താൾ:Ramarajabahadoor.djvu/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഘക്കാരെ ഓടിച്ചിട്ട് ആ പ്രദേശങ്ങളെ തന്റെ ഏകച്ഛത്രത്തിൻകീഴാക്കാൻ മോഹിക്കുന്ന ടിപ്പു സുൽത്താന്റെ ഉപദേഷ്ടാവും വിശ്വസ്തസഖനും ആയുള്ള ത്ര്യംബകരായർ തിരുമലരായർ ആണെന്ന് ഭട്ടൻ പ്രഥമ വീക്ഷണത്തിൽത്തന്നെ ഗ്രഹിച്ചു. ഭിന്നാഭിപ്രായങ്ങളുടെ സംഘട്ടനധ്വനി ആ സദസ്സിൽ കേൾപ്പാനുണ്ട്. മറ്റുള്ള രാജപ്രതിനിധികളുടെ വാദഘോഷങ്ങൾക്കിടയിൽ ഉച്ചശ്രുതിയിൽ കേൾക്കുമാറാകുന്നതു യോഗനിമന്ത്രകനായുള്ള ടിപ്പുസുൽത്താന്റെ സ്ഥാനപതിയായ തിരുമലരായരുടെ പഞ്ചാസ്യരവം തന്നെ. അഭിപ്രായഗതികളുടെ ഭിന്നതയെ ആ വാദഘോഷങ്ങൾ ധ്വനിപ്പിക്കുന്നുണ്ടെങ്കിലും ആ സചിവ്യമല്ലാങ്കണത്തിൽ പ്രയോഗിക്കപ്പെട്ട പണ്ഡിതഭാഷ ഭട്ടസ്ഥാനചോരനു ലഘുഗ്രാഹ്യമായിരുന്നില്ല. ഈ കാരണത്താൽ കാളിപ്രഭാവഭട്ടൻ മുക്കാലും ബധിരഭാവത്തിൽ കുഴങ്ങി. ഇച്ഛാഭംഗരോഷത്താൽ ദന്തങ്ങളും കൈകളും ഞെരിഞ്ഞുതുടങ്ങി. ഭട്ടന്റെ ഇംഗിതാനുസാരമെന്നപോലെ ആ നയകോവിദഭീമന്മാരുടെ വാദസമരം `രാമരാജാബഹദൂർ' എന്നൊരു ശബ്ദപതാകയെ ചുറ്റി ആരംഭിച്ചു. ഭട്ടന്റെ ആത്മനാളം സന്തോഷപ്രവാഹത്തിൽ തിരകളടിച്ചു തുടങ്ങി. ശ്വാസോച്ഛ്വാസത്തെ പരിപൂർണ്ണമായി അടക്കിക്കൊണ്ട് അദ്ദേഹം ദത്തകർണ്ണനായി കോപം, ഈർഷ്യ മുതലായുള്ള അന്തസ്സംരംഭങ്ങൾ നീങ്ങി, പ്രജ്ഞാകേന്ദ്രം വിഷമവിഷയങ്ങളെയും ഗ്രഹിപ്പാൻ തക്കവിധം തെളിഞ്ഞു. ധർമ്മരാജ്യമർദ്ദനത്തിനായി മൈസൂറിലെ വ്യാഘ്രവിക്രമൻ ബന്ധുബലസജ്ജീകരണം ചെയ്യുന്നു എന്നുള്ള വസ്തുതയെ സഭാംഗങ്ങൾ ഉപന്യസിച്ച സ്ഥലനാമാദി ശകലങ്ങളിൽനിന്ന് ഭട്ടന്റെ മോഹകേന്ദ്രം സംഭരിച്ചു. തന്റെ ജീവിതകാലത്തിലെ പൗരുഷദശയിൽ മോഹിച്ചതായ മഹാപദവി ഹസ്തഗതമാകാനുള്ള സന്ദർഭം ഇതാ സംപ്രാപ്തമാകുന്നു. ഭട്ടന്റെ ഹൃദയം ത്രസിച്ചു. ബുദ്ധി ഭൂചക്രഭ്രമണം തുടങ്ങി. ഭൂതകാലദൂരതയിലെ സാഹസപരാജയങ്ങൾ സംബന്ധിച്ചുള്ള സ്മൃതികൾ ആ കേന്ദ്രത്തിലോട്ടു തള്ളിക്കടന്നു. ഭട്ടൻ തന്റെ ദമശക്തിയുടെ പ്രയോഗത്താൽ അന്തരിന്ദ്രിയപഞ്ചകത്തെയും ബന്ധിച്ച് ഒരു ആലോചനാസമാധി ആരംഭിച്ചു. ഈ സമാധിമാർഗ്ഗേണ സമീപഭാവിയിൽ ലഘുശ്രമം കൊണ്ടു സാദ്ധ്യമാകാവുന്ന മഹാവിജയങ്ങളെയും പദവികളെയും ഭട്ടൻ സംഭവക്രമത്തിൽ പരിവീക്ഷണം ചെയ്തു. മാനസികമായ ഒരു മന്ദരോദ്ധാരകർമ്മം സാധിച്ച ചാരിതാർത്ഥ്യത്തോടും വിജയസന്തുഷ്ടിയോടെ ജന്മം അവസാനിപ്പിക്കുന്നതു തന്റെ വീരവ്രതത്തിന്റെ സമുദ്വ്യാപനമാകുമെന്നുള്ള സ്വാത്മാഭിനന്ദനത്തോടും ഭട്ടയോഗി പരിസരസ്ഥിതികൾ ഗ്രഹിപ്പാൻ വീണ്ടും സ്ഫുടബോധവാനായപ്പോൾ സ്ഥാനപതികളുടെ യോഗം പിരിഞ്ഞിരുന്നു.

ഭട്ടൻ എഴുന്നേറ്റ്, താൻ ആജന്മം കാംക്ഷിക്കുന്നതായ മഹൽസ്ഥാനതിലോട്ട് ഒന്നാം ചുവടുവച്ചതു തെക്കോട്ടു നോക്കിയായിരുന്നു. സ്ഥാനപതികൾക്കു വാതിൽ തുറന്നുകൊടുത്ത ഭടൻ വീണ്ടും വാതിലിനെ ബന്ധിച്ച്, തിരുമലരായരിൽനിന്നു കിട്ടാൻ പോകുന്ന സമ്മാന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/10&oldid=167928" എന്ന താളിൽനിന്ന് ശേഖരിച്ചത്