താൾ:Ramarajabahadoor.djvu/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വപ്നം കണ്ടു തുടങ്ങിയ സുൽത്താൻ ഭേരികളുടെ നിശബ്ദതയാൽ ഉണർത്തപ്പെട്ടപ്പോൾ ദീർഘികയാൽ നിലകൊള്ളിക്കപ്പെട്ട ഭടജനത്തിന്റെ സ്വസ്ഥതയെ കണ്ടു സിംഹനാദംചെയ്തു. പടഹങ്ങൾ, കാഹളങ്ങൾ, സേവകസേനാനികളുടെ കണ്ഠങ്ങൾ ഇവയെല്ലാം രാജകോപത്തെ പ്രതിധ്വനിപ്പിച്ചു. സേതുകർത്താക്കന്മാരായ നളനീലാംഗദാദികൾ അരക്കച്ചകൾ മുറുക്കി, ഉഷ്മളോത്സാഹികളായി. സേതുബന്ധനത്തെ നിരോധിച്ചു പുറപ്പെട്ട പീരങ്കിഉണ്ടകൾ ചില ശരീരങ്ങളെ ശിഥിലങ്ങളാക്കി കണ്ഠീരവരക്തത്തിന്റെ തുടർച്ചയായി സംഗരകാളിക്കു പ്രസന്നപൂജാനിവേദ്യത്തെ സമർപ്പിച്ചു എങ്കിലും, സുൽത്താന്റെ ശിക്ഷാരീതികളുടെ വിവിധത്വത്തെ ഗ്രഹിച്ചിരുന്ന വേതനാർത്ഥികൾ ക്ഷീണന്മാരായില്ല.

കതിരവൻ വീണ്ടും ചെങ്കതിരവനാവാൻ ചാഞ്ഞു തുടങ്ങിയപ്പോൾ സേനാനിവഹം സേതുതരണം ആരംഭിച്ചു. മഹമ്മദീയാക്ഷൗഹിണിയുടെ ദക്ഷിണ ശൃംഗത്തെ ശിഥിലിപ്പാൻ ചെറുവനങ്ങളിലെ പാർപ്പുകാർ മുതിർന്ന് കുമാരൻതമ്പിയുടെ നേതൃത്വത്തിൽ പ്രത്യക്ഷന്മാരായി. മൈസൂർപടയുടെ ആ പക്ഷം കുമാരൻതമ്പിയുടെ അനുയായികളും ആയി ഇടഞ്ഞു നളികങ്ങളുടെ മുഖാരവങ്ങളും പാദാഘാതങ്ങളുംകൊണ്ട് ആ സമരരംഗം തകർന്നുകൂടി. ഇതിനിടയിൽ ആഭിസീനികരുടെ നിഗ്രഹശലാകകൾ ആകാശവീഥിയിൽ മക്ഷികാഗണങ്ങളെന്നപോലെ വ്യാപരിച്ച് പ്രാകാരരക്ഷികളിൽ ചിലരെ നിലംപതിപ്പിച്ചു. വഞ്ചിസേനയുടെ അണിവെടികൾ തെരുതെരെ തകർത്ത് ടിപ്പുസേനയെയും സംഭ്രമിപ്പിച്ചു. പ്രാകാരത്തിലെ പീരങ്കികൾ മഹമ്മദീയസൈന്യനിരകളിൽ ചില വിവിക്തദ്വാരങ്ങളെ നിർമ്മിച്ചു. ആഭിസീനികർ അണികൾ അടുപ്പിച്ച് ഉറപ്പിച്ചു പ്രാണഭയമെന്യേ മുന്നോട്ടു നീങ്ങി. കോട്ടയുടെ പിൻഭാഗത്തുള്ള വഞ്ചിസേനയും ക്യാപ്ടൻ ഫ്ലോറിയുടെ ഉഗ്രാട്ടഹാസങ്ങൾ അനുസരിച്ചു ബോധശൂന്യന്മാരായി, പടവിളികൾ ആർത്തുകൊണ്ട്, ശത്രുക്കളുടെ തോക്കുനിറയ്ക്കു ലക്ഷ്യങ്ങളായി മുന്നോട്ടു നീങ്ങി. പരിപന്ഥികൾ ഇടഞ്ഞു പടനേതാക്കന്മാരും പടവുകളും ദ്വന്ദ്വസമരം തുടങ്ങി. തോക്കുകളുടെ ചടചടരടിതങ്ങൾ നിലകൊണ്ടു എങ്കിലും, ശിരസ്സുകളും ഇതാരാംഗങ്ങളും ഖഡ്ഗകഠാരകളാൽ വിച്ഛേദിക്കപ്പെട്ട് ഒരു ശ്രീഭൂതബലിതന്നെ അവിടെ നിർവ്വഹിതമായി. മുറവിളികൾ ബഹുശംഖസഹസ്രങ്ങളെന്നപോലെയും പടത്തർപ്പുകളുടെ ഘോഷങ്ങൾ പാണീനിനദങ്ങൾക്കു തുല്യവും ആ ദിഗ്ദേവിയെത്തന്നെ സ്തംഭിപ്പിച്ചു. ദിവാന്ധന്മാരായ ശാർദൂലങ്ങളെന്നപോലെ പരസ്പരം കുത്തിവെട്ടിയും വിരുദ്ധകക്ഷികളിലെ ഭടന്മാർ വീരസ്വർഗ്ഗം പ്രാപിച്ചുതുടങ്ങുന്നതിനിടയിൽ ടിപ്പുവിന്റെ ഖനകസംഘം പ്രാകാരധർഷണത്തിനു നീങ്ങി. രക്ഷികളുടെ തോക്കുകൾ രാമശരവേഗത്തിൽ‌ പ്രയുക്തങ്ങളായിട്ടും ലോഹരചിതങ്ങളായ ഉഷ്ണീഷങ്ങളും കവചങ്ങളും ധരിച്ചുള്ള ഖനകസംഹതിയെ പിൻവാങ്ങിക്കുവാൻ സാധിക്കുന്നില്ല. പ്രാകാരമൂലത്തിൽ എത്തിപ്പോയ ആ സംഘത്തെ ധ്വംസിക്കുക പീരങ്കികൾക്കു ശക്യമാകുന്നതുമില്ല. ടിപ്പുവിന്റെ ഇടംപട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/366&oldid=168223" എന്ന താളിൽനിന്ന് ശേഖരിച്ചത്