താൾ:Mangalodhayam book-6 1913.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം 133

അവസരമാണ്; ദിവാൻ മിസ്റ്റർ എ.ആർ. ബാനർജ്ജിയുടെ ഭരണകാലമാണുതാനും. ഇക്കാലത്തിനിടയ്ക്ക് ഒരു നമ്പൂരിപ്പാടു തീവണ്ടിയെപ്പറ്റി അറിഞ്ഞിട്ടില്ലെന്നു വരുക തീരെ അസംഗതം തന്നെയാണ്. വാസ്തവത്തിൽ നമ്പൂരിപ്പാട് അറിവില്ലാത്ത ആളല്ലെന്നു കവിതന്നെ കുറെ കഴിയുമ്പോൾ വർണ്ണിയ്ക്കുന്നുണ്ട്. സ്റ്റേഷനിലെ വടക്കെക്കെട്ടിൽ നില്ക്കുന്നവർ തീവണ്ടിക്കാരാനെന്ന് നമ്പൂതിരിപ്പാടിന് നല്ലവണ്ണം അറിവുണ്ട്; അദ്ദേഹം തീവണ്ടിയെപ്പറ്റി ധാരാളം പരിചയമുള്ള ആളെന്നവിധത്തിൽ, 'വാവയ്ക്കാതുള്ള വെള്ളംകുടി' ഇത്യാദി പദ്യംകൊണ്ട് തീവണ്ടിയെ വർണ്ണിയ്ക്കുന്നു. അദ്ദേഹത്തിന്നു 'ട്രാംവേ'യെപ്പറ്റിയും നിശ്ചയമുണ്ട്. ഈ രണ്ടേർപ്പാടുകൾക്കും പിമ്പിൽ വന്നതായ മോട്ടോർവണ്ടിയേർപ്പാടിനെപ്പറ്റിയും അദ്ദേഹം അറിഞ്ഞിരിയ്ക്കുന്നു. ഇങ്ങിനെയോരോന്നു നോക്കിയാൽ, അദ്ദേഹം ആധുനികപരിഷ്കാരങ്ങളെപ്പറ്റി അറിവുള്ള ആളാണെന്നും, വെറു ഭോഷനല്ലെന്നും വെളിപ്പെടുന്നു. ആ സ്ഥിതിയ്ക്ക്, അദ്ദേഹത്തെ ഒരു 'കാട്ടുമനുഷ്യൻ' എന്ന നിലയിൽ കവി വർണ്ണിച്ചതും, തീവണ്ടി സ്റ്റേഷനിൽ വിഡ്ഢിവേഷം കെട്ടിച്ചതും വാസ്തവത്തിന്നു യോജിയ്ക്കുന്നില്ല. എന്നല്ല, അദ്ദേഹം കലേശന്റെ ഭരണത്തെപ്പറ്റി നിന്ദയുള്ള ആളാണെന്നു കവി വർണ്ണിയ്ക്കുന്നതുതന്നെയും, പിന്നീടുള്ള സംഭാഷണത്തിൽ അദ്ദേഹം പ്രദർശിപ്പിയ്ക്കുന്നതായ പരിചയത്തെ ആലോചിയ്ക്കുമ്പോൾ, തീരെ അനുചിതമെന്നു വെളിവാകുന്നു. 'ഫിഷറി' വകുപ്പിന്റെ നാമമാത്രശ്രവണത്തിൽ തന്നെ അദ്ദേഹം ആ ഇംഗ്ലീഷുപടത്തിന്റെ അർത്ഥമെന്തെന്നും, ആ വകുപ്പിന്റെ ഉദ്ദേശമെന്തെന്നും വിശദമാക്കിപ്പറയുന്നതോർത്താൽ, രാജ്യഭരണത്തിലെ പുതിയ പരിഷ്കൃതവ്യവസ്ഥകളെപ്പോലും ശരിയായി ഗ്രഹിച്ചിരിയ്ക്കുന്ന അദ്ദേഹത്തിന്നു നാട്ടിൽ പഴമ പരിചയപ്പെട്ടിട്ടുള്ള തീവണ്ടിയേർപ്പാടിനെക്കുറിച്ചും വിദ്യാഭ്യാസവ്യവസ്ഥകളെക്കുറിച്ചും അറിവില്ലെന്നു പറയുന്നതു തീരെ അസങ്ഗതം എന്ന് ഗ്രഹിയ്ക്കാം. ഇങ്ങിനെ ഇനിയും പല അസാംഗത്യങ്ങളും ഈ അങ്കത്തിൽ കാണുന്നുണ്ട്. ഒരു നമ്പൂരിപ്പാടിനെ രംഗത്തിൽ പ്രവേശിപ്പിച്ച്, അന്തസ്സാരവിഹീനന്മാരായുള്ളവരെക്കൊണ്ട് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാർയ്യയേയും മറ്റുള്ളവരേയും അധിക്ഷേപം ചെയ്യിച്ചു. ബഹുജനങ്ങളുടെ ദൃഷ്ടിയിൽ അദ്ദേഹത്തെ നിന്ദ്യനാക്കിക്കാണിക്കേണമെന്നേ കവിയ്ക്കു ഉദ്ദേശമുള്ളു എന്നും, ഈ ഉദ്ദേശനിർവഹണത്തിൽ കവിയ്ക്കു നമ്പൂതിരിപ്പാടിന്റെ സ്വഭാവസ്വരൂപണത്തെ പൂർവാപരവിരോധംകൂടാതെ സാധിപ്പാൻ വേണ്ടുന്ന സങ്കല്പശക്തി ഇല്ലെന്നും ഈ അങ്കത്താൽ തെളിയുന്നു. ഉച്ചവണ്ടിയ്ക്കു കലേശൻ തിരുമേനി എഴുന്നള്ളുമെന്ന് പ്രതീക്ഷിച്ചുംകൊണ്ടു പുലർച്ചയ്ക്കേ സ്റ്റേഷനിൽ വന്നിരിയ്ക്കുന്ന കൃഷ്ണമേനോൻ, ഉച്ചവണ്ടി വന്നശേഷവും, കലേശനെക്കുറിച്ചു പൂർവക്ഷണത്തിൽകൂടിയും നമ്പൂരിപ്പാടുമായി സംഭാഷണം ചെയ്തുകൊണ്ടിരുന്നിട്ടുപോലും, ആ വണ്ടിയ്ക്കു കലേശാഗമനം ഉണ്ടായോ ഇല്ലയോ എന്ന് ഒരക്ഷരവും പറയാതെ പിരിഞ്ഞുപോവുന്നതു മനുഷ്യസ്വഭാവത്തിന്നു യോജിയ്ക്കുന്നതല്ല, നിശ്ചയം.

മൂന്നാമങ്കത്തിൽ, അക്രമികളായ കാർന്നോരും കൂട്ടരും ഉത്തമപാത്രങ്ങളുടെ മട്ടിൽ അലങ്കാരങ്ങൾ പ്രയോഗിച്ചു സംസ്കൃത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/158&oldid=165104" എന്ന താളിൽനിന്ന് ശേഖരിച്ചത്