താൾ:Ramarajabahadoor.djvu/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുമക്കുഞ്ഞ്, ഇങ്ങനെയുള്ള പൊന്നുംകുടത്തിനെ "ചെവിക്കുചെവിയറിയാതെ രാത്രിയിൽ ഭർഗ്ഗിച്ചുകൊണ്ടുപോയത് ഹാരടീ?" എന്ന് ഒരു വലിയ വെടി കുറുങ്ങോട്ടുകുറുപ്പിന്റെ കണ്ഠത്തിൽനിന്നു പുറപ്പെട്ടു. "ഇതെന്തെരു കൂത്ത്"? എന്നു ചോദിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണു വീണ്ടും സഭയുടെ മുൻപിൽ ദീനപ്രലാപം തുടങ്ങി.

കുറുങ്ങോടൻ: (കുഞ്ഞിപ്പെണ്ണിന്റെ കരച്ചിൽ കണ്ട് അവൾ അപരാധിനിയെന്നു തീർച്ചയാക്കീട്ട്) "എടാ കിട്ണാ, ഈ ചൂലേപ്പിടിച്ച് ആ തൂണേക്കെട്ടടാ-ഖെട്ടടാ! ആരെടാ അത്, ഉമ്മട്ടിയോ? ഒരു കടക്കൊള്ളി എടുത്തോണ്ടുവാ. വയ്ക്ക് അവടെ പൊറത്ത്. വെന്തുനീറട്ടെ. ആഹാ!"

കുഞ്ഞിപ്പെണ്: (ഉണ്ണിത്താന്മാരോട്) "അയ്യോ! ഇതെന്തെരു പാരെന്നു നിങ്ങളു കേപ്പിൻ. എന്നെ അരുത്തു കിരപ്പാൻ ഇന്നലെ താമസിച്ചില്ല. മനക്ഷേരേ ചുടണതും കരിക്കണതും ചത്തിറ്റല്യോ വേണം? അങ്ങ് ധിവാനി അങ്ങുന്ന് പോണ പെരുവയിയിലോ ചെമ്പേച്ചേരിയിലോ മാങ്കോയിക്കലോ കാണും ഞ്ഞമ്മ."

ഈ സൂചനകൾ കേട്ടപ്പോൾ സഭാവാസികളും കെട്ടിനകത്തുള്ള സ്ത്രീകളും കഥ മുഴുൻ ഗ്രഹിപ്പാൻ പ്രവൃദ്ധമായ ഉൽക്കണ്ഠയോടെ ദത്തകർണ്ണരായി കാത്തുനിന്നു.

കുറുങ്ങോടൻ: (തുടയിൽ താളം അറിഞ്ഞിട്ട്) "എടി പെണ്ണേ, ശൂലേ! ഹ്! നിന്റെ മരമുഞ്ഞി കണ്ടപ്പോൾ കുറുപ്പിനു മനസ്സിലായി, നീ അറിയാണ്ടിതു നടന്നിട്ടില്ലെന്ന്. ഉം-പറഞ്ഞേക്ക്, നീ ശേഷം പരമാർത്ഥവും. പഴുപ്പിക്കെടാ ആരെങ്കിലും നാരായം! ഇവളുടെ തൊണ്ടയ്ക്ക് ഇപ്പോളിറക്കിയില്ലെങ്കിൽ കുറുങ്ങോടൻ ഇനി കുറുങ്ങോടനല്ല. നീ എങ്ങനെ അറിഞ്ഞു പോയെന്ന്? എങ്ങനെ പോയി? ആരു കൊണ്ടുപോയി?"

കുഞ്ഞിപ്പെണ്: "ചുമ്മ വെളിപ്പെരാതിരിക്കണം മ്മാവാ."

കുറുപ്പിൽനിന്നുണ്ടായ ഒരു 'ഫ'യുടെ ഘോഷം ഭവനകൂടത്തെ ഇളക്കാത്തത് കേശവനുണ്ണിത്താന്റെ ധനയോഗവിശേഷം കൊണ്ടായിരുന്നു.

"നിന്റെ അമ്മാവനെന്നും അച്ഛന്റെ നായരെന്നും പറഞ്ഞാൽ കുറുപ്പിന്റടുത്തു ചെല്ലൂല്ല. പറ, എവിടെപ്പോയി, എങ്ങനെ പോയി എന്ന്?"

കുഞ്ഞിപ്പെണ്: "അല്ലേ പരഞ്ഞപ്പ കേറ്റൂരാരുന്നോ?"

കുറുങ്ങോടൻ കുഞ്ഞിപ്പെണ്ണിന്റെ നേർക്കു കുതിച്ചുചാടി. അവൾ മുറ്റത്തു നിന്നവരുടെ തലയിലും ചാടി. ആ സരസസംഘം അവളെ അല്പനേരം പന്തായിട്ട് അവൾക്കുവേണ്ടി വാദം തുടങ്ങി. "അവൾ പറഞ്ഞല്ലോ ചെമ്പകശ്ശേരിയിലോ മാങ്കോയിക്കലോ ഉണ്ടായിരിക്കുമെന്ന്." ഇളപ്പം കണ്ടിരുന്ന സാക്ഷിക്കു യുവസംഘക്കാർ വക്കീലന്മാരായപ്പോൾ ജഡ്ജിയുടെ പ്രാഗല്ഭ്യം പ്രകാശിപ്പിക്കാനുള്ള അവസരം നഷ്ടവും തന്നിമിത്തം അദ്ദേഹത്തിന്റെ ഉത്സാഹം ഭഗ്നവും ആയി. "എന്നാൽ ഈ കൂട്ടവും കൂടിയാലോചനയും എന്തിന്? നിങ്ങൾ മൂടുകിടക്കെ മൂത്ത വിരുതന്മാർ, കൊണ്ടന്നേക്കിൻ. എന്തായാലും ആ കുട്ടിയുടെ നടത്തം മഹാമോശം" എന്നു പറഞ്ഞുകൊണ്ടു കച്ചമുണ്ടിനെ നിരയിൽ ചേർത്തുവച്ചിട്ട്

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/191&oldid=168029" എന്ന താളിൽനിന്ന് ശേഖരിച്ചത്