താൾ:Ramarajabahadoor.djvu/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻജിക്കു രഹസ്യമായിരുന്നില്ല. സേനാമാർഗ്ഗത്തിലെ കുന്നുകളിലും മരക്കൊമ്പുകളിലും കഴുകകാകന്മാർ എന്നപോലെ ഗൂഢവാസംചെയ്തിരുന്ന കാടരിപ്പന്മാർ, ടിപ്പുവിന്റെ സേനാപംക്തികളുടെ യാത്രയിലെ വിശ്രമങ്ങൾ, അക്രമങ്ങൾ, ഗോമേധങ്ങൾ മുതലായ കൃത്യങ്ങളെ അപ്പഴപ്പോൾ അഴിക്കോട്ടയിലും ദിവാൻസമക്ഷവും ധരിപ്പിച്ചുകൊണ്ടിരുന്നു. അവസാനവിശ്രമത്തിലെ പാളയം, മഹാഡംബരേച്ഛുക്കൾക്കു ചേർന്നുള്ള കൂടാരങ്ങളും കൊടികളും തോരണങ്ങളും ഭേരീഗോപുരങ്ങളും സ്തുതിപാഠകവേദികളുംകൊണ്ട് ഇന്ദ്രപ്രസ്ഥമാക്കപ്പെട്ടു.

പുത്തൻസേനാസങ്കേതത്തിൽനിന്ന് ആ സമരയാത്രാഹേതുവും തന്റെ മാർഗ്ഗപ്രതിരോധിയുമായുള്ള പ്രാകാരത്തിന്റെ 'ശല്യത'യെ തന്റെ യുധിഷ്ഠിരാക്ഷിപ്രപാതത്താൽ ഭസ്മമാക്കുന്നതിനായി സുൽത്താൻ ബഹദൂർ അശ്വാരൂഢനായി സേനാനികൾസമേതം ഒരു സവാരി ചെയ്തു. പ്രാകാരനാമത്തെ വഹിക്കുന്ന ആ സ്ഥലം കേവലം ഒരു വ്യാപാരശാലയുടെ മതിൽക്കെട്ടും അതുതന്നെ ജീർണ്ണിച്ചുതീർന്നുള്ള അവശേഷവുമായി കാണപ്പെട്ടപ്പോൾ ആയിടയിൽ കേട്ടു പരിശീലിച്ചിരുന്ന ചന്ത്രക്കാറന്റെ ഋഷഭശ്രുതിയിൽ അദ്ദേഹം ഒന്നു പൊട്ടിച്ചിരിച്ചു. എന്നാൽ, കോട്ടയുടെ നികടവർത്തിയായുള്ള വിശാലജലാശയം, ഒരു പ്രക്ഷുബ്ധപിശാചിയെപ്പോലെ, പവനവിജൃംഭണത്തിൽ വൻപിച്ച തരംഗപരമ്പരകളിളകിച്ച് പുളിനങ്ങളിൽ അതിഭയങ്കരമായി താഡിച്ചലറുന്നതു കണ്ടപ്പോൾ, സുൽത്താന്റെ ഹൃദയം ഒന്നു സങ്കോചിച്ചു. അഴിക്കോട്ടയെ അടക്കി തെക്കോട്ടുള്ള പ്രയാണം സാദ്ധ്യമാകുന്നെങ്കിൽ താൻ കാണുന്നതിലും ഭീഷണതരങ്ങളായ ജലരാശികൾ തന്റെ മാർഗ്ഗത്തെ നിരോധിക്കുമെന്ന് അപഥ്യവാദികളുടെ ഉപദേശങ്ങളെ സ്മരിച്ച് സുൽത്താൻ ഒരു ചാഞ്ചല്യാബ്ധിയിൽ പതിതനായി. ഊർജ്ജിതഭാഷയിൽ കേരളകർത്താവായ 'പർസുറാം' ബ്രാഹ്മണനെ ഭർത്സിച്ചു ശപിച്ചുകൊണ്ടു തന്റെ ഉച്ചൈശ്രവസ്സിനെ പുറകോട്ടു പായിച്ചു.

അഴിക്കോട്ടയുടെ പ്രയോജനത്തെ സംബന്ധിച്ചിടത്തോളവും സുൽത്താന്റെ നേത്രമാനം അദ്ദേഹത്തിന്റെ അഹങ്കാരദണ്ഡത്താൽ നിവർത്തിച്ചതല്ലായിരുന്നു. ദിവാൻജിയും അതിനെ ഒരു സാമാന്യകുഡ്യമായി മാത്രം വിചാരിച്ചതേയുള്ളു. കൗമാരത്തിലെ സഞ്ചാരങ്ങൾക്കിടയിൽ ബഹുപ്രാകാരങ്ങൾ കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ കണ്ണുകളെ അ‌ത് ഒരു മഹാദുർഗ്ഗപ്രാകാരമായി ആകർഷിക്കുകയോ വഞ്ചിക്കുകയോ ചെയ്തില്ല. വ്യവസായികളായ ഒരു സംഘക്കാരുടെ പാണ്ടികശാലകളെ രക്ഷിക്കുകയും പരിസരവാസികളെ ഊപ്പിടി കാട്ടുകയും ചെയ്‌വാനായി നിർമ്മിക്കപ്പെട്ട ആ കോട്ട ജീർണ്ണിച്ചതും ഒരു കോണ് ഇടിഞ്ഞുതൂർന്നിരുന്നതും ദിവാൻജി കണ്ടിരുന്നു. അലവാക്കര, ഉദയഗിരി മുതലായ കോട്ടകൾ കെട്ടിച്ച രാജ്യത്തിന് സമുദ്രംമുതൽ സഹ്യപർവ്വതംവരെ ഉത്തരപരിധിയെ ഒരു അഭേദ്യമായ വപ്രപംക്തികൊണ്ടു രക്ഷിപ്പാൻ സാധിക്കുമെന്നുള്ള വിചാരത്തോടെ ലന്തക്കമ്പനിയാരോട് ആ കോട്ടയും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/363&oldid=168220" എന്ന താളിൽനിന്ന് ശേഖരിച്ചത്