താൾ:Matham maddhyamam adhikaram.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
എന്റെ പിഴ

വിചിത്രസ്വഭാവിയായ അദ്ധ്യാപകനായിരുന്നു ഭരതൻ‌മാസ്റ്റർ. നിരവധി ബിരുദാനന്തരബിരുദങ്ങളും അലസവേഷവും അദ്ധ്യാപനത്തിലുള്ള അടങ്ങാത്ത ആവേശവുമായി അദ്ദേഹം മഹാരാജാസ് കോളേജിൽ ജോലിചെയ്തു. സംഘടനാരംഗങ്ങളിലൊന്നും അദ്ദേഹ‌ത്തെ കണ്ടിരുന്നില്ല. വല്ലപ്പോഴും, സ്റ്റാലിനാൽ കൊലചെയ്യപ്പെട്ട ട്രോട്സ്കിയെക്കുറിച്ചു സംസാരിക്കുമ്പോൾ മാത്രം അദ്ദേഹത്തിന്റെ കണ്ഠമിടറി.

ചരിത്രത്തിനുമേൽ ഇരുൾവീണ ഡിസംബർ 6-ന് ബാബ്റി മസ്ജിദ് തകർക്കപ്പെടുമ്പോൾ ഭരതൻമാസ്റ്ററായിരുന്നു മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ. പള്ളി തകർന്ന വാർത്ത അറിഞ്ഞയുടൻ പ്രിൻസിപ്പാളിന്റെ ഓഫീസുമുറിയിലെ ഉച്ചഭാഷിണി മുഴങ്ങി; 'ബാബ്റി മസ്ജിദ് തകർത്തതിനെതിരേ മഹാരാജാസിന്റെ പ്രതിഷേധം ഉയരണം. പ്രകടനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കണം. പ്രകടനത്തിനും തുടർന്നുള്ള പ്രതിഷേധയോഗത്തിനും പ്രിൻസിപ്പാൾ നേതൃത്വം നൽകും. അന്നു മഹാരാജാസ് കോളേജിൽ ജോലി ചെയ്തിരുന്ന ഞാനും ആ പ്രകടനത്തിൽ പങ്കെടുത്തു. പ്രതിഷേധയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു.

അയണസ്കോയുടെ 'കാണ്ടാമൃഗം' എന്ന നാടകത്തെ ഓർമിപ്പിക്കുന്ന കാലമായിരുന്നു അത്. സമൂഹം മതേതരവാദികളെന്നു കരുതി വിശ്വസിച്ചിരുന്നവരിൽ പലർക്കും വളരെപ്പെട്ടെന്നു മതദ്വേഷ‌ത്തിന്റെ കൊമ്പു മുളച്ചു! രണഭേരികൾ മുഴക്കി അവർ തെരുവോരങ്ങളെ കീഴടക്കി. കേരളീയസമൂഹത്തിനുമേൽ അണിയിച്ചിരുന്ന നവോദ്ധാന‌ത്തിന്റെ പുതപ്പ് അഴിഞ്ഞുപോയപോലെ....

മറുഭാഗത്ത് എം.എൻ. വിജയനും സുകുമാർ അഴീക്കോടും കെ.എൻ. പണിക്കരുമുൾപ്പെട്ട ഒരു നിര സ്വയംപ്രതിരോധപ്രസ്ഥാനമായി മാറി. എങ്ങും രേഖപ്പെടുത്താതെപോയ ഭരതൻമാസ്റ്ററെപ്പോലുള്ള ഒറ്റയാന്മാരുടെ ചെറുത്തുനിൽപ്പും അക്കാലത്ത് കുറവായിരുന്നില്ല. അവർകൂടി നിശ്ശബ്ദരായിരുന്നെങ്കിൽ കേരളത്തിന്റെ സാംസ്കാരികശിരോരേഖ മറ്റൊന്നാകുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Matham_maddhyamam_adhikaram.djvu/4&oldid=165870" എന്ന താളിൽനിന്ന് ശേഖരിച്ചത്