താൾ:Ramarajabahadoor.djvu/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തുടങ്ങിയ ആശാനെ വേട്ടയാടാൻ തുടങ്ങി. പാഞ്ഞുപോകുന്ന ആശാന്റെ പൂർവ്വശിഖാന്തത്തിൽ അണിഞ്ഞിരുന്ന മുല്ലമാല ഒരു പരമരസികന്റെ കൈയിലായി. ഉത്തരീയം 'കേതൂന്റെ ചീനാംശുകം' പോലെ പുറകോട്ടു പറന്നു മറ്റൊരുവന്റെ ഹസ്തതലത്തിലമർന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പിടികൾക്കടയിൽ അതിന്റെ നിർമ്മാണകാലത്തെപ്പോലെ തന്തുമാത്രങ്ങളായി. വിളക്കുകൾ പ്രകാശിച്ചുള്ള സ്ഥലങ്ങൾ കടന്നപ്പോൾ അശാന്റെ വേഗം വർദ്ധിച്ചു. തവളച്ചാട്ടം, കുരങ്ങുചാട്ടം, മാൻചാട്ടം, സിംഹച്ചാട്ടം എന്നല്ല ശ്രീഹനുമാന്റെ സമുദ്രച്ചാട്ടംപോലും ആ പിത്തകുക്ഷി അത്ഭുതമാമ്മാറു അന്ന് അനുവർത്തിച്ചു. ആ നിർഭാഗ്യവാൻ അതിവേഗത്തിൽ തരണംചെയ്യേണ്ടതായിവന്ന കാട്ടുപ്രദേശങ്ങളിലെ കണ്ടകവല്ലികളും പ്രതികൂലികളായി തിരിഞ്ഞ് ഉടുമുണ്ടിനെ അപഹരിച്ച് ആ ഗീർവ്വാണജ്ഞനെ ദിഗംബരനാക്കി. ഇങ്ങനെ നാലാം ആശ്രമത്തിനു യോഗ്യനാക്കപ്പെട്ടപ്പോൾ ആശാൻ അനുഗാമികളെ തോല്പിച്ചു നിബിഡമായുള്ള വനഗർഭത്തിലോട്ട് അന്തർദ്ധാനംചെയ്തു.

വെളുക്കാറായപ്പോൾ മേനാക്കാരും ദൂതന്മാരും ഇച്ഛാഭംഗത്തോടെ മടങ്ങി എത്തി തണുത്തുപോയ വിഭവങ്ങൾ ഉണ്ട് അജിതസിംഹനെ ശപിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/140&oldid=167973" എന്ന താളിൽനിന്ന് ശേഖരിച്ചത്