താൾ:Ramarajabahadoor.djvu/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചിയിൽ ആക്കിയിട്ടു നായന്മാർക്കു ചേരുന്ന വസ്ത്രങ്ങളും ധരിച്ച് ഗൗണ്ഡനെ പിൻതുടർന്നു.

ആ കാലങ്ങളിൽ ഇപ്പോഴത്തെപ്പോലെ ഉള്ള താമസം രാജ്യകാര്യാവശ്യങ്ങൾക്കു വേണ്ട മരാമത്തുപണികളുടെ നിർവഹണത്തിന് ആവശ്യപ്പെട്ടുവന്നില്ല. അതുകൊണ്ട് കഴക്കൂട്ടത്തെ വാപീനിർമ്മാണം ആരംഭംമുതൽ നാലാം സന്ധ്യയോടുകൂടി അവസാനിച്ച് അതു ജനോപയോഗയോഗ്യമായിത്തീർന്നിരുന്നു. ഏതാനും കല്പടികൾ കെട്ടുന്നതിനു വേണ്ട വ്യവസ്ഥകൾ ചെയ്തുകഴിഞ്ഞു എങ്കിലും അതിന്റെ പരിപൂരണം ഈ കഥാനിർമ്മാണകാലത്ത് എന്തോ അത്ഭുതസംയോഗമായി അധികൃതദൃഷ്ടിക്കു വിഷയീഭവിച്ചിരിക്കുന്നുപോലും.

മീനാക്ഷിഅമ്മയുടെ നിദ്രയ്ക്കു തെക്കേ പറമ്പിലെ മൾവെട്ടിക്കാരുടെ തകൃതികൾകൊണ്ടുള്ള ബാധ അവസാനിച്ചിരിക്കുന്നു എങ്കിലും സന്താനഗോപാലകഥയിലെ വിപ്രപത്നിയുടെയും, ഭർത്താവിന്റെ ഉന്മാദത്താൽ ഉപേക്ഷിതയായ ദമയന്തിയുടെയും വ്യഥകളുടെ സംയോഗത്താൽ പീഡിപ്പിക്കപ്പെട്ട ആ മഹതി, വിഷാദഭാരത്തോടെ വിഹ്വലയായി നിദ്രാപ്രശാന്തതയ്ക്ക് വിദൂരയായിത്തീർന്നു. ഭൃത്യന്മാർ അവരവരുടെ സ്ഥാനങ്ങളിൽ ഒതുങ്ങി ശയ്യയെ സ്പർശിക്കുംമുമ്പുതന്നെ നിദ്രയാൽ പരിഗൃഹീതരായി. ഏതാണ്ടൊരുവിധമായുള്ള ചിത്തലഘിമയ്ക്ക് ഉപകരിച്ച ഗൗണ്ഡപാളയത്തിലെ ജനകലാപവും അന്ന് ആ പാളയത്തിന്റെ സ്ഥലംമാറ്റത്താൽ ചിലമ്പിനഴിയത്തെ ഏകാകിനിയുടെ ചിത്താസ്വാസ്ഥ്യത്തെ സഹ്യമാക്കുന്നില്ല. സേനാപംക്തികളുടെ യാത്രാഘോഷങ്ങൾ ഇടയ്ക്കിടെ ഉണ്ടായി. ഭർത്തൃകായത്തിനു ലബ്ധമാകുന്ന രക്ഷയുടെ അഭിവൃദ്ധിയെ സ്മരിപ്പിച്ചുകൊണ്ടിരുന്ന സുഖചികിത്സയും ഇപ്പോൾ അവസാനിച്ചിരിക്കുന്നു. മന്ത്രിയുടെ യാത്ര രണ്ടു നാൾക്കുള്ളിൽ ഉണ്ടാകുമ്പോൾ ത്രിവിക്രമന്റെ ദർശനം അരക്ഷണനേരത്തേക്കും കിട്ടും എന്നു മോഹിച്ച് അല്പം ഒരു സന്തോഷത്തെയും ആ സ്ത്രീ അവലംബിച്ചിരിക്കുന്നു. ആ യാത്രയും ഭർത്താവിന്റെ ദൂരവാസത്തെ അവസാനിപ്പിക്കുന്ന കർമ്മമായി ഗണിക്കാമല്ലോ എന്നു വിചാരിച്ചും ആ പതിവ്രത സന്തുഷ്ടയാകുന്നു. സഹശയനം, സരസസംഭാഷണം, പാദശുശ്രൂഷണം എന്നീ വകയായി സുമംഗലികൾക്ക് അനുഭൂതമാകാവുന്ന ജീവിതഭാഗ്യങ്ങൾ തനിക്കു നഷ്ടമായിത്തന്നെ കഴിഞ്ഞേക്കാം എങ്കിലും ഭർത്തൃദേഹിയുടെ സാമീപ്യംകൊണ്ട് പരിസരം പരദേവതാക്ഷേത്രത്തിനു തുല്യം തനിക്കു ആത്മവിഭൂതികൾ പ്രദാനം ചെയ്യുമല്ലോ എന്നുള്ള മോഹത്താൽ മന്ത്രിയുടെ യാത്രയും ക്ഷണം സംഭവിച്ച് ആ പ്രസ്ഥാനം അവിളംബിതമായും ശുഭകരമായും പര്യവസാനിക്കട്ടെ എന്ന് അവർ പ്രാർത്ഥിച്ചു തന്റെ ശയ്യയിന്മേൽ സ്ഥിതിചെയ്യുന്നു.

ചില മുഷ്കരഹസ്തങ്ങളുടെ താഡനങ്ങൾ പുരവാതിലിൽ കേട്ടുതുടങ്ങുന്നു. "കതവു തുറക്കണേ!" എന്നു പ്രത്യക്ഷരം ഘോരധ്വനിയിൽ ഉച്ചരിക്കപ്പെട്ട അപേക്ഷകളും താൻ ഇരിക്കുന്ന തളത്തിൽ എത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/180&oldid=168017" എന്ന താളിൽനിന്ന് ശേഖരിച്ചത്