ധനെ പ്രോത്സാഹിപ്പിച്ചു. വരദതുംഗഭദ്രാദിമഹാനദികളെ മഹാജലപ്രവാഹത്തിലും നീന്തിക്കടന്നിട്ടുള്ള ആ പുരുഷന് വാർദ്ധക്യവും കന്യകാഭാരവും പ്രതിബന്ധങ്ങളായിത്തീർന്നു എങ്കിലും, "ഛെ! ഈ ചളുപിളുത്ത വെള്ളത്തിന്റടുത്തു തോക്കുകയോ? ഹങ്ങനത്തന്നെമ്മണീ! " എന്നു ഗർജ്ജിച്ചുകൊണ്ട് അദ്ദേഹം ഒറ്റക്കയ്യാൽ മാറുവച്ചു നീന്തിത്തുടങ്ങി. ചില തരുശിരസ്സുകൾ പാദങ്ങളിൽ ഇടഞ്ഞു. ചവറ്റുചങ്ങാടങ്ങൾ, ശവച്ചങ്ങാടങ്ങൾ എന്നിതുകൾ വൃദ്ധനെക്കൊണ്ടു കോപഗർജ്ജനങ്ങളും നാസാച്ചീറ്റങ്ങളും ഉത്സർജ്ജിപ്പിച്ചു. സ്വഭാഗിനേയന്റെ മനസ്സ്വാസ്ഥ്യം ഭഞ്ജിക്കപ്പെട്ടാൽ തന്റെ പരലോകവാസം അസുഖമെന്നുള്ള വ്യാകുലതയോടെ, വൃദ്ധൻ ആയംകൂട്ടി നീന്തി. കര അടുത്തുതുടങ്ങി. എന്തോ ചില സുമാന്തങ്ങൾ തന്റെ ജംഘകളെ ചുംബനം ചെയ്തു. ചില കൃഷ്ണവലയങ്ങൾ ജലമുഖത്തിൽ ക്ഷണനേരപ്രകാശിതങ്ങളായി മറഞ്ഞു. "ആഹ്ാ! ഹങ്ങനെയോ!" എന്ന് ആക്രോശിച്ചുകൊണ്ട് ആയം ഒന്നുകൂടിക്കൂട്ടി. ചില സൂചിമുനകൾ ഊരുപൃഷ്ഠപ്രദേശങ്ങളിന്മേൽ തറച്ചുതുടങ്ങി. പരമാർത്ഥം ഗ്രഹിച്ച വൃദ്ധൻ, തന്നാൽ ധ്വംസിക്കപ്പെട്ട് അവഭ്രഷ്ടയായി, പൂജാഗൃഹാദികൾ നഷ്ടമായിത്തീർന്നുള്ള ചാമുണ്ഡിയെത്തന്നെ സ്മരിച്ചു നീന്തി കരയോടടുത്തു. തെരുതെരെ പെരുകുന്ന മത്സ്യനിര എന്നപോലെ ഒരു ജലശ്വാനസംഘം വൃദ്ധനെ ആവരണം ചെയ്തു. "കേയൂന്റടുത്തു ചൊല്ല്; ഇവൻ ഇരുന്നു തേടിക്കൊടുത്തു എങ്കിലും, ചാവുമ്പം-" എന്നു തുടങ്ങിയ ചരമവാക്യത്തിനിടയിൽ കന്യകയെ പ്രവാഹപുളിനത്തിലേക്കു ചാണ്ടി. വൃദ്ധന്റെ മുതുക്, കണ്ഠം, ശിരസ്സ് എന്നിതുകൾ അനുക്രമം ജലത്തിലേക്കുതാണു. ഒന്നു പൊങ്ങി കൈകൾ അറഞ്ഞുകൊണ്ടുള്ള അട്ടഹാസം, പ്രവാഹമുഖത്തിൽ ശോണകണസമ്മിശ്രമായ ബുൽബുദനിരകളെ ഉത്ഭവി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/409&oldid=168271" എന്ന താളിൽനിന്ന് ശേഖരിച്ചത്