താൾ:Ramarajabahadoor.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിൽ ആക്കുന്നതിനായി, രോഗിണിയായ മാതാവിനെ അനുഗമിക്കാതെ നടന്നുകളഞ്ഞതായിരുന്നു.

സ്വൈര്യചിന്തയ്ക്കു സഹകാരിയായുള്ള വിജനത ക്ഷണത്തിൽ വിഘാതപ്പെട്ടു. ചീകി മേല്പോട്ടു പിടിച്ചു മുറുകെക്കെട്ടീട്ടുള്ള കുന്തളകന്ദുകത്തെ സ്വസ്വാമിനി ഉപയോഗിച്ചു വാടിയ മല്ലികാമാല്യംകൊണ്ട് അലങ്കരിച്ച്, "എന്നിലഴകിയ പെണ്ണുണ്ടോ?" എന്നു ചോദ്യംചെയ്യുന്ന ലജ്ജാലസതയാൽ സന്നതാംഗിയായി ഒരു ഭൃംഗസ്വരൂപിണി പറന്നുകിതച്ചു സാവിത്രിയുടെ മുമ്പിൽ എത്തി. ഉണ്ടത്തലയിലെ വട്ടക്കണ്ണിണയെ ശൃംഗാരാർത്ഥത്തിൽ ചലിപ്പിച്ചും അനംഗസന്ദേശത്തെ വഹിക്കുന്ന തരളതയാൽ മഞ്ഞപ്പല്ലുകളും തിമിർത്ത താടിയും ഏക ഹസ്തത്താൽ ആച്ഛാദിച്ചും ആ നീരദാംഗി മൃദുവായുള്ള ഝംകാരസ്വരങ്ങളിൽ സ്വാമിനിക്കു ഹിതമായുള്ള വാർത്തയെ മുരണ്ടു. ഈ കുഞ്ഞിപ്പെണ്ണ് എന്നു പേരായ കൃഷ്ണ സാവിത്രിയുടെ കോപപരീക്ഷകളിലെ സപ്തസാലമായിരുന്നു. എന്നാൽ, അവളുടെ വെണ്മാടവക്ഷസ്സിലും പൃഥുലമായ വക്രമുതുകിലും ഏല്ക്കുന്ന ഹസ്തനിപാതങ്ങളും നഖക്ഷതങ്ങളും നോവിക്കുന്നതു സ്വാമിനിയുടെ അന്നവസ്ത്രങ്ങളെത്തന്നെയെന്ന് അപരിഷ്കൃതമായുള്ള കാലത്തെ ഭക്തിബന്ധവൈശിഷ്ട്യത്താൽ ആ സരസ സമാധാനപ്പെട്ടുവന്നു. ഇവളുടെ ശൃംഗാരലാസ്യങ്ങൾ കണ്ടപ്പോൾ, ആ അനവസരത്തിലെ ഗോഷ്ടികൾക്കു ദത്തമാകേണ്ട സമ്മാനം എന്തെന്ന് സാവിത്രി ചിന്തിച്ചു. കുഞ്ഞിപ്പെണ്ണു താൻ വഹിക്കുന്ന വൃത്താന്തത്തെ അമ്പത്താറ് അക്ഷരാവലിയിൽ ചിലതിനെ പ്രയോഗിച്ച് ഇങ്ങനെ കഥിച്ചു. "വയനം. ഞ്ഞമ്മെ അപ്പയത്തു വയനം. അവട..." സരസ്വതീബ്രഹ്മദേവന്മാരുടെ സംഘടനംമുതൽ സംഭവിക്കുന്ന ഒരു ഹൃത്സംയോജനത്തെ സംബന്ധിച്ചു തോന്നിയ വ്രീളാഭാരത്താൽ, കുഞ്ഞിപ്പെണ്ണു ശേഷം വാക്കുകൾക്കു പകരം ചില ഭ്രൂഭംഗങ്ങളും മൂഷികസ്വനങ്ങളും പ്രയോഗിച്ചു.

സാവിത്രി: "എന്തൊന്നെടി നീ തേവിടിശ്ശീ ആടുന്നത്?"

കുഞ്ഞിപ്പെണ്ണ്: (ദന്തനിര മുഴുവൻ കാട്ടിക്കൊണ്ട്) "വൊ അയല്ലയൊ പറയണത്. അപ്പയത്ത് ഒന്ന് ഓടിച്ചെല്വാനക്കൊണ്ടു. പയ്മ്മനാപസാമി എഴിച്ച് വന്നൂട്ടപോലെ ഇരിക്കുന്നു. നോക്കുവാനെക്കൊണ്ടെന്തോന്ന്? നമ്മുടെ ചെമ്പകശ്ശേലീലെ ഹഹഹാ! ഞ്ഞമ്മോ! ഞ്ഞമ്മോ!"

ഈ സന്തോഷപ്രകടനത്തിനു കിട്ടുമായിരുന്ന സംഭാവന അന്നത്തെ സന്ദർഭവിശേഷത്താലും വൃത്താന്തത്തിന്റെ കർണ്ണസുധാരസത്താലും കുഞ്ഞിപ്പെണ്ണിനെക്കൊണ്ടു പ്രഹരനിരോധനാർത്ഥമുള്ള നൃത്തങ്ങൾ തുള്ളിച്ചില്ല. ചെമ്പകശ്ശേരിയിലെ 'കുട്ടിച്ചേട്ടൻ' ആയ ത്രിവിക്രമകുമാരന്റെ സമാഗമത്തെ ദാസി ധരിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോൾ, സാവിത്രിയുടെ അപ്രസന്നമായിരുന്ന മുഖം സൗഹാർദ്ദചന്ദ്രികയെ സ്പർശിച്ച പുഷ്ടകുമുദംപോലെ വികസിച്ചു. ലോകവൈകല്യങ്ങളും ലോകാഭിപ്രായങ്ങളുടെ വക്രഗതികളും കഥകൾ മാർഗ്ഗമായി ഗ്രഹിച്ചിട്ടുണ്ടെങ്കിലും സ്വാത്മപ്രഭുത്വത്തിലും ഗാംഭീര്യത്തിലും ഉള്ള വിശ്വാസത്തോടെ ആ കന്യക

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/28&oldid=168127" എന്ന താളിൽനിന്ന് ശേഖരിച്ചത്