താൾ:Ramarajabahadoor.djvu/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രഹിക്കാത്തതാണെന്നു വിചാരിച്ച് ആ അജ്ഞന്റെ ബുദ്ധിയെ പ്രകാശിപ്പിപ്പാൻ അജിതസിംഹൻ തന്റെ അന്വേഷണത്തെ വ്യക്തമാക്കി:

"ഡോ! ഓള് അങ്ങട്ടു കൂടിത്തന്നെ. നായിക എത്ര ഉണ്ടെന്നാണ്. നോം അ അഃ-"

മുതൽപേർ ഒന്നു ചുറ്റിനോക്കിപ്പോയി. ഒന്നിലധികം നയികമാരെ ആഗ്രഹിക്കുന്ന ഈ പെൺകൊതിയൻ ആ യത്രാരംഗം ധനാശിയിൽ എത്തുമ്പോൾ വേണ്ടതുപോലെ ശിക്ഷിക്കപ്പെടുമെന്നു സമാധാനിച്ചു നടന്നു.

അജിതസിംഹൻ: "ഡോ! പുടമുറി ഖേമംതന്നല്ലേ?"

മുതൽപ്പേർ: "അടിയൻ കണ്ടില്ലല്ലോ തിരുമേനീ! തിരുമനസ്സിലെയും വീട്ടുകാരുടെയും അവസ്ഥയ്ക്കു ചേരുംവണ്ണം കല്പിച്ച് അതെല്ലാം വാങ്ങിച്ചിരിക്കും."

ഈ തെക്കരെക്കൊണ്ടു പൊറുതിയില്ലെന്ന് ആ രാജസിംഹൻ വിചാരിച്ചു എങ്കിലും തന്റെ സേനാസന്നാഹോദ്യമത്തെ ഉണ്ണിത്താൻ അറിയാതെ തുടർന്നുകളയാമെന്ന് ആലോചിച്ചു മുതൽപ്പേരെ കുറേക്കൂടി അടുത്താക്കിയിട്ടു രഹസ്യമായി ഇങ്ങനെ ചോദിച്ചു: "അവ്‌ട ഗ്രഹിച്ചില്ലേ? പടക്കു-നല്ല ഉത്സാഹക്കാരെ കിട്ടൂല്ലേ?"

പടക്കുപൊട്ടിക്കുന്ന വിഷയത്തിൽ പ്രസക്തനായ ഈ ജളനെ തങ്ങളുടെ കാര്യക്കാർ യജമാനൻ വട്ടത്തിലാക്കുന്നതു ന്യായംതന്നെ എന്നു ചിന്തിച്ചുകൊണ്ട് "അടിയൻ! എത്ര വേണമെങ്കിലും ഉണ്ടാക്കാം" എന്നു മുതൽപ്പേർ മറുപടി പറഞ്ഞു.

അജിതസിംഹൻ: "ഒരു നാലഞ്ചു പംക്തിത്വപന്തി ചേർത്താൽ മതിയാകും. പ്രയോഗവിധങ്ങൾ നോംതന്നെ അഭ്യസിപ്പിക്കാം."

മുതൽപ്പേർ: "അടിയൻ അടിയൻ."

അജിതസിംഹൻ: "ഡോ! ചെലവു വലുപ്പത്തിലാവരുത്. കുലശേഖരപ്പെരുമാളെ സന്തോഷിപ്പിക്കാം എന്നുവച്ചാണ്."

കുലശേഖരപ്പെരുമാൾ തിരുമനസ്സിലേക്ക് ഇങ്ങനെയുള്ള ഒരു കളിയിൽ ആസക്തിയുള്ള സംഗതി മുതൽപ്പേർ അറിഞ്ഞിരുന്നില്ല. അതിനാൽ അവിടത്തെ ശൈശവാവർത്തനത്തെക്കുറിച്ചു പ്രതിപാദിക്കുന്നതു പ്രജാധർമ്മമല്ലെന്നു ചിന്തിച്ച് അയാൾ മഞ്ചൽക്കാരെ ഉന്മേഷപ്പെടുത്താൻ മുന്നോട്ടു നടന്നു. ഇങ്ങനെ ഒരു സാരഥിയുടെ ചമ്മട്ടിപ്രയോഗം തുടങ്ങിയപ്പോൾ മഞ്ചൽക്കാർ അശ്വവേഗത്തിൽത്തന്നെ പാഞ്ഞുതുടങ്ങി. ദുർവാരഗർവ്വിഷ്ഠനായി തന്നെ ദണ്ഡിപ്പിക്കുന്ന ആ രാജസഗുണപ്രധാനനെ ശിക്ഷിപ്പാൻ വായുഭഗവാൻ വാഹനസ്ഥനായ തിരുമേനിയുടെ പരിവട്ടത്തിൽ പിടിയിട്ടു. ആ വസ്ത്രാക്ഷേപകർമ്മത്തെ നിരോധിക്കുന്ന സാഹസത്താൽ അജിതസിംഹന്റെ കൈകൾക്കു പിടിപ്പതു പണികിട്ടിയെങ്കിലും നല്ല കാടുകണ്ടും കാറ്റേറ്റും സന്തുഷ്ടനായപ്പോൾ ഒരു പട്ടുക്കുട ഇല്ലാത്തതിന്റെ ന്യൂനതയെ അദ്ദേഹം സ്മരിച്ചു വ്യസനിച്ചു. പാന്ഥരുടെ കൈകൂപ്പുകൾക്കു തലയാട്ടി ബബ്‌ലേശ്വരൻ തളർന്നുതുടങ്ങി. ഭാഗ്യവ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/158&oldid=167992" എന്ന താളിൽനിന്ന് ശേഖരിച്ചത്