താൾ:Ramarajabahadoor.djvu/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നെയും കുന്നു കയറിത്തുടങ്ങി. ബബ്‌ലേശ്വരതൃപ്പാദങ്ങൾ കിരീടാലംകൃതമാകേണ്ട അവിടുത്തെ ശിരസ്സിന്റെ നിരപ്പിനെക്കാൾ ഉന്നതിയിൽ ആവുകയാൽ അദ്ദേഹം ആന്ദോളവാഹകന്മാർക്കു രുഷ്ടസ്വരത്തിലും ഗ്രാമ്യഭാഷയിലും വാഹകകർമ്മത്തെക്കുറിച്ചു ചില ഉപദേശങ്ങൾ നല്കി. മഞ്ചൽക്കാർ വഞ്ചിപ്പാട്ടു പാടി കുന്നിന്റെ തലനിരപ്പിലെത്തി. അർദ്ധരാത്രി അടുക്കാറായപ്പോൾ അജിതസിംഹന്റെ തിരുവയറും അകമ്പടിക്കാരുടെ പഴവയറുകളും വിവാഹസദ്യപ്പന്തൽ അണയുവാൻ കാംക്ഷിച്ചു. അജിതസിംഹൻ തിരുവുദരം തടവിത്തുടങ്ങിയപ്പോൾ കുന്നിന്റെ ശിരഃപ്രദേശത്തുള്ള നിരപ്പ് അവസാനിച്ചു. അരുവിപ്രവാഹംപോലെ മഞ്ചൽ കീഴ്പോട്ടു പാഞ്ഞു. "അയ്യോ! മേലാ!" എന്ന് ബബ്‌ലേശ്വരന്റെ അകമ്പടിക്കാർ സഹഗമനം ചെയ്‌വാനുള്ള പ്രയാസത്തെ നിലവിളികൂട്ടി. മഞ്ചൽപ്പാളവും കോസടിയും ബബ്‌ലേശ്വരനെക്കൊണ്ടു കന്ദുകക്രീഡ തുടങ്ങി. കീഴ്പോട്ട് ഇഴിഞ്ഞുതുടങ്ങിയ ബബ്‌ലേശ്വരൻ മഞ്ചൽത്തണ്ടിന്മേൽ കൈകൾ കോർത്ത് ആസനസ്ഥനായി. മഞ്ചൽക്കാരുടെ മൂക്കുകുത്തുംപടിക്കുള്ള കീഴ്പോട്ടേ പാച്ചിലിനിടയിൽ ബബ്‌ലേശ്വരൻ ഞാണിന്മേൽ ദണ്ഡിപ്പുകാരന്റെ കുതിരപ്പുറച്ചാട്ടം തെരുതെരെ തുടങ്ങി. ഈ ഘട്ടത്തിൽ താൻ വഞ്ചിക്കപ്പെട്ടു എന്നുള്ള ബോധം അദ്ദേഹത്തിന്റെ ഉള്ളിൽ പ്രകാശിച്ചു. ഹിന്ദുസ്ഥാനിയിൽ അവിടുത്തെ തിരുമുഖത്തിൽ നിന്നു ചില ഉഗ്രാജ്ഞകൾ മേഘഗർജ്ജനധ്വനിയിൽ മുക്തങ്ങളായി. പരിചാരകഭടന്മാരുടെ ഖഡ്ഗങ്ങൾ ചന്ദ്രികയിൽ അപരാധികളുടെ ജീവാവസാന കർമ്മത്തിന് ഉദ്യുക്തങ്ങളായി തിളങ്ങി.

"മഞ്ചൽ നിറുത്തട്ടെ" എന്ന് ഒരാജ്ഞ പുറപ്പെട്ടതും മഞ്ചൽ ഭൂമിയിലോട്ടു താണതും മഞ്ചൽക്കാരും വേത്രധാരികളും ഭടജനപ്രമാണിയും വനനിഗൂഢതയ്ക്കിടയിൽ അപ്രത്യക്ഷർ ആയതും അരക്ഷണംകൊണ്ടു കഴിഞ്ഞു. ചന്ദ്രന്റെ പരിഹാസനോട്ടവും നക്ഷത്രപോതങ്ങളുടെ സന്തോഷഗർഭങ്ങളായ ചടുലവീക്ഷണങ്ങളും വനതരുക്കളിൽ തട്ടി വായുഭഗവാൻ ഹസിക്കുന്നതും അജിതസിംഹനെ അനുഷ്ഠേയകർമ്മത്തിലോട്ടു സ്വബുദ്ധിയെ വിനിയോഗിക്കുന്നതിൽ അപൗരുഷനാക്കി. വഴിയരുകിൽ നെടുംപാടേ കിടന്നു ക്ഷീണശ്വാസങ്ങൾ പോക്കിക്കൊണ്ടിരുന്ന ഒരു ദിഗംബരമൂർത്തി പൊടുന്നനെ ചാടി എഴുന്നേറ്റ് ഊരിപ്പിടിച്ചിരിക്കുന്ന ഖഡ്ഗങ്ങളെയും നിരായുധനായ ഒരു രാജസപ്രഭാവനെയും കണ്ട് ഒന്ന് അധികമായി സംഭ്രമിച്ചു എങ്കിലും പരമാർത്ഥം മനസ്സിൽ തിളങ്ങിയപ്പോൾ അജിതസിംഹന്റെ കാല്ക്കൽ വീണ് അതിനെ മുറുകെ അണച്ചുകൊണ്ടു നിലവിളി തുടങ്ങി. "അയ്യോ! എന്റെ പൊന്നുതിരുമേനീ! ഇവനെ കൊന്നുകളഞ്ഞേ! തല്ലി എല്ലുനുറുക്കി കൊള്ളാതാക്കിക്കളഞ്ഞേ, ഉടുതുണികളും പിടിച്ചു പറിച്ചോണ്ടേ! സാമദ്രോഹികൾ കൊന്നു കൊന്നു കൊന്നുകളഞ്ഞേ! അതെല്ലാം സഹിക്കാം; എന്റെ പൊന്നുതിരുമേനിയെ അവർ എന്തെല്ലാം പറഞ്ഞു! കാട്ടുപരിഷകൾ! മോഷ്ടിക്കാൻ നടക്കുന്ന കൊറവനെന്നുകൂടി പറഞ്ഞുകളഞ്ഞേ. എന്റെ പൊന്നുരക്ഷാപാദമേ! കഴുത്ത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/160&oldid=167995" എന്ന താളിൽനിന്ന് ശേഖരിച്ചത്