താൾ:Mangalodhayam book-6 1913.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം 2 മലയന്മാർ


ലിയും കൊടുക്കും. അവരുടെയിടയിൽ യാതൊരു നിയമവുമില്ല. നിയമം ഏർപ്പെടുത്തുവാൻ കാരണമുണ്ടായിട്ടുമില്ല. വല്ല തർക്കങ്ങളും കലഹങ്ങളും തന്നത്താൻ തീരുമാനിക്കാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ അതെല്ലാം മലവക ഡിപ്പാർട്ട്മെന്റ് മുഖാന്തരം തീർച്ചപ്പെടുത്തുന്നതും അവരുടെ തീർപ്പ് അവർ സന്തോഷത്തോടെ കൈക്കൊള്ളുന്നതുമാകുന്നു. അവർക്ക് മന്ത്രവാദം,ആഭിചാരം മുതലായ നീചപ്രവൃത്തികളിൽ വലിയ വിശ്വാസവും ശകുനങ്ങളെപ്പറ്റി നിരർത്ഥകമായ അഭിപ്രായങ്ങളുമാണ്. യാത്ര പുറപ്പെടുമ്പോൾ പല്ലി ശബ്ദിക്കുകയോ ആളോ പശുവോ അഭിമുഖമായി വരികയോ ചെയ്താൽ അതെല്ലാം ദുർലക്ഷണമാണെന്നു കരുതി അവർ യാത്ര വേണ്ടെന്നു വെച്ചുകളയും

            മലയന്മാർ വീരഭദ്രനെയും ഭദ്രകാളിയെയും ആരാധിച്ചുവരുന്നു. വൃക്ഷച്ചുവട്ടിലോ ചെറിയ കുടിലിലോ വെച്ചിരിയ്ക്കുന്ന കല്ലുകളെയാണ്  ഈ മൂർത്തികളെന്ന്  സങ്കല്പിയ്ക്കുന്നത്. മണ്ഡലക്കാലത്തു പതിയിലെ ഏതെങ്കിലുമൊരുവൻ നേരത്തെ കുളിച്ചു  

ശുദ്ധമായി വന്ന് ഒരു വിളക്കുകൊളുത്തിവച്ച് വീരഭദ്രന് പൂജ കഴിയ്ക്കും. അവൻ ഇക്കാലത്ത് നായാട്ടിന് പോകുകയോ മാംസം ഭക്ഷിക്കുകയോ ചെയ്യില്ല. ഒടുവിലത്തെ ദിവസം ആടു, കോഴി മുതലായവയെ ബലികൊടുത്തും പതിയിലുള്ള എല്ലാവർക്കും സദ്യകഴിച്ചും മണ്ഡലം അവസാനിപ്പിയ്ക്കും..

       മല്ലൻ അവരാരാധിയ്ക്കന്ന മറ്റൊരു ദേവതയാണ്.  കൊല്ലത്തിലൊരിയ്ക്ക, മീനം,മേടം മാസത്തിൽ, മേൽ പറഞ്ഞ വിധം ഒരു ബലി അതിന്നും കൊടുത്തുവരുന്നുണ്ട്. ഇതിന്നു ഉപേക്ഷ ചെയ്താൽ അത് പുലികളെയും ആനകളേയും അയച്ച് തങ്ങളേയും മാടങ്ങളേയും നശിപ്പിച്ചുകളയുമെന്നാണ് അവരുടെ വിശ്വാസം.

ഇമ്മാതിരി തന്നെ ഭദ്രകാളിയെയും പൂജിച്ചുവരുന്നുണ്ട്. മലയന്മാരുടെ വിശേഷദിവസങ്ങൾ മകര-കർക്കിടക സംക്രാന്തികളും, വിഷു, ഓണം, മണ്ഡലം, ഇവയാകുന്നു. ദൈവങ്ങളെപ്പറ്റി അഭിപ്രായമെന്തെന്നു ചോദിച്ചാൽ അവർ മനുഷ്യരെപ്പോലെയാണെന്നും എന്നാൽ അദൃശ്യന്മാരും സർവ്വശക്തന്മാരുമാണെന്നും മറുപടി പറയും. ഓരോ ദൈവത്തിന്നും വെവ്വേറെ ഇലയിൽ നിവേദ്യം വെയ്ക്കുവാൻ അവർ പ്രത്യേകം ദൃഷ്ടിവെയ്ക്കുന്നുണ്ട്. അല്ലാഞ്ഞാൽ ദൈവങ്ങൾ തമ്മിൽ വഴക്കിന്നും തന്മൂലം തങ്ങൾക്കു ദോഷത്തിന്നു സംഗതിയാണെന്നും അവർ വിശ്വസിച്ചുവരുന്നു. ഈ വിശ്വാസം നാട്ടിലെ എല്ലാ താഴ്ന്നജാതിക്കാരുടെ ഇടയിലുമുണ്ട്. മലയന്മാർ സൃഷ്ടിക്കുന്ന കല്ലുകളോ രൂപങ്ങളോ കേവലം ആ ദൈവങ്ങളുടെ പ്രതിമകളോ ഛായകളോ ആണെന്നു മാത്രമല്ല അവർ വിശ്വസിച്ചുവരുന്നത്; ആ ദൈവങ്ങൾ തന്നെ അവിടെയെല്ലാം വസിയ്ക്കുന്നുണ്ടെന്നും അല്ലെങ്കിൽ അതെല്ലാം ദൈവങ്ങൾ തന്നെയാണെന്നും അവരെക്കൊണ്ടു ഗുണദോഷങ്ങൾ ചയ്യാൻ സാദ്ധ്യമാണെന്നുമാണ് അവരുടെ ഉറപ്പായധാരണ. അവർ അവയെല്ലാം ഭയഭക്തിപുരസ്സരം കരുതിവരികയും അവരുടെ പ്രീതി ബലികളാൽ മാത്രം ലഭ്യമാണെന്നു വിശ്വസിച്ചുവരികയും ചെയ്യുന്നു. പിശാചുക്കളുണ്ടെന്നാണ് അവരുടെ ദൃഢമായ വിശ്വാസം. പിശാചുക്കൾക്ക് മനുഷ്യരോട് അടുപ്പമുണ്ടെന്നും അവർ രക്ഷാ ഭൂതങ്ങളാണെന്നുമാണ് വെച്ചിരിയ്ക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/44&oldid=165164" എന്ന താളിൽനിന്ന് ശേഖരിച്ചത്