താൾ:Ramarajabahadoor.djvu/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രതിഷ്ഠിതനായിരുന്ന ചാപല്യമൂർത്തിക്ക് ഇങ്ങനെ ക്രിയാസ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇഷ്ടകർമ്മങ്ങൾക്കായി ആ ദുർദ്ദേവൻ ഉദ്യോഗിച്ച് ആദ്യമായി സാവിത്രിക്കുട്ടിയുടെ മണിയറമുറ്റത്തു തുള്ളിത്തിടങ്ങി. ആ ദേവന്റെ സ്യന്ദനമായ ആശാനെ കണ്ടപ്പോൾ അടുത്തു നിന്നിരുന്ന ദാസി ആ വാഹനത്തിന്റെ ഘടന പൂർവ്വസ്ഥിതിയിൽ അഭിന്നമായി ശേഷിക്കുന്നുണ്ടോ എന്ന് അറിവാൻ കുതൂഹലവതിയായി.

കുഞ്ഞിപ്പെണ്ണ്: "ആയാനെ, ആയാന്റെ മുതുവൊന്നു കാനറ്റെ. മുറ്റുരന്റു അങ്ങൊന്റോ?"

കൊടന്തആശാൻ: "ഈ കാട്ടുപോത്രിയാണ് ഇവനെ സർവത്ര ദ്രോഹിക്കുന്നത്."

കുഞ്ഞിപ്പെണ്ണ്: "അതെന്തായാനെ, അങ്ങനെ പരയുന്നത്? ആയാൻ തന്ന എയിത്തിനെ-"

കൊടന്തആശാൻ: (ഝടിതിയിൽ തടഞ്ഞ്) "ഛേ! അതിങ്ങു തന്നേക്ക്."

കുഞ്ഞിപ്പെണ്ണ്: "അയ്യോ! പക്ഷംകൊന്റും വായിച്ചു വായിച്ചു പശ്ചിച്ചല്ലിയോ പെയ്യും."

സാവിത്രിക്കുട്ടി: "ഉരുളേണ്ട ആശാനെ, ആകപ്പാടെ അതു വലിയ വേണ്ടാസനമായിപ്പോയി."

കൊടന്തആശാൻ: (കുഞ്ഞിപ്പെണ്ണിനെ നോക്കി) "നീ അറുവല എന്തു പറ്റിച്ചു? (സാവിത്രിയോടു) ഗുരുനാഥന്റെ പാദം ദൂരത്തായപ്പോൾ സംഭവിക്കുന്നതെല്ലാം വിഘ്നം. ഒരു സംസ്കൃതശ്ലോകം മലയാളത്തിലാക്കി ശരി നോക്കിനില്ക്കുമ്പോൾ ഈ എച്ചിക്കാളി തട്ടിപ്പറിച്ചു കൊണ്ടുപോയി. (വീണ്ടും കുഞ്ഞിപ്പെണ്ണിനെ നോക്കി) നീ നില്ക്കുന്നേടം പിളർന്നുപോകും, ദ്രോഹി!"

കുഞ്ഞിപ്പെണ്ണ്: "കാര്യം പ്‌രാത്ത കിറ്റീറ്റു കൊരയ്ക്കാം ആയാനെ അതിനുമുമ്പു പെരുക്കം പരഞ്ഞാൽ വായി മന്നരിച്ചു (മണ്ണടിച്ചു) പോവുമേ."

കൊടന്തആശാൻ: "ഹാ! പുറംപോലെ അകവും കറുത്ത മൂർഖപ്പാമ്പ്."

കുഞ്ഞിപ്പെണ്ണ്; "അതേയതേ. അതല്യോ മേലോറ്റ് എയിമ്പാതെ കുരുരുപിരിച്ചുപോയത്."

ശണ്ഠ അടുത്ത പടിയിലോട്ടു മുറുകുമ്പോൾ ഇതിലും ദുസ്സഹങ്ങളായ സംഭാവനകൾ കിട്ടുമെന്നു പേടിച്ച് ആശാൻ അവിടെനിന്നും ക്രോധവശനായി തിരിച്ചു സ്വഭവനത്തിലെത്തി. ഒരു സുഭദ്രാഹരണകർമ്മം നിവർത്തിക്കുന്നതിനു താൻ പോരുന്നവനല്ലേ എന്നു സ്വബുദ്ധിയെയും കൗശലപദ്ധതിയിലുള്ള അഭ്യാസത്തെയും പരിഗണനംചെയ്തപ്പോൾ ദുർമ്മോഹികളെ വഴിപിണക്കുന്ന ദുർമ്മൂർത്തി ആശാനിൽ കുടികൊണ്ട് അർജ്ജുനവീര്യത്തെക്കാൾ വിജയദമായുള്ള ഒരു രുഗ്മിണീചോരന്റെ ശക്തിതന്നെ അയാൾക്ക് ഉണ്ടെന്നു തോന്നിപ്പിച്ചു. അജിതസിംഹനെ,

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/185&oldid=168022" എന്ന താളിൽനിന്ന് ശേഖരിച്ചത്